Pages

Wednesday, May 18, 2016

വീണ്ടും ചില സന്തോഷങ്ങള്‍

      1984 ലെ ഒരു നട്ടുച്ച സമയം.ഞാന്‍ അന്ന് എട്ടാം ക്ലാസ്സില്‍ പുതിയ സ്കൂളില്‍ ചേര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടതേയുള്ളൂ. ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയോപാധികള്‍ ഒന്നുംതന്നെ വിപുലമായിരുന്നില്ല. ആദ്യമായി ടെലിവിഷന്‍ എന്ന സാധനം കാണുന്നത് പോലും പിന്നീട് രണ്ട് വര്‍ഷം കൂടി  കഴിഞ്ഞുള്ള ലോക‌കപ്പ് ഫുട്ബാള്‍ മത്സരത്തിന്റെ സമയത്താണ് എന്നാണ് എന്റെ ഓര്‍മ്മ. ടെലിഫോണ്‍ എന്നൊരു സാധനം ഉള്ളതായി കേട്ടിട്ടുണ്ടായിരുന്നു.

      അന്ന് സ്കൂള്‍ അവധിയായിരുന്നു എന്ന് തോന്നുന്നു.കാരണം ഞാന്‍ ഊണ് കഴിച്ച് വീട്ടിലിരിക്കുമ്പോഴാണ് വലിയ അമ്മാവന്റെ ദൂതനായി ആരോ വന്ന് ആ സന്തോഷ വാര്‍ത്ത അറിയിച്ചത്.ഏഴാം ക്ലാസ്സില്‍ വച്ച് ഞാന്‍ എഴുതിയ യു.എസ്.എസ്.സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഞാന്‍ വിജയി ആയിരിക്കുന്നു !അക്കാലത്ത് ഒരു നാട്ടില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു കാര്യം. മാത്രമല്ല ജ്യേഷ്ടത്തിക്ക് പിന്നാലെ അനിയനും യു.എസ്.എസ്. സ്കോര്‍ഷിപ്പ് വിജയി എന്ന് പത്രങ്ങള്‍ വെണ്ടക്ക നിരത്തേണ്ട വാര്‍ത്ത (പരീക്ഷാ വിജയങ്ങള്‍ക്ക് പ്രാധാന്യം ഇല്ലാത്തതിനാല്‍ പത്രങ്ങള്‍ അന്ന് ഒരു കുമ്പളവും നിരത്തിയില്ല). 

      എന്റെ പിന്നാലെ രണ്ട് അനിയന്മാരും ഈ പരീക്ഷ ജയിച്ച് കേരള വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വര്‍ഷത്തില്‍ 100 രൂപ എന്ന “വലിയൊരു സംഖ്യ” മൂന്ന് വര്‍ഷം സ്കോളര്‍ഷിപ്പ് ആയി വാങ്ങി ആ ഡിപ്പാര്‍ട്ട്മെന്റിനെ “കട്ടു മുടിച്ചു” ചരിത്രം തിരുത്തി.എന്നാല്‍ ആദ്യം സ്കോളര്‍ഷിപ്പ് നേടിയ എനിക്കും ജ്യേഷ്ടത്തിക്കും വര്‍ഷത്തില്‍ 300 രൂപ വീതമായിരുന്നു കിട്ടിയിരുന്നത്.ഞങ്ങള്‍ക്ക് അത് വലിയൊരു സംഖ്യയും ആയിരുന്നു. കാരണം പോക്കറ്റ് മണിയായി അഞ്ച് പൈസ പോലും ലഭിക്കാത്ത അക്കാലത്ത് സര്‍ക്കാര്‍ തരുന്ന ഈ സംഖ്യക്ക് ഒരു ആനയോളം വലിപ്പമുണ്ടായിരുന്നു. പാര്‍ട്ടികളുടെയും ക്ലബ്ബുകളുടെയും  മത്സരിച്ചുളള അനുമോദനങ്ങളും ഫ്ലെക്സും ഇല്ലാത്ത കാലമായതിനാല്‍ ഞങ്ങളുടെ ഈ കുടുംബക്കൊയ്ത്ത് ബാപ്പയുടെ സഹപ്രവര്‍ത്തകരായ ചുരുക്കം ചിലര്‍ മാത്രമേ അറിഞ്ഞുള്ളൂ. ഈ നാല്‍‌വര്‍ സംഘത്തില്‍ എനിക്ക് മാത്രം നല്ലൊരു സര്‍ട്ടിഫിക്കറ്റും ഡിപാര്‍ട്ട്മെന്റ് വക കിട്ടി.

   മക്കളെയും ഇതേ വഴിയിലൂടെ നയിക്കാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്.ഇത്തരം സ്കോളര്‍ഷിപ്പ് പരീക്ഷക്കുളള തയ്യാറെടുപ്പിലൂടെയാണ് പൊതുവിജ്ഞാനം എന്ന വിഭാഗത്തില്‍ ഞാന്‍ അഗ്രഗണ്യനായത് എന്നാണ് എന്റെ വിശ്വാസം. 12ല്‍ അധികം ഘടാഗഡിയന്‍ പി.എസ്.സി ലിസ്റ്റുകളില്‍ സ്ഥാനം പിടിക്കാനും ആറോളം നിയമന ഉത്തരവുകള്‍ കൈപറ്റി പ്രൊഫൈലില്‍ പറഞ്ഞ പോലെ ജോലി കിട്ടി കിട്ടി തെണ്ടാനും എന്നെ സഹായിച്ചത് ചെറുപ്പത്തില്‍ നേടിയ ഈ പരിശീലനമായിരുന്നു. 

