അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍
ലാ ഇലാഹ ഇല്ലള്ളാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ഹംദ്
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുഴങ്ങിക്കേട്ട മന്ത്രം.സ്നേഹവും സാഹോദര്യവും പുതുക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു.
എന്റെ വിവിധ കാലഘട്ടങ്ങളീലുള്ള സ്നേഹിതന്മാരില്‍ എനിക്ക് ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിക്കുന്ന മിക്കപേരെയും ഞാന്‍ ഇന്ന് നേരിട്ട് ഫോണ്‍വിളിച്ചു.സുഖക്ഷേമാന്വേഷണങ്ങള്‍ക്ക് ശേഷം ‘ഈദ് മുബാറക് ‘ (ഈദാശംസകള്‍) നേരാനും ഈ അവസരം ഞാന്‍ വിനിയോഗിച്ചു.പ്രീഡിഗ്രി,ഡിഗ്രി,പി.ജി,പി.ജി.ഡി.സി.എ തുടങ്ങീ പഠനകാലത്തെ സുഹൃത്തുക്കളും വിവിധ സമയങ്ങളില്‍ കൂടെ ജോലി ചെയ്തവരും ഇന്ന് വിളിച്ചവരില്‍ പെടുന്നു.അപ്പോഴാണ് മെസ്സേജ് ബ്ലോക്കായി എന്ന് ചിലരെങ്കിലും പറഞ്ഞതും അതുകാരണം ഒരു എസ്.എം.എസ് പോലും അയക്കാന്‍ സാധിച്ചില്ല എന്ന്‍ അറിയിച്ചതും. (ഞാന്‍ എസ്.എം.എസ് അയക്കാന്‍ മുതിരാത്തതിനാല്‍ ഈ ബ്ലോക്ക് അറിഞ്ഞതേയില്ല)
സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോള്‍ നാം എത്രത്തോളം ചുരുങ്ങിപ്പോയി എന്നതിന്റെ ഒരു തെളിവാണ് ഈ മെസ്സേജ് ബ്ലോക്ക് . എസ്.എം.എസ് പോകുന്നില്ലെങ്കില്‍ ഒന്ന് വിളിച്ച് നേരിട്ട് സംസാരിച്ചാല്‍ ആ ബന്ധം ഒന്ന് കൂടി ദൃഢമാകും എന്ന് തീര്‍ച്ച. ഒരു സന്ദര്‍ശനം കൂടി നടത്തിയാല്‍ നാം അവരുടെ മനസ്സിലേക്ക് കുടിയേറും എന്നതുറപ്പ്. പക്ഷേ അങ്ങനെ ഒരു സന്ദര്‍ശനത്തിന് തോന്നണമെങ്കില്‍ നാം അവരുടേയോ അവര്‍ നമ്മുടേയോ മനസ്സില്‍ എന്തെങ്കിലും തരത്തില്‍ പ്രതിഷ്ഠ നേടിയവരായിരിക്കണം എന്നത് മറ്റൊരു വശം.(കുടുംബത്തിലെ സന്ദര്‍ശനമല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്.)
എന്റെ വിദ്യാര്‍ത്ഥിയും എന്റെ നാട്ടിലെ തന്നെ ഒരുള്‍ഗ്രാമത്തില്‍ താമസിക്കുന്നവനുമായ അബ്ദുല്‍ വാസിഹ് ഇന്ന് എന്റെ വീട്ടില്‍ വന്നു.പെരുന്നാള്‍ സുദിനത്തില്‍ ആര്‍ക്കും ഒരു മുസ്ലിം സഹോദരന്റെ വീട്ടില്‍ മാന്യമായി കയറിച്ചെല്ലാവുന്നതാണ്. തന്റെ സഹോദരിമാരുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ എന്റെ വീട്ടിലും കൂടി ഒന്ന് കയറി ഈദിന്റെ സന്തോഷം അദ്ധ്യാപകനോടൊപ്പം പങ്കിടാനും വീട്ടിലെ ഒരംഗത്തെപ്പോലെ അല്പ സമയം ഞങ്ങളോടൊപ്പം പങ്കിടാനും പുതു തലമുറയുടെ പ്രതീകമായ അബ്ദുല്‍ വാസിഹ് കാണിച്ച മനസ്സ് എനിക്ക് ഏറെ സന്തോഷം തരുന്നു. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന് സ്കൂളില്‍ പഠിക്കുമ്പോള്‍ കേട്ടത് ഇന്ന് വാസിഹിലൂടെ വീണ്ടും അരക്കെട്ടുറപ്പിക്കപ്പെട്ടു. ഈ പെരുന്നാള്‍ എനിക്ക് നല്‍കിയ പാഠവും ഇത് തന്നെ.ഈ നന്മയുടെ കൈത്തിരി നാളെത്തെ എല്ലാ വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
4 comments:
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന് സ്കൂളില്‍ പഠിക്കുമ്പോള്‍ കേട്ടത് ഇന്ന് വാസിഹിലൂടെ വീണ്ടും അരക്കെട്ടുറപ്പിക്കപ്പെട്ടു. ഈ പെരുന്നാള്‍ എനിക്ക് നല്‍കിയ പാഠവും ഇത് തന്നെ.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു.
മാഷേ...“ അരീക്കോടിന്റെ ഖിസ്സ ” എന്ന പുസ്തകം എവിടെ കിട്ടും അറിയാമോ ?. എന്തെങ്കിലും സൂചന കിട്ടിയല്‍ അറിയിക്കണേ.. പല ബുക്‍സ്റ്റാളിലും അന്വേഷിചു. ഈ ഖിസ്സ മാത്രം എവിടെയും കണ്ടില്ല....
Post a Comment
നന്ദി....വീണ്ടും വരിക