Pages

Wednesday, August 02, 2017

മിന്നൽ - 2

മിന്നലിൽ കയറാനുള്ള എന്റെ മിന്നൽ ആശയം നടപ്പാക്കാൻ ഞാൻ മിന്നൽ വേഗത്തിൽ കെ.എസ്.ആർ.ടി.സി യുടെ വെബ്‌സൈറ്റിൽ ആദ്യമായി കയറി - മിന്നൽ യാത്രക്ക് റിസർവേഷൻ വേണം എന്ന മുറിഅറിവും ഹർത്താൽ ദിനമായതിനാൽ വണ്ടി ഓടുന്നുണ്ടോ എന്നറിയാനും ആയിരുന്നു ഈ ഉദ്യമത്തിന് കാരണം ( രാവിലെ മുതൽ ഈ കാര്യം അറിയാൻ ഡിപ്പോയിൽ വിളി തുടങ്ങിയിട്ട് വൈകുന്നേരം വരെ അവർ ‘ബുസി’ ആയിരുന്നു.അല്ലെങ്കിലും ഹർത്താൽ ദിനത്തിൽ ഇത്തരം പൊതൂപയോഗ ഓഫീസുകളിലേക്ക് ഫോൺ ചെയ്യരുത്).

മാനന്തവാടി മുതൽ അരീക്കോട് വരെ റിസർവ് ചെയ്യാൻ ശ്രമിച്ചെങ്കിലും സൂചിപ്പിച്ച ദിവസം ബസ് ഇല്ല!രണ്ട്  മൂന്ന് തവണ ശ്രമിച്ചെങ്കിലും അതേ കാര്യം തന്നെ സൈറ്റ് അറിയിച്ചതോടെ വീണ്ടും എന്റെ ആശയിൽ മിന്നലേറ്റു.  കളി അരീക്കോടനോട് വേണ്ട എന്ന മട്ടിൽ, ഞാൻ മാനന്തവാടി മുതൽ തിരുവനന്തപുരം വരെ എന്ന് കൊടുത്തു. അത്ഭുതം !!!ബസ്സിന്റെ മുഴുവൻ വിവരങ്ങളും മുന്നിൽ നിരന്നു !

501 രൂപ നൽകി റിസർവ് ചെയ്ത് അരീക്കോട് ഇറങ്ങേണ്ട എന്ന് കരുതി ഞാൻ പെരിന്തൽമണ്ണ വരെ റിസർവ്വ് ചെയ്യാൻ ശ്രമിച്ചു. അതും വിജയിച്ചു! ചാർജ്ജ് 161 രൂപ. എന്ന് വച്ചാൽ സാധാരണ ചാർജ്ജിന്റെ നേരെ ഇരട്ടി. ഹർത്താൽ ദിനമല്ലേ പോകട്ടെ എന്ന് കരുതി.മറ്റു വിവരങ്ങൾ നൽകി ഫൈനൽ സ്റ്റേജിൽ എത്തിയപ്പോൾ ചാർജ്ജ് വീണ്ടും മിന്നി - 191 രൂപ!! പാവം മുടിഞ്ഞുപോയവൻ കൈ നീട്ടുന്നതല്ലേ എന്ന് കരുതി ഞാൻ അതും അടച്ച് സീറ്റ് ഉറപ്പാക്കി.

റിസർവ്വ് ചെയ്ത ശേഷം കിട്ടുന്ന ഇ-ടിക്കറ്റ്/വൌച്ചർ ഒരു തിരിച്ചറിയൽ രേഖ സഹിതം കയ്യിൽ സൂക്ഷിക്കണം എന്ന് ടിക്കറ്റിൽ പ്രിന്റ് ചെയ്തിരുന്നു. അങ്ങനെ പലതും പണ്ട് മുതലേ ടിക്കറ്റിൽ എഴുതാറുണ്ടെങ്കിലും ഇത് “മിന്നൽ” ആയതിനാൽ “ഇടി” പിന്നാലെ ഉണ്ടാകും എന്ന് എന്റെ ഫിസിക്സ് ബുദ്ധി ഉപദേശിച്ചു. അങ്ങനെ ഞാൻ കോളേജിൽ പോയി ഒരു പ്രിന്റ് ഔട്ടും എടുത്തു.

“മിന്നൽ” ആയതിനാൽ ഏത് സമയം വേണമെങ്കിലും ‘ഡിസ്ചാർജ്ജ്‘ നടക്കാം എന്നതിനാൽ ഞാൻ ഫോണിലെ മെസേജ് ഓരോ 10 മിനുട്ടിലും ചെക്ക് ചെയ്തു കൊണ്ടിരുന്നു. 6.45ന് മാനന്തവാടി സ്റ്റാന്റിൽ എത്തിയപ്പോൾ മിന്നലിനെ കാണാനില്ല! ഞാൻ വീണ്ടും മെസേജ് ബോക്സ് തുറന്നു - ഭാഗ്യം സീറ്റ് നമ്പറും ബസ്സിലെ ക്ര്യൂവിന്റെ നമ്പറും കിട്ടി. വിളിച്ചപ്പോൾ ഏഴ് മണിയോടെ എത്തും എന്ന് അറിയിപ്പ് കിട്ടി. ഫോൺ വച്ചതും എന്റെ നാട്ടിലൂടെ പാലക്കാട്ടേക്ക് പോകുന്ന ഒരു ഓർഡിനറി സമയം തെറ്റി മുന്നിൽ!!മിന്നലിന് 191 രൂപ കൊടുത്തതിനാൽ ഞാൻ ആ പാവത്താനെ വെറുതെ വിട്ടു.

കൃത്യം 7 മണി കഴിഞ്ഞ് മിന്നൽ എത്തി. ടിക്കറ്റ് കാണിച്ച് ഞാൻ അകത്ത് കയറി. സീറ്റ് ഉണ്ടായിരുന്നതിനാൽ റിസർവ്വ് ചെയ്യാത്തവർക്കും അവസരം കിട്ടി. റിസർവ്വ് ചെയ്ത എനിക്ക് 191 രൂപ , ഈ പണി ഒന്നും ചെയ്യാത്തവന് 161 രൂപ !! അപ്പോഴാണ് ശരിക്കും മിന്നലേറ്റത്. ഫോണിൽ വന്ന മെസേജിലെ പി.എൻ.ആർ നമ്പർ മാത്രം ചെക്ക് ചെയ്ത് കണ്ടക്ടർ സീറ്റിൽ ഇരുന്നതോടെ പ്രിന്റ് എടുത്തതും ഗോപി !

“മിന്നൽ ആണ്...ഉറങ്ങണ്ട...ഹെയർ പിൻ വളവുകൾ എല്ലാം വീശി എടുക്കുമ്പോൾ പിടിച്ച് ഇരുന്നോണം...” സഹയാത്രികൻ സൂചിപ്പിച്ചപ്പോൾ സാധാരണയുള്ള എന്റെ ഉറക്കവും നഷ്ടമായി. പറഞ്ഞ സമയമൊന്നും പാലിക്കാതെ കല്പറ്റയും താമരശ്ശേരിയും പിന്നിട്ടു. അടുത്ത സ്റ്റോപ് ഇനി 30 കിലോമീറ്റർ അകലെയുള്ള അരീക്കോട് ആണ്. വെറും 7 കിലോമീറ്റർ കഴിഞ്ഞുള്ള ഓമശ്ശേരിയിൽ എത്തിയപ്പോൾ മിന്നൽ സൈഡാക്കി - ഭക്ഷണം കഴിക്കാൻ!!

ഇനി ചുരുക്കാം - അരീക്കോട് ഈ മിന്നലിൽ ഞാൻ എത്തുമ്പോൾ രാത്രി 10 മണി കഴിഞ്ഞിരുന്നു. പെരിന്തൽമണ്ണയും പിന്നിടേണ്ട സമയം !!ടൌൺ റ്റു ടൌൺ ബസ് പകൽ സമയത്ത് മൂന്നേ കാൽ മണിക്കൂർ കൊണ്ട് പിന്നിടുന്ന ദൂരം ഈ “മിന്നൽ” രാത്രി പിന്നിട്ടത് 3 മണിക്കൂർ കൊണ്ട്! ഇനി മിന്നലിൽ കയറുമ്പോൾ രണ്ട് വട്ടം ആലോചിച്ചല്ലാതെ കയറില്ല എന്ന് ഇതോടെ തീരുമാനമായി.

1 comments:

Areekkodan | അരീക്കോടന്‍ said...

മിന്നൽ” ആയതിനാൽ “ഇടി” പിന്നാലെ ഉണ്ടാകും എന്ന് എന്റെ ഫിസിക്സ് ബുദ്ധി ഉപദേശിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക