Pages

Sunday, May 12, 2013

എയര്‍പോര്‍ട്ടിലെ ചില പാതിരാക്കാഴ്ചകള്‍....


രണ്ട് ദിവസം  മുമ്പ് ഭാര്യയുടെ ജ്യേഷ്ടത്തിയുടെ മകനെ ഗള്‍ഫിലേക്ക് കയറ്റിവിടാനായി രാത്രി പന്ത്രണ്ട് മണിക്ക് കോഴിക്കോട് എയർപോർട്ടിൽ പോകേണ്ടി വന്നു. അന്താരാഷ്ട്ര ബഹിർഗമനം എന്നെഴുതിയ വാതിലിന് മുന്നിൽ ഒട്ടും തിരക്കില്ലായിരുന്നു.അല്ലെങ്കിലും ആ നേരത്ത് തിരക്ക് പ്രതീക്ഷിക്കുന്ന ഞാൻ എന്തൊരു വിഡ്ഢി എന്ന് പറയാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല.ഞാൻ കൊണ്ടു പോയവനെ വാതിൽ കടത്തി വിട്ട ശേഷം അവന്റെ ക്ലിയറൻസുകൾ കഴിയുന്നത് വരെ ഞാൻ പുറത്ത് തന്നെ നിന്നു.കാരണം ലഗേജ് അത്യാവശ്യം ഉണ്ടായിരുന്നു എന്നത് തന്നെ.അതാകട്ടെ, പെട്ടിയുടെ ഒരു ഭാഗം പോലും കാണാത്ത വിധത്തിൽ ‘ഗൾഫ് സെല്ലോടാപ്’ എന്ന് ഞങ്ങൾ വിളിക്കുന്ന വീതിയുള്ള ടേപ് കൊണ്ട് വരിഞ്ഞ് മുറുക്കിയിരുന്നു.അകത്ത് അവൻ കൌണ്ടറിൽ നിന്നും കൌണ്ടറിലേക്ക് ട്രോളി ഉരുട്ടി നടക്കുന്നതും അവന്റെ ഒപ്പമുണ്ടായിരുന്ന എന്റെ അമ്മോശൻ കാക്ക‘ (ഭാര്യാ പിതാവ്)യുടെ കയ്യിലുണ്ടായിരുന്ന കവർ വീർത്തു വരുന്നതും ഞാൻ പുറത്ത് നിന്ന് കണ്ടു.

റാസ്ൽൈമ , അബുദാബി , ദുബായി , ഷാർജ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് പറക്കാൻ തയ്യാറായി നിൽക്കുന്നത് എന്ന് സ്ക്രീനിൽ തെളിഞ്ഞു കൊണ്ടേ ഇരുന്നു.നിതാകാത്തും മുലാക്കാത്തും ഒക്കെ നടക്കുന്ന സമയമായതിനാൽ വല്ല ബ്ലോഗന്മാരും വരുന്നുണ്ടോ എന്നറിയാൻ ഞാൻ വരുന്നവരേയും പോകുന്നവേരേയും എല്ലാം ശ്രദ്ധിച്ചിരുന്നു (വായ്നോട്ടം എന്ന് ഇപ്പോൾ ഇതിനെ വിളിക്കാറില്ല).എന്തോ കണ്ടവരെയെല്ലാം മുമ്പ് എവിടെയോ കണ്ട പോലെ തോന്നിയതേ ഇല്ല്ല്ല!പക്ഷേ കണ്ട ചില കാഴ്ചകൾ പറയാതിരിക്കാൻ വയ്യ.

കാഴ്ച 1:- 
ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് തോളിൽ ഒരു കുട്ടിയേയും ഉറക്കി കിടത്തി കടന്നു വന്നു.ഒരു കൈ കൊണ്ട് നിറയെ സാധനങ്ങൾ ഉള്ള ഒരു ട്രോളിയും ഉന്തിയായിരുന്നു അയാളുടെ വരവ്. ഇയാളുടെ കൂടെ ആരും ഇല്ലേ എന്ന് സന്ദേഹം ഉയരുന്നതിന് മുമ്പേ ജീൻസും ബനിയനുമിട്ട് ഒരു യുവതിയും എത്തി.പോയ അതേ വേഗത്തിൽ അദ്ദേഹം ട്രോളി ഉന്തിക്കൊണ്ട് തന്നെ പുറത്ത് വരുന്നതും റാക് എയർവെയ്സിന്റെ  കൌണ്ടറിലേക്ക് പായുന്നതും ഞാൻ കണ്ടു.അപ്പോഴും ആ സ്ത്രീ അനുഗമിച്ചു. എന്റെ മനസ്സ് അപ്പോൾ പറഞ്ഞു – വെറുതെ ഒരു ഭാര്യ !

കാഴ്ച 2:- 
 ആ കാഴ്ച എന്റെ കണ്ണിൽ നിന്നും മറഞ്ഞു.എന്റെ കണ്ണ്  വീണ്ടും പരിചയക്കാരെ തേടി അലഞ്ഞു. അപ്പോഴാണ് ഒരു ജാഥ പോലെ കുറേ  ‘ചെക്കന്മാർ’ ( ഏത് തരം ഡ്രെസ്സ് എപ്പോൾ എവിടെ ഉപയോഗിക്കണം എന്ന് അറിയാത്ത പയ്യൻസ്)വരുന്നത് കണ്ടത്.എല്ലാവരുടേയും കയ്യിൽ ഒരു മഞ്ഞ കാർഡും കണ്ടു.അകത്തേക്ക് കയറാനുള്ള പാസ് ആയിരുന്നു അത്.അകത്തേക്ക് അത്ര വലിയ ഐശ്വര്യ റായിമാരൊന്നും അതുവരെ കടന്നു പോയതായി ഞാൻ ഓർക്കുന്നില്ല.പിന്നെ എന്തിനാണാവോ ഈ ജാഥ അകത്തേക്ക് പോയത്.കൌണ്ടറിൽ നിന്ന മലയാളിയല്ല്ലാത്ത സെക്യൂരിറ്റിക്കാരനും എന്റെ അതേ മനസ്സ് സഹപ്രവർത്തകനോട് പങ്കു വക്കുന്നത് ഞാൻ കണ്ടു.

കാഴ്ച 3:- 
 അപ്പോഴാണ് ഒരു ട്രോളി ഉന്തിക്കൊണ്ട് മധ്യവയസ്സ് കഴിഞ്ഞ ഒരാൾ വന്നത്.മുണ്ടുടുത്ത് ഒരു സാദാ കുപ്പായവുമിട്ട് വന്ന അയാൾ ഗള്‍ഫിലേക്ക് തന്നെയോ എന്ന് സംശയം ഉദിച്ചപ്പോഴേക്കും ആ ട്രോളി അദ്ദേഹം അവിടെ നിർത്തി.പിന്നാലെ വന്ന, നല്ല നിലയിൽ വേഷം ധരിച്ച ഒരു യുവാവിന് ഹസ്തദാനം ചെയ്ത് അദ്ദേഹം തിരിഞ്ഞ് നടന്നു.ഒരു പോർട്ടർ അല്ല അദ്ദേഹം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി.പിന്നാലെ വന്നത് സ്വന്തം മകനും ആകാൻ സാധ്യത തോന്നിയില്ല.അപ്പോൾ എന്റെ മനസ്സ് മന്ത്രിച്ചു – വെറുതേ ഒരു മരുമകൻ !

കൂടുതൽ കാഴ്ചകൾക്ക് കാത്തു നിൽക്കാതെ ഞാൻ പിന്നെ സ്ഥലം വിട്ടു.

5 comments:

Areekkodan | അരീക്കോടന്‍ said...

വെറുതെ ഒരു ഭാര്യ !

Cv Thankappan said...

മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അല്ലെ മാഷെ...
ആശംസകള്‍

ajith said...

വെറുതെയല്ലാത്ത ഓരോ കാഴ്ച്ചകള്‍

ശ്രീ said...

അതേ കാഴ്ചകള്‍ സങ്കല്പത്തില്‍ കണ്ടു :)

Echmukutty said...

ഉം കാഴ്ചകള്‍ ....

Post a Comment

നന്ദി....വീണ്ടും വരിക