Pages

Thursday, March 17, 2022

വയനാട് വന്യജീവി സങ്കേതം മുത്തങ്ങ

പാകം ചെയ്ത ഭക്ഷണം കൊണ്ടുപോയി വഴിയരികിലെ തണലിലിരുന്ന് കഴിക്കുന്ന നിരവധി യാത്രക്കാരെ ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തോടൊപ്പം ഞാനും ഇത്തരം അവസരങ്ങൾ നന്നായി ആസ്വദിച്ചിട്ടുണ്ട്. ആ സ്ഥലം നൽകുന്ന ആമ്പിയൻസും കൂടിയിരുന്നുള്ള ഭക്ഷിക്കലും ആയിരിക്കാം അതിനോടുള്ള ആ ഇഷ്ടത്തിന് കാരണം. 

ജൈന ക്ഷേത്രത്തിൽ നിന്നും മുത്തങ്ങയിലേക്കുള്ള വഴിയിൽ ഞങ്ങൾ ഒരു ഹോട്ടലിൽ കയറിയെങ്കിലും സമയം വൈകിയതിനാൽ ഭക്ഷണം കിട്ടിയില്ല. ഉച്ചഭക്ഷണത്തിന് പകരം ഒരു തണ്ണിമത്തൻ കയ്യിൽ കരുതാനും അത് മുറിക്കാനായി ഒരു കത്തി വാങ്ങാനും ഉടൻ തീരുമാനമായി. വണ്ടി അൽപം മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ രണ്ട് തീരുമാനങ്ങളും നടപ്പിലായി. 

കര്‍ണ്ണാടകയിലെ  ബന്ദിപ്പൂർ , തമിഴ്‌നാട്ടിലെ മുതുമല, കേരളത്തിലെ വയനാട് എന്നീ വന്യജീവി സങ്കേതങ്ങൾ കൂടിച്ചേരുന്ന സ്ഥലമാണ് മുത്തങ്ങ. 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്നതാണ് വയനാട് വന്യജീവി സങ്കേതം.നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ് ഈ വന്യജീവി സംരക്ഷിതപ്രദേശം. മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര ഉളളതിനാല്‍ ഈ പ്രദേശം 'പ്രോജക്ട് എലിഫന്റി'ന്റെ ഭാഗം കൂടിയാണ്.

ആന,കടുവ,പുള്ളിപ്പുലി, പുള്ളിമാന്‍, മ്ലാവ് എന്നിവയാണ് ഈ വനപ്രദേശത്തെ പ്രധാന മൃഗങ്ങൾ.നിത്യഹരിത ആര്‍ദ്ര ഇലപൊഴിയും  വിഭാഗത്തിൽ പെട്ട കാടുകളായതിനാൽ പലതരം പക്ഷികളും, ചിത്രശലഭങ്ങളും, ഉരഗങ്ങളും, സസ്തനികളും ഇവിടെ ധാരാളമായുണ്ട്. മുത്തങ്ങയിലേക്കുള്ള യാത്രയില്‍ തന്നെ വഴിയരികില്‍ വിവിധതരം വന്യജീവികളെ കാണാം.മുൻ യാത്രകളിൽ ആനകളെ കണ്ടിരുന്നെങ്കിലും ഇത്തവണ മാനുകളെ മാത്രമേ കാണാൻ സാധിച്ചുള്ളൂ.

കാട്ടിനകത്തേക്കുള്ള സഫാരി ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല.  വണ്ടികളുടെ സ്റ്റാർട്ടിംഗ് പോയിന്റും കഴിഞ്ഞ് അൽപം കൂടി മുന്നോട്ട് നീങ്ങി ഒരു വലിയ മരത്തണലിൽ ഞങ്ങൾ വണ്ടി സൈഡാക്കി. പുറത്തെ തണലിലിരുന്ന് തണ്ണിമത്തൻ കഷ്ണങ്ങളാക്കി. അത് ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ് മറുഭാഗത്ത് നിന്നും കുറെ വാനരന്മാർ ഓടി വരുന്നത് കണ്ടത്. തണ്ണിമത്തനുമായി ഞങ്ങൾ വേഗം വണ്ടിക്കകത്തേക്ക് തന്നെ ഓടിക്കയറി.


വലിയ തണ്ണിമത്തനായതിനാൽ ആവശ്യത്തിലധികം ഞങ്ങൾ അകത്താക്കിയിരുന്നുകാട്ടിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിന് വിലക്കുള്ളതിനാൽ ബാക്കിയുള്ളത് അവക്ക് നൽകാനും പറ്റില്ലായിരുന്നു. അങ്ങനെ അതുവഴി നടന്നു വന്ന ഒരു ആദിവാസി അമ്മൂമ്മക്ക് ബാക്കി വന്ന തണ്ണിമത്തൻ നൽകി ഞങ്ങൾ മടങ്ങി.

മുത്തങ്ങയിലെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടാം.

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
മുത്തങ്ങ വന്യജീവി സങ്കേതം
സുല്‍ത്താന്‍ ബത്തേരി
ഫോണ്‍ : +91 4936 271010

" മടക്കം നമുക്ക് നാടുകാണി വഴിയാക്കാം.." ബത്തേരി - നാടുകാണി വഴിയെപ്പറ്റി കേട്ടറിവ് മാത്രമുള്ള ഞാൻ പറഞ്ഞു. മറ്റുള്ളവർക്കും ഈ വഴിയെപ്പറ്റി ഒരു ധാരണയും ഇല്ലെങ്കിലും ആ നിർദ്ദേശം ഇഷ്ടപ്പെട്ടതിനാൽ അടുത്ത ചെറിയ ഒരു ജങ്ക്ഷനിൽ വച്ച് കാർ ഇടത്തോട്ട് തിരിഞ്ഞു.

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ് മറുഭാഗത്ത് നിന്നും കുറെ വാനരന്മാർ ഓടി വരുന്നത് കണ്ടത്. തണ്ണിമത്തനുമായി ഞങ്ങൾ വേഗം വണ്ടിക്കകത്തേക്ക് തന്നെ ഓടിക്കയറി.

Post a Comment

നന്ദി....വീണ്ടും വരിക