Pages

Tuesday, August 27, 2019

ടീം PSMO @ Le Candles

             ആഗസ്ത് മാസം എന്റെ ജന്മ‌മാസം കൂടിയാണ്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളില്‍ പലതും സംഭവിക്കുന്നതും ഈ മാസത്തില്‍ തന്നെയാകുന്നത് യാദൃശ്ചികമായിരിക്കാം. കോളനി സംഗമവും 32 വര്‍ഷത്തിന് ശേഷമുള്ള എസ്.എസ്.സി ബാച്ച് സംഗമവും ചരിത്രം കുറിച്ച പ്രളയവും ഈ വർഷത്തെ ആഗസ്തിനെ അവിസ്മരണീയമാക്കി. പ്രീഡിഗ്രി അവൈലബിൾ ഹോസ്റ്റൽമേറ്റ്സിന്റെ വാർഷിക സംഗമവും ആഗസ്തിൽ തന്നെയായി. പ്രളയം തീർത്ത മുറിവുകൾ ഉണക്കാനുള്ള ഏതാനും ചില പ്രവർത്തനങ്ങൾ (അതിജീവനം -1 , അതിജീവനം -2, അതിജീവനം -3 ) നടത്തിയ ശേഷം ഒരു റിലാക്സേഷൻ കൂടിയായിരുന്നു എനിക്ക് ഈ സംഗമം.

               കോഴിക്കോട് NIT യുടെ സമീപ സ്ഥലമായ മലയമ്മയിലെ Le Candles റിസോർട്ടിലായിരുന്നു ഇത്തവണ ഞങ്ങൾ ഒരുമിച്ച് കൂടിയത്. എനിക്ക് പുറമെ അരീക്കോട്ടുകാരും പ്രവാസികളുമായ സുനിൽ, ഹാഫിസ്, ജാബിർ, താനൂർ സ്വദേശി അസ്‌ലം, കോഴിക്കോട്ടുകാരൻ ഡോ.സഫറുള്ള, സൈഫുദ്ദീൻ, നജീബ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
                        ആദ്യ നോട്ടത്തിൽ അനുരാഗം തോന്നിക്കുന്ന രൂപത്തിലാണ് റിസോർട്ടിന്റെ രൂപകല്പന. റോഡിന്റെ തൊട്ടടുത്ത് പെട്ടെന്ന് ഒരു മല തുടങ്ങുന്നതായി അനുഭവപ്പെടാത്ത രൂപത്തിൽ, പ്രകൃതിക്ക് പരിക്കേൽപ്പിക്കാതെ കുന്നും കാടും ഒക്കെ അതേപടി നിലനിർത്തിയാണ് വില്ലകളുടെയും മറ്റും നിർമ്മാണം നടത്തിയിരിക്കുന്നത്. ലാന്റ്സ്കേപ് ചെയ്തതും മനോഹരമാണ്. ചെറിയ ഒരു നീന്തൽ കുളവും  റിസോർട്ടിന് അഴക് കൂട്ടുന്നു. കാലത്തെ കോടയും ഒരനുഭവം തന്നെയാണ്.
              ആരൊക്കെയോ എഴുതിയ റിവ്യൂകളിൽ ഭൂരിഭാഗവും നല്ല സർട്ടിഫിക്കറ്റ് ആണ് ഈ റിസോർട്ടിന് നൽകിയിരിക്കുന്നത്. എന്റെ അനുഭവത്തിൽ ചിലത് പറയട്ടെ. ഓൺലൈൻ വഴി ബുക്ക് ചെയ്ത് മൂന്നാം ചിത്രത്തിലെ ആ റൂം കിട്ടി എന്ന് കരുതുക. പ്രായമായവർ കൂടെയുണ്ടെങ്കിൽ അങ്ങോട്ട് എത്താൻ സാധിക്കും എന്ന് തോന്നുന്നില്ല. മുട്ടുവേദന,ശ്വാസം മുട്ടൽ, കിതപ്പ് എന്നിവരുള്ളവരും അവിടെ എത്തിപ്പെട്ടാൽ അടിയന്തിര ചികിത്സ ആവശ്യമായി വന്നേക്കും. ആ കാണുന്ന സ്റ്റെപ്പുകളിലൂടെയേ അങ്ങോട്ട് എത്തിപ്പെടാൻ പറ്റൂ എന്നത് തന്നെ കാരണം.
             എട്ടോളം വില്ലകൾ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ നീന്തൽ കുളം നിങ്ങൾക്കിഷ്ടപ്പെട്ട സമയത്ത് കിട്ടിക്കോളണം എന്നില്ല. പ്രത്യേകിച്ചും പൂളിനടുത്തുള്ള മൂന്ന് വില്ലകളും എൻ‌ഗേജ്ഡ് ആയാൽ നീന്തൽ നടക്കില്ല,മുങ്ങി നിവരാം.
             ഞങ്ങൾ താമസിച്ച ദിവസം വൈദ്യുതി തടസ്സം നേരിട്ടത് എത്ര തവണയാണെന്ന് പറയാൻ പറ്റില്ല. ജനറെറ്റർ സൌകര്യം ഉണ്ടെങ്കിലും പുറത്തിറങ്ങി നിൽക്കുമ്പോൾ വൈദ്യുതി തടസ്സപ്പെട്ടാൽ സൂക്ഷിക്കണം. കാരണം എന്റെ മുന്നിലൂടെ ഒരു ശംഖുവരയൻ ഇഴഞ്ഞു നീങ്ങിയത് ഞാൻ ഞെട്ടലോടെയാണ് നോക്കി നിന്നത്. യഥാർത്ഥ ഇലക്ട്രീഷ്യൻ ഇല്ലാത്തതിനാൽ ഞങ്ങളുടെ റൂമിൽ മാത്രം അനുഭവപ്പെട്ട വൈദ്യുത തടസ്സം പരിഹരിക്കാൻ ഏറെ സമയം എടുത്തു. സംഭവിച്ചത് എന്തായിരുന്നു എന്ന് നന്നാക്കിയവനും മനസ്സിലായില്ല!
              ഭക്ഷണം ഓർഡർ ചെയ്താൽ അര-മുക്കാൽ മണിക്കൂറോളം കാത്തിരിക്കണം എന്നതിനാലാവും ഫുഡ് കോർട്ടിനോട് ചേർന്ന് ഒരു ബില്ല്യാഡ്സ് കളം കൂടി ഒരുക്കിയിരിക്കുന്നത്.
       3000 രൂപ മുതൽ 5500 രൂപ വരെയാണ് ഒരു ദിവസത്തിന് ചാർജ്ജ് ചെയ്യുന്നത്.അഡീഷണൽ ബെഡ് ഇട്ടാൽ എക്സ്ട്ര ചാർജ്ജ് വേറെയും. പാക്കേജിനൊപ്പമുള്ള ബ്രേക്ൿഫാസ്റ്റ് നല്ല വിഭവങ്ങളോട് കൂടിയതായിരുന്നു എന്നതിനാൽ ഇറങ്ങിപ്പോരുന്ന സമയത്ത് മനസ്സിന് സന്തോഷം കിട്ടും. പത്ത് വർഷത്തോളമായി നടന്നു വരുന്ന ഞങ്ങളുടെ ഈ സംഗമത്തിൽ ഏറ്റവും മോശം അനുഭവം നേരിട്ട ഒരു റിസോർട്ട് എന്ന നിലക്ക് Le Candles എന്നും ഓർമ്മയിലുണ്ടാകും.

