Pages

Saturday, April 05, 2025

പ്രേത ഗ്രാമത്തിൽ ( ദ ഐവി - 10 )

യാത്ര ഇവിടം വരെ...

മണലാരണ്യത്തിൽ മറഞ്ഞ സൂര്യൻ പടിഞ്ഞാറാണോ കിഴക്കാണോ വീണത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. അറബിക്കടൽ കേരളത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തായതിനാലും നമ്മുടെ നാട്ടിലെ സൂര്യൻ എന്നും വൈകിട്ട് അറബിക്കടലിൽ തന്നെ പതിക്കുന്നതിനാലും പടിഞ്ഞാറ് മാത്രമേ നാട്ടിലെ സൂര്യൻ അസ്തമിക്കു എന്ന് എൻ്റെ കോമൺസെൻസ് മനസ്സിലാക്കി വച്ചിരുന്നു. എന്തായാലും പിറ്റേന്ന് രാവിലെ സൂര്യൻ പൊങ്ങി വരുന്നതും കാത്ത് ഞാൻ ഞങ്ങളുടെ ക്യാമ്പ് ഓഫീസിൻ്റെ ടെറസിൽ കയറിയിരുന്നു.

ഞാൻ പ്രതീക്ഷിച്ചതിലും അല്പം ലേറ്റായിട്ടാണെങ്കിലും, അരുണൻ പൊങ്ങി വരുന്നത് കണ്ടപ്പോൾ വീണ്ടും ഒരു സംശയം ഉയർന്നു. ഇവിടെ തന്നെയല്ലേ പ്രകാശ വിതരണം നിർത്തി ഇന്നലെ വൈകിട്ട് പുള്ളി മറഞ്ഞത്🤔? മരുഭൂമിയിൽ അകപ്പെട്ടാൽ സൂര്യനും ഒരു പക്ഷേ വഴി തെറ്റുമായിരിക്കും. എൻ്റെ ടീമിലെ ആരും കാണാത്ത മരുഭൂമിയിലെ സൂര്യോദയം ക്യാമറയിൽ പകർത്തി ഞാൻ താഴെ ഇറങ്ങി. 

അല്പ സമയത്തിനകം തന്നെ പ്രാതൽ റെഡിയായതായി അറിയിപ്പ് ലഭിച്ചു. ചപ്പാത്തിയും പുലാവും അവലോസ് പൊടി പോലെ മധുരമുള്ള ഒരു പൊടിയും എല്ലാവരും പ്ലേറ്റിലേക്ക് വാരിയിട്ടു. പലരും കറി ഒഴിച്ചത് അവലോസ് പൊടിയിലായിരുന്നു എന്ന് ഭക്ഷണ ശേഷം വേസ്റ്റ് ബക്കറ്റിൽ നോക്കിയപ്പോൾ മനസ്സിലായി. 

പ്രാതൽ കഴിച്ച ഉടൻ തന്നെ ഞങ്ങൾ ക്യാമ്പിനോട് വിട ചൊല്ലി. നമ്മുടെ ഫോണിൽ നിന്ന് ക്യാമ്പ് വെബ് സൈറ്റിൽ കയറി ക്യാമ്പധികൃതർ തന്നെ അവർക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകി; പാരിതോഷികമായി ഓരോ ബോട്ടിൽ വെള്ളവും തന്നു. പലരും അവിടെ നിന്ന് ഇറങ്ങിയ ഉടൻ തന്നെ റേറ്റിംഗ് ഡിലീറ്റ് ചെയ്തത് ആ പാവങ്ങൾ അറിഞ്ഞില്ല.

പത്തര മണിയോടെ ഞങ്ങൾ പ്രേത ഗ്രാമമായ കുൽദാരയിൽ എത്തി. മുപ്പത് രൂപയാണ് ഈ ഊഷരഭൂമി കാണാനുള്ള ഫീസ്. സൂര്യൻ നിർദാക്ഷിണ്യം തലക്ക് മുകളിൽ കത്തിക്കാളുന്നുണ്ടായിരുന്നു. ആ വെളിച്ചത്തിൽ ഒരു പ്രേതവും കാണില്ല എന്ന ധൈര്യത്തിൽ അമ്പിളി ടീച്ചർ കുൽദാരയിലെ ശ്മശാനത്തിൽ വരെ പോയി. അപ്പോഴും തടിമിടുക്കുള്ള ചിലരെ ഒപ്പം കൂട്ടാൻ ടീച്ചർ മറന്നിരുന്നില്ല.

പഴയ രീതിയിൽ പണിതു കൊണ്ടിരിക്കുന്ന ഏതാനും ചില കെട്ടിടങ്ങളാണ് പ്രവേശന കവാടം പിന്നിട്ട ഉടനെ കാണാൻ സാധിക്കുക. കൊട്ടാരം പോലെയുള്ള ഒരു നിർമ്മിതി, ഇവിടെ താമസിച്ചിരുന്നത് രാജാക്കന്മാർ ആയിരുന്നോ എന്ന് സംശയമുണർത്തി.പക്ഷേ, പാലി ബ്രാഹ്മിൺസ് ആയിരുന്നു കുൽദാരയിലെ എമ്പത്തിയേഴോളം വില്ലേജുകളിലെ താമസക്കാർ എന്നും അവിടെ ഇൻസ്ക്രൈബ് ചെയ്തത് കണ്ടു. 

പാലി ബ്രാഹ്മിൺസ് കുൽദാര വിടാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. പരമ്പരാഗതമായ അവരുടെ തൊഴിൽ മേഖലക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയോ പ്രദേശത്തെ വരൾച്ചയോ ഭൂകമ്പമോ ആകാം ഈ ഗ്രാമങ്ങൾ മുഴുവൻ വിജനമാകാൻ കാരണം എന്ന് പറയപ്പെടുന്നു. എന്നാൽ ഒരു വിചിത്ര കഥയും ഇവിടെ പ്രചാരത്തിലുണ്ട്.

ജയ്സാൽമീർ രാജസഭയിലെ മന്ത്രിയായിരുന്ന സലീം സിംഗ് ഗ്രാമത്തിലെ ഒരു പെൺകുട്ടിയിൽ അനുരക്തനായി,അവളെ വിവാഹം കഴിക്കാൻ  ആഗ്രഹിച്ചു. പക്ഷേ, പെൺകുട്ടിയും അവളുടെ കുടുംബവും അതിന് വഴങ്ങിയില്ല. അതിൻ്റെ പേരിൽ സലിം സിംഗ് വിവിധ രൂപത്തിൽ ഗ്രാമവാസികളെ പീഢിപ്പിച്ചു. പീഢനം സഹിക്കാൻ കഴിയാതെ, ഒരൊറ്റ രാത്രിയിൽ മുഴുവൻ വീടുകളും ഉപേക്ഷിച്ച് എല്ലാവരും എങ്ങോട്ടോ പലായനം ചെയ്തു എന്നാണ് ഐതിഹ്യം. ഇന്നും രാത്രി സമയത്ത് ആരും കുൽദാരയിൽ പോകാറില്ല പോലും. ഭീതിജനകമായ പല അപശബ്ദങ്ങളും രാത്രിയിൽ അവിടെ മുഴങ്ങാറുണ്ട് പോലും (എന്നെങ്കിലും ഒന്ന് പോയി ഉറപ്പ് വരുത്തണം🤩).

തകർന്ന് പോയ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഞാനും വിനോദൻ മാഷും തേരാ പാരാ നടന്നു. മിക്ക വീടുകളും രണ്ട് മുറികൾ മാത്രമുള്ളതായി തോന്നി. അപൂർവ്വം ചില വലിയ വീടുകളുടെ അവശിഷ്ടങ്ങളും കണ്ടു. സിമൻ്റോ മണ്ണോ ചാന്തോ ഒന്നും ഉപയോഗിക്കാതെ കല്ലുകൾ വെറുതെ അടുക്കി വെച്ച രൂപത്തിലായിരുന്നു അവയെല്ലാം. അതുകൊണ്ട് തന്നെ, ഒരു ഭൂകമ്പത്തിൽ ഇടിഞ്ഞ് പൊളിഞ്ഞ് നശിച്ചു പോയതായിരിക്കും ഈ ഗ്രാമമെന്ന് എൻ്റെ മനസ്സ് പറഞ്ഞു.

നോക്കെത്താ ദൂരത്തോളം കാണാനുള്ളത് ഈ അവശിഷ്ടങ്ങൾ മാത്രമായിരുന്നു. സൂര്യനാണെങ്കിൽ തൻ്റെ ഉഗ്രപ്രതാപം മുഴുവൻ പുറത്തെടുത്ത് കഴിഞ്ഞിരുന്നു. നഗ്ന ശിരസ്സിന് ഏറ്റുവാങ്ങാവുന്ന ചൂടിൻ്റെ പരിധി വിടുന്നതായി ചിലർക്കൊക്കെ തോന്നി. ഒരു മണിക്കൂർ കൊണ്ട് പര്യടനം പൂർത്തിയാക്കി എല്ലാവരും ബസ്സിൽ തിരിച്ചെത്തി. ഉച്ച ഭക്ഷണത്തിനും ജയ്സാൽമീർ കോട്ടയിലെ കാഴ്ചകൾക്കുമായി ഞങ്ങൾ യാത്ര തുടർന്നു.

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

ഭീതിജനകമായ പല അപശബ്ദങ്ങളും രാത്രിയിൽ അവിടെ മുഴങ്ങാറുണ്ട് പോലും (എന്നെങ്കിലും ഒന്ന് പോയി ഉറപ്പ് വരുത്തണം🤩).

Post a Comment

നന്ദി....വീണ്ടും വരിക