      പക്ഷേ മൂത്തമകള്‍ ഐഷ നൌറ എന്ന ലുലു മോള്‍ പഠിച്ചത് സി.ബി.എസ്.ഇ സിലബസ്സില്‍ ആയതിനാല്‍ യു.എസ്.എസ്.സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതിക്കാന്‍ സാധിച്ചില്ല.എങ്കിലും ഒന്നാം ക്ലാസ് മുതലേ ഇംഗ്ലീഷ് മീഡിയത്തിലെ വിവിധ സ്കോര്‍ഷിപ്പ് പരീക്ഷകള്‍ എഴുതി വിജയിച്ച് അവള്‍ എന്റെ വഴി പിന്തുടര്‍ന്നു. എട്ടാം ക്ലാസ്സിലും പത്താം ക്ലാസ്സിലും 2000 രൂപ വീതം സ്കോര്‍ഷിപ്പ് തുകയായി ലഭിക്കുകയും ചെയ്തതോടെ അവളെ യു.എസ്.എസ് എഴുതിക്കാന്‍ പറ്റാത്ത എന്റെ ദു:ഖം മാറി.

       സ്കൂള്‍ തലങ്ങളില്‍ എന്റെ മറ്റൊരു മത്സര മേഖലയായിരുന്നു ജനറല്‍ ക്വിസ്. ഞാന്‍ പഠിച്ച എല്ലാ സ്ഥാപനങ്ങളെയും ഈ ഇനത്തില്‍ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ സാധിച്ചു എന്നത് ഇന്നും ഞാന്‍ അഭിമാനപൂര്‍വ്വം പറയാറുണ്ട്.രണ്ടാമത്തെ മകള്‍ ആതിഫ ജും‌ല എന്ന ലുഅ മോള്‍ ഈ വഴിയിലാണ് എന്നെ പിന്തുടരാന്‍ തുടങ്ങിയത്.സ്കൂളില്‍ വിവിധ അവസരങ്ങളില്‍ നടക്കുന്ന ക്വിസ് മത്സരത്തില്‍ ഫസ്റ്റോ സെക്കന്റോ അവള്‍ നേടിയിരിക്കും.

      ഇക്കഴിഞ്ഞ ദിവസം അവളും ഒരു റെക്കോറ്ഡിട്ടു.ഈ വര്‍ഷത്തെ യു.എസ്.എസ്.സ്കോര്‍ഷിപ്പ് പരീക്ഷയില്‍ അരീക്കോട് സബ്ജില്ലയില്‍ നിന്നും വിജയിച്ച ആറു പേരില്‍ ഒരാള്‍ എന്റെ മോള്‍! ബാപ്പക്ക് പിന്നാലെ മകളും യു.എസ്.എസ് സ്കോര്‍ഷിപ്പ് വിജയി !!ഈ വിജയത്തില്‍ എനിക്ക് ബാഹ്യമായി ഒരു പങ്കും ഇല്ലെങ്കിലും ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിന് വീണ്ടും വീണ്ടും സ്തുതി.

9 comments:

Areekkodan | അരീക്കോടന്‍ said...

ഈ വര്‍ഷത്തെ യു.എസ്.എസ്.സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ അരീക്കോട് സബ്ജില്ലയില്‍ നിന്നും വിജയിച്ച ആറു പേരില്‍ ഒരാള്‍ എന്റെ മോള്‍!

സുധി അറയ്ക്കൽ said...

നാലിൽ വെച്ച്‌ എൽ.എസ്സ്‌.എസ്സ്‌ ഉം,ഏഴിൽ വെച്ച്‌ യു.എസ്സ്‌.എസ്സും എഴുതിയിട്ടുണ്ട്‌.

മോൾക്ക്‌ എല്ലാ വിധ ആശംസകളും.!!!

Areekkodan | അരീക്കോടന്‍ said...

സുധീ...ഞാനും തഥൈവ

വിനുവേട്ടന്‍ said...

ഏഴാം ക്ലാസില്‍ വച്ച് ഏതോ ഒരു സ്കോളര്‍ഷിപ്പ് പരീക്ഷയെഴുതി പാസായപ്പോള്‍ കിട്ടിയ 300 രൂപ കൊണ്ടായിരുന്നു ആദ്യ സൈക്കിള്‍ വാങ്ങിയത്... ഇപ്പോഴാ അത് ഓര്‍മ്മ വന്നത്...

മോള്‍ക്ക് ആശംസകള്‍ ...

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ...അത് തന്നെയാ ഈ സ്കോളര്‍ഷിപ്

ajith said...

നമ്മളു സ്കോളർ അല്ലാത്തോണ്ട് ഒരു സ്കോളർഷിപ്പും കിട്ടീല്ല. അതിന്റെ കേട് തീർക്കാൻ പഠിച്ചിറങ്ങിയപ്പം മുതൽ ഷിപ്പ് നന്നാക്കാൻ തുടങ്ങി. ദേ ഇപ്പം വർഷം മുപ്പതാകുന്നു ഷിപ്പ് നന്നാക്കല് തുടങ്ങീട്ട്

മോൾക്ക് എന്റേം ആശംസകൾ പറയണേ

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ...30 വര്‍ഷം ഷിപ്പ് നന്നാക്കിത്തുടങ്ങിയിട്ട് !!!നമിക്കുന്നു ഈ സര്‍വീസ് കാലയളവിനെയും അതിന്റെ അമരക്കാരനെയും.

Cv Thankappan said...

മോള്‍ക്ക് ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...സ്വീകരിച്ചു

Post a Comment

നന്ദി....വീണ്ടും വരിക