Pages

Friday, March 14, 2025

അടൽ ബ്രിഡ്ജിലെ "സാൾട്ട് ആന്റ് കാംഫർ" (ദ ഐവി - 5 )

കഥ പറയുമ്പോൾ .....( Click & Read )

സബർമതി ആശ്രമത്തിൽ നിന്ന് തിരിച്ചു പോരുന്നതിന് മുമ്പ് സബർമതി നദിയുടെ അവസ്ഥ അറിയാനായി ഞാൻ നദീ തീരത്തേക്ക് എത്തി നോക്കി.എൻ്റെ കുട്ടികാലത്ത് ചാലിയാർ പുഴയിൽ പോയി കുളിക്കുന്നതും കളിക്കുന്നതും ഞങ്ങളുടെ ഒരു പതിവായിരുന്നു. റെഗുലേറ്റർ കെട്ടി പുഴയുടെ ഒഴുക്ക് തടഞ്ഞതോടെ പുഴയിലെ കളിസ്ഥലങ്ങൾ ഇല്ലാതായി. ഒഴുക്ക് നിലച്ച പുഴ ക്രമേണ വൃത്തിഹീനമായി. ഇരുട്ടിൻ്റെ മറവിൽ പുഴകൾ മാലിന്യം തള്ളാനുള്ള ഇടം കൂടിയായി മാറിയതോടെ പുഴയിലെ കുളിയും നിലച്ചു. ഇത്  തന്നെയാണോ സബർമതി പുഴയുടെയും അവസ്ഥ എന്നതറിയുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

നീർ പക്ഷികൾ നിര നിരയായി നീന്തിത്തുടിക്കുന്ന കാഴ്ചയാണ് ആദ്യം എൻ്റെ ശ്രദ്ധയിൽ പെട്ടത്. അത്രയും പക്ഷികൾ നീന്തുന്നത് അവയുടെ ഇരകളായ മത്സ്യങ്ങളെ തേടിയിട്ടായിരിക്കും എന്നതിൽ സംശയമില്ല. അങ്ങനെയെങ്കിൽ പുഴ മത്സ്യ സമ്പന്നമാണ്. മത്സ്യസമ്പത്തുള്ള പുഴയുടെ മലിനീകരണ തോത് വളരെ കുറവായിരിക്കും എന്ന് എൻ്റെ കോമൺസെൻസ് പറഞ്ഞു.

പുഴയുടെ കര നല്ല രീതിയിൽ കെട്ടി ഉയർത്തിയിട്ടുണ്ട്. ഇരിക്കാനായി ധാരാളം സീറ്റുകളും ഒരുക്കി വച്ചിട്ടുണ്ട്. പെട്ടെന്നാണ് ടൂറിലെ സബർമതി റിവർഫ്രണ്ട് വിസിറ്റ് എൻ്റെ മനസ്സിൽ വന്നത്. ബട്ട്, ആശ്രമത്തിൽ നിന്നും അങ്ങോട്ട് ഇറങ്ങാനുള്ള ഗേറ്റ് അടച്ചു പൂട്ടിയിരിക്കുകയാണ്.

"സർ, പോകാം" ടൂറിൻ്റെ സ്റ്റുഡൻ്റ് കോർഡിനേറ്റർ അഭയ് വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.

എല്ലാവരും ബസ്സിൽ തിരിച്ചു കയറി. രാത്രി ഒമ്പത് മണിക്ക്, തൊട്ടടുത്തുള്ള സബർമതി റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനിന് ജയ്സാൽമീറിലേക്കാണ് ഇനി യാത്ര. അതിന് അഞ്ചര മണിക്കേ തിരിക്കുന്നതിൻ്റെ ആവശ്യകത എനിക്ക് പിടികിട്ടിയില്ല. ബസ് ഞങ്ങളെയും വഹിച്ചുകൊണ്ട് നഗരവീഥിയിലൂടെ ഓടാൻ തുടങ്ങി. അൽപ സമയം കഴിഞ്ഞ് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് നിർത്തി എല്ലാവരെയും ഇറക്കി.

"എട്ട് മണി വരെ നമുക്കിവിടെ സമയമുണ്ട്. സബർമതി റിവർ ഫ്രണ്ട് ആണ് എക്സ്പ്ലോർ ചെയ്യാനുള്ളത്. അടൽ ബ്രിഡ്ജിലേക്ക് അൽപം കഴിഞ്ഞ് കയറാം. താഴെ സൈക്കിൾ സവാരി ചെയ്യാം. ഭക്ഷണവും ആവശ്യമുള്ളവർക്ക് കഴിക്കാം.." ടൂർ മാനേജറായ സൂര്യ പറഞ്ഞപ്പോഴാണ് ആശ്രമത്തിൽ നിന്നും നേരത്തെ സ്ഥലം വിട്ടതിൻ്റെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയത്.

