Pages

Sunday, March 20, 2016

ഭൂമിക്ക് വേണ്ടി ഒരു മണിക്കൂറ്


ചുട്ടുപൊള്ളുന്ന ചൂട് താരതമ്യേന നല്ല കാലാവസ്ഥ അനുഭവപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാടിനെയും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നാം ദിനേന കേട്ടുകൊണ്ടിരിക്കുന്നു.സൂര്യാഘാതം എന്ന പദം ഹൃദയാഘാതം എന്ന പദം പോലെ ചിരപരിചിതമായി.സൂര്യന്‍ അന്നും ഇന്നും ഏകദേശം ഒരേ നിലയില്‍ തന്നെയാണ് ഊര്‍ജ്ജം പുറത്ത് വിടുന്നത് എന്ന് ശാസ്ത്രം പറയുന്നു.അങ്ങനെ ഇപ്പോള്‍ ഉണ്ടാകുന്ന പൊള്ളല്‍ സൂര്യന്റെ മേല്‍ ചാര്‍ത്തി സൂര്യാഘാതം എന്ന പേരും നല്‍കി മനുഷ്യന്‍ കൈ കഴുകുന്നു.

ഈ അവസരത്തിലാണ് എര്‍ത്ത് അവര്‍ എന്ന സൂചനാ ഐക്യദാര്‍ഢ്യം പ്രസക്തമാകുന്നത്. ഭൂമിയെ രക്ഷിക്കാന്‍ , ഭൂമിക്ക് വേണ്ടി ചിന്തിക്കാന്‍, ഭൂമിക്കും അതിലെ ഇതര ജീവികള്‍ക്കും നിലനില്‍ക്കാന്‍ , വര്‍ഷത്തില്‍ ഒരു മണിക്കൂര്‍ നേരത്തേക്കെങ്കിലും സമയം കണ്ടെത്താനുള്ള ഒരു ആഹ്വാനമാണ് എര്‍ത്ത് അവര്‍ ആചരണം.ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രതിരോധിക്കാന്‍  ലോകമെമ്പാടും നടക്കുന്ന ഒരു ശ്രമമാണിത്.

ലോകമൊട്ടുക്കുമുള്ള വിവിധ ചരിത്രസ്മാരകങ്ങളും പ്രശസ്ത കെട്ടിടങ്ങളും പ്രകാശപൂരിതമായി നില്‍ക്കുന്ന നിരവധി ഫോട്ടോകള്‍ നാം കണ്ടിട്ടുണ്ട്.ഇന്ത്യാഗേറ്റിന്റെയും രാഷ്ട്രപതി ഭവന്റെയും മറ്റും  ദീപാലങ്കൃതമായ കാഴ്ച അല്ലെങ്കില്‍ രാത്രിക്കാഴ്ച നേരില്‍ കണ്ടവര്‍ക്ക് അത് എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു ഓര്‍മ്മ തന്നെയായിരിക്കും.അത്തരം സ്മാരകങ്ങള്‍ വരെ രാത്രിയില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് വൈദ്യുതി അണച്ച് ഈ പ്രതീകാത്മക ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുക്കുന്നു എന്ന് അറിയുമ്പോള്‍ ഇതിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം.

                                                 ഫോട്ടോ കടപ്പാട് : ഗൂഗ്‌ള്‍


കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്റെ വീട്ടില്‍ ഞാന്‍ എര്‍ത്ത് അവര്‍ ആചരിച്ചു വരുന്നുണ്ട്. വീട്ടുകാരെ മുഴുവന്‍ ഇതിനെപ്പറ്റി ധരിപ്പിച്ച ശേഷമാണ് ഈ ആചരണം എന്നതിനാല്‍ അവരും എന്നോട് സഹകരിക്കുന്നു. ഒരു മണിക്കൂര്‍ നേരത്തേക്ക് വൈദ്യുതി ഓഫ്ഫാക്കുമ്പോള്‍ നമുക്ക് ചുട്ടുപൊള്ളുന്നു എങ്കില്‍ ഭൂമിക്ക് എത്ര മാത്രം പൊള്ളുന്നു എന്ന് ഒരു നിമിഷത്തേക്കെങ്കിലും നമുക്ക് ചിന്തിക്കാന്‍ സാധിക്കണം.മാധ്യമങ്ങളിലൂടെ നമ്മുടെ മന്ത്രിമാരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ ആചരണത്തില്‍ പങ്കെടുക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. നിര്‍ഭാഗ്യവശാല്‍ ലോകം മുഴുവന്‍ പങ്കെടുക്കുന്ന ഈ ആചരണത്തിലും കേരള ജനതയുടെ പ്രതികരണം തണുത്തതാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.നാം ഇനി എന്ന് ഉണരുമോ ആവോ ?

20/3/2016 ലെ പത്രറിപ്പോര്‍ട്ട് 

20/3/2016 മാതൃഭൂമി ദിനപത്രത്തിലെ എന്റെ പ്രതികരണം 

6 comments:

Areekkodan | അരീക്കോടന്‍ said...

നിര്‍ഭാഗ്യവശാല്‍ ലോകം മുഴുവന്‍ പങ്കെടുക്കുന്ന ഈ ആചരണത്തിലും കേരള ജനതയുടെ പ്രതികരണം തണുത്തതാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.നാം ഇനി എന്ന് ഉണരുമോ ആവോ ?

Cv Thankappan said...

ആചരിക്കാനല്ല ആഘോഷിക്കാനാണ് മലയാളിക്ക്‌ താല്പര്യം!
ആശംസകള്‍

ajith said...

ഭൂമിക്ക് വേണ്ടിയൊന്നുമല്ല, നമുക്കുവേണ്ടിത്തന്നെയാണെന്ന് ആർ മനസ്സിലാക്കുന്നു

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ശരിയാ , എന്തും ആഘോഷിക്കണം മലയാളിക്ക്

അജിത്തേട്ടാ...മനസ്സിലാക്കുമ്പോഴേക്കും കാലമേറെ കഴിഞ്ഞിട്ടുണ്ടാകും

സുധി അറയ്ക്കൽ said...

കള്ള്‌ കുടിച്ച്‌ ഭൗമമണിക്കൂർ ആഘോഷിയ്ക്കാൻ പറഞ്ഞിരുന്നെങ്കിൽ മലയാളികൾ അതാഘോഷിച്ചേനേ!!!!!

Areekkodan | അരീക്കോടന്‍ said...

സുധീ....ഇങ്ങനെ പോയാല്‍ ഇനി കെ.എസ്.ഇ.ബി തന്നെ അതിനുള്ള വഴി കണ്ടെത്തും....

Post a Comment

നന്ദി....വീണ്ടും വരിക