Pages

Tuesday, August 22, 2017

ഹായ്... കരിമീൻ പൊള്ളിച്ചത് !!

                 കായൽ സൌന്ദര്യം മതിവരോളം ആസ്വദിച്ച ശേഷം ഞങ്ങൾ ആമാശയത്തിന്റെ വിളിക്കുത്തരം നൽകാനായി നീങ്ങി. ആലപ്പുഴയുടെ ശ്രദ്ധേയ വിഭവമായ കരിമീൻ പൊള്ളിച്ചത് കഴിക്കണമെന്നും ഭാര്യക്കും മക്കൾക്കും കൂടി അതിന്റെ രുചി അറിയിക്കണമെന്നും ഞാൻ മനസ്സിൽ കരുതിയിരുന്നു. ആന്റണി മാഷ് അത് എങ്ങനെയോ മണത്തറിഞ്ഞു.

               കായലിൽ നിന്ന് പിടിക്കുന്ന കരിമീൻ  കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണു കരിമീൻ പൊള്ളിച്ചത്.  എറണാകുളം, ആലപ്പുഴ ജില്ലകളായിരുന്നു കരിമീനിന് സുപ്രസിദ്ധം. ഇന്ന് കേരളത്തിലെല്ലായിടത്തും ലഭ്യമാണെങ്കിലും കുമരകമാണ്  കരിമീൻ പൊള്ളിച്ചതിന് പേരു കേട്ട സ്ഥലം എന്ന് ചിലർ പറയുന്നു. ആലപ്പുഴയിലെ തന്നെ മുഹമ്മയാണ് കരിമീനിന്റെ കേന്ദ്രം എന്നും കേൾക്കുന്നു.ഈ യാത്രക്ക് അല്പം മുമ്പ് ആലപ്പുഴയിലെ തന്നെ പാറ്റൂരിൽ ഞാൻ പോയിരുന്നു.അന്ന് അവിടെ നിന്നും മടങ്ങിയ ശേഷമാണ് അത് കരിമീനിന് പേര് കേട്ട ഇടമാണെന്ന് ആരോ പറഞ്ഞത്. ചുരുക്കിപ്പറഞ്ഞാൽ കരിമീൻ കിട്ടുന്നിടം മുഴുവൻ അതിന് പേര് കേട്ട സ്ഥലങ്ങൾ കൂടിയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ കരിമീനിന്റെ കൂടെ ചേർക്കുന്ന മസാലയാണ് അതിന്റെ രുചിയും പെരുമയും നിർണ്ണയിക്കുന്നത്. കരിമീൻ മസാല പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിൽ വെച്ചു പൊള്ളിച്ചാണു ഈ വിഭവം തയാറാക്കുന്നത് എന്ന് പറയപ്പെടുന്നു.

               ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ റെയ്ബാനിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്ത് തന്നെയാണ് ഞങ്ങൾക്ക് താമസം ഉദ്ദേശിച്ചിരുന്ന ബ്രദേഴ്സ് ഹോട്ടൽ. അതിനാൽ തന്നെ റൂമിൽ നിന്നും ഞങ്ങൾ നടന്നാണ് പോയത്. ഹോട്ടലിൽ കയറിയപ്പോഴാണ് തിരക്ക് ശരിക്കും അറിഞ്ഞത്. അന്ന് ആലപ്പുഴയിൽ ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷവും ജനശ്രീ മിഷന്റെ സംസ്ഥാനതല നേതൃയോഗവും കൂടി ഉണ്ടായിരുന്നു. അതിനാൽ തിരക്ക് പതിന്മടങ്ങായിരുന്നു.

                  കാലിയായ സീറ്റുകൾ പെട്ടെന്ന് തന്നെ ആന്റണി ഞങ്ങൾക്കായി റിസർവ്വ് ചെയ്തതിനാൽ രണ്ട് മേശകളിലായി ഞങ്ങൾ സ്ഥാനം പിടിച്ചു. എല്ലാവർക്കും ഊണും കരിമീനും ആന്റണി മാഷ് തന്നെ ഓർഡർ ചെയ്തു. കരിമീൻ എല്ലാവർക്കും വേണ്ട എന്നും നാലെണ്ണം മതിയെന്നും ഞാൻ തന്നെ തിരുത്തി. ഊണ് ഏകദേശം തീരാൻ സമയത്താണ് രണ്ട് ടേബിളിലും മീൻ എത്തിയത്.
                     ഊൺ തീർന്നിട്ടും മീൻ തീരാതെയായപ്പോൾ പ്ലേറ്റുകൾ എന്റെ മേശയിലേക്ക് വരാൻ തുടങ്ങി. ഒരു മീൻ മുഴുവനായി ഞാൻ അകത്താക്കി കഴിഞ്ഞപ്പോഴാണ്  സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള രണ്ട് പ്ലേറ്റുകളിലെ പകുതികൾ എത്തിയത്.ആന്റണി മാഷ് മീൻ തൊട്ടതും ഇല്ല. അവ രണ്ടും കൂടി ഫിനിഷ് ചെയ്യാൻ കിണഞ്ഞ് ശ്രമിക്കുമ്പോഴാണ് പെങ്ങളുടെ മകൻ അമലിന്റെ ശബ്ദം “ആബി കാക്കാ...ഇതും കൂടി”. അവനെ ഒന്ന് ശകാരിച്ചതോടെ അല്പം കൂടി അവൻ അകത്താക്കി.ബാക്കി ഞാൻ തന്നെ ഫിനിഷാക്കേണ്ടി വന്നു. അന്നത്തോടെ കരിമീൻ എനിക്കും മതിയായി(ഹന്നക്ക് കരിമീൻ വാങ്ങിക്കൊടുക്കാത്തതിന്റെ ശിക്ഷ ആയിരിക്കാം ഇത്.ആ കഥ പിന്നീട്).
                  കരിമീൻ പൊള്ളിച്ചതിന്റെ വിലയും പൊള്ളും എന്നതിനാൽ ബില്ല്‌ ആദ്യം വാങ്ങാനായി  ഞാൻ കൌണ്ടറിൽ എത്തി.പക്ഷേ അപ്പോഴേക്കും ആന്റണി മാഷ് അത് തീർപ്പാക്കി കഴിഞ്ഞിരുന്നു.അതിനാൽ ആലപ്പുഴയിൽ കരിമീൻ പൊള്ളിച്ചതിന്റെ വില എത്ര എന്ന്  എനിക്ക് ഇന്നും അജ്ഞാതമാണ്. 
                    വീണ്ടും കാറിൽ കയറി,ഞങ്ങൾ കുട്ടനാടിന്റെ കരഭാഗങ്ങൾ കാണാനുള്ള യാത്ര ആരംഭിച്ചു.

(തുടരും...)

7 comments:

Areekkodan | അരീക്കോടന്‍ said...

ഹന്നക്ക് കരിമീൻ വാങ്ങിക്കൊടുക്കാത്തതിന്റെ ശിക്ഷ ആയിരിക്കാം ഇത്.

Manikandan said...

കരിമീൻ സ്വാദിഷ്ടമായ വിഭവം തന്നെയാണ്, എന്നിട്ടുമെന്താ ആരും കഴിക്കാഞ്ഞത്?

Areekkodan | അരീക്കോടന്‍ said...

മണികണ്ഠൻ‌ജി...സ്വാദിഷ്ടം തന്നെ.പക്ഷേ കൂടുതൽ കിട്ടുമ്പോൾ രുചി കുറയും എന്ന മന:ശാസ്ത്രം പ്രവർത്തിച്ചു എന്ന് മാത്രം.

Mubi said...

കരിമീൻ ബാക്കിയാക്കിയോ :( :(

Areekkodan | അരീക്കോടന്‍ said...

Mubi...ബാക്കിയാക്കിയില്ല, പക്ഷേ മുഴുവനാക്കാൻ ബുദ്ധിമുട്ടി.

Muralee Mukundan , ബിലാത്തിപട്ടണം said...

കരിമീൻ പൊള്ളിച്ചതിന്റെ വിലയും പൊള്ളും ..!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ബിലാത്തികൾക്ക് പൊള്ളില്ല.

Post a Comment

നന്ദി....വീണ്ടും വരിക