Pages

Wednesday, March 16, 2022

സുൽത്താൻ ബത്തേരി ജൈന ക്ഷേത്രം

യാത്ര ഒരു ഹരമായി കൂടെക്കൂടിയത് എന്നാണെന്ന് വ്യക്തമായി ഓർമ്മയില്ല. വിവാഹിതനായ ശേഷം ഭാര്യയും , മക്കളുണ്ടായപ്പോൾ അവരും എന്റെ യാത്രാ മുടക്കികൾ ആയില്ല. പകരം അവരും അതിൽ പങ്കാളികളായിക്കൊണ്ട് ഓരോ യാത്രയും സന്തോഷഭരിതമാക്കി. വളരെക്കാലമായി എന്റെ യാത്രകൾ ഫാമിലിയുടെ കൂടെയാണ്. അതല്ലെങ്കിൽ ഔദ്യോഗികാവശ്യങ്ങൾക്ക് ഉള്ളതായിരിക്കും. അതിനാൽ തന്നെ അവ എപ്പോഴും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് നീങ്ങുന്നവയായിരിക്കും.

ദിവസങ്ങൾക്ക് മുമ്പ് പത്താം ക്ലാസ് സഹപാഠികൾക്കൊപ്പം നടത്തിയ ഒരു യാത്ര വളരെ വിചിത്രമായിരുന്നു. മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞു പോയ സഹപാഠിയെ തേടിയുള്ള യാത്ര അതിന്റെ രണ്ടാം മണിക്കൂറിൽ തന്നെ പൂർത്തികരിച്ചപ്പോൾ ആ ദിവസത്തിന്റെ ആയുസ്സ് പകുതിയിലധികവും ബാക്കിയായിരുന്നു. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ തുടർന്ന യാത്രയിൽ പിന്നീട് സംഭവിച്ചത് അത്ഭുതങ്ങളായിരുന്നു. ഒന്നിനെത്തേടി പുറപ്പെട്ട ഞങ്ങൾ നാലാമത്തെയാളുടെ വീട്ടിൽ നിന്നിറങ്ങുമ്പോഴും (ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക ) സൂര്യൻ ദിനമദ്ധ്യരേഖ കടക്കുന്നേ ഉണ്ടായിരുന്നുള്ളൂ.

മുത്തങ്ങ വരെ പോയി തിരിച്ചു വരാം എന്ന് ഒരു തീരുമാനമായിരുന്നതിനാൽ വണ്ടി ബത്തേരി ലക്ഷ്യമാക്കി നീങ്ങി.

"ബത്തേരിയിൽ ഒരു ജൈന ക്ഷേത്രമുണ്ട് ... നമുക്കതൊന്ന് കാണാം..." രണ്ട് തവണ ഈ ക്ഷേത്രത്തിന്റെ മൗന തീരത്ത് വിശ്രമിച്ച ഞാൻ നിർദ്ദേശിച്ചു.

"അഞ്ച് മാപ്ലാരും കൂടി ക്ഷേത്രത്തിൽ കയറാനോ?" കൂട്ടത്തിൽ ആരോ ചോദിച്ചു.

" ഇത് ജൈന ക്ഷേത്രമാണ്... ടിപ്പു സുൽത്താൻ നിർമ്മിച്ചതുമാണ് " 

"അങ്ങനെ എങ്കിൽ നമുക്കും കയറാൻ പറ്റും.."

ബത്തേരി ടൗൺ തുടങ്ങുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അസംപ്‌ഷൻ ആശുപത്രിയുടെ എതിർഭാഗത്താണ് ഈ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കോൺവെന്റിന്റെ ചുമരിലെ വേദവാക്യങ്ങൾ മനുഷ്യന് വഴികാട്ടും; സഞ്ചാരികളെ വഴി പിഴപ്പിക്കുകയും ചെയ്യും.രണ്ട് തവണ പോയിട്ടും വഴികാട്ടിയായ ഞാൻ സുഹൃത്തുക്കളെ വഴി പിഴപ്പിച്ചു്.തിരിച്ച് നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂ എങ്കിലും പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാലും വൺ വേ ആയതിനാൽ ടൗൺ ഒന്ന് ചുറ്റി വീണ്ടും ഞങ്ങൾ ക്ഷേത്രത്തിന് മുന്നിലെത്തി.

അങ്ങനെ, ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ക്ഷേത്രത്തിൽ ഞങ്ങൾ പ്രവേശിച്ചു. 

ജാതിമതഭേദമന്യേ ആർക്കും ഇവിടെ പ്രവേശിക്കാം. പ്രവേശന ഫീസ് ഇല്ല. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്ന് പറയപ്പെടുന്നു. ടിപ്പു സുൽത്താൻ നിർമ്മിച്ചതല്ല, മറിച്ച് അദ്ദേഹത്തിന്റെ പടയോട്ട സമയത്ത് ആയുധപ്പുരയായി ഈ ക്ഷേത്രം ഉപയോഗിക്കുകയാണുണ്ടായതെന്ന് സമീപവാസിയായ ഒരാൾ പറഞ്ഞു. ക്ഷേത്രത്തിനടുത്തുള്ള കിണറിൽ നിന്നും പല തിരുശേഷിപ്പുകളും ലഭിച്ചിരുന്നു എന്നും കിണറിനടിയിൽ നിന്ന് മൈസൂർ വരെ ഒരു ഭൂഗർഭ പാത ഉണ്ടെന്നും പറയപ്പെടുന്നു. കരിങ്കൽ നിർമ്മിത ക്ഷേത്രത്തിൽ വിഗ്രഹങ്ങളൊന്നും തന്നെയില്ല.

അൽപ സമയം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ വയനാട് വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങയിലേക്ക് പുറപ്പെട്ടു.

(തുടരും...)


1 comments:

Areekkodan | അരീക്കോടന്‍ said...

"അഞ്ച് മാപ്ലാരും കൂടി ക്ഷേത്രത്തിൽ കയറാനോ?" കൂട്ടത്തിൽ ആരോ ചോദിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക