Pages

Saturday, May 15, 2010

ഗ്യാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്.

നാടിനെ നടുക്കിക്കൊണ്ട് മറ്റൊരു ദുരന്തം കൂടി എന്റെ അയല്‍ പഞ്ചായത്ത് ആയ ഊര്‍ങ്ങാട്ടിരിയിലെ തെരട്ടമ്മലില്‍ സംഭവിച്ചു.സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനായി കെട്ടി ഉയര്‍ത്തിയ താല്‍ക്കാലിക ഗ്യാലറികളിലെ ഒരു ഗ്യാലറി മുഴുവനായും നിലം പൊത്തി.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ മഞ്ചേരി ജില്ലാ ആശുപത്രി,അരീക്കോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍,ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

മെഡിഗാര്‍ഡ് അരീക്കോടും ഫിഫ മഞ്ചേരിയും തമ്മിലുള്ള ഫൈനല്‍ മത്സരമായിരുന്നു തെരട്ടമ്മലില്‍ ഇന്ന്.മത്സരം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം അസാധ്യമായ രീതിയില്‍ ഫിഫയുടെ സുഡാനി താരം അടിച്ച ഗോളിന് ആര‍വമുയര്‍ത്തി ഗ്യാലറിയിലിരുന്നവര്‍ എഴുന്നേറ്റതാണ് ദുരന്തത്തിന് കാരണം.

കളി കാണാന്‍ ഗ്രൌണ്ടില്‍ താമസിച്ചെത്തിയ എനിക്ക് ഗ്യാലറിയില്‍ പോയിട്ട് എവിടെയെങ്കിലും നില്‍ക്കാന്‍ പോലും ഇടം ലഭിച്ചിരുന്നില്ല.എങ്കിലും കളി കാണുന്ന ദിവസങ്ങളില്‍ സാധാരണ കയറാറുള്ള ഇന്ന് നിലം പൊത്തിയ ഗ്യാലറിയുടെ മുന്നില്‍ വേലിയും കടന്ന് ഗ്രൌണ്ടിനടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍.(എന്റെ കൂടെ വന്ന അനിയനും എവിടെയോ പോയി നിന്നു.)ഇടക്ക് നില്‍ക്കുന്നവരെയെല്ലാം ഇരുത്തിയപ്പോള്‍ ഞാനും ഇരുന്നെങ്കിലും ഉടന്‍ തന്നെ എഴുന്നേറ്റു.അല്പ സമയത്തിനകം ഗോളും പിറന്നു.ഉടന്‍ പിന്നില്‍ നിന്നും എന്തോ കെട്ട് പൊട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴേക്കും ഒരു മിന്നല്‍ പോലെ ആ ഭാഗം ഒന്നടങ്കം ശൂന്യമാകുന്ന കാഴ്ചയാണ് ഞെട്ടലോടെ കണ്ടത്.ഗ്യാലറി വീണു എന്ന് തിരിച്ചറിഞ്ഞ ജനം, ഉടന്‍ എണീറ്റ് ഗ്രൌണ്ടിന്റെ മധ്യത്തിലേക്ക് ഓടി.

പിന്നില്‍ സം‌ഭവിച്ച ദുരന്തത്തിലേക്ക് എത്തി നോക്കാനാകാതെ ഞാനും വേഗം മൈതാന മധ്യത്തിലേക്ക് നീങ്ങി.പിന്നെ ഗ്രൌണ്ടിന് ചുറ്റുമുള്ള വേലി പോളിക്കുന്നതും പരിക്കേറ്റവരെ എടുത്ത് കൊണ്ടുപോകുന്നതുമാണ് കണ്ടത്.കുട്ടികളടക്കം ആയിരത്തിലധികം പേര്‍ പ്രസ്തുത ഗ്യാലറിയില്‍ ഉണ്ടായിരുന്നു.അമിത ഭാരവും തുടര്‍ച്ചയായ മഴയില്‍ കുതിര്‍ന്ന് കിടന്ന മണ്ണും ഗ്യാലറി ഒരു വശത്തേക്ക് ചെരിയാന്‍ കാ‍രണമായി.ഇടതുഭാഗത്തേക്ക് ഒന്നടങ്കം ചെരിഞ്ഞ് നിലം പൊത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഇരുന്നിടം പൊട്ടി വീഴുകയോ മുന്നോട്ടോ പിന്നോട്ടോ വീഴുകയോ ചെയ്തിരുന്നുങ്കില്‍ ദുരന്തത്തിന്റെ ആഴം പ്രവചനാതീതമായേനെ.ആരും ഗ്യാലറിക്കടിയില്‍ പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

“പെട്ടെന്ന് ഒരു ചെറിയ കുലുക്കം തോന്നി.തല മിന്നുന്നതാണോ എന്ന് ചിന്തിക്കുമ്പോഴേക്കും ഗ്യാലറി ഒരു ഭാഗത്തേക്ക് ചെരിഞ്ഞു.” താഴെ നിന്നും നാലാം നിരയില്‍ ഇരുന്ന എന്റെ സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ആശ്വാസത്തില്‍ പറഞ്ഞു.

