Pages

Thursday, June 30, 2011

ബാപ്പയും ഒരു ഒരു പൊതി കല്‍കണ്ടവും.

“ഞമ്മള്ക്ക് എളാപ്പന്റട്ത്ത് പോയി നോക്കാ...” ഞാന് ഒരു പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രി കാലത്തിലൂടെ കടന്ന് പോകുമ്പോള് പലപ്പോഴും അയല്പക്കത്തെ കുട്ടികളില് നിന്നും ഞാന് കേള്ക്കാറുള്ള ഒരു സംഭാഷണം.

“എളാപ്പന്റട്ത്ത് പോയ്ക്കോളി....” അതേ കുട്ടികളുടെ ഉമ്മമാരും വല്യുമ്മമാരും കുട്ടികളോട് പറയുന്നതും അതു തന്നെ.

എന്റെ ഉമ്മയും അവരുടെ ജേഷ്ടത്തിമാരും ആങ്ങളമാരും അടങ്ങുന്ന കുടുംബം ഒരു കോളനി ആയിട്ടായിരുന്നു താമസം.ഒരേ കൊമ്പൌണ്ടില് ആറ് വീടുകള്.അതുകൊണ്ട് തന്നെ എന്റെ കുട്ടിക്കാലം വളരെ വളരെ ഉല്ല്ലാസപ്രദമായിരുന്നു.മൂത്തുമ്മമാരുടേയും അമ്മാവന്മാരുടേയും മക്കളായി ഒരു പാട് പേര്.വൈകിട്ടും സ്ജ്കൂള് അവധി ദിനങ്ങളിലും കോളനി ഞങ്ങളുടെ കലപില കൊണ്ട് ശബ്ദമുഖരിതമായിരിക്കും.ടി.വിയും കമ്പ്യൂട്ടറും ഇംഗ്ലീഷ് മീഡിയവും കവരാത്ത ആ ബാല്യദിനങ്ങള് ഞങ്ങളുടെ തലമുറക്ക് ശേഷം ഇല്ലാതായി. മേല്പറഞ്ഞ സംഭാഷണം എന്റെ സഹകളിക്കാരായിരുന്ന എന്റെ മൂത്തുമ്മമാരുടേയും അമ്മാവന്മാരുടേയും മക്കളുടേതും അവരുടെ മക്കളുടേതും ആണ്.

ഈ എളാപ്പ മറ്റാരുമല്ല , എന്റെ പ്രിയപ്പെട്ട പിതാവ് തന്നെ.കോളനിയിലെ ഏറ്റവും ഇളയവള് എന്റെ ഉമ്മ ആയതിനാല് മറ്റുള്ളവര്ക്കെല്ലാം എന്റെ ഉമ്മ എളാമയാണ്.ബാപ്പ എളാപ്പയും.ഇതുകേട്ട് വളര്ന്ന അടുത്ത തലമുറയും അവരുടെ വല്ല്യുമ്മയുടെ പ്രായമുള്ള ഉമ്മയേയും ബാപ്പയേയും എളാമയും എളാപ്പയും ആക്കി.അതിന്നും അങ്ങനെ തന്നെ.

എന്റെ ബാപ്പക്ക് കുട്ടികളെ വളരെ ഇഷ്ടമായിരുന്നു.ഞങ്ങളെ മാത്രമല്ല, കോളനിയിലെ എല്ലാ മക്കളേയും ബാപ്പ സ്നേഹിച്ചു.കുട്ടികള് വീട്ടില് വന്നാല് അവര്ക്ക് എന്തെങ്കിലും കയ്യില് കൊടുക്കാന് ബാപ്പ കരുതി വച്ചിട്ടുണ്ടാകും.പക്ഷേ ഇന്നത്തെ പോലെ മിഠായി അല്ല.ബാപ്പയുടെ സ്റ്റോക്കില് ഉണ്ടാകുന്നത് ഈത്തപഴം,കല്കണ്ടം,കൊപ്ര തുടങ്ങിയവയായിരുന്നു.ഇതില് കല്കണ്ടം മിക്ക വീട്ടിലും കിട്ടാത്ത സാധനമായതിനാല് കുട്ടികള്ക്ക് വളരെ പ്രിയങ്കരവുമായിരുന്നു.ആ കല്കണ്ടം വാങ്ങാനാണ് “ഞമ്മള്ക്ക് എളാപ്പന്റട്ത്ത് പോയി നോക്കാ...” എന്ന് കുട്ടികള് പറഞ്ഞിരുന്നത്.കുട്ടികള് വീട്ടില് പ്രശ്നങ്ങള് ഉണ്ടാക്കുമ്പോള്, ബാപ്പയുടെ അടുത്ത് നിന്നും ഇതില് എന്തെങ്കിലും വാങ്ങിത്തിന്നാന് ഉമ്മമാര് പറഞ്ഞിരുന്നതായിരുന്നു “എളാപ്പന്റട്ത്ത് പോയ്ക്കോളി....”.

സ്നേഹനിധിയായ എന്റെ ബാപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്ഷം തികഞ്ഞു.ഇന്നലെ ബാപ്പയുടെ നാടായ കോഴിക്കോട് ജില്ലയിലെ നൊച്ചാട് എന്ന കുഗ്രാമത്തില് താമസിക്കുന്ന ബാപ്പയുടെ ജേഷ്ടനെ (എന്റെ മൂത്താപ്പ) സന്ദര്ശിച്ച് തിരിച്ച് അരീക്കോട്ടെത്തിയപ്പോള് ഞാനും വാങ്ങി - ഒരു വലിയ പൊതി കല്കണ്ടം.എന്റെ വീട്ടില് വരുന്ന എല്ലാ കുട്ടികള്ക്കും ആ ബാപ്പയുടെ സ്നേഹം കൈമാറാന് ഈ മകന്റെ ഒരു എളിയ ശ്രമത്തിനായി.

വാല്: പിതൃദിനവും മാതൃദിനവും കൊണ്ടാടുന്ന നമുക്ക്, നമ്മുടെ മാതാപിതാക്കള് തന്നുപോയ നല്ല ഗുണങ്ങള്‍ തലമുറകളിലേക്ക് കൈമാറാന്‍ സാധിച്ചിരുന്നുവെങ്കില്‍ ?

9 comments:

കൊമ്പന്‍ said...

അരീ കോടന്‍ പറഞ്ഞ ഓര്‍മ കൊള്ളാം പക്ഷെ ബാപ്പയെ ഓര്‍ക്കാന്‍ ഒരു ദിനം നമുക്ക് ആവശ്യ മുണ്ടോ? അത്രത്തോളം പാശ്ചാത്യത അരീകൊടനുണ്ടോ ?

Areekkodan | അരീക്കോടന്‍ said...

സിസ്റ്റത്തിന്റെ പ്രശ്നങ്ങള്‍ കാരണം ആദ്യ കമന്റിടാന്‍ സാധിച്ചില്ല.

കൊമ്പാ...എനിക്ക് അങ്ങനെ ഒരു ദിനം ആവശ്യമില്ല.എല്ലാ ദിവസവും ഞാന്‍ ബാപ്പക്ക് വേണ്ടി അഞ്ചു നേരവും പ്രാര്‍ത്ഥിക്കുന്നുണ്ട്.

Pradeep paima said...

പിതാവ് നമ്മുടെ സൃഷ്ട്ടവ് മാത്രമല്ല ഇശ്വരന്‍ കൂടിയാണ്
ഇഷ്ട്ടപെട്ടു ...
സ്നേഹത്തോടെ
പ്രദീപ്‌

ponmalakkaran | പൊന്മളക്കാരന്‍ said...

കോളനിയിലെ എല്ലാ മക്കളേയും ബാപ്പ സ്നേഹിച്ചു.
സ്നേഹ നിധിയായ പിതാവിനേയും, പോസ്റ്റും ഇഷ്ടായി.

mayflowers said...

ഈ ഓര്‍മയ്ക്ക് തീര്‍ച്ചയായും കല്‍ക്കണ്ടത്തിന്റെ മാധുര്യമുണ്ട്‌.

mini//മിനി said...

മധുരിക്കും ഓർമ്മകൾ

Areekkodan | അരീക്കോടന്‍ said...

പ്രദീപ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്ക് നന്ദി

പൊന്മളക്കാരാ...നന്ദി

മെയ്‌ഫ്ല‌വേ‌ഴ്സ്...മധുരിക്കുന്നെങ്കിലും ഈ ഓര്‍മ്മകള്‍ എന്റെ കണ്ണ് നനയിക്കുന്നു.

മിനി...മേല്പറഞ്ഞത് തന്നെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അച്ഛന്റെയും അമ്മയുടെയും ഒക്കെ ഓര്‍മ്മകള്‍
ഇന്നും അവര്‍ കൂടെ ഉണ്ടായിരുന്നു എങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു

Areekkodan | അരീക്കോടന്‍ said...

ഡോക്ടര്‍ജീ...അതു തന്നെ.

Post a Comment

നന്ദി....വീണ്ടും വരിക