Pages

Tuesday, January 09, 2018

കാണാനും രസം തിന്നാനും രസം...

                 ഒരു കോവക്കക്കാലം കഴിഞ്ഞ ശേഷം വീട്ടുമുറ്റം പാഷൻ ഫ്രൂട്ട് കയ്യടക്കി വച്ചിരുന്നു. പാഷൻ ഫ്രൂട്ട് എത്ര കിലോ ഫലം തന്നു എന്ന് തിട്ടമില്ല , നിരവധി ഡെങ്കി പനിക്കാർ കൊണ്ടുപോയി ആശ്വാസം കണ്ടെത്തി എന്ന് പറയപ്പെടുന്നു. ഇപ്പോൾ മുറ്റം വീണ്ടും പച്ചപ്പ് നിറഞ്ഞ് നിൽക്കുന്നു. 
               കറിക്കും ഉപ്പേരിക്കും ഉള്ള മുളക് എന്നും മുറ്റത്ത് നിന്ന് കിട്ടും...ഉപ്പിലിടാനും ഈ മുളക് ബെസ്റ്റാ...
              പടവലം ഞാൻ ആദ്യമായിട്ട് നടുകയാണ്. ഉമ്മ പല പ്രാവശ്യം നട്ട് സുല്ലിട്ടു. ഞാൻ നട്ടത് പൂവിട്ട് തുടങ്ങി....
               തക്കാളി എല്ലാ വർഷവും ധാരാളം കിട്ടും. ഇത്തവണത്തെ തക്കാളി പഴുക്കാറായി...
              ബീറ്റ്‌റൂട്ടും ആദ്യമായാണ് നട്ടു നോക്കുന്നത്. പോയി എന്ന് കരുതിയ തൈ തിരിച്ചു വന്നത് ചില തീരുമാനങ്ങളോട് കൂടിത്തന്നെയാണ് - അരീക്കോടനെ ബീറ്റ്‌റൂട്ട് തീറ്റിച്ചേ അടങ്ങൂ ന്ന്.
                    വിടർന്നു നിൽക്കുന്ന കാബേജ് ഇലകൾ കൂട്ടിക്കെട്ടിയാലേ അത് കാബേജാകൂ എന്ന് ചിലർ പറഞ്ഞിരുന്നു. ഞാനത് കേട്ടില്ല.എന്നിട്ടും കഴിഞ്ഞ വർഷം എനിക്ക് ചെറുത് കുറച്ചെണ്ണം കിട്ടി. ഇപ്രാവശ്യം കാബേജ് ഇല കൂടിത്തുടങ്ങി...
                        ഗോബി മഞ്ചൂരിയനും കോളീഫ്ലവർ ഫ്രൈയും വായിൽ വെള്ളമൂറ്റുന്ന വിഭവങ്ങളാണ്. രണ്ട് വർഷം മുമ്പ് എന്റെ മുറ്റത്ത് നിന്ന് തന്നെ എനിക്ക് പറിക്കാൻ കോളീഫ്ലവർ ഉണ്ടായിരുന്നു.ഇത്തവണയും കോളീഫ്ലവർ മൊട്ടിട്ടു...
              ബ്രക്കോളിയും ഞാൻ ആദ്യമായിട്ടാണ് നടുന്നത്.ഇതുവരെ തിന്നിട്ടും ഇല്ല. ചെടി നീണ്ട് നിവർന്ന് നെഞ്ചും വിരിച്ച് നിൽക്കുന്നു...
                     പച്ച കാബേജ് സർവ്വ സാധാരണമാണ്. വയലറ്റ് കാബേജ് ഊട്ടിയിൽ പോകുന്ന സമയത്ത് അവിടെ കടകളിൽ കാണാറുണ്ട്. ഞാനും വച്ചു നോക്കി രണ്ട് മൂന്ന് തൈകൾ. ഇനിയും വളരാനുണ്ട്. പുഴു ഇല തിന്നാൻ തുടങ്ങി.
                    ഈ സാധനം ഞങ്ങൾക്കെല്ലാവർക്കും പുതിയ ഒരു പച്ചക്കറി ഐറ്റമാണ്. പേർ  നോൾ കോൾ എന്നാണത്രെ.ഭാഷ ഏത് എന്ന് അറിയില്ല.കാബേജ് ഫാമിലിയിൽ പെടുന്നതാണ്. നോൾ കോൾ വളർന്ന് പന്തുപോലെയായി. 
                 ഒന്നര വർഷം മുമ്പ്, പടർന്ന് പന്തലിച്ച  ഒരു കാരറ്റ് ചെടി ഉണ്ടായിരുന്നു. അത് ഒരു കുഞ്ഞ് കായ മാത്രം തന്നു. ഇത്തവണയും രണ്ട് ചെടി പിടിച്ച് വരുന്നുണ്ട്.