കഴിഞ്ഞ നവമ്പറില്‍ നടന്ന ബോട്ട് ദുരന്തത്തിന് ശേഷം എന്റെ ഗ്രാമത്തെ വീണ്ടും ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ ദുരന്തം.

11 comments:

Areekkodan | അരീക്കോടന്‍ said...

“പെട്ടെന്ന് ഒരു ചെറിയ കുലുക്കം തോന്നി.തല മിന്നുന്നതാണോ എന്ന് ചിന്തിക്കുമ്പോഴേക്കും ഗ്യാലറി ഒരു ഭാഗത്തേക്ക് ചെരിഞ്ഞു.” താഴെ നിന്നും നാലാം നിരയില്‍ ഇരുന്ന എന്റെ സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ആശ്വാസത്തില്‍ പറഞ്ഞു.

Typist | എഴുത്തുകാരി said...

ഏതോ ചാനലില്‍ ഫ്ലാഷ് ന്യൂസ് പോകുന്നതു കണ്ടു. അരീക്കോട് എന്നു കണ്ട ഉടനേ അരീക്കോടന്‍ മാഷെ ഓര്‍ക്കുകയും ചെയ്തു.

ഒരു നുറുങ്ങ് said...

വന്‍ ദുരന്തം വഴിമാറിയതില്‍ സമാശ്വസിക്കുന്നു..
പരിക്ക് പറ്റിയവര്‍ക്ക് എത്രയും പെട്ടെന്ന് പൂര്‍ണമായി
ആരോഗ്യം തിരിച്ചു കിട്ടട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു..

വാ.ക: നമുക്ക് ലഭിച്ചേക്കാമായിരുന്ന നല്ലൊരു
കളിയെഴുത്ത് ദുരന്തം കാരണം വിനഷ്ടമായല്ലോ എന്ന
സ്വകാര്യദു:ഖമുണ്ടെങ്കിലും വന്‍ ദുരന്തം ദൈവകൃപ
കൊണ്ട് ഒഴിവായല്ലോ എന്ന് സമാധാനിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

എഴുത്തുകാരി ചേച്ചീ...ഓര്‍മ്മിക്കലിന് നന്ദി.മുള്ളൂക്കാരനും കൊട്ടോട്ടിക്കാരനും ഉടന്‍ തന്നെ വിളിച്ചിരുന്നു.ആ സമയത്ത് പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും പേടി ആയിരുന്നു.അത്രയും ആള്‍ക്കാര്‍ വീണുകഴിഞാലുള്ള ദുരന്ത ചിന്തയുടെ പേടി തന്നെ കാരണം.ദൈവം കാത്തു.

ഹാറൂണ്‍ക്കാ...അല്‍ഹംദുലില്ലാഹ്.എനിക്ക് ഒന്നും പറ്റിയില്ല.പരിക്ക് പറ്റിയവരില്‍ പലര്‍ക്കും ചെറിയ ചെറിയ മുറിവുകള്‍ മാത്രമേ ഉള്ളൂ.കളിയെഴുത്ത് എനിക്ക് വഴങ്ങുമെന്ന് തോന്നുന്നില്ല.

കാക്കര - kaakkara said...

സത്യത്തിൽ ഞാനും ഓർത്തത്‌ അരിക്കോടൻ മാഷിനെ തന്നെയാണ്‌. ബ്ളോഗ് വഴി ഒരു എവിടേയൊ ഒരു ബന്ധം. മാത്രമല്ല പന്തുകളിയെ പറ്റിയുള്ള പോസ്റ്റും വായിച്ചിട്ടുണ്ട്‌. കളികമ്പവും മനസിലാക്കിയിട്ടുണ്ട്. മാഷും അവിടെയുണ്ടാകുമെന്നും ഊഹിച്ചു.

മാഷിന്റെ നാട്ടിൽ 10,000 പേർക്ക്‌ ഇരിക്കാവുന്ന ഒരു സ്ഥിരം സ്റ്റേഡിയം നിർമ്മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാട്ടുകാരും അധികാരികളൂം ശ്രദ്ധിക്കുമല്ലോ.

എല്ലാ പഞ്ചായത്തിലും ഒരു ചെറിയ സ്റ്റേഡിയം!

അനില്‍@ബ്ലൊഗ് said...

സെവന്‍സ് ഫുഡ്ബോളിന്റെ കാലത്ത് മലപ്പുറത്ത് ഇടക്ക് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് തോന്നുന്നു. എന്നാലും ആരുടെ ഭാഗത്തുനിന്നും കരുതലുകള്‍ ഒന്നും കാണാറും ഇല്ല.

ആര്‍ദ്ര ആസാദ് said...

TV യില്‍ ഫ്ലാഷ് കണ്ടപ്പോള്‍ ഞാനും താങ്കളെ ഓര്‍ത്തിരുന്നു. രണ്ടു ദിവസം മുന്‍പെയായിരുന്നു സെവന്‍സ്സ് കണ്ട് നടന്നുപോയിതിനെ കുറിച്ച് വായിച്ചിരുന്നത്.

ഭാവിയില്‍ മുന്‍‌കരുതലെടുക്കാന്‍ ഈ അപകടം ഓര്‍മ്മിപ്പിക്കട്ടെ

Manoj മനോജ് said...

“വാശിയേറിയ” അരീക്കോടന്‍ ഫുട്ബോളിനെ കുറിച്ച് കഴിഞ്ഞ മാസം ഈ ബ്ലോഗില്‍ വായിച്ചിരുന്നതിനാല്‍ ഗ്യാലറി വാര്‍ത്ത കണ്ടപ്പോള്‍ ചിന്തയില്‍ ഒന്ന് പരിതിയെങ്കിലും ഈ പോസ്റ്റ് കണ്ടില്ല പകരം കുടുംബസമ്മേളനം കണ്ടിരുന്നു. ഇത് ഇപ്പൊഴാണ് ജാലകത്തില്‍ നിന്നും കണ്ടെത്തിയത്.... എന്തായാലും താമസിച്ച് ചെന്നത് നന്നായി :)

jayanEvoor said...

ഇത്രയല്ലെ സംഭവിച്ചുള്ളൂ എന്നാശ്വസിക്കാം...!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വലിയൊരു ദുരന്തം ഒഴിവായി.. ഫുട്ബോൾ മത്സരങ്ങൾക്ക് ഇത്രയും തിക്കും തിരക്കും ഉണ്ടാവും അല്ലെ?

Areekkodan | അരീക്കോടന്‍ said...

കാക്കരേ...ഊഹം ശരിയായിരുന്നു.ദൈവാനുഗ്രഹത്താല്‍ രക്ഷപ്പെട്ടു.ഊരക്ക് പരിക്ക് പറ്റിയവരും, നട്ടെല്ലിന് പരിക്ക് പറ്റിയവരും,കൈ കാല്‍ ഒടിഞ്ഞവരും ഉണ്ടെന്ന് ഇന്ന് സന്മ്ഭവ സ്ഥലത്തിനടുത്ത് ഒരു കല്യാണത്തിന് പോയപ്പോഴാണ്‍് അറിഞ്ഞത്

അനില്‍ജീ...നിസ്സാരമായ സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.പക്ഷേ ഇത്തരം ഒരു അപകടം മുമ്പ് ഉണ്ടായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊടുവള്ളിയില്‍ ആണ്. അന്ന് ഗ്യാലറി പതിച്ചത് പുഴയിലേക്കായിരുന്നു!!

ആര്‍ദ്ര ആസാദ്...നന്ദി.ഇന്നലെ അരീക്കോട്ടെ ഫൂട്ബാള്‍ മത്സരത്തിന്റെ സെമി ഫൈനല്‍ ആയിരുന്നു.ആ വഴിക്ക് പോയതേ ഇല്ല!!

മനോജ്...വായനക്കും തിരിച്ചുവരവിനും നന്ദി

ജയന്‍ സാര്‍...അതേ, വളരെ ആശ്വാസം

പ്രവീണ്‍...ഫുട്ബാളിന്റെ മെക്ക ആണ് അരീക്കോട്.മലപ്പുറം , കോ്ഴിക്കോട്,പാലക്കാട് ജില്ലകളിലെ ഒട്ടു മിക്ക ഫുട്ബാള്‍ മത്സരങ്ങളും വിജയിപ്പിക്കുന്നത് അരീക്കോട്ടുകാരാണ്.അപ്പോള്‍ പിന്നെ ഇവിടുത്തെ മത്സരത്തിന്റെ തിരക്ക് പറയണോ?

Post a Comment

നന്ദി....വീണ്ടും വരിക