Pages

Wednesday, August 08, 2012

വഴിമാറിപ്പോയ ഒരു ദുരന്തം.

           തറാവീഹ് നമസ്കാരത്തെപറ്റി പറയുമ്പോള്‍ മനസ്സില്‍ ഓര്‍മ്മ വരുന്നത് തല നാരിഴക്ക് എനിക്ക് പറ്റുമായിരുന്ന ഒരു വന്‍ ദുരന്തമാണ്. ഞാന്‍  ആറിലോ ഏഴിലോ പഠിക്കുന്ന കാലം.അന്ന് തറാവീഹ് നമസ്കാരത്തിനായി എന്നും ബാപ്പയുടെ കൂടെ , വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള മേത്തലങ്ങാടി പള്ളിയിലേക്കാണ് പോകാറ്‌.അടുത്ത് പള്ളി ഉണ്ടെങ്കിലും ബാപ്പാക്ക് അവിടെ പോകുന്നത് ഇഷ്ടമില്ലായിരുന്നു.കാരണം നാല് റക്‍‌അത്ത് കഴിഞ്ഞാല്‍ ഇമാമും കുറച്ച് സുഹൃത്തുക്കളും പള്ളിയുടെ വരാന്തയിലേക്ക് ഇരുന്ന് ഒന്ന് പുക വലിക്കും.അവരുടെ വലി കഴിയുന്നത് വരെ മറ്റുള്ളവര്‍ കാത്തിരിക്കണം എന്ന് സാരം.ജീവിതയാത്രയില്‍ ഒരിക്കല്‍ പുകവലിക്കാരനായിരുന്നു എന്ന് പറയപ്പെടുന്ന എന്റെ ബാപ്പ അതുപേക്ഷിച്ചതിന് ശേഷം പുകവലിക്കുന്നവരെ ഇഷ്ടമില്ലായിരുന്നു.

           ഒരു കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് മേത്തലങ്ങാടി പള്ളിയില്‍ പോകാനുണ്ടായിരുന്ന  ഉത്സാഹം മറ്റൊന്നായിരുന്നു. അതാണ് ഇവിടെ പറയുന്നത്.

                 എന്റെ  വലിയ മൂത്താപ്പാക്ക് ‘ചാലിയാര്‍ ക്രോസ്‌വെയ്സ്’‘ എന്നൊരു ബസ്സുണ്ടായിരുന്നു. അരീക്കോട് - കോഴിക്കോട് റൂട്ടിലായിരുന്നു അതിന്റെ ഓട്ടം.അതിന്റെ അവസാന ട്രിപ്പ് കഴിഞ്ഞ് അരീക്കോട്ടെത്തിയാല്‍ ബസ് ജീവനക്കാര്‍ അങ്ങാടിയുടെ ഒരറ്റത്തുണ്ടായിരുന്ന ബിന്ദു ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം കഴിക്കും.എന്നിട്ടേ ബസ്സ് ഞങ്ങളുടെ കോളനിക്ക് മുന്നില്‍ ഹാള്‍ട്ടാക്കുകയുള്ളൂ. 

              മേത്തലങ്ങാടി പള്ളിയില്‍ നിന്നും തറാവീഹ് കഴിഞ്ഞ് അല്പം ധൃതിയില്‍ എത്തിയാല്‍, ബസ് ജീവനക്കാര്‍ ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴേക്കും ഞങ്ങള്‍ക്ക് ബസ്സിനടൂത്ത് എത്താം.പിന്നെ അടുത്ത ഇരുനൂറ് മീറ്റര്‍ ദൂരം യാത്ര ബസ്സിലാണ്.അത് മൂത്താപ്പ ഞങ്ങള്‍ക്ക് തന്ന ഒരു ആനുകൂല്യമായിരുന്നു. അക്കാലത്ത് ബസ് യാത്ര വര്‍ഷത്തില്‍ എപ്പോഴെങ്കിലും മാത്രം ഒത്ത് കിട്ടുന്ന ഒന്നായതിനാല്‍ എങ്ങനെയെങ്കിലും ബസ്സില്‍ കയറാന്‍ തറാവീഹ് കഴിഞ്ഞ് ഞങ്ങള്‍ ധൃതിപെട്ട് എത്തും.ഒരു തവണ മൂന്നോ നാലോ സ്റ്റെപ്പുകളുടെ വ്യത്യാസത്തില്‍ എനിക്ക് ഈ ‘സൌഭാഗ്യം’ നഷ്ടപ്പെട്ടിട്ടുണ്ട്.

               അങ്ങനെ  എനിക്കും ബസ് കിട്ടിയ ഒരു ദിവസം. ബാപ്പ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ബസ്സില്‍ കയറിയില്ല. പകരം അല്പം മുന്നോട്ട് നടന്നു.ബസ്സ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തപ്പോഴാണ് റോഡരികിലൂടെ നടക്കുന്ന എന്റെ ബാപ്പയെ ഞാന്‍ ശ്രദ്ധിച്ചത്. ബാപ്പയോടുള്ള സ്നേഹം കാരണം ബാപ്പക്ക് കയറാനായി ഞാന്‍ ഓടിത്തുടങ്ങിയ ബസ്സിന്റെ വാതില്‍ തുറന്ന്കൊടുത്തു. റോഡരികിലൂടെ നടന്ന ബാപ്പയുടെ ദേഹത്ത് ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വാതില്‍ തുറന്നടഞ്ഞു - അല്‍ഹംദുലില്ലാഹ്.അന്ന് അത് ബാപ്പയുടെ ശരീരത്തില്‍ ഒരു പോറല്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ തീരാത്ത ഒരു ദു:ഖമായി അത് മാറുമായിരുന്നു എന്ന് തീര്‍ച്ച.ഇന്നും ആ നിമിഷം ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു കാളല്‍ അനുഭവപ്പെടുന്നു.

4 comments:

Areekkodan | അരീക്കോടന്‍ said...

ബാപ്പയോടുള്ള സ്നേഹം കാരണം ബാപ്പക്ക് കയറാനായി ഞാന്‍ ഓടിത്തുടങ്ങിയ ബസ്സിന്റെ വാതില്‍ തുറന്ന്കൊടുത്തു. റോഡരികിലൂടെ നടന്ന ബാപ്പയുടെ ദേഹത്ത് ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വാതില്‍ തുറന്നടഞ്ഞു

Vineeth vava said...

ഒരു നിമിഷത്തെ അശ്രദ്ധ ഒരു ജീവിതം മുഴുവന്‍ ഉരുകാനുള്ള വകയ്ക് കാരണമായേനെ...

ajith said...

ദൈവികസംരക്ഷണത്തിന് നന്ദി പറയാം

Kathri said...

സാറിന്റെ ബ്ലോഗ്ഗുകളില്‍ കുറെയൊക്കെ വായിച്ചിട്ടുണ്ട്. വയിച്ചതെല്ലാം നല്ലതാണ്.

Post a Comment

നന്ദി....വീണ്ടും വരിക