Pages

Thursday, July 07, 2011

ലഹരി വിരുദ്ധ ക്ലബ്ബ്

കോളേജ് കാമ്പസ്സുകളേയും ഇന്നത്തെ സ്കൂള്‍ കാമ്പസ്സുകളേയും വരിഞ്ഞുമുറുക്കിയ ഒരു ചെകുത്താനാണ് ലഹരിപദാര്‍ത്ഥങ്ങള്‍. എത്ര തന്നെ ബോധവല്‍ക്കരണങ്ങള്‍ നടത്തിയിട്ടും നമ്മുടെ യുവതലമുറ ഈ മഹാവിപത്തിന്റെ പിന്നാലെ പോകുന്നതിലെ യുക്തി മനസ്സിലാക്കാ‍ന്‍ സാധിക്കുന്നില്ല.പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന ‘വിവരമുള്ള’ പിള്ളേര്‍ പോലും ഇതിന്റെ മായാവലയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നത് ഖേദകരം തന്നെ.എങ്കിലും ഇക്കഴിഞ്ഞ ലഹരി വിരുദ്ധ ദിനത്തില്‍ കേരളാ ലഹരി വിരുദ്ധവേദിയുടെ ആഭിമുഖ്യത്തില്‍ കാമ്പസ്സുകളില്‍ ഒരു ആന്റിഡ്രഗ് ക്ലബ്ബ് രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനെപറ്റി ആലോചിക്കുകയുണ്ടായി.അതിന്റെ ഭാഗമായി എന്റെ കോളേജിലും അമ്പത് അംഗങ്ങള്‍ ഉള്ള ഒരു ലഹരി വിരുദ്ധ ക്ലബ്ബ് ഇന്ന് രൂപീകൃതമാകുന്നു.

ഞങ്ങളുടെ കാമ്പസ്സിനകത്ത് ഉപയോഗിക്കപ്പെടുന്ന ലഹരിപദാര്‍ത്ഥങ്ങളെ പറ്റി കഴിഞ്ഞ മാഗസിന്‍ കമ്മിറ്റി ഒരു പഠനം നടത്തിയിരുന്നു.അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് എനിക്ക് ലഭിച്ചത്.നിഷ്കളങ്കനായി അമ്മയും അച്ഛനും അയക്കുന്ന പൊന്നോമന മക്കള്‍ ഇത്രയും നികൃഷ്ടരായി ഈ കാമ്പസില്‍ നിന്നും ഭാവി ജീവിതം കരിപിടിപ്പിക്കാന്‍ ഇറങ്ങുന്നു എന്നറിഞ്ഞതില്‍ വളരെ വിഷമം തോന്നി.ആ ദുഖ:കരമായ വെളിപ്പെടുത്തലാണ് ഈ കാമ്പസ്സില്‍ ഒരു ലഹരി വിരുദ്ധ ക്ലബ്ബ് എത്രയും പെട്ടെന്ന് പ്രവര്‍ത്തനം തുടങ്ങേണ്ടതിന്റെ ആവശ്യകതയെപറ്റിയുള്ള തിരിച്ചറിവ് നല്‍കിയത്.

ഇന്ന് ഞാന്‍ ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയത്തിലെ അദ്ധ്യാപകന്‍ പറഞ്ഞു - “ഞങ്ങളുടെ സ്കൂളില്‍ കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടുവരല്‍ നിര്‍ബന്ധമാണ്.പുറത്ത് നിന്നും കഴിക്കാന്‍ സമ്മതിക്കുകയില്ല...”. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അത്തരം ഒരു ലിങ്കിലൂടെ കാമ്പസ്സിലേക്ക് ലഹരിപദാര്‍ത്ഥങ്ങള്‍ പ്രവേശിക്കാനുള്ള സാധ്യത തടയുന്നതിന് എന്നാണ്.കഴിഞ്ഞ വര്‍ഷങ്ങളീല്‍ നടപ്പാക്കിവരുന്ന ഈ പരിപാടി വിജയം കണ്ടു വരുന്നു.

ഇന്നലെ, 2011-12 വര്‍ഷത്തെ ഞങ്ങളുടെ കോളേജ് യൂണിയന്‍ ഉല്‍ഘാടനചടങ്ങിനൊടനുബന്ധിച്ച് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ഒരു പ്രതിജ്ഞ എടുക്കുകയുണ്ടായി.പല പ്രതിജ്ഞകളും എടുക്കുന്ന കൂട്ടത്തില്‍ ഒരു പ്രതിജ്ഞ ആണെങ്കില്‍ കൂടി സ്വന്തത്തിന്റേയും സമൂഹത്തിന്റേയും നന്മക്കുള്ള ഒരു കാല്‍‌വയ്പ് എന്ന നിലയില്‍ അല്പം പേരെങ്കിലും അത് ജീവിതകാലം മുഴുവന്‍ പാലിക്കും എന്ന് പ്രത്യാശിക്കുന്നു.ഈ പ്രതിജ്ഞ ചൊല്ലിയതിന് ശേഷം കോളേജില്‍ നിലവില്‍ വന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ ഒരു സ്കോഡിന്റെ പ്രവര്‍ത്തന ഫലമായി ഇത്തരം വിശേഷ ദിവസങ്ങളീല്‍ സാധാരണമായി ഈ കാമ്പസ്സില്‍ നടന്നു വരുന്ന മദ്യോപയോഗം ഉദ്ദേശിച്ചതിലും ഭംഗിയായി നിയന്ത്രിക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇന്ന് എന്റെ കാമ്പസ്സിന്റെ പത്ത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു ലഹരി വിരുദ്ധ ക്ലബ്ബ് നിലവില്‍ വരുന്നത്.ഈ ക്ലബ്ബിന്റേയും അമരം എന്നെ ഏല്‍പ്പിക്കുമ്പോള്‍ അതിന്റെ ഓരോ പ്രവര്‍ത്തനത്തിനും ദൈവം തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന.

വാല്‍: ബൂലോകത്തെ പ്രിയ കൂട്ടുകാര്‍ ആരെങ്കിലും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ ഇന്ന് തന്നെ അതില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ചെറിയ കാല്‍‌വയ്പ് എങ്കിലും നടത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

7 comments:

Areekkodan | അരീക്കോടന്‍ said...

പല പ്രതിജ്ഞകളും എടുക്കുന്ന കൂട്ടത്തില്‍ ഒരു പ്രതിജ്ഞ ആണെങ്കില്‍ കൂടി സ്വന്തത്തിന്റേയും സമൂഹത്തിന്റേയും നന്മക്കുള്ള ഒരു കാല്‍‌വയ്പ് എന്ന നിലയില്‍ അല്പം പേരെങ്കിലും അത് ജീവിതകാലം മുഴുവന്‍ പാലിക്കും എന്ന് പ്രത്യാശിക്കുന്നു.

chullikattil.blogspot.com said...

ശുഭാപ്തി പ്രതീക്ഷകളോടെ കാത്തിരിക്കുക.മാഷ് ടെ സദുദ്യമം
ഫലവത്താകാന് ഞാനും പ്രാറ്ത്ഥിക്കുന്നു.
എല്ലാവിധ നന്മകളുംനേരുന്നു.


ആശംസകളോടെ,
c.v.Thankappan

Pradeep paima said...

അധ്യാപകര്‍ ....കുട്ടികളെ ബോധവാന്മാരാക്കുക
ഒപ്പം മാതാപിതാക്കള്‍ ഇസ്വരസ്നേഹം കുട്ടികള്‍ വളര്‍ത്തുക ..
വളരെ നല്ല ഒരു ലേഖനം
താങ്ങള്‍ക്ക്‌ ദൈവം ...നന്മ നിറയ്ക്കട്ടെ

കൊമ്പന്‍ said...

പൊതു സമൂഹം ഇതിനെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഭരണ കര്‍ത്താക്കള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു ഇതല്ലാം നിരോധിക്കണം ഉപയോഗിക്കുന്നവനെ മത്ര്കാ പരമായി ശിക്ഷിക്കണം

ശ്രീനാഥന്‍ said...

നല്ല സംരംഭം മാഷേ, ആശംസകൾ!

നിശാസുരഭി said...

:)

Areekkodan | അരീക്കോടന്‍ said...

ചുള്ളിക്കാട്ടില്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.പ്രാര്‍ത്ഥനക്ക് നന്ദി

പ്രദീപ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.പ്രാര്‍ത്ഥനക്ക് നന്ദി

കൊമ്പന്‍....കടുത്ത ശിക്ഷ തന്നെ രക്ഷ.

ശ്രീനാഥന്‍‌ജി...നന്ദി

നിശാസുരഭി...വായനക്ക് നന്ദി

Post a Comment

നന്ദി....വീണ്ടും വരിക