Pages

Thursday, June 23, 2011

കാക്കയില്ലാ ദ്വീപിന്റെ കഥ - ലക്ഷദ്വീപ് യാത്ര ഭാഗം 12

കഥ ഇതുവരെ

ശംഖും പവിഴപുറ്റും കൂടി കയ്യില്‍ പിടിക്കാന്‍ കഴിയുന്നതിലപ്പുറമായിരുന്നു എന്റെയടുത്ത്.മറ്റുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.25000 രൂപ വരെ ലോട്ടറി അടിക്കാനും 6 മാസം വരെ ഗോതമ്പ് ഉണ്ട തിന്നാനും ഭാഗ്യം ലഭിച്ചേക്കാവുന്ന ഒരു മഹത്കൃത്യമായിരുന്നു ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് എന്ന് പിറ്റേന്നാണ് ഞങ്ങള്‍ അറിഞ്ഞത്!എന്നാലും ‘ജമാല്‍ ക ദോസ്ത്’ എന്ന പിടിവള്ളി എല്ലാവര്‍ക്കും അസാമാന്യ ധൈര്യം നല്‍കി.

“ഇനി അല്പം വിശ്രമിക്കാം..” ജമാലും സംഘവും ഒരു ഒഴിഞ്ഞ സ്ഥലത്തിരിക്കാന്‍ ഞങ്ങളെ ക്ഷണിച്ചു.

“ങാ....ആ കഥയും കേള്‍ക്കാം...” ഞാന്‍ തന്നെ കഥയുടെ വിഷയം എടുത്തിട്ടു.

“ആ കഥ പറയാം...എല്ലാവരും ഇരിക്കൂ...” ജമാല്‍ പറഞ്ഞു.

“ഫിന്ന കൌല കെസ്സ?” ഹിദായത്ത് മാഷ് ജമാലിന്റെ നേരെ ചോദിച്ചത് കേട്ട് ഞങ്ങള്‍ വാ പൊളിച്ചു.

“ലാ ബീല ഫീ...” ജമാലിന്റെ മറുപടിക്കും ഞങ്ങളുടെ പൊളിഞ്ഞ വായ അടക്കാന്‍ കഴിഞ്ഞില്ല.

“ഓകെ...കേട്ടോളൂ...” ഹിദായത്ത് മാഷ് കഥ പറയാന്‍ വേണ്ടി കണ്ഠം ശുദ്ധീകരിച്ചു.ഞങ്ങള്‍ കാതും ശുദ്ധീകരിച്ചു.

“ഒരിക്കല്‍ കരയില്‍ നിന്നും ഒരു വലിയ മൌലവി ദ്വീപിലേക്ക് വന്നു...മൌലവീന്ന് പറഞ്ഞാല്‍ മതപുരോഹിതന്‍....” രാജേന്ദ്രന്‍ മാഷും ഹരീന്ദ്രന്‍ മാഷും അന്യോന്യം നോക്കുന്നത് കണ്ടപ്പോള്‍ ഹിദായത്ത് മാഷ് വിശദീകരിച്ചു.

“ഏത് വകുപ്പില്‍ പെട്ട മൌലവിയാ? ആണ്ടിറച്ചി തിന്ന്‌ണതോ തിന്നാത്തതോ?” അബൂബക്കര്‍ മാഷ് സംശയവുമായി എണീറ്റു.

“ആ...അത് കഥേന്ന് മനസ്സിലാക്കുക...മൌലവിയുടെ താടിയും തലേക്കെട്ടും മുഖകാന്തിയും കണ്ട ജനങ്ങള്‍ അദ്ദേഹത്തിന്റെ ചുറ്റും കൂടി...”

“തലേക്കെട്ട് ണ്ടെങ്കി അത് ഞമ്മളെ വകുപ്പ്‌ല് പെട്ടതാ...”അബൂബക്കര്‍ മാഷക്ക് സമാധാനമായി.

“അങ്ങനെ അദ്ദേഹം ജനങ്ങളോട് നല്ല നല്ല കാര്യങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.മനുഷ്യന്‍ നന്നാകേണ്ടതിന്റെ ആവശ്യകതയും ദ്വീപില്‍ വസിക്കുമ്പോള്‍ പടച്ചവനെ അനുസരിക്കാതിരുന്നാല്‍ വന്നേക്കാവുന്ന ശിക്ഷയെക്കുറിച്ചും അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചു...”

“അപ്പം മൂപ്പര്‍ക്ക് നല്ല പയ്പ്പ് (വിശപ്പ്) ണ്ടായ്‌നീന്ന് ചുര്ക്കം...” അബൂബക്കര്‍ മാഷ് വീണ്ടും വെടി പൊട്ടിച്ചു.ഞങ്ങള്‍ എല്ലാവരും ചിരിയടക്കി.

“അപ്പോഴാണ് എവിടെ നിന്നോ ഒരു കാക്ക മൌലവിയുടെ തലക്ക് മുകളിലെ മരക്കൊമ്പില്‍ പറന്നിരുന്നത്...”

