Pages

Monday, December 17, 2007

‍പണം പോയാലെന്താ?ഞങ്ങളെ.....

പ്രീഡിഗ്രി എന്ന അത്ര മോശമല്ലാത്ത ഡിഗ്രിക്ക്‌ രണ്ടാം ഗ്രൂപ്പെടുത്തത്‌ ഡോക്ടര്‍ എന്ന ഒന്നാംതരക്കാരനാവാനായിരുന്നു എന്ന് ഡിഗ്രിക്ക്‌ ചേര്‍ന്നപ്പോഴാണ്‌ മനസ്സിലായത്‌!!!(M B B S ന്‌ കിട്ടുന്നതിന്‌ മുമ്പ്‌ തന്നെ പഠിക്കുന്ന ക്ലാസ്സ്‌ എഴുതേണ്ടിടത്തെല്ലാം പ്രീഡിഗ്രിക്ക്‌ പകരം പ്രീMBBS എന്നായിരുന്നു ഞങ്ങള്‍ എഴുതിയിരുന്നത്‌.ഹോസ്റ്റല്‍ ലീവ്‌ ലെറ്ററിലും ഈ വികൃതി ആവര്‍ത്തിച്ചപ്പോള്‍ വാര്‍ഡന്റെ വക ചെവിക്ക്‌ തിരുമ്മല്‍ ചികില്‍സയും കൈക്ക്‌ ചൂരല്‍ കഷായവും കിട്ടിയതിനൊപ്പം പ്രീഡിഗ്രി എന്ന് മാത്രം എഴുതാനുള്ള ഓര്‍ഡറും കിട്ടിയതോടെ ഈ പരിപാടി അവസാനിപ്പിച്ചു) 

 അങ്ങനെ അങ്ങനെ പ്രീഡിഗ്രി കോഴ്സ്‌ കഴിഞ്ഞു.അതിനിടയിലെപ്പഴോ സാര്‍ പറഞ്ഞതനുസരിച്ച്‌ ആള്‍ ഇന്ത്യാ എന്‍ട്രന്‍സ്‌ എന്ന ഏതോ മഹാമഹത്തിന്‌ ഞങ്ങള്‍ കുറേ പേര്‍ അപേക്ഷിച്ചു.തിരുവനന്തപുരം എന്ന മഹാനഗരത്തില്‍ പരീക്ഷ എഴുതാനുള്ള വാറണ്ടും വന്നതോടെനൗഫലും അന്‍വറും സഫറുള്ളയും ഞാനും അടങ്ങുന്ന സംഘം ആര്‍മാദത്താല്‍ ആറാടി. 

 പരീക്ഷാ സുദിനത്തിന്റെ രണ്ട്‌ ദിവസം മുമ്പ്‌ തന്നെ ഞങ്ങള്‍ തലസ്ഥാന നഗരിയിലെത്തി.എന്‍ട്രന്‍സ്‌ പരീക്ഷകള്‍ ഇനിയും വരും എന്ന ഉത്തമ വിശ്വാസം ഉള്ളതിനാലും തിരുവനന്തപുരം ഇനിയും കാണാം എന്ന് ഒട്ടും വിശ്വാസം ഇല്ലാത്തതിനാലും പരീക്ഷാ തലേന്ന് ഞങ്ങള്‍ മലപ്പുറം സ്റ്റൈല്‍കൈലി മുണ്ടെടുത്ത്‌ നഗരം കാണാനിറങ്ങി.കൂടെ ഉണ്ടായിരുന്ന രണ്ട്‌ മമ്മൂട്ടി ഭ്രാന്തന്മാര്‍അന്ന് റിലീസായ ഏതോ ഒരു പടം കാണാനായി തീയേറ്ററിലെ ക്യൂവില്‍ കുത്തികയറി.നാടും നഗരവും കാണാന്‍ ഞാനും മറ്റുള്ളവരും അലഞ്ഞു നടന്നു.