നേരം ഇരുട്ടിയ ശേഷം ബ്രിഡ്ജിലെ ലൈറ്റുകൾ തെളിയുമ്പോഴാണ് പാലത്തിനും അതിൽ നിന്നുള്ള ഫോട്ടോകൾക്കും രസം കിട്ടൂ എന്നതിനാൽ ഞങ്ങളിൽ പലരും സൈക്ലിംഗിന് താഴേക്കിറങ്ങി. അര മണിക്കൂർ റൈഡിന് നൂറ് രൂപയായിരുന്നു ചാർജ്ജ്. ഞാനും വിനോദൻ മാഷും സൈക്കിൾ എടുക്കാൻ ചെല്ലുമ്പോഴേക്കും ടൂറിലെ ലേഡി സ്റ്റാഫായ അമ്പിളി ടീച്ചറും ഏതാനും കുട്ടികളും സൈക്കിൾ സവാരി തുടങ്ങിയിരുന്നു.

  കൊടൈക്കനാലിലെ സൈക്കിൾ സവാരി  (ക്ലിക്ക് ചെയ്ത് വായിക്കുക)  പോലെ ഒന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ, നദിയുടെ കരയിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പോയി തിരിച്ചു വരുന്നതാണ് ഇവിടത്തെ റൈഡിംഗ്. ഒരു വ്യായാമം എന്നതിലുപരി മറ്റൊന്നും അതിൽ ആസ്വദിക്കാൻ ഇല്ല. ബ്രിഡ്ജിൽ ലൈറ്റ് തെളിയാൻ സമയമായതോടെ സൈക്കിൾ തിരിച്ചേല്പിച്ച് ഞങ്ങൾ മുകളിലേക്ക് കയറി.

അടൽ ബ്രിഡ്ജ് പെട്ടെന്ന് കണ്ടാൽ വളഞ്ഞ് പുളഞ്ഞ് നിൽക്കുന്നത് പോലെ തോന്നും. നടക്കാൻ മാത്രമുള്ള ഒരു പാലമാണിത്. പാലത്തിൽ പ്രവേശിക്കാൻ അമ്പത് രൂപയാണ് ഫീസ്. ചെറിയ ഒരു കയറ്റം കയറി ഇറങ്ങുന്ന പോലെയാണ് പാലത്തിൻ്റെ ഘടന. പട്ടത്തിൻ്റെ ആകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടുള്ള ഒരു നിർമ്മിതിയാണ് ഇത്. മദ്ധ്യ ഭാഗത്തേക്ക് എത്തുമ്പോൾ പാർക്കിലെപ്പോലെ ഇരിക്കാനുള്ള സൗകര്യങ്ങളും കഫെ സ്റ്റാളുകളും ഉണ്ട്. സബർമതി പുഴയിൽ നിന്നും ഉയരുന്ന ഇളംതെന്നലേറ്റ് കാപ്പിയും ചായയും കുടിക്കാം. വില കേട്ടാൽ ഞെട്ടുമെന്ന് മാത്രം - ഒരു പേപ്പർ കപ്പ് സാദാ ചായക്ക് നാല്പത് രൂപ ! ഒരു തവണ ഒരാസ്വാദനത്തിന് ആവാം എന്നതിനാൽ ഞങ്ങൾ ഓരോ ചായ കുടിച്ചു.

ബ്രിഡ്ജിൻ്റെ മറുവശം വരെ നടന്ന് പോയി ഞങ്ങൾ തിരിച്ചു പോന്നു.നേരത്തെ ചായ കുടിച്ച കഫേക്കടുത്ത് മലയാളികളെപ്പോലെ ഏതാനും കുട്ടികളെ കണ്ടപ്പോൾ ഞങ്ങൾ ഒന്ന് പരിചയപ്പെടാൻ ചെന്നു.

"സാൾട്ട് ആന്റ് കാംഫർ ചാനലിലെ സാർ അല്ലേ?" എന്നെ കണ്ടതും അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു. സി.ഇ.ടിയിലെ ആറാം സെമസ്റ്റർ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആയിരുന്നു അവർ.

അsൽ ബ്രിഡ്ജിൽ നിന്നും എല്ലാവരും തിരിച്ചെത്തിയതോടെ ഞങ്ങൾ വീണ്ടും നഗര മദ്ധ്യത്തിലേക്ക് നീങ്ങി. ഭക്ഷണം കഴിച്ച ശേഷം സബർമതി റെയിൽവെ സ്റ്റേഷനിൽ എത്തി. രാത്രി പത്ത് മണിക്ക് ഞങ്ങൾ ജയ്സാൽമീറിലേക്കുള്ള യാത്ര ആരംഭിച്ചു. അൽപമൊന്ന് മയങ്ങിയപ്പോൾ എൻ്റെ കാതിൽ ആരോ വന്ന് പാടാൻ തുടങ്ങി.
"തലയ്ക്കുമീതേ ശൂന്യാകാശം
താഴെ മരുഭൂമീ
തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ
ദാഹജലം തരുമോ ദാഹജലം തരുമോ "

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

അടൽ ബ്രിഡ്ജിൽ .....

Post a Comment

നന്ദി....വീണ്ടും വരിക