“മോല്യാരെ ഒട്‌ക്കത്തെ വ‌അ‌ള് (മതപ്രസംഗം) പിരിച്ച് ബ്‌ടാനായിര്ക്കും...” അബൂബക്കര്‍ മാഷ് അനുഭവത്തില്‍ നിന്നും പറഞ്ഞു.

“ങാ...കാക്ക വന്നിരുന്നതും ആസനം വികസിപ്പിച്ചതും മൂലധനം നിക്ഷേപിച്ചതും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു!മൌലവിയുടെ മൂക്കിന്റെ മുകളില്‍, ഇന്ത്യയുടെ മൂട്ടില്‍ ശ്രീലങ്ക കിടക്കുന്നപോലെ കാക്ക കാഷ്ഠം !”

“കഷ്ടം...കാക്കക്കും അറിയാം കറക്ട് കക്കൂസ്...” ഇത്തവണ ഡയലോഗ് വിട്ടത് റെജു ആയിരുന്നു.

“ഫ...ഹിമാറെ!!!” ശാന്തനായ ഹിദായത്ത് മാഷ് ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും റെജുവിനെ നോക്കി.

“ഏയ്...നിങ്ങളെയല്ല പറഞ്ഞത്...മൌലവി കാക്കയെ ശപിച്ചതാ...നിന്റെ കുലം മുടിയട്ടെ...”

“ങേ...കാക്കക്കും കുലയോ ?” അബൂബക്കര്‍ മാഷക്ക് മനസ്സിലായില്ല.

“കുലയല്ല...കുലം...കുടുംബം...അങ്ങനെ ആ കാക്കയെ അപ്പോള്‍ തന്നെ ഒരു പരുന്ത് റാഞ്ചിക്കൊണ്ടുപോയി... പിന്നീട് ദ്വീപില്‍ ഒരു കാക്കയും വന്നില്ല...”

‘കാക്കാമാരുള്ളിടത്ത് പിന്നെ കാക്ക എന്തിനാ’ അബൂബക്കര്‍ മാഷുടെ ആത്മഗതം പുറത്തുചാടി.

“അങ്ങനെയാണ് ദ്വീപില്‍ കാക്ക ഇല്ലാതായത്...ഇനി അതാ അങ്ങോട്ട് നോക്കൂ...ദ്വീപിലെ സൂര്യാസ്തമയം...” ചെഞ്ചായം പൂശിയ ആകാശത്തില്‍ ,വൃന്ദ കാരാട്ടിന്റെ നെറ്റിയില്‍ കാണുന്നപോലെ ഒരു ചുവന്ന പൊട്ട് ആയി സൂര്യന്‍ മാറിക്കഴിഞ്ഞിരുന്നു.

“ഇന്നത്തെ സൂര്യന്‍ രക്ത്സാക്ഷിത്വം വഹിക്കാന്‍ പോകുന്നു.ആകാശം നിറയെ ചോര ചിന്തി അവന്‍ വീരമൃത്യു വരിക്കാന്‍ പോകുന്നു...” ശിവദാസന്‍ മാഷുടെ വിപ്ലവചിന്തകള്‍ അണപൊട്ടാന്‍ തുടങ്ങി.

“അങ്ങനെ ദ്വീപില്‍ നമ്മുടെ ആദ്യരാത്രി ആരംഭിക്കുന്നു...” ആരോ ഒരുള്‍പുള‍കത്തോടെ തട്ടിവിട്ടു.

“അപ്പൊള്‍ നാളത്തെ പ്രോഗ്രാം ?” ഹേമചന്ദ്രന്‍ സാറിന് അടുത്ത ദിവസത്തെ പരിപാടികള്‍ അറിയാന്‍ തിടുക്കമായി.

“അത് നമുക്ക് റൂമിലെത്തി ഒന്ന് ഫ്രഷായിട്ട് ബീച്ചില്‍ ഇരുന്ന് സംസാരിക്കാം...” ജമാലിന്റെ നിര്‍ദ്ദേശം ഞങ്ങള്‍ക്കെല്ലാവര്‍ക്കും സ്വീകാര്യമായി.

തിരിച്ച് ഞങ്ങള്‍ പുഷ്പകവിമാനത്തില്‍ തന്നെ റൂമിലെത്തി.ഇത്രയും നേരം ഞങ്ങളെ സഹിച്ചതിന് സോറി വഹിച്ചതിന് 200 രൂപ കൂലിയും വാങ്ങി ഞങ്ങളുടെ പുഷ്പകവിമാനം ടേക്കോഫ് ചെയ്തു.എല്ലാവരും പെട്ടെന്ന് തന്നെ ഫ്രെഷായി വീണ്ടും തൊട്ടുമുന്നിലുള്ള ബീച്ചിന്റെ പാര്‍ശ്വഭിത്തിയില്‍ ഇരുന്നു.അറബിക്കടലിലെ മന്ദമാരുതികള്‍ ഞങ്ങളെ തഴുകിക്കൊണ്ടിരുന്നു.അല്പസ്ക്കമയത്തിനകം ജമാലും എത്തി.