6 comments:

Areekkodan | അരീക്കോടന്‍ said...

ആരൊക്കെയോ എഴുതിയ റിവ്യൂകളിൽ ഭൂരിഭാഗവും നല്ല സർട്ടിഫിക്കറ്റ് ആണ് ഈ റിസോർട്ടിന് നൽകിയിരിക്കുന്നത്. എന്റെ അനുഭവത്തിൽ ചിലത് പറയട്ടെ.

മഹേഷ് മേനോൻ said...

പിറന്ത നാൾ വാഴ്ത്തുക്കൾ....:-)

റിവ്യൂസ് അധികവും കാശുവാങ്ങി ചെയ്യുന്നതല്ലേ.. വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.

Areekkodan | അരീക്കോടന്‍ said...

മഹേഷ്‌ജി...ആദ്യം പറഞ്ഞത് പിറന്നാൾ ആശംസകൾ എന്നായിരിക്കും അല്ലേ? റിവ്യൂസ് ചിലത് സത്യം പറയൂന്നുണ്ട്!!

© Mubi said...

ജനിച്ച മാസം ആശംസകൾ മാഷേ... Le Candles ശരിക്കങ്ങട് കത്തിയില്ലല്ലേ? അവര് ശ്രദ്ധിച്ചാൽ നന്ന്.

Muralee Mukundan , ബിലാത്തിപട്ടണം said...

ജന്മമാസത്തിലെ സന്തോഷങ്ങൾ ...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക