" ഇത്തവണത്തെ ഞങ്ങളുടെ വാർഷിക സപ്തദിന ക്യാമ്പ് നടത്താൻ ഉദ്ദേശിക്കുന്നത് വാളയാർ കാട്ടിനകത്തെ നടുപ്പതി എന്ന ആദിവാസി ഊരിലാണ്. സാർ ആ ക്യാമ്പിൽ പങ്കെടുക്കണം " .പാലക്കാട് ഗവ. പോളിടെക്നിക്കിലെ എൻ .എസ്.എസ് വളണ്ടിയർമാർക്ക് നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും സഹവാസ ക്യാമ്പിനെപ്പറ്റിയും വിശദമായ ക്ലാസെടുത്ത് മടങ്ങുമ്പോൾ പ്രോഗ്രാം ഓഫീസർ രാജീവ് സാർ എന്നോട് പറഞ്ഞു.
കാട് സന്ദർശനം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. അതിൻറെ കൂടെ എന്നെ ഞാനാക്കിയ എൻ .എസ്.എസ് കൂടി ഉണ്ടെങ്കിൽ പിന്നെ മുൻ പിൻ ആലോചന ഉണ്ടാകാറില്ല.എൻറെ സ്വന്തം എൻ.എസ്.എസ് മക്കളെയും കൊണ്ട് കല്ലുമുക്കിലെയും തോൽപെട്ടിയിലെയും നിലമ്പൂരിലെയും സൈലന്റ് വാലിയിലെയും നെല്ലിയാമ്പതിയിലെയും കാടുകളിൽ താമസിച്ച അനുഭവം കൂടി ഉള്ളതിനാൽ രാജീവ് സാറിൻറെ ക്ഷണം എന്നെ പുളകിതനാക്കി. ബട്ട്,ക്യാമ്പ് നടക്കുന്നത് കോളേജ് വർക്കിംഗ് ഡെയ്‌സിൽ ആയതിനാൽ യെസ് മൂളാൻ ഞാൻ ഒന്ന് മടിച്ചു നിന്നു.
"സാർ ഉണ്ടാവണം ..."
ഒരു കൊടുങ്കാറ്റ് കണക്കെയുള്ള ശബ്ദം പുറപ്പെട്ടത് നാലഞ്ച് വളണ്ടിയർമാരിൽ നിന്നായിരുന്നു. ആ സ്നേഹത്തിന് മുന്നിൽ ഞാൻ കൈകൂപ്പി സമ്മതിച്ചു.അന്ന്, തിരിച്ച് കോളേജ് എത്തുന്നത് വരെ എന്റെ ചിന്ത "നടുപ്പതി ക്യാമ്പിൽ എങ്ങനെ എത്തും?" എന്നത് മാത്രമായിരുന്നു.
അങ്ങനെ മാർച്ച് 16 ബുധനാഴ്ച, ക്ലാസ് കഴിഞ്ഞ ശേഷം നാലര മണിക്ക് ഞാൻ കോളേജിൽ നിന്നും ബസ് മാർഗ്ഗം യാത്ര തിരിച്ചു.രണ്ട് ബസ്സുകളിലായി നീണ്ട രണ്ട് മണിക്കൂർ യാത്ര കഴിഞ്ഞ് വൈകിട്ട് ആറേ മുക്കാലിന് വാളയാറിനടുത്ത ചന്ദ്രാപുരം ബസ് സ്റ്റോപ്പിൽ ഞാനിറങ്ങുമ്പോൾ സൂര്യ വെളിച്ചം നിലച്ചിരുന്നു.
പാലക്കാട് കോയമ്പത്തൂർ ഹൈവേയിൽ വിജനമായ ഒരു സ്ഥലത്താണ് കണ്ടക്ടർ എന്നെ ഇറക്കിയത്. സ്റ്റോപ്പിൽ നിന്ന് രാജീവ് സാറെ വിളിച്ചെങ്കിലും അദ്ദേഹം പരിധിക്ക് പുറത്തായിരുന്നു. ഈ സാദ്ധ്യത മുൻകൂട്ടി കണ്ട് ക്യാമ്പിലെ മറ്റു ചിലരുടെ നമ്പർ കൂടി കരുതിയിരുന്നതിനാൽ ടെൻഷൻ അടിക്കേണ്ടി വന്നില്ല.
