Pages

Saturday, May 01, 2010

ഇരുട്ടും വെളിച്ചവും.

ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങുമ്പോഴേ എന്റെ മക്കള്‍ക്ക് പേടിയും തുടങ്ങും.ഇത് എന്റെ മക്കളുടെ മാത്രം സ്ഥിതി അല്ല.പല കുട്ടികള്‍ക്കും ഇടിയും മിന്നലും പേടിയാണ്. കാറ്റും മഴയും സംഹാരത്തിന്റെ പ്രതീകമാണ് അവര്‍ക്ക്.മേഘാവൃത ആകാശം ഭൂമിയില്‍ ഇരുട്ട് പരത്തുന്നതും അവര്‍ക്ക് പേടിയാണ്.

പകല്‍ പെട്ടെന്ന് ഇരുട്ട് വന്ന് മൂടുന്നത് മുതിര്‍ന്നവരേയും ഭയപ്പെടുത്താറുണ്ട്.വ്യക്തമായ കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യന് അസമയത്തെ ഇരുട്ട് ഭയമുണ്ടാക്കുന്നു.എന്തോ കുഴപ്പം സംഭവിക്കാന്‍ പോകുന്നതിന്റെ മുന്നോടിയായി ഒരു ഇരുട്ട് വ്യാപിക്കും എന്ന് മനുഷ്യന്‍ ധരിച്ചു വച്ചിരിക്കുന്നു.ഈ ധാരണ നാം അറിയാതെ നമ്മുടെ കുട്ടികളിലേക്കും എപ്പോഴോ നാം കൈമാറിയതിന്റെ ഫലമായി എല്ലാ ഇരുട്ടും അവര്‍ക്ക് ഭീതിയുളവാക്കുന്നതായി മാറി.

എന്റെ അനിയന്റെ ഇരട്ടകുട്ടികളില്‍ ഒരാള്‍ കറന്റ് പോയാല്‍ ഉടന്‍ കളിസ്ഥലത്ത് നിന്ന് ആര്‍ത്ത് കരയും.എന്തിനാണ് നീ ഇങ്ങനെ ആര്‍ത്ത് കരയുന്നത് എന്ന് ഞാന്‍ ഒരിക്കല്‍ ചോദിച്ചു.ഇരുട്ടില്‍ ഞങ്ങള്‍ക്ക് ആരും ഇല്ലാത്തതുകൊണ്ട് എന്നായിരുന്നു ആ പിഞ്ചുമോളുടെ നിഷ്കളങ്ക മറുപടി. ശരിയാണ് , ഇരുട്ടില്‍ അവര്‍ ഒന്നും കാണുന്നില്ല.അതിനാല്‍ എല്ലാം പെട്ടെന്ന് അസ്തമിച്ചപോലെ അനുഭവപ്പെടുന്നു.അപ്പോള്‍ പിന്നെ കരയുകയല്ലാതെ മറ്റ് വഴികള്‍ ഇല്ല.

ഇരുട്ടിന്റെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ പറ്റി കുട്ടികള്‍ക്ക് അറിവില്ലാത്തതിനാല്‍ അത് അവരെ അലോസരപ്പെടുത്തുന്നില്ല. പക്ഷേ അല്പം മുതിര്‍ന്നാല്‍ അതും അവര്‍ക്ക് പേടിയുണ്ടാക്കുന്നു.സ്ത്രീകളിലും, രാത്രി ആകുന്നത് എന്തോ ഒരു ഭീതിയുടെ ഉള്‍വിളി സൃഷ്ടിക്കുന്നു.

ചുരുക്കി പറഞ്ഞാല്‍, ഇരുട്ട് ജാതി-മത-ദേശ–പ്രായ-ലിംഗ ഭേദമന്യേ എല്ലാവരിലും ഭയം സൃഷ്ടിക്കുന്നു. ഇരുട്ടില്‍ അപ്രതീക്ഷിതമായ പലതും സംഭവിക്കും എന്ന് എല്ലാവരും ധരിച്ചുവശായിരിക്കുന്നു. എന്നിട്ടും ഒരു നിമിഷം കണ്ണടച്ച് പ്രകാശം ആസ്വദിക്കാന്‍ കഴിയാത്തവരുടെ ,എന്നും ഇരുട്ടിലായവരുടെ സ്ഥിതി അറിയാന്‍ നമ്മളില്‍ എത്ര പേര്‍ ഇതു വരെ ഒരു ശ്രമം നടത്തി ?

