2004 ലാണ് എൻ്റെ വീടിൻ്റെ പണി ആരംഭിക്കുന്നത്. തറവാട് വീടിൻ്റെ പിന്നിലായി പട്ടിയും കുറുക്കനും ഓരിയിട്ടിരുന്ന പറമ്പിൻ്റെ അങ്ങേ മൂലയിലായിരുന്നു വീടിനായി ബാപ്പ എനിക്ക് അനുവദിച്ച് തന്ന സ്ഥലം. വീട് പണി ആരംഭിക്കുമ്പോൾ തന്നെ എൻ്റെ പ്രിയപ്പെട്ട പിതാവ് ഒരു നാടൻ മാവിൻ തൈയും അതിരിൽ നട്ടു. വീടിൻ്റെ പടവ് തുടങ്ങി ഏതാനും ദിവസങ്ങൾക്കകം 2008 ജൂൺ 29 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
വീടിൻ്റെ പണിക്കായി കല്ലും മെറ്റലും മണലും കമ്പിയും സിമൻ്റും മറ്റും എല്ലാം കൊണ്ടു വരുമ്പോൾ പ്രസ്തുത മാവിൻ തൈ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. സൈറ്റിൽ മാറി മാറി വരുന്ന പണിക്കാരോടും ആ മാവിൻ തൈ ശ്രദ്ധിയ്ക്കാൻ ഞാൻ നിർദ്ദേശം നൽകി. വീട് പണി പുരോഗമിച്ചതിനൊപ്പം മാവിൻ തൈയും വളർന്ന് വന്നു. 2010ൽ ഞാൻ പുതിയ വീട്ടിൽ കുടിയിരിക്കുമ്പോൾ മുറ്റത്ത് ആ മാവും നെഞ്ച് വിരിച്ച് നിന്നു.
ബാപ്പ കാണിച്ച് തന്ന, ഫലവൃക്ഷത്തൈകൾ നടുന്ന ഈ മാതൃക ഞാൻ മറ്റൊരു രൂപത്തിൽ പ്രാവർത്തികമാക്കി. വീട്ടിലെ വിശേഷ ദിവസങ്ങളായ മക്കളുടെയും ഞങ്ങളുടെയും ജന്മദിനങ്ങളിലും വിവാഹ വാർഷിക ദിനത്തിലും വീടിന് ചുറ്റും ഓരോ തരം ഫലവൃക്ഷത്തൈ ഞാൻ വച്ച് പിടിപ്പിച്ചു. സ്വന്തം ജന്മദിന മരങ്ങളായതിനാൽ മക്കൾ അവയെ നന്നായി പരിപാലിക്കുകയും ചെയ്തു. "മൈ ബർത്ത് ഡേ ആൻ എർത്ത് ഡേ" എന്ന പേരിൽ ഞാൻ ഈ പരിപാടി എൻ്റെ കോളേജില എൻ.എസ്.എസ് യൂണിറ്റിലും നടപ്പിലാക്കി.
നമുക്കാവശ്യമായ വിവിധ പഴങ്ങൾ രാസ വളങ്ങളും കീടനാശിനികളും പ്രയോഗിക്കാതെ നമ്മുടെ വീട്ടുവളപ്പിൽ നിന്നും ലഭ്യമാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. വേനലവധിയിൽ വീട്ടിൽ കളിക്കാൻ വരുന്ന കുട്ടികൾക്ക് പറിച്ച് കഴിക്കാനും അതുവഴി അവരിൽ ഒരു പരിസ്ഥിതി ബോധം വളർത്താനും കൂടി ഇത് ഗുണകരമാകും എന്നും എനിക്ക് തോന്നി. പഴങ്ങൾ കൂടുതലായി കഴിക്കുന്ന റംസാൻ വ്രതക്കാലത്ത് എൻ്റെ സ്വന്തം വളപ്പിൽ നിന്നുള്ള പഴങ്ങൾ ഉപയോഗിക്കാം എന്നതും ഞാൻ സ്വപ്നം കണ്ടു.മാവ് മാങ്ങ തരാൻ തുടങ്ങിയതോടെ അത് ഭാഗികമായി സാക്ഷാൽക്കരിക്കുകയും ചെയ്തു.
എന്നാൽ ഈ വർഷത്തെ റമസാനിൽ സർവ്വ ശക്തനായ ദൈവം എൻ്റെ ലക്ഷ്യ സാക്ഷാൽക്കരണ ദിവസമായി ഒരു ദിനം കരുതി വച്ചിരുന്നു. ലോക ജലദിനമായ മാർച്ച് 22 ന് റംസാൻ മാസത്തിലെ 21-ാം ദിനത്തിൽ വൈകിട്ട് എൻ്റെ മേശയിൽ നിരന്ന പഴങ്ങൾ അതിന് തെളിവായി.
(ഓരോന്നിലും ക്ലിക്ക് ചെയ്ത് ആ സ്റ്റോറി കൂടി വായിക്കുക)
1. മുന്തിരി : 2019 ലെ ഞങ്ങളുടെ വിവാഹ വാർഷിക തൈയിൽ നിന്ന്
2. മാങ്ങ : ബാപ്പ നട്ട തൈയിൽ നിന്ന്
3. സീതപ്പഴം : ഫോട്ടോയിൽ കാണുന്ന മോളുടെ രണ്ടാം ജന്മദിനത്തിൽ നട്ട തൈയിൽ നിന്ന്
4. ചക്ക : 2020 ലെ ഞങ്ങളുടെ വിവാഹ വാർഷിക തൈയിൽ നിന്ന്
5. പീനട്ട് ബട്ടർ: ഫോട്ടോയിൽ കാണുന്ന മോൻ്റെ ആറാം ജന്മദിനത്തിൽ നട്ട തൈയിൽ നിന്ന്
6. റോസാപ്പിൾ : എൻ്റെ ഈ ഭ്രാന്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഏതോ പക്ഷി ഇട്ട കുരു മുളച്ച തൈയിൽ നിന്ന്
വിദൂരമല്ലാത്ത ഭാവിയിൽ വീട്ടുമുറ്റത്ത് നിന്ന് കാശ്മീരി ആപ്പിൾ പറിക്കുന്നതും ഞാൻ സ്വപ്നം കാണുന്നു ! ഈ പിരാന്ത് മൂത്തപ്പോൾ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് ഒരു ആപ്പിൾ തൈയും വെച്ചിട്ടുണ്ട്.
ഈ റംസാൻ നിലാവിൽ മാനത്തെ നക്ഷത്രങ്ങൾക്കിടയിൽ നിന്ന് എൻ്റെ പ്രിയ പിതാവ് ഇതെല്ലാം കണ്ട് പുഞ്ചിരി തൂകുന്നുണ്ടാകും. ദൈവത്തിന് സ്തുതി.
1 comments:
ഈ പിരാന്ത് മാറൂല
Post a Comment
നന്ദി....വീണ്ടും വരിക