Pages

Tuesday, December 15, 2015

ജാതിമരം എന്ന തേക്ക് മരം !!

             2014ലെ മരം കോച്ചുന്ന തണുപ്പിൽ ഞങ്ങൾ അന്ന് ഒത്തുകൂടി. കേരളത്തിൽ ഇങ്ങ്നെയൊരു തണുപ്പ് ഈ അടുത്ത കാലത്തൊന്നും ഇല്ലായിരുന്നല്ലോ എന്നായിരിക്കും. ശരിയാണ്, ഞങ്ങളന്ന് ഒത്തുചേർന്നത് കിലോമീറ്ററുകൾ അകലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ ജ്വലിക്കുന്ന സ്മരണകൾ ഇന്നും അണയാതെ നിൽക്കുന്ന പഞ്ചാബിലെ ജാലിയൻവാലാബാഗിൽ ആയിരുന്നു. ആ മണ്ണിൽ നിൽക്കുമ്പോൾ സിരകളിൽ രക്തം ഒഴുകുകയായിരുന്നില്ല , മറിച്ച് തിളച്ചു മറിയുകയായിരുന്നു. 2014ലെ നാഷണൽ യൂത്ത്ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ലുധിയാനയിൽ എത്തിയപ്പോഴാണ് ഞങ്ങൾ ജാലിയൻവാലാബാഗ് സന്ദർശിച്ചത്.


      ആ സ്മരണകൾക്ക് രണ്ട് വർഷം പ്രായമാകുമ്പോൾ അന്ന് കൂടെയുണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട എൻ.എസ്.എസ് വളണ്ടിയർമാർക്ക് ഒരു മോഹം – ഒന്ന് കൂടി ഒത്തുചേരണം.മിക്കവരും ഇന്നും വിദ്യാർത്ഥികൾ ആയതിനാലും ഞാൻ കോഴിക്കോട് വിട്ട് വയനാടിന്റെ ഒരു അറ്റത്ത് ആയതിനാലും സ്ഥലവും സമയവും ആയിരുന്നു പ്രധാന തടസ്സം.പക്ഷെ ഒറ്റ തീരുമാനത്തിൽ ആ തടസ്സം അലിഞ്ഞു – ഡിസമ്പർ 13ന് എന്റെ വീട്ടിൽ ആ സംഗമം തീരുമാനിക്കപ്പെട്ടു. 

      ഒത്തുചേരൽ ഗൂഢാലോചനാ സൂത്രധാരൻ ഷിജിൻ വർഗ്ഗീസ് പന്തളത്ത് നിന്നും വണ്ടി കയറി.കാഞിരപ്പള്ളി അച്ചായൻ ആൻസൻ ഹർളി മാത്യുവിനെ വഴിയിൽ നിന്നെവിടെ നിന്നോ വണ്ടിയിൽ തള്ളിക്കയറ്റി.കുസാറ്റിൽ വിദ്യാർത്ഥിനിയായ കണ്ണൂർകാരി അളകനന്ദയെ എറണാകുളത്ത് നിന്നും തോണ്ടി എടുത്തു.കരിവീരൻ ഫ്രെഡ്ഡി തോംസൺ വണ്ടി തടയാനായി ചാലക്കുടിയിൽ നിൽപ്പുണ്ടായിരുന്നു.ഒരു ചെറുവിരൽ സഹായത്തിന് ഗുരുവായൂരിൽ നിന്ന് ഹരീഷ് രാമചന്ദ്രനെയും വരുത്തിയിരുന്നു.പാലക്കാട്ടുകാരി ശ്രീവിദ്യ ഷൊർണ്ണൂരിൽ സംഘത്തോടൊപ്പം ചേർന്നു.ലീഡർ സുധിൻ കോഴിക്കോട് സ്റ്റേഷനിൽ എല്ലാവരെയും പ്രതീക്ഷിച്ച് സ്വന്തം കാറിൽ കാത്തിരുന്നു.