 നടന്ന് നടന്ന് യൂണിവേഴ്‌സിറ്റി കോളേജിന്‌ അടുത്തെത്തിയപ്പോള്‍ ഒരാള്‍ക്കൂട്ടം കണ്ട്‌ ഞങ്ങള്‍ അങ്ങോട്ട്‌ വലിഞ്ഞ്‌ കയറി."വര്‍ണ്ണം" എന്ന സിനിമയുടെ ഷൂട്ടിംങ്ങായിരുന്നു അത്‌.ജയറാം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.അവിടെ അധികം സമയം ചെലവഴിക്കാതെ ഞങ്ങള്‍ വീണ്ടും നടന്നു. അലഞ്ഞ്‌ തിരിഞ്ഞ്‌ ഞങ്ങള്‍ മൃഗശാലയില്‍ എത്തി.നേര്‍വഴി പണ്ടേ ഞങ്ങള്‍ക്ക്‌ പറഞ്ഞതാകാത്തിനാല്‍ ആളും ആരവവും ഇല്ലാത്ത ഉള്‍വഴിയിലൂടെ ഞങ്ങള്‍ നടന്നു. പെട്ടെന്നാണ്‌ ഒരു ചുള്ളന്‍ ഒരു ചുള്ളിയോടൊപ്പം എന്റെ ശ്രദ്ധയില്‍ പെട്ടത്‌.സ്ത്രീയെ പരിചയമില്ലെങ്കിലും ചുള്ളന്റെ മുഖം എവിടെയൊക്കെയോ കണ്ട ഒരു പരിചയം.അപ്പോഴേക്കും അന്‍വര്‍ വിളിച്ചു പറഞ്ഞു. "മമ്മൂട്ടി....മമ്മൂട്ടി....." സിനിമാതാരങ്ങളെ പേപ്പറില്‍ കണ്ട്‌ മാത്രം പരിചയമുണ്ടായിരുന്ന എനിക്ക്‌ അപ്പോളാണ്‌ ആളെ പിടികിട്ടിയത്‌."അര്‍ത്ഥം" എന്ന ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു അത്‌.റൂമില്‍ തിരിച്ചെത്തി ഞങ്ങള്‍ സംഭവം വിവരിച്ചപ്പോള്‍ സ്ക്രീനില്‍ മമ്മൂട്ടിയെ കാണാന്‍ പോയ മമ്മൂട്ടി ഭ്രാന്തന്മാര്‍ക്ക്‌ നഷ്ടബോധം തോന്നി. 

 പരീക്ഷാ ദിനം.രാവിലെ തന്നെ ഞങ്ങള്‍ ലോഡ്‌ജില്‍ നിന്ന് പുറത്തിറങ്ങി. പെട്ടെന്നാണ്‌ , സാമാന്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ നിന്നും വരുന്ന നൗഫലിന്റെ തലക്കകത്ത്‌ ഒരു ബള്‍ബ്‌ മിന്നിയത്‌. 
 "പരീക്ഷക്ക്‌ എല്ലാവരും കാറിലായിരിക്കും വരുന്നത്‌.." നൗഫല്‍ പറഞ്ഞു.

 "അതിനെന്താ?" ഒപ്പമുള്ള ഞങ്ങള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. 

 "അപ്പോള്‍ നമ്മള്‍ മാത്രം നടന്ന് ചെന്നാല്‍ നമ്മെ ആരും മൈന്റ്‌ ചെയ്യില്ല.."

 "അല്ലെങ്കിലും ഈ തിരുവനന്തപുരത്ത്‌ നമ്മെ ആര്‌ മൈന്റ്‌ ചെയ്യാനാ.....മൈന്റ്‌ ചെയ്താലും ഇല്ലെങ്കിലും നമുക്കെന്ത്‌പ്രയോജനം..?" ഞങ്ങള്‍ സംശയം പ്രകടിപ്പിച്ചു. 

 "അതല്ല....ഡോക്ടറാവാന്‍ പോകുന്നവര്‍ക്ക്‌ അല്‍പം ഗെറ്റപ്പൊക്കെ വേണം...." 

 "അതിനെന്തു ചെയ്യണം..?"

 "നമ്മളും കാറില്‍ തന്നെ പരീക്ഷാ സെന്ററിലെത്തണം..!!!" 

 "ങ്‌ഹേ!!!" ഞങ്ങളുടെ ഞെട്ടലിനിടയില്‍ നൗഫല്‍ അടുത്ത്‌ കിടന്ന ടാക്സി കാര്‍ കൈകൊട്ടി വിളിച്ചു. 

 "കയറ്‌...എല്ലാവരും കയറ്‌..." നൗഫല്‍ ഞങ്ങളോടാജ്ഞാപ്പിച്ചു.ഞങ്ങള്‍ കാറില്‍ കയറി.

 "മോഡല്‍ സ്കൂളിലേക്ക്‌ വിട്‌.." നൗഫല്‍ ഡ്രൈവറോട്‌ പറഞ്ഞു.
കാറ്‌ മോഡല്‍ സ്കൂളിലേക്ക്‌ പറന്നു.ഞങ്ങള്‍ അന്തം വിട്ട്‌ കാറിനുള്ളില്‍ ഇരുന്നു.

 കാര്‍ സ്കൂള്‍ ഗേറ്റില്‍ എത്തിയപ്പോഴേ മുറ്റത്ത്‌ നിര്‍ത്തിയിട്ട കാറുകളും അവിടെയും ഇവിടെയും കൂടി നില്‍ക്കുന്ന പരീക്ഷാര്‍ത്ഥികളും രക്ഷിതാക്കളും നൗഫലിന്റെ ശ്രദ്ധയില്‍പെട്ടു.ഡ്രൈവര്‍ കാര്‍ ഗേറ്റിന്‌മുമ്പില്‍ നിര്‍ത്താന്‍ ഭാവിച്ചപ്പോഴേക്കും നൗഫലിന്റെ അടുത്ത ഓര്‍ഡര്‍ എത്തി.
 "വണ്ടി വിടെടോ സ്കൂളിനകത്തേക്ക്‌...മുറ്റത്ത്‌ ഒരു റൗണ്ട്‌ ചുറ്റി അതാ ആ മരത്തിന്‌ ചുവട്ടില്‍ നിര്‍ത്തണം.....ഇതാ അതിന്‌ മുമ്പ്‌ വാടക പിടി" കാശെടുത്ത്‌ നീട്ടിക്കൊണ്ട്‌ നൗഫല്‍ പറഞ്ഞു. 