വാല്‍: 24/4/2010 ശനിയാഴ്ച വൈകുന്നേരം 4:27. എന്റെ പുതിയ വീട്ടിലും വൈദ്യുതിയുടെ പ്രകാശം എത്തി.

9 comments:

സലാഹ് said...

കറുപ്പിനെ ഇഷ്ടപ്പെടുന്നവര് കുറവാണ്.അകംമുഴുവന് ഇരുട്ടായവനേ, ഇരുട്ടിനെ സ്നേഹിക്കാനാവൂ. വെളിച്ചം കെടാതെ സൂക്ഷിക്കാന് കൈത്തിരിവയ്ക്കാന് മറക്കണ്ട

laloo said...

പവർകട്ടിനെ ന്യായീകരിക്കാനുള്ള ശ്രമമാണോ ?
ബാലന്മാഷിന്റെ ആളാവും

ശാന്ത കാവുമ്പായി said...

ചെറുപ്പത്തില്‍ മഴക്കാര്‍ മൂടി ഇരുണ്ട ആകാശം കാണുമ്പോള്‍ ,സന്ധ്യ ആകുമ്പോള്‍ ഒക്കെ മനസ്സില്‍ വിഷാദം നിറയുമായിരുന്നു. ചിലപ്പോഴൊക്കെ ഇപ്പോഴും.

കൂതറHashimܓ said...

<<< പ്രകാശം ആസ്വദിക്കാന്‍ കഴിയാത്തവരുടെ, എന്നും ഇരുട്ടിലായവരുടെ സ്ഥിതി അറിയാന്‍ നമ്മളില്‍ എത്ര പേര്‍ ഇതു വരെ ഒരു ശ്രമം നടത്തി >>>
നല്ല ചിന്ത
ജന്മനാ കാഴ്ച്ചയില്ലാത്തവര്‍ അതിനോട് താരതമ്യപെട്ടുകാണും പക്ഷേ ജീവിതത്തിനിടക്ക് കാഴ്ച്ച നഷ്ട്ടപെടുന്നവുടെ അവസ്ഥ ശരിക്കും ഭീകരം തന്നെ
എനിക്ക് കാഴ്ച്ച നല്‍കിയ ദൈവത്തിന് സ്തുതി

ചെറുവാടി said...

ഇരുട്ടിനെയും അറിയണം. വെളിച്ചത്തെ സ്തുതിക്കണം.

വാസുദേവ്‌ said...

വെളിച്ചം ദുഖം ആണുണ്ണി, തമസ്സല്ലോ സുഖപ്രദം...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു പ്രവേശിക്കാൻ എന്നും അനുഗ്രഹം ചൊരിയുന്ന ലോകരക്ഷിതാവിൽ സമർപ്പിച്ച് നമ്മുടെ വിഹ്വലതകളെ ഇല്ലാതാക്കാൻ ശ്രമിയ്ക്കാം.

വഴിപോക്കന്‍ said...

nice thoughts...
ഇരുട്ടെങ്ങാന്‍ ഇല്ലായിരുന്നേല്‍ നമ്മളെങനെ വെളിച്ചത്തെ തിരിച്ചറിയും?

Areekkodan | അരീക്കോടന്‍ said...

സലാഹ്...ഈ ഉപദേശത്തിന് നന്ദി

ലാലൂ...അതെല്ലാം നാം നിത്യജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ചേ മതിയാകൂ.

ശാന്ത...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇരുട്ട് വിഷാദമായി തുടരുന്നു എന്ന് ചുരുക്കം അല്ലേ?

ഹാഷിം...അതെ, അത് വളരെ അസഹനീയമായ ഒരു അവസ്ഥ തന്നെ.

ചെറുവാടി...ഇരുട്ടിനെ അറിഞ്ഞാലേ വെളിച്ചത്തെ തിരിച്ചറിയൂ.

വാസുദേവ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.കവി അങ്ങനെ പാടി.

ബഷീര്‍...അതേ

വഴിപോക്കാ...അതേ,ഇരുട്ടിനെ അറിഞ്ഞാലേ വെളിച്ചത്തെ തിരിച്ചറിയൂ.

Post a Comment

നന്ദി....വീണ്ടും വരിക