Pages

Friday, March 18, 2022

തേയില തോട്ടങ്ങളെ തഴുകി....

എന്റെ കുട്ടിക്കാലത്ത്  മനം കവരുന്ന കാഴ്ചകളിൽ ഒന്നായിരുന്നു തേയിലത്തോട്ടങ്ങൾ. ഒരേ ഉയരത്തിൽ വെട്ടി ഒതുക്കി പച്ചക്കുന്നു പോലെ നിൽക്കുന്ന തോട്ടങ്ങൾ വയനാട്ടിലെ ചുണ്ടേലിലാണ് ആദ്യമായി കണ്ടത്. ആറാം ക്ലാസ്സിൽ നിന്ന് മൈസൂരിലേക്ക് വിനോദയാത്ര പോയ സമയത്ത് ബസ്സിലിരുന്നാണ് ആ ഹരിത ഭംഗി ആസ്വദിച്ചത്.

പിൽക്കാലത്ത് വയനാട്ടിൽ തന്നെ ജോലിയും ലഭിച്ചതോടെ നിരവധി തവണ ഈ കാഴ്ചയിൽ കണ്ണുടക്കിയിട്ടുണ്ട്. കുടുംബം എന്റെ കൂടെ വയനാട്ടിൽ താമസമാക്കിയതോടെ തേയിലത്തോട്ടത്തിൽ കയറിയും ആ ഭംഗി അടുത്തറിഞ്ഞു.പിന്നെയും വർഷങ്ങൾ കഴിഞ്ഞ്, സുഹൃത്ത് മഹ്‌റൂഫിന്റെ തേയിലത്തോട്ടത്തിനകത്തെ റിസോര്‍ട്ടില്‍ താമസിച്ചുകൊണ്ട്  എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ചു. എങ്കിലും വഴിയരികിലെ ചായത്തോട്ടം കാണുമ്പോൾ ഒന്ന് കയറി അതിനിടയിൽ നിൽക്കാനും തൊട്ടടുത്ത ജംക്ഷനിൽ നിന്ന് ചായ കുടിക്കാനും ഒരു ആഗ്രഹം ഇപ്പോഴും മനസ്സിൽ വരും.

മുത്തങ്ങയിൽ നിന്നും നാട്ടുകാണിയിലേക്കുള്ള റോഡിന്റെ സ്ഥിതി എനിക്കറിയില്ല എന്ന് കാർ മുതലാളിയായ റസാഖിനോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നു.കട്ടപ്പാടത്ത് കൂടി ചേര പായും പോലെയായിരുന്നു ആ റോട്ടിലൂടെ ഞങ്ങളുടെ യാത്ര.റോഡിന് പ്രത്യക്ഷത്തിൽ ഒരു കുഴപ്പവും ഇല്ല , ബട്ട് വണ്ടി ഓട്ടുമ്പോൾ കഴയും മുഴയും എല്ലാം അനുഭവിച്ചറിയും.

വയനാട്ടിലെ അഞ്ച് വർഷത്തെ താമസത്തിനിടയിൽ കേട്ട് പരിചയമുള്ള ചീരാൽ , നമ്പ്യാർകുന്ന് എന്നീ സ്ഥലങ്ങൾ പിന്നിട്ട് ഞങ്ങൾ വിജനമായ ഒരു സ്ഥലത്തെ ബസ് സ്റ്റോപ്പിന് മുന്നിലെത്തി.

"%^&$  @##%  )(*%" എവിടെ നിന്നോ ഇറങ്ങി വന്ന രണ്ട് പോലീസുകാർ ഏതോ ഭാഷയിൽ ചോദിച്ചു.

