Pages

Thursday, May 18, 2023

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി

 ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന വർഷമാണ് 1921.മാപ്പിള ലഹള എന്നും മലബാർ ലഹള എന്നും ഒക്കെ ചരിത്രത്തിൽ അറിയപ്പെടുന്ന മഹാസംഭവം നടന്നത് ആ വർഷമായിരുന്നു.ഈ സമരത്തിന്റെ നിരവധി ശേഷിപ്പുകളും രേഖകളും ഓർമ്മകളും ഇപ്പോഴും നിലനിൽക്കുന്ന ഒരു പ്രദേശമാണ് എൻറെ നാടായ അരീക്കോട്.

നിർഭാഗ്യകരമെന്ന് പറയട്ടെ,മലബാർ സമരത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന അതേ വേളയിൽ തന്നെയാണ് ഇത് സ്വാതന്ത്ര്യ സമരത്തിൽ പെട്ടതല്ല എന്നും ബ്രിട്ടീഷുകാരെ സധൈര്യം നേരിട്ട അതിലെ വീര നായകരായിരുന്ന ആലി മുസ്‌ലിയാരും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയും ഒന്നും സ്വാതന്ത്ര്യ സമര സേനാനികൾ അല്ല എന്നും ഇന്ത്യയിൽ നിന്ന് തന്നെ വാർത്തകൾ ഉയർന്നത്.

1921 എന്ന മലയാള സിനിമ റിലീസായത് 1988 ലാണ്.പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കോഴിക്കോട് അപ്സര തിയേറ്ററിൽ സുഹൃത്തുക്കളോടൊപ്പം പോയി ഞാനും ആ സിനിമ കണ്ടിരുന്നു (പിന്നീട് അത് ഞങ്ങളുടെ കോളേജിന് ഏറ്റവും അടുത്തുള്ള തിയേറ്ററിൽ വന്നപ്പോഴുണ്ടായ സംഭവമാണ് ഇരുപത്തിയേഴാം രാവിലെ സിനിമ എന്ന പോസ്റ്റിനാധാരം).സി നിമയിൽ ടി.ജി രവി അവതരിപ്പിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി എന്ന കഥാപാത്രത്തിന്റെ ഡയലോഗുകൾ അന്ന് മനസ്സിലുണ്ടാക്കിയ പ്രകമ്പനം ഇന്നും രോമങ്ങളെ എഴുന്നേൽപ്പിക്കും.

ആ വീരശൂര പരാക്രമിയും ഈ സംഭവവും ചില വർഗ്ഗീയ താല്പര്യങ്ങളുടെ പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴേ മനസ്സിൽ മൊട്ടിട്ട ഒരാഗ്രഹമായിരുന്നു അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയുക എന്നത്.സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മഞ്ചേരിയിൽ നടന്ന പുസ്തകമേളയിൽ വച്ച്, ഇവ്വിഷയകമായി രചിച്ച നിരവധി പുസ്തകങ്ങൾ ഞാൻ വാങ്ങി.അതിൽ പെട്ട ഒന്നായിരുന്നു 'മലബാറിന്റെ വിപ്ലവനായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി' എന്ന പുസ്തകം.

ഏറനാട് എന്ന വിസ്തൃതമായ സ്ഥലം കേന്ദ്രീകരിച്ച്  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി ബ്രിട്ടീഷുകാർക്കെതിരെയും സ്വന്തം നാട്ടിലെ ബ്രിട്ടീഷ് അനുകൂലികൾക്കെതിരെയും സ്വന്തം വിഭാഗത്തിലെ അക്രമികൾക്കെതിരെയും നടത്തിയ വിവിധ സമരങ്ങളാണ് പുസ്തകത്തിലെ പ്രധാന വിഷയം.ആറുമാസം നീണ്ട ഒരു സമാന്തര ഭരണം ബ്രിട്ടീഷ് ഇന്ത്യയിൽ കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു എന്നത് തന്നെ ആ ധൈര്യത്തെ വിളിച്ചോതുന്നു.

ഈ കൃതിയിലൂടെ അറിഞ്ഞ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയെപ്പറ്റി കൂടുതൽ അറിയേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നിയത്.അതിനാൽ തന്നെ ചരിത്രവായന ഒന്ന് കൂടി വിപുലീകരിക്കാൻ കൂടി ഈ വായന എന്നെ പ്രേരിപ്പിക്കുന്നു.

പുസ്തകം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി 
രചയിതാവ്:സി അബ്ദുൽഹമീദ് 
പ്രസാധകർ:തേജസ് ബുക്ക്സ് 
പേജ് : 99 
വില:130 രൂപ 

1 comments:

Areekkodan said...

ചരിത്രവായന ഒന്ന് കൂടി വിപുലീകരിക്കാൻ കൂടി ഈ വായന എന്നെ പ്രേരിപ്പിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക