Pages

Wednesday, March 09, 2022

ഫൈവ്‌സ് ഫോർ സെവൻസ്

എന്റെ നാട്ടുകാരുടെ ജീവരക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു സാധനമാണ് ഫുട്ബാൾ. അരീക്കോട്ടുകാരൻ എന്ന നിലക്ക്  പല സ്ഥലത്തും ഈ കാൽപന്തുകളി പെരുമ ഞാൻ അഭിമാനത്തോടെ അവതരിപ്പിക്കാറുണ്ട്. കുട്ടിക്കാലത്തേ പന്ത് കളി എൻ്റെ ഇഷ്ടപ്പെട്ട ഒരു ഗെയിമും ആയിരുന്നു. കുട്ടികൾ നടത്തിയിരുന്ന ലോക്കൽ ടൂർണ്ണമെൻറുകളിൽ കളിക്കാനും വൈകിട്ട് പുഴയുടെ തീരത്ത് കളിക്കാനും ലോക്കൽ സെവൻസ് മത്സരങ്ങൾ കാണാനും ഫുട്ബാൾ വാർത്തകൾ വായിക്കാനും എല്ലാം കുട്ടിക്കാലം മുതലുള്ള ഈ കളിക്കമ്പം ഒരു കാരണമായിട്ടുണ്ട്.

ഞാനടക്കം രണ്ടാണും നാല് പെണ്ണും അടങ്ങിയ എന്റെ കുടുംബത്തിൽ ഫുട്ബാൾ ഒരു ഇഷ്ട ഗെയിം ആകില്ല എന്നായിരുന്നു എന്റെ ധാരണ. എന്നാൽ റഷ്യൻ ലോക കപ്പിലെ ഇറാന്‍-മൊറൊക്കൊ മത്സരം കാണാനായി ഞാൻ ലാപ്‌ടോപ്പിന് മുന്നിൽ ഇരുന്നപ്പോൾ എൻറെ കുടുംബവും കൂടെ ഇരുന്നത് എന്റെ ധാരണകൾ തിരുത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക ഹാട്രിക് പ്രകടനം നടന്ന പോര്‍ച്ചുഗല്‍ - സ്പെയിന്‍ മത്സരം കണ്ടതോടെ എല്ലാ മത്സരങ്ങളും കാണാനുള്ള ആവേശവും അവരിൽ സൃഷ്ടിക്കപ്പെട്ടു. അവസാനം, എന്റെ പ്രവചനം ശരി വച്ച് കൊണ്ട് ഫ്രാൻസ് നായകൻ ഹ്യുഗോ ലോറിസ് കപ്പുയർത്തിയ നിമിഷം വരെ ഞങ്ങൾ ഒരുമിച്ച് പല കളികളും കണ്ടു.

അന്ന് മുതൽ ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരു ആഗ്രഹമാണ് കുടുംബ സമേതം ഒരു ഫുട്ബാൾ മത്സരം നേരിട്ട് കാണുക എന്നത്.റഷ്യൻ ലോകകപ്പിന് മുമ്പും പിമ്പും പല സ്ഥലങ്ങളിലും സെവൻസ് ടൂർണമെന്റുകൾ നിരവധി നടന്നെങ്കിലും എന്റെ സമയം ഒത്തു വരാത്തതിനാൽ ആഗ്രഹം പൂവണിഞ്ഞില്ല.ബട്ട് , എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന ഡയലോഗ് അന്വർത്ഥമാക്കിക്കൊണ്ട് ആ ദിവസം കഴിഞ്ഞ ശനിയാഴ്ച വന്നെത്തി.ഞങ്ങൾ അഞ്ച് പേർ സെവൻസ് ഫുട്ബാൾ മത്സരം കാണാനായി പുറപ്പെട്ടു - ഫൈവ്‌സ് ഫോർ സെവൻസ് .

എന്റെ സ്വന്തം നാട്ടിൽ പന്ത്രണ്ട് വർഷത്തിന് ശേഷം സംഘടിപ്പിക്കപ്പെട്ട അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഏഴാം ദിവസത്തെ കളിക്കായിരുന്നു നാല് വർഷത്തെ കാത്തിപ്പിനൊടുവിൽ ആ നറുക്ക് വീണത്.എഫ്.സി നെല്ലിക്കുത്തും സബാൻ കോട്ടക്കലും തമ്മിലുള്ള മത്സരം ഞാൻ കുടുംബ സമേതം തന്നെ നേരിൽ കണ്ടു.അറുപത് രൂപ നിരക്കിലുള്ള ഗ്യാലറി ടിക്കറ്റു എടുത്ത് സെവൻസ് എങ്കിൽ സെവൻസ് കാണാൻ വരുന്ന വലിയ ആൾക്കൂട്ടവും ഫ്ളഡ് ലൈറ്റുകളും ഉത്‌ഘാടന സെറിമണിയും താൽക്കാലിക ഗ്യാലറിയും എല്ലാം എന്റെ ഭാര്യക്കും രണ്ട് പെൺമക്കൾക്കും ഒരു നവ്യാനുഭവമായി.

പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ഗ്യാലറി ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഓർമ്മ മനസ്സിലുള്ളതിനാൽ ഇന്ന് പെർമനന്റ് ഗ്യാലറിയിൽ ഇരിക്കാനായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷെ ഞാൻ ചെന്ന കവാടത്തിലൂടെയുള്ള പ്രവേശനം, അന്ന് മുതൽ സ്ത്രീകൾക്ക് മാത്രമായി നിജപ്പെടുത്തിയതിനാൽ ഞാനും മോനും താൽക്കാലിക ഗ്യാലറിയിലും ഭാര്യയും മക്കളും സ്ഥിരം ഗ്യാലറിയിലും ആയി.എങ്കിലും ഗ്യാലറി ആരവങ്ങൾക്കൊപ്പം അവസാനം വരെ കളി ആസ്വദിക്കാൻ അവർക്കും സാധിച്ചു.

അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ മാത്രം കാണുന്ന സ്ത്രീകളുടെ കളിക്കമ്പം അരീക്കോട് മാത്രമാണോ ഉള്ളത് എന്നെനിക്കറിയില്ല. മൂത്ത മകൾ കാശ്മീരിൽ ആയതിനാൽ അവൾക്ക് കാണാൻ സാധിച്ചില്ല എന്ന നൊമ്പരം ഉണ്ടെങ്കിലും ഒരാഗ്രഹം പൂർത്തീകരിച്ചതിന്റെ സന്തോഷം അനുഭവിച്ചറിയുന്നു.  

1 comments:

Areekkodan | അരീക്കോടന്‍ said...

അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ മാത്രം കാണുന്ന സ്ത്രീകളുടെ കളിക്കമ്പം അരീക്കോട് മാത്രമാണോ ഉള്ളത് എന്നെനിക്കറിയില്ല.

Post a Comment

നന്ദി....വീണ്ടും വരിക