      ഒരു 12 മണിയോടെ എത്തും എന്ന് പ്രതീക്ഷിച്ച ടീം എന്റെ വീട്ടിൽ 11 മണിക്ക് മുമ്പേ ഭൂമി കുലുക്കിയതോടെ വീട്ടുകാരി അങ്കലാപ്പിലായി.പിന്നെ ജ്യൂസും പിന്നാലെ ചായയും ഒരു വിധം ഒപ്പിച്ച് ബിരിയാണി ചെമ്പ് അടുപ്പിൻ പുറത്ത് കയറ്റുമ്പോൾ സമയം 1 മണിയോടടുത്തിരുന്നു.ചായക്ക് വച്ച് കൊടുത്തിരുന്ന പ്ലേറ്റുകൾ എല്ലാം കാലിയായപ്പോൾ സുധിന്റെ വക ഒരു റിക്വസ്റ്റ് – 
സാർ , അടുത്ത് എവിടെയെങ്കിലും ഒന്ന് പോയി വരാം.

      വണ്ടി ഉള്ളതിനാലും നട്ടുച്ച സമയമായതിനാലും ഒരു മണിക്കൂർ കൊണ്ട് പോയി വരാവുന്ന നിലമ്പൂരിലേക്ക് കനോലി പ്ലോട്ട് കാണാൻ ഞങ്ങൾ തിരിച്ചു. എൻ.എസ്.എസിന്റെ പല പരിപാടിക്കും എന്റെ കൂടെ കൂടാറുള്ള മക്കൾ ലുഅയും ലൂനയും ഞങ്ങളുടെ കൂടെ കൂടി.
ഉച്ചക്ക് ഒന്നേമുക്കാലോടെ ഞങ്ങൾ കനോലി പ്ലോട്ടിൽ എത്തി.


 തൂക്കുപാലത്തിൽ കയറിയപ്പോൾ പലരുടെയും ഹൃദയത്തിന്റെ “ഉത്സാഹം” വർദ്ധിക്കുന്നത് പുറത്തേക്ക് കേട്ടു.


തേക്ക് കാണണമെങ്കിൽ അക്കരെ എത്തണം എന്നതിനാൽ താഴെ കുത്തിയൊഴുകുന്ന നദിയിലേക്ക് നോക്കാതെ നടന്ന് ഒരുവിധം അക്കരെ പിടിച്ചു.പാലത്തിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന ധാരാളം പേർ വേറെയും ഉണ്ടായിരുന്നു.


“ഓ…ഇത്രയധികം ജാതി മരമോ ?” പ്ലോട്ടിൽ കയറിയ ഉടനെ അളകനന്ദയുടെ കമന്റ്.

“എവിടെ ?” നിരവധി തവണ ഇവിടെ സന്ദർശിച്ചിട്ടും ഒരു ജാതി മരവും കാണാത്തതിനാൽ ഞാൻ ചോദിച്ചു.

“ഇതാ ഇവിടെ…. അതാ അവിടെ….” അളക ഓരോന്നായി ചൂണ്ടിക്കാട്ടി.

“ഇതിനാണ് ഞങ്ങൾ തേക്ക് എന്ന് പറയുന്നത്…“ ഞാൻ പറഞ്ഞു.

“കണ്ണൂരിൽ ഞങ്ങൾ ഇതിനെ ജാതി എന്നാണ് പറയുന്നത്…“ അളക പറഞ്ഞു.

“എങ്കിൽ അത് വല്ലാത്തൊരു ജാതി തന്നെ…“ ലീഡർ വാ തുറന്നു.

“സംശയമുണ്ടെങ്കിൽ നിങ്ങൾ ഗൂഗിളിൽ വിക്കിപീഡിയ ചെയ്തു നോക്കൂ…“ അളകയുടെ അടുത്ത കമന്റ്.

നടത്തത്തിനിടയിൽ ഞങ്ങൾ “മുട്ടൻ” തേക്കിനടുത്തെത്തി.
“ഇത് അത്ര ഉയരം ഒന്നും ഇല്ലല്ലോ…?” അളകയുടെ സംശയം വീണ്ടും.

“ഉയരമല്ല , വണ്ണത്തിലാണ് കാര്യം…“ ഉയരം കുറഞ്ഞ ഹരീഷ് അവസരം മുതലാക്കി.

“വണ്ണവും അധികമില്ലല്ലോ…“

“എങ്കിൽ ഒന്ന് വട്ടം ചുറ്റി പിടിക്കൂ…“


    അങ്ങനെ മൂന്ന് തടിമാടന്മാർ പിടിച്ചിട്ടും കൈ കൂട്ടിമുട്ടാതെ വന്നപ്പോൾ ആ തേക്കിന്റെ വണ്ണം എല്ലാവർക്കും ബോദ്ധ്യമായി.

    5ൽ കൂടുതൽ ഏക്കറിൽ ഇത്തരം നൂറിലധികം തേക്ക് മരങ്ങൾ ഉണ്ട്.1846ൽ മലബാർ ഡിസ്ട്രിക്റ്റ് കലക്ടർ ആയിരുന്ന കനോലി സായ്പ്പാണ് ഈ തോട്ടം നട്ടു പിടിപ്പിച്ചത്.ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമ്മിത തേക്കിൻ തോട്ടമാണ് നിലമ്പൂരിലെ കനോലി പ്ലോട്ട് - അഡ്മിഷൻ ഫീ പത്ത് രൂപ , തിങ്കളാഴ്ച അവധി ദിനമാണ്.നിലമ്പൂർ എത്തുന്നതിന് മുമ്പ് വടപുറം പാലം കഴിഞ്ഞ് ഉടനെ ഇടത്തോട്ട് ആണ് പ്ലോട്ട്.


     എൻ.എസ്.എസ് വളണ്ടിയർമാരുടെ കൂടെയാകുമ്പോൾ പലപ്പോഴും എന്റെ വയസ്സും പകുതി കുറയും. അതിനാൽ തന്നെ അവസരം കിട്ടുമ്പോഴെല്ലാം ഈ വലയത്തിൽ എന്നും എന്റെ സാന്നിദ്ധ്യം ഞാൻ ഉറപ്പ് വരുത്താറുണ്ട്.    വിശപ്പിന്റെ വിളി തുടങ്ങിയതിനാലും ഇടിയുടെ ഗർജ്ജനങ്ങൾ കേട്ട് തുടങ്ങിയതിനാലും ഒരു മണിക്കൂർ ചെലവഴിച്ച് ഞങ്ങൾ തിരിച്ചു പോന്നു.

(Photos By Hareesh Ramachandran & Ansen Hurly Mathew)

8 comments:

Areekkodan | അരീക്കോടന്‍ said...

“ഓ…ഇത്രയധികം ജാതി മരമോ ?” പ്ലോട്ടിൽ കയറിയ ഉടനെ അളകനന്ദയുടെ കമന്റ്.

സുധി അറയ്ക്കൽ said...

ഒരിയ്ക്കൽ അവിടെ ഒന്ന് പോകണം.കോണോലിപ്ലൊട്ടിനെക്കുറിച്ച്‌ എത്രയെത്ര ബ്ലോഗർമാരാ എഴുതിയിരിക്കുന്നേ!!!!

ajith said...

കനോലി നല്ലത് ചെയ്തുവച്ചു, നമുക്ക് പ്രയോജനമായി. കനോലി കനാലും സായിപ്പിന്റെ ഐഡിയ ആയിരുന്നിരിക്കുമല്ലോ

shajitha said...

oru dayarukkuruppu pole hrudyam, pavam veettukari, veettukaranu ellavareyum kshanicha mathiyallo, veettukaarikkalle budhimutt

Areekkodan | അരീക്കോടന്‍ said...

സുധീ...വൊനോദ്ജി അവിടെ നിന്നും ‘കാടൊ’ഴിയുന്നതിന് മുമ്പ് പോയാൽ പലതും കാണാം.പിന്നെ കോണോലി അല്ല കനോലി ആണ്.

അജിത്ജി....കനോലി കനാലും അത് തന്നെ,പക്ഷെ നാം അതിനെ മാലിന്യം നിറച്ച് കന്നാലി കനാലാക്കി.

ഷാജിത....വീട്ടുകാരൻ ക്ഷണിക്കുന്നതിന് മുമ്പ് വീട്ടുകാരിയുമായി ചർച്ച ചെയ്യാറുണ്ട്.അതുകൊണ്ട് തന്നെ വീട്ടുകാരിക്ക് അത്ര പ്രശ്നം ഉണ്ടാകാറില്ല.പക്ഷെ ഇത്തവണ മറ്റ് ‘ചില സംഗതികൾ’ ഉള്ളതിനാൽ ആണ് അങ്കലാപ്പിലായത്.

ഷാജിത....നല്ല വാക്കുകൾക്ക് നന്ദി.വെ

Cv Thankappan said...

കഴിഞ്ഞവര്‍ഷം നിലമ്പൂരില്‍ പോയിരുന്നു.മൂത്ത മകന്‍റെ ഒരു സ്നേഹിതന്‍ അവിടെയുണ്ട്.മകന്‍ ഗള്‍ഫില്‍നിന്ന് വന്നപ്പോള്‍ ഞാനും,ഭാര്യയും,മകനും,അവന്‍റെ ഭാര്യയും മക്കളായ നവനീതും,നിവേദ്യയും കൂടി നിലമ്പൂരില്‍ പോകുകയും അതോടൊപ്പം നിലമ്പൂരിലെ കനോലി പ്ലോട്ട് സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.വൃക്ഷമുത്തച്ഛന്മാരെ കണ്‍കുളിര്‍ക്കെ കാണാനുള്ള ഭാഗ്യവും സിദ്ധിച്ചു!!
ആശംസകള്‍ മാഷെ.

puliparamodiyil sasikumar said...

നന്നായിരിക്കുന്നു ...............ഒരു എഴുത്തുകാരന്‍ അല്ലാത്ത ഞാനും എഴുതാറുണ്ട് വിദ്യ കുറവാണെങ്കിലും അഭ്യാസം കൂടുതല്‍ ആയകൊണ്ടുള്ള കേടാണ് ,ഇന്നിപ്പോള്‍ ചുമ്മാ ഒന്ന് തെണ്ടാന്‍ ഇറങ്ങിയപ്പോള്‍ ഗ്രൂപ്പില്‍ കേറി ഫില്‍റ്റര്‍ വച്ചപ്പോള്‍ നറുക്ക് വീണത്‌ ഇവിടെ വിലാസം http://www.puliparamodiyilsasikumar.com വീണ്ടും കാണാം

Muralee Mukundan , ബിലാത്തിപട്ടണം said...


അഞ്ചിൽ കൂടുതൽ ഏക്കറിൽ ഇത്തരം നൂറിലധികം തേക്ക് മരങ്ങൾ ഉണ്ട്.1846ൽ മലബാർ ഡിസ്ട്രിക്റ്റ് കലക്ടർ ആയിരുന്ന കനോലി സായ്പ്പാണ് ഈ തോട്ടം നട്ടു പിടിപ്പിച്ചത്.ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമ്മിത തേക്കിൻ തോട്ടമാണ് നിലമ്പൂരിലെ കനോലി പ്ലോട്ട്’
പണ്ട് കനോലി സായിപ്പ് തുടങ്ങിവെച്ചതിന്റെയൊന്നും നമുക്ക് തുടർന്ന് ചെയ്യുവാൻ സാധിച്ചില്ല എന്നത് തന്നേയാണ് നമ്മുടെ ഏറ്റവും വലിയ പിടിപ്പ് കേട് ..!

Post a Comment

നന്ദി....വീണ്ടും വരിക