“അപ്പോ നാളെ ഒരു 9 മണിക്ക് നമുക്കിറങ്ങാം...തെക്ക് ഭാഗത്ത് വാട്ടര്‍ സ്പോട്സ് സെന്റര്‍ കാണാം.ഗ്ലാസ് ബോട്ടം ബോട്ടും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്...”

“ങേ!അതെന്തിനാ ഗ്ലാസ് പൊട്ടും ബോട്ട് ?” നീന്തല്‍ അറിയാത്ത ആരോ ഒരാള്‍ പേടിയോടെ ചോദിച്ചു.

“ഗ്ലാസ് പൊട്ടും ബോട്ടല്ല...ഗ്ലാസ് ബോട്ടം ബോട്ട്...കടലിനടിയിലെ പവിഴപുറ്റുകള്‍ കാണാന്‍....ഒരു കിലോമീറ്റര്‍ കടലിനുള്ളിലേക്ക് പോകും...അതുകഴിഞ്ഞ് മതിവരുവോളം കടലില്‍ മുങ്ങിക്കുളിക്കാം...ബര്‍മുഡ ഉണ്ടെങ്കില്‍ കരുതിക്കോളണം...” ജമാല്‍ പറഞ്ഞു.

“ഓ.കെ...ഞങ്ങള്‍ റെഡി!!”

(തുടരും...)

11 comments:

Areekkodan | അരീക്കോടന്‍ said...

“ങാ...കാക്ക വന്നിരുന്നതും ആസനം വികസിപ്പിച്ചതും മൂലധനം നിക്ഷേപിച്ചതും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു!മൌലവിയുടെ മൂക്കിന്റെ മുകളില്‍, ഇന്ത്യയുടെ മൂട്ടില്‍ ശ്രീലങ്ക കിടക്കുന്നപോലെ കാക്ക കാഷ്ഠം !”

ponmalakkaran | പൊന്മളക്കാരന്‍ said...

അപ്പോ അങ്ങിനെ ആദ്യ രാത്രി കഴിഞ്ഞു....?

വീ കെ said...

ഇടക്ക് കുറച്ച് വിട്ടു പോയീ... സാരമില്ല. ഞാൻ പിന്നാലെ എത്തിക്കൊള്ളാം...
ആശംസകൾ...

K@nn(())raan*കണ്ണൂരാന്‍! said...

പടച്ചോനെ, ഇതെന്തിനുള്ള പുറപ്പാടാ!
ബാക്കികൂടി നോക്കീട്ടു ബാക്കി പറയാം.

മാഷേ, സുഖല്ലേ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇനി നാട്ടില്‍ വരുമ്പം സത്യമായിട്ടും അരീക്കോടന്മാഷെ കാണണം ഒരു പവിഴപുറ്റ്‌ ഒത്താലോ
ഓസാന്‍ എന്നെക്കഴിഞ്ഞല്ലെ ആരെങ്കിലും ഉള്ളു :)

G.manu said...

Adutha paaart pls

Areekkodan | അരീക്കോടന്‍ said...

പൊന്മളക്കാരാ...അതേ, ആ രാത്രി മാഞ്ഞുപോയ് , ആ രക്തശോഭമായ്...

വീ.കെ...മതി സാവധാനം വന്നാല്‍ മതി

കണ്ണൂരാന്‍....സുഖം തന്നെ.ആ ഈ വഴിക്കൊക്കെ കാണണം.

ഇന്ത്യാ ഹെറിറ്റേജ്...പവിഴപുറ്റ് എല്ലാം അവിടെ തന്നെ ഇട്ടു.എങ്കിലും താങ്കള്‍ക്ക് വീട്ടിലേക്ക് സ്വാഗതം

മനു...അയ്യോ അങ്ങനെ തിരക്ക് കൂട്ടിയാലോ?

Akbar said...

അത്ഭുത ദ്വീപിലെ അരീക്കോടന്‍ ബടായി ശരിക്കും ചിരിപ്പിച്ചു കേട്ടോ. പ്രത്യേകിച്ചും കാക്കയുടെ മൂലധനം നിക്ഷേപിക്കല്‍

niyas said...

എല്ലാം കൂടി ഒരുമിച്ചു കമന്റാം എന്ന് വിചാരിച്ചതാ... കലക്കുന്നുണ്ട് ട്ടാ

ഒരു യാത്രികന്‍ said...

ഗംഭീരമാകുന്നു വിശേഷങ്ങള്‍ ......സസ്നേഹം

Areekkodan | അരീക്കോടന്‍ said...

അക്ബര്‍ക്കാ...ഇത് ലക്ഷദ്വീപിലെ കഥ തന്നെയാ.ബടായി ഒറിജിനല്‍ അരീക്കോടന്‍ തന്നെ.

നിയാസ്...ഒരുമിച്ച് കമന്റേ?തങ്ങളുപ്പാപ്പ കിണറ്റിലൂതിയ മാതിരി?

യാത്രികാ...നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക