Pages

Monday, March 24, 2025

താർ മരുഭൂമിയിൽ (ദ ഐവി - 8 )

 യാത്ര ഇത് വരെ .....

ഡെസർട്ട് ക്യാമ്പിൽ ഞങ്ങൾക്കനുവദിച്ച ടെൻ്റിലേക്ക് ഞാനും വിനോദ് മാഷും വേഗം നീങ്ങി. നന്നായിട്ടൊന്ന് കുളിക്കണം എന്നതായിരുന്നു പ്രധാന ഉദ്ദേശം. അധികം വൈകാതെ മരുഭൂമിയിലെ സൂര്യാസ്തമയം കാണാൻ പോകേണ്ടതുണ്ട് എന്നതും എല്ലാവരെയും ധൃതിയുള്ളവരാക്കി. നാളെ രാവിലെ തന്നെ ക്യാമ്പ് വിടും എന്നതിനാൽ, കടലിലെ സൂര്യാസ്തമയം മാത്രം കണ്ട് പരിചയമുള്ള ഞങ്ങൾക്ക് ഇത് ഇന്ന് തന്നെ കാണൽ നിർബന്ധമായിരുന്നു. സാധാരണ ഫാമിലി പാക്കേജ് ആണെങ്കിൽ അസ്തമയവും ഉദയവും കാണാൻ സൗകര്യമൊരുക്കും. എന്നാൽ ജംബോ ഗ്രൂപ്പുകൾക്ക് ഏതെങ്കിലും ഒന്നിനേ പോകാൻ പറ്റൂ.

മരുഭൂമി എന്തെന്ന് അറിയാനും ആസ്വദിക്കാനും ഒട്ടക സവാരി നടത്താനും എല്ലാം അല്പം നേരത്തെ അവിടെ എത്തൽ നിർബന്ധമായിരുന്നു. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ സാം സാൻഡ് ഡ്യൂൺസിലായിരുന്നു ഞങ്ങളും ചെന്നെത്തിയത്. കാറ്റ് സൃഷ്ടിക്കുന്ന കുന്നുകളും അതിലെ പാറ്റേണുകളും എന്നാണ് സാൻഡ് ഡ്യൂൺസ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ജയ്സാൽമീർ ജില്ലയിലെ സാം എന്ന സ്ഥലത്തായതിനാൽ അതിന്  സാം സാൻഡ് ഡ്യൂൺസ് എന്ന കിടിലൻ പേര് കിട്ടി എന്ന് മാത്രം. സത്യം പറയാമല്ലോ, ജയ്സാൽമീറിൽ എത്തുന്ന സഞ്ചാരികളുടെ വാക്കുകളിൽ നിന്ന് സാം സാൻഡ് ഡ്യൂൺസ് എന്നാൽ എന്തോ ഒരു കിടിലൻ സ്ഥലമാണെന്നായിരുന്നു ഞാൻ കരുതിയത്.

അഞ്ച് മണിയോടെ ഞങ്ങളുടെ ബസ്സിൽ തന്നെ ഞങ്ങൾ താർ മരുഭൂമിയിലെത്തി. പഹൽഗാമിൽ പോണി വാലകൾ കുതിര സവാരിക്കായി ക്ഷണിച്ചത് പോലെ ഇവിടെ ഊംഡ് വാലകൾ ഒട്ടക സവാരിക്കായി ഞങ്ങളെ പൊതിഞ്ഞു. വലിയ ഒരു ഏരിയ ചൂണ്ടിക്കാട്ടി അത് വഴിയൊക്കെ കറങ്ങി വരാൻ രണ്ട് പേർക്ക് നൂറ് രൂപയാകും എന്നും പറഞ്ഞു. ഒട്ടക സവാരി ഞങ്ങളുടെ പാക്കേജിൽ ഉള്ളതായതിനാൽ ടൂർ മാനേജർ ലെനിൻ്റെ നിർദ്ദേശത്തിനായി ഞങ്ങൾ കാത്ത് നിന്നു. എല്ലാവർക്കും കയറാൻ പാകത്തിൽ പെട്ടെന്ന് തന്നെ ഒരു കൂട്ടം ഒട്ടകങ്ങളെ ഒരുമിച്ച് കിട്ടി. ഈരണ്ട് പേരായി ഒട്ടകപ്പുറത്തേറി. 

വിമാനത്തിൻ്റെ ടേക്ക് ഓഫ് സമയത്ത് അടിവയറ്റിൽ മിന്നുന്ന കൊള്ളിയാൻ പോലെ ഒന്ന് നിലത്ത് കിടക്കുന്ന ഒട്ടകം എണീക്കുമ്പോഴും എനിക്ക് അനുഭവപ്പെട്ടു. ഒട്ടകത്തിൻ്റെ മൂക്കു കയർ പിടിച്ചവനെ കണ്ടപ്പോൾ വിനോദൻ മാഷിന് ഇറങ്ങണം എന്നായി. കാരണം ഒട്ടകത്തിൻ്റെ മുട്ടിൻകാൽ ഉയരം പോലും ഇല്ലാത്ത കുഞ്ഞ് മക്കളായിരുന്നു എല്ലാത്തിൻ്റെയും നിയന്ത്രണക്കാർ. അതും ചിലരുടെ കയ്യിൽ രണ്ടെണ്ണത്തിൻ്റെ കടിഞ്ഞാൺ !!