                 ഇതും അടുക്കളത്തോട്ടത്തിലെ നവാഗതനാണ്. മാർക്കറ്റിൽ മുഴുവൻ ചൈനീസ് മയമായപ്പോൾ പച്ചക്കറി ലോകവും മാറി നിന്നില്ല. ഇത് ചൈെനീസ് കാബേജ്.ഇല തോരൻ വയ്ക്കാം.വലുതായാൽ കാബേജ് പോലെ ഒരു സാധനവും കിട്ടും. ബഹുജോർ....
              കുറച്ച് മുളക് പറിച്ചപ്പോൾ കുസൃതിക്കുടുക്കകൾക്ക് അതുകൊണ്ട് തന്നെ കളിക്കണം. മണ്ണിലും മുളകിലും കളിച്ച് അവളും അവനും വളരട്ടെ എന്ന് ഞാനും കരുതി.

                 ഇതെല്ലാം എന്റെ വീട്ടുമുറ്റത്ത് കഷ്ടിച്ച് ഒരു സെന്റിൽ നിന്നുള്ള കാഴ്ചകളാണ്.
ഹരിത കേരളവും വിഷരഹിത പച്ചക്കറിയും ജൈവകൃഷിയും പ്രസംഗിച്ച് നടക്കുന്നതിനോടൊപ്പം ഒരു തൈ എങ്കിലും വീട്ടിൽ വച്ചാൽ കാണാനും രസം തിന്നാനും രസം...

6 comments:

Areekkodan | അരീക്കോടന്‍ said...

ഹരിത കേരളം സുന്ദര കേരളം

Mubi said...

വീട്ടില്‍ത്തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്.. നല്ല സന്ദേശം മാഷേ

Areekkodan | അരീക്കോടന്‍ said...

മുബീ...ഒന്നും കിട്ടിയില്ലെങ്കിൽ പോലും വീട്ടുമുറ്റത്ത് ഇവ ഇങ്ങനെ വളർന്ന് നിൽക്കുന്നത് തന്നെ കണ്ണിന് കുളിരേകുന്നു.

Mahesh Menon said...
This comment has been removed by the author.
Mahesh Menon said...

ഒരു സെന്റിൽ നിന്നാണോ മാഷേ ഈ ഹരിതവിപ്ലവം? ആത്മാർത്ഥമായി തന്നെ പറയട്ടെ..എണീറ്റുനിന്ന് ഒരു ബിഗ് സല്യൂട്ട്! പേർ നോൾ കോൾ, ബ്രക്കോളി ഇവയൊക്കെ ഇനിയും വളരുമ്പോ ഫോട്ടോസ് പോസ്റ്റ് ചെയ്യണേ...

Areekkodan | അരീക്കോടന്‍ said...

മഹേഷ്‌ജി...ഒരു സെന്റ് ഉണ്ടോ എന്നേ സംശയമുള്ളൂ.അടുക്കള ഭാഗത്തെ ചെറിയ ഏരിയയില്‍ ഗ്രോബാഗിലും നിലത്തുമാ‍യിട്ടാണ് ഈ ഹരിത വിപ്ലവം. സല്യൂട്ട് എണീറ്റ് നിന്ന് തന്നെ സ്വീകരിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക