ഒക്ടോബർ മാസത്തിലാണ് കേരളത്തിൽ സാധാരണ മാവ് പൂക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുട്ടിക്കാലത്ത്, ഡിസംബറിൻ്റെ കുളിരാകുമ്പഴേക്കും ചമ്മന്തി അരക്കാൻ പാകത്തിൽ പുളിയാകുന്ന മാങ്ങകൾ എറിഞ്ഞ് വീഴ്ത്താനും വേനലവധിയിലെ ഇളം കാറ്റിൽ പഴുത്ത മാങ്ങകൾ വീഴുന്നത് ഓടിച്ചെന്ന് പെറുക്കി എടുക്കാനും ഈ പൂവിടലാണ് സഹായകരമായിരുന്ന്ത്. കഴിഞ്ഞ നാലഞ്ച് വർഷമായി എനിക്ക് നോമ്പ് കാലത്ത് മുറ്റത്ത് നിന്നുള്ള മാങ്ങ ലഭിക്കുന്നതും ഈ രീതിയിൽ മാവ് പൂക്കുമ്പോഴാണ്.
കാലാവസ്ഥാ വ്യതിയാനം കാരണമാണോ എന്നറിയില്ല കഴിഞ്ഞ വർഷവും അതിൻ്റെ മുമ്പത്തെ വർഷവും മാവ് പൂത്തത് പല ഘട്ടങ്ങളിലായാണ്. ജനുവരിയിൽ മാവ് പൂത്താൽ പിന്നാലെ വരുന്ന വേനൽ മഴയിൽ ഉണ്ണിമാങ്ങകൾ ധാരാളം എണ്ണം നിലം പൊത്തും. ബാക്കി വരുന്നവ പഴുത്ത് പാകമാകാൻ ജൂൺ കഴിയും. മഴ കൊണ്ട മാങ്ങകൾ കറുത്ത നിറത്തിലായിരിക്കും അപ്പോൾ ലഭിക്കുന്നത്.
ഇത്തവണ എൻ്റെ മുറ്റത്തെ നാടൻ മാവ് ആദ്യ ഘട്ടം പൂത്തത് നവംബർ മദ്ധ്യത്തിലാണ്. കുട്ടികളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിവച്ച് കൊണ്ട് രണ്ട് കുല മാങ്ങ മാത്രം ബാക്കിയായി.മീലിബഗ്ഗിൻ്റെ അനിയന്ത്രിതമായ കൂട് കൂട്ടൽ കാരണം ഫെബ്രുവരിയിൽ ചമ്മന്തി പ്രായത്തിൽ ഞാനത് പറിച്ചു.
ഞാനും മീലി ബഗ്ഗും വവ്വാലും കാണാതെ ഒരുവൻ ഇലകൾക്കടിയിൽ സ്വയം ഒളിച്ചിരുന്ന് ജീവിത ചക്രം പൂർത്തിയാക്കി പഴുത്ത് ഇക്കഴിഞ്ഞ ദിവസം താഴെ വീണു. അങ്ങനെ ഈ വർഷത്തെ ആദ്യത്തെ പഴുത്ത മാങ്ങ നോമ്പിന് തന്നെ കിട്ടി.
അതേ മാവ് തന്നെ രണ്ടാം ഘട്ടം ഡിസംബർ അവസാനത്തിൽ പൂത്തു. ആ പൂക്കളിൽ നിന്നുള്ള മാങ്ങകൾ കയ്യെത്തും ഉയരത്തിൽ ഏവരെയും കൊതിപ്പിച്ച് തൂങ്ങി നിൽക്കുന്നു.
മൂന്നാം ഘട്ടമായി ജനുവരി അവസാനത്തിൽ മാവ് വീണ്ടും നന്നായി പൂത്തു. അത് ഉണ്ണിമാങ്ങകളും കണ്ണിമാങ്ങകളുമായി വിഹരിക്കാൻ തുടങ്ങിയപ്പോൾ അങ്ങകലെ ബംഗ്ലാദേശിൽ ആർക്കോ അസൂയ വന്നു. അസൂയ മൂത്ത് ന്യൂനമർദ്ദമായി.അത് വളർന്ന് കാറ്റായി , കാറായി , മഴയായി ഇങ്ങ് കേരളത്തിൽ എത്തി. പൊരിവെയിലിൻ്റെ ചൂടേറ്റ് തളർന്ന ഉണ്ണികളും കണ്ണികളും ആവേശത്തോടെ ആ മഴയിൽ കുളിച്ചു.കുറെ എണ്ണം ജലദോഷം പിടിച്ച് ഇപ്പോൾ നിലം പതിക്കാൻ തുടങ്ങി.
മാവമ്മ അപ്പോഴും സന്തോഷം കൊണ്ട് ചിരിച്ചു! പോയ ഉണ്ണികൾക്ക് പകരമാകാൻ അതാ മാർച്ച് മദ്ധ്യത്തിൽ വീണ്ടും പൂവിടുന്നു!! വിഷു കുളിച്ച് വരുന്ന മഴയിൽ ഇനി എത്ര മാങ്ങകൾ നിലനിൽക്കുമോ ആവോ? നില നിന്നാലും ജൂൺ - ജൂലായ് മാസങ്ങളിൽ കരിങ്കുട്ടൻമാരായി വീണ് കിടക്കുമ്പോൾ ആരെങ്കിലും മൈൻഡ് ചെയ്യുമോ എന്ന് പാവം മാവമ്മ ആലോചിച്ചിട്ടുണ്ടാവില്ല.
ഏതായാലും വീട്ടിലെ വവ്വാലുകൾ ഹാപ്പിയാണ്, മാർച്ച് മുതൽ ആഗസ്റ്റ് വരെ ഇനിയുള്ള ആറ് മാസം മാങ്ങയും ചക്കയും പേരക്കയും മുന്തിരിയും സപ്പോട്ടയും ചാമ്പക്കയും പപ്പായയും റമ്പൂട്ടാനും നിറഞ്ഞ ഒരു സീസൺ! വവ്വാലുകളേ... നിങ്ങളെന്തും തിന്നോളൂ, നിപ മാത്രം പകരം തന്ന് പോകരുത് - പ്ലീസ്.
1 comments:
നിങ്ങളെന്തും തിന്നോളൂ, നിപ പകരം തന്ന് പോകരുത് - പ്ലീസ്.
Post a Comment
നന്ദി....വീണ്ടും വരിക