Pages

Friday, February 26, 2021

കാലൊപ്പുകൾ

എന്റെ ചെറുപ്പം തൊട്ടേ എനിക്കിഷ്ടപ്പെട്ട ഒന്നായിരുന്നു യാത്രകൾ. ഉമ്മയുടെ നാടായ അരീക്കോട് നിന്നും ഉപ്പയുടെ നാടായ പേരാമ്പ്രയിലേക്ക് വർഷത്തിൽ ഒരിക്കൽ വരുന്ന വേനലവധിക്കാലത്ത് നടത്തുന്ന ബസ്  യാത്രകൾ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിൽ പെട്ടതായിരുന്നു.രണ്ട് ബസ്സിൽ കയറുന്നതും കോഴിക്കോട് കാണുന്നതും (ബസ്  സ്റ്റാന്റ് മാത്രം) ബസ് ടിക്കറ്റ് സൂക്ഷിക്കുന്നതും എല്ലാം അന്നത്തെ ടോപ് സംഭവങ്ങൾ ആയിരുന്നു. ഇന്ന് യാത്ര സ്വന്തം വാഹനത്തിൽ ആയതിനാൽ ആസ്വാദനത്തിന്റെ രീതിയും രുചിയും എല്ലാം മാറി.

വല്ലപ്പോഴും കിട്ടിയിരുന്ന ആ യാത്രാ അനുഭവങ്ങൾ ആയിരിക്കാം ഒരു പക്ഷെ എന്നിൽ ഒരു യാത്രാ ഭ്രാന്തനെ സൃഷ്ടിച്ചത്. മൻസൂറിനെപ്പോലെ അത്ര തലക്ക് പിടിച്ചില്ല എന്നത് എന്റെ സമയത്തിന്റെ പരിമിതികളും അവന്റെയും എന്റെയും യാത്രാ സങ്കൽപ്പത്തിലുള്ള വ്യത്യാസങ്ങളുമായിരിക്കാം. യാത്ര ചെയ്ത സ്ഥലങ്ങളെപ്പറ്റി എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾക്കൊപ്പം നമ്മുടെ കുറെ അനുഭവങ്ങളും കൂടി പങ്കു വയ്ക്കുമ്പോൾ ആ വിവരണം ഉപകാരപ്രദവും ഒപ്പം ഹൃദ്യവും ആകും. 

മൻസൂറിന്റെ യാത്രാ കുറിപ്പുകൾ വായനക്കാരെ പിടിച്ചിരുത്തുന്നത് ഈ രണ്ട് ചേരുവകളും കൃത്യമായി ചേരുന്നത് കൊണ്ടാണ്. കാലൊപ്പുകൾ പരിചയപ്പെടുത്തുന്നത് അത്തരം നിരവധി യാത്രാനുഭവങ്ങളാണ്. അതിൽ ഒരു വിളിപ്പാടകലെ കാറ്റു കൊള്ളാൻ പോയ യാത്രകളുണ്ട് ,ഉപ ഭൂഖണ്ഠങ്ങൾ താണ്ടിയുള്ള യാത്രയും ഉണ്ട്. അതായത് ചെറുതും വലുതുമായ ഏത് യാത്രയും ഒരു യാത്രാപ്രാന്തനെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അക്ഷയ ഖനിയാണ്.

മാവൂരിനടുത്തുള്ള കൽപ്പള്ളി എന്ന സ്ഥലത്തെ പറ്റി പറയുന്ന ഭാഗം വായിക്കുമ്പോൾ ഞാൻ വെറുതെ ഒന്ന് പുറത്തേക്ക് നോക്കി. അവൻ പറഞ്ഞ സ്ഥലത്തായിരുന്നു അപ്പോൾ ഞാൻ യാത്ര ചെയ്തിരുന്ന ബസ് നിന്നിരുന്നത് . വെള്ളം നിറഞ്ഞ പാടത്തിന് നടുവിൽ നിൽക്കുന്ന മരത്തിൽ ഞാൻ ഇതുവരെ കാണാത്ത ഒരു പക്ഷി തല ഉയർത്തി നിൽക്കുന്നു! ഏതോ ദേശത്ത് നിന്നും മാസങ്ങൾക്ക് മുമ്പ് കുടിയേറി ഇനി സ്വന്തം നാട്ടിലേക്ക് പറക്കുന്നതിന് മുമ്പ് താൻ വിരാചിച്ച ഇടം മുഴുവൻ കൺ നിറയെ കാണുന്ന ഒരു പക്ഷി. ഒരു പക്ഷെ ഇനിയും ഒരു ദേശാടനത്തിന് ബാല്യമില്ല എന്ന് തിരിച്ചറിഞ്ഞാണോ ആ കൊക്ക് ഈ നാടിനോട് യാത്ര പറയുന്നത് എന്ന് തോന്നിപ്പോയി.ഇങ്ങനെ നിരവധി അനുഭവങ്ങൾ കാലൊപ്പിലൂടെ തത്സമയം നമുക്ക് ലഭിക്കും. യാത്ര ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ കാലൊപ്പുകൾ  ഒരൊറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ തോന്നും. 


പുസ്തകം : കാലൊപ്പുകൾ 
രചയിതാവ് : മൻസൂർ അബ്ദു ചെറുവാടി 
പ്രസാധകർ : പെൻഡുലം ബുക്സ് 
പേജ് : 112 
വില: 110 രൂപ
 

7 comments:

Areekkodan | അരീക്കോടന്‍ said...

ബ്ലോഗർ മൻസൂർ ചെറുവാടിയുടെ ഏറ്റവും പുതിയ പുസ്തകത്തിന്റെ വായനാനുഭവം

Muralee Mukundan , ബിലാത്തിപട്ടണം said...

മൻസൂർ അബ്ദു ചെറുവാടിയുടെ യാത്രകൾ എല്ലാം തന്നെ സുഖവായനകളാണ് ...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... അതെന്നെ

© Mubi said...

പുസ്തകം വായിച്ചിട്ടില്ല... പക്ഷെ മൻസൂറിന്റെ എഴുത്തുകൾ ഹൃദ്യമാണ് :)

Areekkodan | അരീക്കോടന്‍ said...

മുബീ ... അതുകൊണ്ട് തന്നെ വായിക്കണം

മൻസൂർ അബ്ദു ചെറുവാടി said...

ഇത് ഇപ്പോഴല്ലേ കണ്ടത്. സന്തോഷം മാഷേ. Made my day

Areekkodan | അരീക്കോടന്‍ said...

മൻസൂറെ... ആകെ അറിയിക്കാൻ പറ്റുക എഫ്.ബി വഴിയാ...അവിടെ ലിങ്കിടാൻ ഇപ്പോൾ സുക്കറണ്ണന്റെ വലിയ ചോദ്യാവലിക്ക് ഉത്തരം നൽകണം.

Post a Comment

നന്ദി....വീണ്ടും വരിക