Pages

Thursday, March 24, 2022

അനുരാഗ കരിക്കിന്‍വെള്ളം

അല്ലിയാമ്പല്കടവിലന്നരയ്ക്കു വെള്ളം

അന്നു നമ്മളൊന്നായ്തുഴഞ്ഞില്ലേ കൊതുമ്പുവള്ളം 

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്വെള്ളം ... 

പല തവണ കേട്ട ഗാനം അവളുടെ കാതിൽ ഒന്ന് പാടിക്കൊടുക്കണം എന്ന് മനസ്സിൽ കരുതി കാമ്പസിൽ എത്തിയിരുന്ന  ദിനങ്ങളെ ഞാൻ ഇന്ന് ഒരിക്കൽ കൂടി ചികഞ്ഞെടുക്കുകയാണ്.

പ്രീഡിഗ്രിയിൽ നിന്നും ഡിഗ്രിയിലേക്ക് പ്രമോഷൻ കിട്ടിയത്, ജീവിതത്തിൽ ഞാൻ എന്തൊക്കെയോ നേടി എന്ന ഒരു തോന്നലുണ്ടാക്കി. മൂക്കിന് താഴെ കിളിർത്തു വരുന്ന കറുത്ത രോമങ്ങൾക്ക്നീളം കൂടുന്തോറും, ഞാനെന്ന ഭാവവും ഉള്ളിൽ വളരാൻ തുടങ്ങി. മറ്റുള്ളവർക്ക് മുമ്പിൽ, പ്രത്യേകിച്ചും പെൺകുട്ടികൾക്ക് മുമ്പിൽ ആളാവാനും അവരുടെ സൗഹൃദം നേടിയെടുക്കാനും ഓരോ ആൺകുട്ടിയും മത്സരിക്കുന്ന കാലമാണതെന്ന് ഞാൻ മനസ്സിലാക്കി. പെമ്പിള്ളേരും മറുഭാഗത്ത് നിന്ന് ഇതേ മത്സരത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ അനന്തതയിലേക്ക് നീങ്ങുന്ന റെയിൽപാളങ്ങൾ കണക്കെ അവ പരസ്പരം കൂട്ടിമുട്ടാതെ എത്രയോ ആൾക്കാരുടെ ശ്രമങ്ങൾ വൃഥാവിലായി.

പ്രീഡിഗ്രി തല മുറിഞ്ഞ് ഡിഗ്രി ആയി മാറിയപ്പോൾ ഞാൻ കോളേജും മാറി. പുതിയ കാമ്പസിലെ ആദ്യവർഷം ഞാൻ ഡേ സ്കോളറായിരുന്നുവീട്ടിൽ നിന്നും മുപ്പത് കിലോമീറ്റർ അകലത്തിലുള്ള കോളേജിൽ എത്താൻ മൂന്ന് സ്സുകൾ കയറി ഇറങ്ങണമായിരുന്നുപക്ഷെ, കൗമാരത്തിന്റെ തിളപ്പിൽ യാത്രകൾ വളരെ ആസ്വാദ്യകരമായിരുന്നു

പല കാമ്പസ് പ്രണയങ്ങളും മൊട്ടിടുന്നത് ഒരുമിച്ചുള്ള യാത്രയിലും തളിരിടുന്നത് കാമ്പസിലും (പൂവിടുന്നത് തൽക്കാലം ഞാൻ പറയുന്നില്ല) ആയിരിക്കും. ഇവിടെയും രാവിലെയുള്ള ഒരേ ബസ്സിലെ യാത്രയിലാണ് ഞാൻ അവളെ ആദ്യമായി കണ്ടുമുട്ടിയത്. വട്ടമുഖത്തിന് അതിരിടുന്ന നെറ്റിയിൽ ഇരു നയനങ്ങൾക്കും ഒത്ത നടുവിൽ ഒരു ബിന്ദു കണക്കെ തൊട്ട പൊട്ട്, അവൾ ബി.എസ്.സി മാത്സ് വിദ്യാർത്ഥിനിയാണ് എന്ന ഊഹത്തിൽ എന്നെ എത്തിച്ചു (അല്ലാതെ ആർക്കാ ഇത്ര അളന്നു മുറിച്ച് ഇതൊക്കെ ചെയ്യാൻ പറ്റുക) . 

അവളറിയാതെ അവളെ ഞാൻ പ്രണയിച്ചു തുടങ്ങുന്നത് വശ്യമായ ചിരിയിൽ നിന്നായിരുന്നു. ഓരോ ചിരിയിലും അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴികൾ എത്രയോ തവണ ഞാൻ ആസ്വദിച്ചിട്ടുണ്ട് . എന്റെ മുഖത്ത് നോക്കിയുള്ള അവളുടെ ചിരി എനിക്കെന്നും സ്വപ്നം മാത്രമായിരുന്നു. ഒരു കണ്ടക്ടർ പണിയാണ് നല്ലതെന്ന് പ്രവൃത്തിയിലൂടെ അവൾ എന്നെ പഠിപ്പിക്കുകയായിരുന്നു അന്ന്. ചിരിച്ച് കൊണ്ട് അവൾ നൽകുന്ന ചില്ലറത്തുട്ടുകൾ ബാഗിലേക്കിടാതെ, ഹൃദയത്തോട് ചേർന്നുള്ള കീശയിലേക്ക് കണ്ടക്ടർ ഇടുന്നത് ഞാൻ എന്നും ശ്രദ്ധിച്ചിരുന്നു.

രാവിലെ ബസ്സിൽ വച്ച് അവളെ കണ്ടില്ലെങ്കിൽ അന്ന് ഞാൻ കാമ്പസിലാകെ ഒന്ന് നടന്നു നോക്കും, ഏതെങ്കിലും കോണിൽ വച്ച് ഒരു ദർശനം കിട്ടും എന്ന പ്രതീക്ഷയോടെ. കണ്ടില്ലെങ്കിൽ, കാമ്പസിലെ കാറ്റാടി മരങ്ങളിലെ ഇലകൾ  കാറ്റിലാടുന്നത് ഞാൻ വെറുതെ നോക്കിയിരിക്കും. കാരണം അതിന്റെ ഇലകളും എണ്ണ മയമില്ലാത്ത അവളുടെ മുടികളും കാറ്റത്ത് ഊഞ്ഞാലാടിയിരുന്നത് ഒരേ താളത്തിലായിരുന്നുഅന്നേ ദിവസം കാഴ്ചയിൽ സായൂജ്യമടയും.

കാമ്പസിലെ ഗുൽമോഹർ മരങ്ങൾ പൂത്ത് നിൽക്കുന്ന കാലത്ത് അതിന്റെ ചുവട്ടിലെ ചെമ്പരവതാനിയിൽ ഞാൻ അൽപനേരം മാനം നോക്കി കിടക്കും. എന്റെ മനസ്സിലേക്കുള്ള അവളുടെ മോഹനവും പ്രതീക്ഷിച്ചുള്ള വിശ്രമത്തിന് ഒരു പ്രത്യേക കുളിരായിരുന്നു.അപ്പോൾ അടർന്നു വീഴുന്ന ഓരോ ഗുൽമോഹർ പൂവിതളുകളും പറയുന്ന പ്രണയത്തിന്റെ കഥകൾക്ക് ഞാൻ കാതോർക്കുംവെറുതെ ഗുൽമോഹർ തണലിൽ അല്പനേരം കണ്ണടച്ചിരുന്നാൽ ചാലിയാറിൽ നിന്നും ഉയർന്നു വരുന്ന ഒരു കുളിർക്കാറ്റ്  കാതിൽ ഒരു പ്രണയഗീതവും മന്ത്രിക്കും. നിലാവുള്ള രാത്രിയിൽ   ഗുൽമോഹർ തീരത്ത് ഞാനും അവളും മാത്രം നിൽക്കുന്ന ചിത്രം അന്നേരംഞാൻ മനസ്സിൽ ഒന്ന് വെറുതെ വരച്ചു നോക്കും.

വാക പൂക്കുന്ന കാലത്താണ് അവളുടെ സൗന്ദര്യം എവറസ്റ്റ് കൊടുമുടി കയറുന്നത്. കാമ്പസിന്റെ കളറിനനുസരിച്ച് വസ്ത്രം ധരിച്ച് വരുന്ന ഒരു പെൺകുട്ടിയെ ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്. മഞ്ഞ നിറത്തിലുള്ള പാവാടയും ധരിച്ചെത്തുന്ന അവളെ, വാക മരച്ചോട്ടിൽ നിന്ന് കൊണ്ട് എത്ര തവണ ഒളി കണ്ണിട്ട് നോക്കിയിട്ടുണ്ട് എന്ന് എന്റെ ഡയറി വിളിച്ച് പറയും

നെറ്റിയിലെ പൊട്ടും അവളുടെ ഡിഗ്രിയും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞത് വൈകിയായിരുന്നു. ബി. മലയാളം ആയിരുന്നു അവളുടെ വിഷയം. പഠിക്കുന്ന വിഷയം പ്രണയത്തിന് ഒരു പ്രശ്നമല്ല എന്ന് ഞാൻ എന്റെ മനസ്സിനെ ബോധിപ്പിച്ചു. എന്റെ പ്രണയം അവളോട് തുറന്ന് പറയാൻ ഒരവസരം കാത്ത്  ഞാൻ ദിവസങ്ങൾ തള്ളി നീക്കി. കിട്ടാത്ത മുന്തിരിയെപ്പറ്റി ഏതോ മഹാൻ പറഞ്ഞപോലെ, പറയാത്ത പ്രണയമാണ് മധുരതരം എന്ന് കുറെ ദിനങ്ങൾ സ്വയം സമാധാനിച്ചു.അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് അവളെ ഒറ്റക്ക് കണ്മുന്നിൽ കിട്ടി

"നിന്റെ പേരെന്താ?" അടുത്ത് ചെന്ന് ഞാൻ അവളോട് ചോദിച്ചു.

"അതറിഞ്ഞിട്ട് നിനക്കെന്താ കാര്യം?" അവളുടെ പെട്ടെന്നുള്ള മറുപടിയിൽ എന്റെ സകല നാഡീ ഞെരമ്പുകളും തളർന്നുപോയി.

മുംതാസിന്റെ ഓർമ്മക്കായി ഷാജഹാൻ നിർമ്മിച്ച അനശ്വര പ്രണയകാവ്യമായ താജ്മഹൽ, മുംതാസിന് കാണാൻ കഴിയാത്ത പോലെ എന്റെ പ്രണയം എന്റെ പ്രേയസിക്ക് കാണാൻ ഭാഗ്യമില്ല എന്ന തിരിച്ചറിവോടെ പ്രിയേ, ഇന്നും  പ്രണയം ഞാൻ മനസ്സിൽ കാത്ത് സൂക്ഷിക്കുന്നു.

1 comments:

Areekkodan | അരീക്കോടന്‍ said...

നിലാവുള്ള രാത്രിയിൽ ഈ ഗുൽമോഹർ തീരത്ത് ഞാനും അവളും മാത്രം നിൽക്കുന്ന ചിത്രം അന്നേരംഞാൻ മനസ്സിൽ ഒന്ന് വെറുതെ വരച്ചു നോക്കും.

Post a Comment

നന്ദി....വീണ്ടും വരിക