Pages

Thursday, April 10, 2025

ജയ്സാൽമീർ കോട്ട ( ദ ഐവി - 11 )

 യാത്ര ഇതു വരെ

കൃത്യം പന്ത്രണ്ടര മണിക്ക് ഞങ്ങൾ ജയ്സാൽമീർ കോട്ടക്ക് മുന്നിലെത്തി. ഭക്ഷണം കഴിക്കേണ്ടവർക്ക് അത് കഴിച്ചും അല്ലാത്തവർക്ക് കോട്ട കണ്ടതിന് ശേഷം കഴിക്കാനുമുള്ള അനുവാദം ടൂർ മാനേജർ ലെനിൻ നൽകിയപ്പോൾ ഞാൻ കൺഫ്യുഷനിലായി. കൊറെ പേർ കോട്ടക്കകത്തും കൊറെ എണ്ണം പുറത്തുമായി ടിക്കറ്റ് എങ്ങനെ വിഭജിക്കും എന്നതായിരുന്നു എന്റെ ശങ്ക. അപ്പോഴാണ് ജയ്സാൽമീർ കോട്ട ഒരു ലൈവ് കോട്ടയാണെന്ന് ലെനിൻ പറഞ്ഞത്. അതായത് ജനങ്ങൾ ഇപ്പോഴും താമസിച്ച് കൊണ്ടിരിക്കുന്ന ഒരു കോട്ട. അതിനാൽ തന്നെ അകത്ത് കയറാൻ ടിക്കറ്റ് ആവശ്യമില്ല! നാളിതു വരെ കയറിയ കോട്ടയിൽ ഏതിലും ടിക്കറ്റ് ഇല്ലാതെ കയറിയതായി എൻ്റെ ഓർമ്മയിൽ ഇല്ല.

കോട്ടയുടെ ചുറ്റുമതിൽ വളരെ ദൂരെ നിന്ന് തന്നെ കാണാമെങ്കിലും പ്രവേശന കവാടം കണ്ടു പിടിക്കാൻ അൽപം ബുദ്ധിമുട്ടാണ്. കോട്ട മതിലിനെ ചുറ്റിയുള്ള റോഡിലൂടെ ഇരുനൂറ് മീറ്റർ മുന്നോട്ട് നടന്നാൽ പ്രവേശന കവാടം കാണാമെന്ന് തദ്ദേശീയനായ ഒരാൾ പറഞ്ഞ് തന്നതനുസരിച്ച് ഞാനും വിനോദൻ മാഷും നടത്തം തുടങ്ങി. പരിചയ സമ്പന്നന്നായ ഒരു ഗൈഡിന്റെ സഹായം തേടാൻ ഒരു മെഗാഫോണിലൂടെ പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. സഞ്ചാരികൾ ആരും തന്നെ അത് ഗൗനിക്കുന്നില്ല എന്ന് മാത്രം.

കോട്ടയുടെ കവാടത്തിൽ എത്തിയപ്പോൾ ലെനിൻ പറഞ്ഞ ലൈവ് കോട്ട എന്താണെന്ന് കൃത്യമായി ബോധ്യമായി. കോട്ട കവാടത്തിലൂടെ കാറും ബൈക്കും ഓട്ടോയും എല്ലാം യഥേഷ്ടം കടന്നു പോകുന്നു. കോട്ടക്കകത്തും പുറത്തും ഉള്ള പാതയോരം മുഴുവൻ വിവിധ തരത്തിലുള്ള കച്ചവടക്കാർ കയ്യടക്കിയിരിക്കുന്നു. നഗരങ്ങളിലെ ഗല്ലികൾ പോലെ പല ഭാഗത്തേക്കും നീണ്ടു പോകുന്ന ഇടുങ്ങിയ വഴികളിലൂടെ ജനങ്ങൾ കുത്തി ഒഴുകുന്നു. അതിൽ സഞ്ചാരികളുണ്ട്, കോട്ടയ്ക്കകത്തെ താമസക്കാരുമുണ്ട്. ടൂറിസ്റ്റുകൾക്കും കോട്ടയ്ക്കകത്ത് താമസിക്കാം എന്ന് അസ്‌ലം പറഞ്ഞത് വെറും "കട്ട" യല്ലെന്ന് ചിലയിടങ്ങളിൽ കണ്ട "റൂം അവൈലബിൾ" ബോർഡുകൾ വിളിച്ച് പറഞ്ഞു.
ഏത് ഗല്ലിയിലേക്ക് നീങ്ങണം എന്നറിയാത്തതിനാൽ കാലുകൾ നയിച്ച വഴിയിലൂടെ ഞങ്ങൾ നീങ്ങി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിയത്. കോട്ടയ്ക്ക് അകത്താണ് ആ സ്ഥലം എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. വീടിന് മുന്നിലിരിക്കുന്ന ഒരാളോട് ചോദിച്ചപ്പോൾ അല്പം കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞാൽ സിറ്റി വ്യൂ പോയിന്റിൽ എത്തും എന്നറിഞ്ഞു. ഇടുങ്ങിയ വഴിയിലൂടെ നടന്ന് മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി ഞങ്ങൾ വ്യൂ പോയിന്റിൽ എത്തി. ഞങ്ങളുടെ ടീമിലെ ജിൻസിയും ആകാശും മറ്റ് ചിലരും അവിടെ നേരത്തെ എത്തി ഫോട്ടോകൾ എടുത്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. .
നഹാർഗഡ് കോട്ടയിൽ നിന്ന് ജയ്പൂർ നഗരം കാണുന്ന പോലെ ഇവിടെ നിന്നാൽ കെട്ടിട സമൃദ്ധമായ ജയ്സാൽമീർ പട്ടണം മുഴുവനായും കാണാം. പട്ടണ ഭാഗത്തെ കോട്ട മതിലിൽ കയറി നിന്ന് ഫോട്ടോ എടുക്കാനുള്ള ശ്രമം അവിടെ കച്ചവടം നടത്തുന്ന ആൾ തടഞ്ഞു. വൻ പിഴ ഈടാക്കാവുന്ന കുറ്റമാണതെന്ന് കൂടി പറഞ്ഞതോടെ ഞങ്ങൾ ആ ശ്രമത്തിൽ നിന്ന് പിൻമാറി.അല്ലാതെ അത്ര ഉയരത്തിൽ കയറി ഫോട്ടോ എടുക്കാൻ പേടിയുള്ളത് കൊണ്ടല്ല😊.

സിറ്റി വ്യൂ പോയിന്റിൽ അധിക സമയം നിന്നാൽ എൻ്റെ തലയിൽ ഓംലറ്റ് അടിയ്ക്കാം എന്ന് വിനോദൻ മാഷിൻ്റെ മുന്നറിയിപ്പ് വന്നു. അത് സത്യമായി തോന്നിയതിനാൽ ഞാൻ താഴേക്കിറങ്ങി. വീടുകളുടെ വരാന്തയിലൂടെ നടക്കുന്ന പോലെയായിരുന്നു പിന്നീട് തോന്നിയത്.തെന്നി വീണാൽ ഏതെങ്കിലും വീടിൻ്റെ ഉള്ളിലായിരിക്കും എന്നതായിരുന്നു അവസ്ഥ.

കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ വീണ്ടും നടത്തം തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. തുണിത്തരങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയുടെ മുമ്പിൽ പച്ച മലയാളത്തിൽ എഴുതിയ ഒരു കുഞ്ഞു ബോർഡ് കണ്ടു - 'കേറി വാടാ മക്കളേ !' ഈ കോട്ടക്കകത്തും മലയാളികൾ ധാരാളം എത്തുന്നതായി അതിൽ നിന്നും ഞാൻ മനസ്സിലാക്കി. അപ്പോഴാണ് ഒരു ഗൈഡ് ചില കാര്യങ്ങൾ വിശദീകരിക്കുന്നത് ഞാൻ കേട്ടത്. ഒരു ചെവി ഞാൻ  മെല്ലെ അവിടെ കൊണ്ടു വച്ചു.

(തുടരും...)

2 comments:

Areekkodan | അരീക്കോടന്‍ said...

ഏത് ഗല്ലിയിലേക്ക് നീങ്ങണം എന്നറിയാത്തതിനാൽ കാലുകൾ നയിച്ച വഴിയിലൂടെ ഞങ്ങൾ നീങ്ങി.

Anonymous said...

😍

Post a Comment

നന്ദി....വീണ്ടും വരിക