പേടിക്കാനൊന്നുമില്ല എന്നും, വീഴുമ്പോൾ കണ്ണും മൂക്കും വായും അടച്ച് പിടിച്ച് വീണാൽ ഒന്നും പറ്റില്ല എന്നുമുള്ള എൻ്റെ വാക്കുകൾ വിനോദൻ മാഷിന് ധൈര്യം പകർന്നു. കണ്ണിലും മൂക്കിലും വായിലും മണൽ കയറാതിരിക്കാനായിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്. ഒട്ടകങ്ങൾ അടുത്ത് വന്നു തൊട്ടുരുമ്മുന്നതും പിടിക്കാൻ ഒരു പിടിവള്ളി പോലും ഇല്ലാത്തതും (മുന്നിൽ ഇരിക്കുന്നയാൾക്ക് മരക്കൊമ്പ് പോലെ ഒരു സാധനത്തിൽ പിടിച്ചിരിക്കാം) സവാരി പെട്ടെന്ന് തീർക്കാൻ വിനോദൻ മാഷെ പ്രേരിപ്പിച്ചു. 

മാഷിൻ്റെ മനോഗതം പോലെ,  ചൂണ്ടിക്കാണിച്ച ഏരിയയുടെ അകത്ത് ഒരു കുഞ്ഞു വൃത്തം വരച്ച് സവാരി അവസാനിച്ചു. ഒട്ടകപ്പുറത്ത് നിന്നിറങ്ങിയ ഞങ്ങൾ, മരുഭൂമിയിലൂടെ ഒന്ന് നടന്ന് നോക്കാൻ തീരുമാനിച്ചു. അങ്ങനെ നടക്കുന്നതിനിടയിൽ വീണ്ടും ഒരു ഊംഡ് വാല ഞങ്ങളെ സമീപിച്ചു. വിനോദൻ മാഷിന് താല്പര്യമില്ലാത്തതിനാൽ അമ്പത് രൂപക്ക് ഞാൻ ഒറ്റക്ക് ഒട്ടകപ്പുറത്തേറി. അല്പം കൂടി വേഗതയിൽ മറ്റൊരു കുഞ്ഞു വൃത്തം വരച്ച് അയാളും ഫിനിഷ് ചെയ്തു.

പൊടിപ്പറത്തിക്കൊണ്ട് കുതിച്ച് പായുന്ന സഫാരി ജീപ്പുകളും ബൈക്കുകളും കാൽനട ദുരിതത്തിലാക്കി. കണ്ണും മൂക്കും ഇല്ലാതെ പല വഴിയെ വരുന്ന സഫാരി വണ്ടികൾ ഞങ്ങളെ ഇടിച്ച് തെറുപ്പിക്കുമോ എന്ന് പോലും ഒരു വേള ഭയന്നു. അതുകൊണ്ട് തന്നെയാകാം ഞങ്ങളെപ്പോലെ അതിലൂടെ നടക്കുന്നവർ വിരലിൽ എണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. സാൻഡ് ഡ്യൂൺസ് എല്ലാം ഇവരുടെ ചീറിപ്പായലിൽ അലങ്കോലമായിരുന്നു. നടന്ന് നടന്ന് ഞങ്ങൾ ദൂരെ ഒരു സ്ഥലത്തെത്തി. അതിനപ്പുറത്തേക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ ഞങ്ങൾ തിരിച്ച് പോന്നു.

സൂര്യാസ്തമയത്തിൻ്റെ ലക്ഷണങ്ങൾ വാനിൽ കണ്ട് തുടങ്ങി. മണൽ കൂനയുടെ പിറകിൽ നിന്ന് ഒട്ടകങ്ങളുടെ പശ്ചാത്തലത്തിലുള്ള അസ്തമയ സൂര്യന്റെ ഭംഗി ഞാൻ മനസ്സിൽ ഒന്ന് കോറിയിട്ടു. പ്രകൃതി വരയ്ക്കാൻ പോകുന്ന ആ ചിത്രം കാണാനും ക്യാമറയിൽ പകർത്താനുമായി ഞാനും വിനോദ് മാഷും കാത്തിരുന്നു.

(തുടരും...)


2 comments:

Areekkodan | അരീക്കോടന്‍ said...

സത്യം പറയാമല്ലോ, ജയ്സാൽമീറിൽ എത്തുന്ന സഞ്ചാരികളുടെ വാക്കുകളിൽ നിന്ന് സാം സാൻഡ് ഡ്യൂൺസ് എന്നാൽ എന്തോ ഒരു കിടിലൻ സ്ഥലമാണെന്നായിരുന്നു ഞാൻ കരുതിയത്.

Anonymous said...

😍

Post a Comment

നന്ദി....വീണ്ടും വരിക