"നിലമ്പൂർ " ചോദിച്ചത് മനസ്സിലായില്ലെങ്കിലും ഷുക്കൂർ മറുപടി കൊടുത്തു. ഉടൻ എല്ലാവരുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റു കാണിക്കാൻ ആവശ്യപ്പെട്ടു.പ്രവാസിയായ റസാഖിന്റെ മൊബൈലിൽ അവന്റേത് എപ്പോഴും റെഡി ആയതിനാൽ താമസം വിനാ അവനത് കാണിച്ചു.ഒന്നാം ഡോസ് മാത്രമെടുത്ത ഞാൻ, ഇത് വിടെ നിന്നാണ് ഡൗൺലോഡ് ചെയ്യേണ്ടത് എന്നറിയാതെ പരുങ്ങുന്നതിനിടയിൽ ബഷീർ മാഷ് അവന്റെ സർട്ടിഫിക്കറ്റും കാണിച്ചു.പിന്നാലെ  ഷുക്കൂർ തന്റെ പോലീസ് ഐഡന്റിറ്റി കാർഡും കാണിച്ചതോടെ വണ്ടിക്ക് പച്ച സിഗ്നൽ തെളിഞ്ഞു.

ഇരുഭാഗത്തുമുള്ള തേയിലത്തോട്ടങ്ങളെ തഴുകി വരുന്ന കാറ്റാസ്വദിച്ചു കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. വളവിന് വളവിന് കണ്ട ആന മുന്നറിയിപ്പ് ബോർഡുകൾ ആ പാത രാത്രിയാത്രക്ക് അത്ര സുരക്ഷിതമല്ല എന്ന് മനസ്സിലാക്കിത്തന്നു. സമയം അഞ്ച് മണി കഴിഞ്ഞേതേയുള്ളൂ. പക്ഷെ റോഡ് വിജനമായിരുന്നു. തേയിലത്തോട്ടങ്ങളുടെ മാടി വിളി ശക്തമായതോടെ ഞങ്ങൾ വഴിയിലിറങ്ങി ചെറുതായൊന്ന് വിശ്രമിച്ചു. ജാഫർ ദൃശ്യങ്ങളെല്ലാം ഫോണിൽ പകർത്തി.

എല്ലാവരുടെയും മൂത്രശങ്ക തീർന്നു എന്ന് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്ററായ ബഷീർ മാഷ് ഉറപ്പ് വരുത്തി. ശേഷം ഞങ്ങൾ യാത്ര തുടർന്നു. തൊട്ടടുത്ത പട്ടണത്തിലെത്തിയപ്പോൾ കണ്ട മഞ്ഞ ഓട്ടോകൾ ഞങ്ങൾ തമിഴ് നാട്ടിലാണ് എന്ന് വിളിച്ചോതി. പെട്ടെന്നാണ് ആർക്കും ശല്യമില്ലാതെ റോഡ് മുറിച്ച് കടക്കുന്ന വാനരക്കൂട്ടത്തെ കണ്ടത്. എരുമാട് അങ്ങാടിയിലായിരുന്നു ഈ ദൃശ്യം.ചായ കുടിക്കാൻ കലശലായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും  റസാഖ് സമ്മതിച്ചില്ല. പന്തല്ലൂരിൽ എത്തിയപ്പോഴും ചായയും വായയും അകലം പാലിച്ചു. കേരളാതിർത്തി കഴിഞ്ഞ് ദേവാല എത്തുന്നത് വരെ തേയിലത്തോട്ടത്തിൽ കൂടി തന്നെയായിരുന്നു യാത്ര. പക്ഷെ ഒരു ചായ കുടിക്കാൻ സാധിച്ചില്ല എന്ന് മാത്രം.

വീട്ടുകാരെ സന്തോഷിപ്പിക്കാൻ  നാടുകാണിയിൽ നിന്ന് ഊട്ടി ബർക്കിയും ചായപ്പൊടിയും മറ്റും വാങ്ങി സാവധാനം ഞങ്ങൾ ചുരമിറങ്ങി. തിരിച്ച് നാട്ടിൽ എത്തുമ്പോൾ ക്ലോക്കിലെ ചെറിയ സൂചി ഒരു വൃത്തം മുഴുവനാക്കിയിരുന്നു.

2 comments:

Areekkodan | അരീക്കോടന്‍ said...

തിരിച്ച് നാട്ടിൽ എത്തുമ്പോൾ ക്ലോക്കിലെ ചെറിയ സൂചി ഒരു വൃത്തം മുഴുവനാക്കിയിരുന്നു.

Unknown said...

സൂപ്പർ ❤️

Post a Comment

നന്ദി....വീണ്ടും വരിക