രാജീവ് സാർ പറഞ്ഞ പ്രകാരമാണെങ്കിൽ, ഇനിയുള്ള രണ്ട് കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ടത് കാട്ടിനകത്ത് കൂടിയാണ്.ഇരുട്ട് വ്യാപിക്കാനും തുടങ്ങിയിട്ടുണ്ട്.വാളയാറിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി ചരിഞ്ഞ ആനകളെപ്പറ്റി ഞാൻ പല തവണ വായിച്ചിട്ടുണ്ട്.എൻറെ നേരെ പിന്നിലെ കുറ്റിക്കാട്ടിലൂടെ അന്നേരം ഒരു ട്രെയിൻ കടന്നുപോയപ്പോഴാണ് പ്രസ്തുത ട്രാക്ക് ഇത്ര അടുത്താണ് എന്നത് തിരിച്ചറിഞ്ഞത്.എന്നെ പിക്ക് ചെയ്ത് കൊണ്ടുപോകാൻ വരുന്നത് ഒരു ബൈക്കാണെന്നും കൂടി അറിഞ്ഞതോടെ ഹൃദയം പെരുമ്പറ കൊട്ടി.
അര മണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷം ഒരു ബൈക്ക് എന്റെ മുമ്പിൽ വന്ന് നിർത്തി.വളണ്ടിയർ സെക്രട്ടറി ഷഫീഖ് ആയിരുന്നു അത്. ഷെഫീക്കിന്റെ ബൈക്കിന് പിന്നിൽ കയറി ഞാൻ നടുപ്പതിയിലേക്ക് തിരിച്ചു. മെയിൻ റോഡിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അൽപം മുന്നോട്ട് പോയതും ഷഫീക്ക് പറഞ്ഞു -
" സാർ, ഇതാണ് ഇവിടത്തെ പ്രധാന പ്രശ്നം"
ആനയെ തേടുന്ന കണ്ണുകളുമായി ബൈക്കിലിരിക്കുന്ന ഞാൻ ഒന്ന് ഞെട്ടി. പക്ഷെ മുന്നിൽ കണ്ടത് അടച്ചിട്ട ലെവൽ ക്രോസ്സ് ആണ്. ഒരു തവണ അടച്ചാൽ പിന്നെ തുറക്കാൻ ഇരുപത് മിനുട്ടോളം കാത്ത് നിൽക്കണം പോലും. ദിവസവും അറുപതോളം ട്രെയിനുകൾ കടന്നു പോകുന്നുണ്ട്.
ഞാൻ അപ്പോൾ എത്തി നിൽക്കുന്നത് കാട്ടിനകത്തോ പുറത്തോ എന്ന് എനിക്ക് മനസ്സിലായില്ല..ലെവൽ ക്രോസിന് അപ്പുറത്തും ഇപ്പുറത്തും ഓരോ ലോറികൾ കൂടി ഉണ്ടായിരുന്നതിനാൽ ഉൾഭയം മുളച്ചില്ല. ബൈക്ക് ഓഫാക്കി ഞാനും ഷഫീക്കും ഇറങ്ങി.തിരിഞ്ഞ് നിന്ന് എന്തോ സംസാരിക്കാൻ തുടങ്ങിയതും ഷഫീക്ക് വിളിച്ച് പറഞ്ഞു ...
"സാറേ , വണ്ടിയിൽ കയറ്... !!"
(തുടരും....)
1 comments:
ബൈക്ക് ഓഫാക്കി ഞാനും ഷഫീക്കും ഇറങ്ങി.തിരിഞ്ഞ് നിന്ന് എന്തോ സംസാരിക്കാൻ തുടങ്ങിയതും ഷഫീക്ക് വിളിച്ച് പറഞ്ഞു ...
"സാറേ , വണ്ടിയിൽ കയറ്... !!"
Post a Comment
നന്ദി....വീണ്ടും വരിക