ശോഭ ക്രമേണ കുറഞ്ഞ് കുറഞ്ഞ് സൂര്യൻ അരുണ നിറം പൂണ്ട് മനോഹരമായ ഒരു കാൻവാസ് സൃഷ്ടിച്ചു . ഒട്ടകപ്പുറത്തേറിയ സഞ്ചാരികൾ ആ കാൻവാസിലേക്ക് പ്രവേശിക്കുന്നതും കാത്ത് ഞാൻ ക്യാമറ റെഡിയാക്കി കാത്തിരുന്നു. അല്പമകലെ വിനോദൻ മാഷും രണ്ട് മൊബൈലുമായി കാത്ത് നിന്നു. പ്രതീക്ഷിച്ച പോലെ രണ്ട് സഞ്ചാരികൾ ഒട്ടകപ്പുറത്ത് എത്തി. അർക്കൻ അവരുടെ രണ്ട് പേരുടെയും മദ്ധ്യത്തിൽ വരുന്ന നിലയിൽ എൻ്റെ സ്ഥാനം ക്രമീകരിച്ച് ഞാൻ ആ രംഗം ക്യാമറയിൽ പകർത്തി. മൺകൂനയിൽ വീണു പോയ സൂര്യനെയും എനിക്ക് ക്യാമറയിൽ കിട്ടി.
സൂര്യൻ അസ്തമിച്ചിട്ടും മരുഭൂമി വിടാൻ സഞ്ചാരികൾക്ക് താല്പര്യമില്ലാത്ത പോലെ തോന്നി. മരുഭൂമിയിൽ ചായയും നൂഡിൽസും കച്ചവടം നടത്തുന്ന അഹമ്മദ് ബായിയുടെ തട്ടുകടയിലേക്ക് ഞങ്ങൾ നീങ്ങി. സൂര്യനസ്തമിച്ചിട്ടും പ്രകാശം അപ്പോഴും മങ്ങിയിരുന്നില്ല. ഓരോ ചായയും വാങ്ങി കടയുടെ മുമ്പിലിട്ട കയറ് കട്ടിലിൽ ഇരുന്ന് ഞങ്ങൾ ആസ്വദിച്ചു കുടിച്ചു. ഒരു മേൽക്കൂര പോലുമില്ലാത്ത ആ കടയിൽ, ജീവിതത്തിൻ്റെ മേൽക്കൂര പണിയാൻ പൊരി വെയിലത്ത് പോലും പണിയെടുക്കാൻ അഹമ്മദ് നിർബന്ധിതനാവുന്നു. ഇങ്ങനെ എത്ര എത്ര അഹമ്മദ്മാർ ?
ഏഴ് മണിയോടെ ഞങ്ങൾ ക്യാമ്പിലേക്ക് തന്നെ മടങ്ങി. ക്യാമ്പിൽ, വാദ്യഘോഷങ്ങളോടെ തിലകം ചാർത്തി ഞങ്ങൾ സ്വീകരിക്കപ്പെട്ടു. ചായയും ലഘുകടിയും അവിടെ തയ്യാറായിരുന്നു. നാട്ടിലെ പക്കുവടയ്ക്ക് സമാനമായ ഒരു സാധനവും കചരി എന്ന സാധനവും കൂടി ആയിരുന്നു വിളമ്പിയിരുന്നത്. അവ കയ്യിൽ എടുത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച സീറ്റുകളിൽ ചാരിക്കിടന്ന് ഞങ്ങളത് ആസ്വദിച്ച് കഴിച്ചു. അൽപ സമയത്തിനകം തന്നെ നാടോടി നൃത്തമടക്കമുള്ള രാജസ്ഥാനി കലകളുടെ പ്രകടനവും അരങ്ങേറി. ശേഷം വിഭവസമൃദ്ധമായ നോൺവെജ് ഡിന്നറും ഒരുക്കിയിരുന്നു.
ഡിന്നറിന് ശേഷം രാത്രി പത്ത് മണിക്ക് വീണ്ടും ഡെസർട്ട് സഫാരി ഉണ്ടെന്ന് ടൂർ ഓപ്പറേറ്റർ ലെനിൻ അറിയിച്ചു. തുറന്ന ജീപ്പിലായതിനാൽ പൊടിയിൽ നിന്നും രാത്രി ആയതിനാൽ മരുഭൂമിയിലെ തണുപ്പിൽ നിന്നും രക്ഷ നേടാനുള്ള മുൻകരുതലുകൾ എടുക്കാനും ലെനിൻ നിർദ്ദേശിച്ചു. ഏതൊക്കെയോ സ്ഥലത്ത് കൂടെ അതിവേഗത്തിൽ കുത്തിക്കുലുങ്ങിയുള്ള യാത്രയിൽ ജീപ്പിൽ നിന്ന് തെറിച്ച് പോകും എന്ന് വരെ തോന്നി. മരുഭൂമിയിലും ഇത്തരം ഓഫ് റോഡ് ഉള്ളത് പുതിയൊരു അറിവും കൂടിയായിരുന്നു.
നന്നായി ഇരുട്ട് മൂടിയ ഒരു സ്ഥലത്ത് ഞങ്ങളെയും വഹിച്ചുള്ള നാല് ജീപ്പുകൾ പല വഴിയിലൂടെ എത്തിച്ചേർന്നു. ജീപ്പിൽ കരുതിയിരുന്ന വിറക് കൂട്ടി വെച്ച് മരുഭൂമിയിൽ ഒരു ക്യാമ്പ് ഫയർ ക്യാമ്പധികൃതർ തന്നെ ഒരുക്കിത്തന്നു. ക്യാമ്പ് ഫയറിൽ കുട്ടികളും അദ്ധ്യാപകരും അവരുടെ മനസ്സ് തുറന്നു. മരുഭൂമിയിൽ രാത്രി മാനും മയിലും കുറുക്കനും എല്ലാം തൻ്റെ മകൻ കണ്ടിരുന്നു എന്ന് പ്രീഡിഗ്രി സുഹൃത്ത് അസ് ലം പറഞ്ഞു. അവസാനം വരെ ശ്രദ്ധിച്ച് നോക്കിയിട്ടും ഞാൻ ഒന്നും കണ്ടില്ല. "കട്ട" വിടുന്ന അസ് ലമിൻ്റെ പഴയ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല എന്ന് മനസ്സിലായി.
പിറ്റേ ദിവസം കാണാൻ പോകുന്ന, ഉപേക്ഷിക്കപ്പെട്ട ഗ്രാമമായ കുൽദാരയെപ്പറ്റി ലെനിൻ വിശദീകരിച്ചു.ഇപ്പോഴും പല അപശബ്ദങ്ങളും കേൾക്കുന്നതിനാൽ രാത്രി അങ്ങോട്ട് പോകാൻ പ്രദേശവാസികൾക്കെല്ലാം ഭയമാണെന്നും ലെനിൻ പറഞ്ഞു. ജീപ്പ് ഉള്ളതിനാൽ ഒന്ന് പോയി ഉറപ്പ് വരുത്താം എന്ന് ഞാൻ അഭിപ്രായപ്പെട്ടു. പക്ഷേ, സ്ഥലം അത്ര അടുത്ത് അല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു. കുൽദാരയുടെ കെട്ടുകഥകളിൽ മുഴുകിയിരിക്കെ ഒരു നായ ഞങ്ങളുടെ അടുത്തെത്തി ഒന്ന് കുരച്ചു. എല്ലാവരും നന്നായൊന്ന് ഞെട്ടി.
നിഗൂഢതകൾ നിറഞ്ഞ കുൽദാരയെയും മനസ്സിൽ പേറി രാത്രി പന്ത്രണ്ട് മണിക്ക് ഞങ്ങൾ മരുഭൂമിയിൽ നിന്നും തിരിച്ചു പോന്നു.
(തുടരും...)
1 comments:
ഒരു മേൽക്കൂര പോലുമില്ലാത്ത ആ കടയിൽ, ജീവിതത്തിൻ്റെ മേൽക്കൂര പണിയാൻ പൊരി വെയിലത്ത് പോലും പണിയെടുക്കാൻ അഹമ്മദ് നിർബന്ധിതനാവുന്നു. ഇങ്ങനെ എത്ര എത്ര അഹമ്മദ്മാർ ?
Post a Comment
നന്ദി....വീണ്ടും വരിക