 "നിങ്ങളെല്ലാം റൂമില്‍ എത്തിയിട്ട്‌ ഷെയര്‍ തന്നാല്‍ മതി..." ഞങ്ങളെ നോക്കികൊണ്ട്‌ നൗഫല്‍ തുടര്‍ന്നു. 

 പൊടിപാറിച്ചുകൊണ്ട്‌ സ്കൂളിന്റെ മുറ്റത്ത്‌ ഒരു റൗണ്ട്‌ പൂര്‍ത്തിയാക്കി നൗഫല്‍ ചൂണ്ടിക്കാണിച്ച മരത്തിന്‌ ചുവട്ടില്‍ കാര്‍ നിര്‍ത്തി.പ്രധാനമന്ത്രിയും പരിവാരങ്ങളും ഇറങ്ങുന്ന ഗമയോടെ നൗഫലും ഞങ്ങളും കാറില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഞങ്ങള്‍ക്ക്‌ നേരെയായിരുന്നു.ടാക്സി പിടിച്ച്‌ പരീക്ഷക്ക്‌ വന്ന ദരിദ്രവാസികള്‍ ഏതെന്നായിരിക്കും അവരുടെ ചിന്ത...പക്ഷേ പണം പോയാലെന്താ?ഞങ്ങളെ എല്ലാവരും മൈന്റ്‌ ചെയ്തല്ലോ?

8 comments:

Areekkodan | അരീക്കോടന്‍ said...

പൊടിപാറിച്ചുകൊണ്ട്‌ സ്കൂളിന്റെ മുറ്റത്ത്‌ ഒരു റൗണ്ട്‌ പൂര്‍ത്തിയാക്കി നൗഫല്‍ ചൂണ്ടിക്കാണിച്ച മരത്തിന്‌ ചുവട്ടില്‍ കാര്‍ നിര്‍ത്തി.പ്രധാനമന്ത്രിയും പരിവാരങ്ങളും ഇറങ്ങുന്ന ഗമയോടെ നൗഫലും ഞങ്ങളും കാറില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഞങ്ങള്‍ക്ക്‌ നേരെയായിരുന്നു.ടാക്സി പിടിച്ച്‌ പരീക്ഷക്ക്‌ വന്ന ദരിദ്രവാസികള്‍ ഏതെന്നായിരിക്കും അവരുടെ ചിന്ത...

ഫസല്‍ said...

Thrill aayi vanne ullo, appoazheakkum nirthi...

nannaayitto

കണ്ണൂരാന്‍ - KANNURAN said...

ബുദ്ധി കൊള്ളാം മാഷെ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായി മഷേ വിവരണം.

ഓ.ടോ: അരീക്കോട്‌ എവിടെയാ?

ശ്രീ said...

നൌഫലിന്റെ ബുദ്ധി കൊള്ളാം മാഷേ.
:)

വാല്‍മീകി said...

അതെ, പണം പോയാലെന്താ എല്ലാവരും മൈന്റ് ചെയ്തില്ലേ? എന്നിട്ട്? നാലുപേരും ഇപ്പോള്‍ ഡോക്ടര്‍ ആയില്ലേ? ഇല്ലേ?

കൊച്ചു മുതലാളി said...

:)

Areekkodan | അരീക്കോടന്‍ said...

ഫസല്‍....സ്വാഗതം.സ്വരം നന്നാവുമ്പോള്‍ കൂവല്‍ നിര്‍ത്തണം എന്നല്ലേ...?
കണ്ണൂരാന്‍....എന്റെയോ, നൗഫലിന്റെയോ?
ഉണ്ണികൃഷ്ണാ....നന്ദി,അരീക്കോട്‌ മലപ്പുറം ജില്ലയില്‍.അരീക്കോട്ട്‌ എവിടെയാ എന്നാണെങ്കില്‍ KSEB ഓഫീസിന്‌ സമീപം
ശ്രീ....അപ്പോ നമുക്ക്‌ പോയിന്റൊന്നും ഇല്ല അല്ലേ?
വാല്മീകീ....ഞാന്‍ ഡോക്ടര്‍ ആയില്ല.അന്‍വര്‍ എന്തായി എന്നറിയില്ല.നൗഫല്‍ എഞ്ചിനീയറായി.സഫറുല്ല ദന്തഡോക്ടറും....
കൊച്ചുമുതലാളീ...സ്വാഗതം

Post a Comment

നന്ദി....വീണ്ടും വരിക