Pages

Friday, March 21, 2025

യെല്ലോ സിറ്റിയിൽ ... ( ദ ഐവി - 7)

യാത്ര ഇവിടെ വരെ (click & read)

ജയ്സാൽമീറിൽ ഞങ്ങൾ ട്രെയിൻ ഇറങ്ങുമ്പോൾ സമയം ഉച്ചക്ക് പന്ത്രണ്ട് മണിയായിരുന്നു. ഇന്ത്യയിലെ വിവിധ റെയിൽവെ സ്റ്റേഷനുകളെപ്പോലെ ജയ്സാൽമീർ സ്റ്റേഷനിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ട്രെയിൻ ഇറങ്ങിയത് പൊരി വെയിലിൽ പൊടി നിറഞ്ഞ് കിടക്കുന്ന പ്ലാറ്റ്ഫോമിലേക്കായിരുന്നു. ടൂർ മാനേജർ ലെനിൻ, സ്റ്റേഷന് പുറത്ത് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും എത്തിയതോടെ ജയ്സാൽമീറിലെ ഞങ്ങളുടെ രഥമായ "ഹനുമാനി"ൽ കയറി.

ഉച്ച ഭക്ഷണം കഴിച്ച ശേഷം ജയ്സാൽമീർ കോട്ടയും കണ്ട് ഡെസർട്ട് ക്യാമ്പിലേക്ക് നീങ്ങും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്.

അത്യാവശ്യം നല്ലൊരു ഹോട്ടൽ ആണെന്ന് ലെനിൻ പറഞ്ഞ് ഞങ്ങളെത്തിയത് കോട്ടക്കടുത്തുള്ള ഹോട്ടൽ മിലനിൽ ആയിരുന്നു. ജയ്സാൽമീർ കോട്ടക്കൊപ്പം തന്നെ പണി കഴിപ്പിച്ച ഒരു തൊഴുത്ത് ഒന്ന് മിനുക്കി കുറെ മേശയും കസേരയും ഇട്ടത് പോലെയാണ് ആദ്യ      കാഴ്ചയിൽ  എനിക്ക് തോന്നിയത്. ഞങ്ങൾക്ക് തന്നെ എല്ലാവർക്കും  ഇരിക്കാൻ സൗകര്യമില്ലാത്ത അവിടെ CET യിലെ കുട്ടികൾ കൂടി എത്തിയിരുന്നു. ബട്ടർ നാനും ദാൽ ഫ്രൈയും കഴിച്ച് ഞങ്ങൾ വേഗം പുറത്തിറങ്ങി.

കുട്ടികൾ പലരും പല വഴിക്ക് നീങ്ങുന്നത് കണ്ട ഞാൻ അടുത്ത പരിപാടി അറിയാനായി സ്റ്റുഡൻ്റ് കോർഡിനേറ്റർ അഭയിനെ വിളിച്ചു. കോട്ടക്കകത്ത് ഇന്ന് കയറുന്നില്ല എന്നും പരിസരം ഒന്ന് നടന്ന് കണ്ട് പരിചയപ്പെടാൻ അൽപസമയം അനുവദിച്ചിട്ടുണ്ടെന്നും അഭയ് അറിയിച്ചു. പൊരി വെയിലത്ത് അലഞ്ഞ് തിരിയേണ്ട എന്ന തീരുമാനത്തിൽ ഞാൻ സമീപത്ത് എവിടെയെങ്കിലും പള്ളിയുണ്ടോ എന്ന് ഗൂഗിളമ്മായിയോട് ചോദിച്ചു. നൂറ് മീറ്റർ അടുത്ത് തന്നെ ഒരു ഗൂഗിളമ്മായി  പള്ളി കാണിച്ച് തന്നപ്പോൾ എനിക്കും സന്തോഷമായി. അമ്മായി കാണിച്ച വഴിയേ ഞാൻ നടന്നു.

പള്ളി കണ്ടെത്തിയെങ്കിലും അകത്തേക്ക് കയറാനുള്ള വഴികൾ എല്ലാം പൂട്ടിക്കിടന്നത് എന്നെ നിരാശനാക്കി. ചോദിച്ച് നോക്കാൻ ഒരാളെപ്പോലും കാണാത്തതിനാൽ ഞാൻ തിരിച്ചു പോരുകയായിരുന്നു. അപ്പോഴാണ് ഏതാനും കുട്ടികളുടെ ശബ്ദം എൻ്റെ ചെവിയിൽ വന്നലച്ചത്. പള്ളിയുടെ മുമ്പിലേക്കെത്തുന്ന ഒരു ഇടുങ്ങിയ വഴിയിലൂടെ എന്തൊക്കെയോ സംസാരിച്ച് വരുന്ന കുട്ടിക്കൂട്ടത്തോട് പ്രതീക്ഷയില്ലാതെ, പള്ളിയിൽ കയറാനുള്ള വഴി ഞാൻ ചോദിച്ചു. എൻ്റെ ചോദ്യം മനസ്സിലായ കുട്ടികളിലൊരാൾ പൂട്ടിക്കിടന്ന വാതിലിൻ്റെ മുന്നിൽ വന്ന് ഒന്ന് ചാടി മുകളിൽ തപ്പിക്കൊണ്ട് എനിക്ക് താക്കോൽ എടുത്ത് തന്നു! അങ്ങനെ ജയ്സാൽമീറിലെ പള്ളി സ്വയം തുറന്ന് കൊണ്ട് ഞാൻ നമസ്കാരം നിർവ്വഹിച്ചു. തിരിച്ചിറങ്ങുമ്പോഴേക്കും പ്രാർത്ഥനയ്ക്കായി നിരവധി പേർ വന്നതിനാൽ എനിക്കത് പൂട്ടേണ്ടി വന്നില്ല.

തിരിച്ച് വിനോദൻ മാഷുടെ അടുത്തെത്തിയപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ജയ്പൂരിലെ കെട്ടിടങ്ങൾക്ക് പിങ്ക് നിറം എന്ന പോലെ ജയ്സാൽമീറിലെ കെട്ടിടങ്ങൾക്കെല്ലാം മഞ്ഞ നിറമായിരുന്നു. കോട്ട മതിലടക്കം മഞ്ഞ നിറത്തിൽ കണ്ടപ്പോൾ ഞാൻ ഗൂഗിളിൽ വീണ്ടും തപ്പി. ജയ്പൂരിനെ പിങ്ക് സിറ്റി എന്ന് വിളിക്കുന്ന പോലെ ജയ്സാൽമീറിനെ യെല്ലോ സിറ്റി എന്നും വിളിക്കുന്നു എന്ന് ഗൂഗിൾ പറഞ്ഞ് തന്നു. കെട്ടിടങ്ങളിൽ സൂര്യകിരണങ്ങൾ പതിക്കുമ്പോൾ സ്വർണ്ണ നിറം ആകുന്നതിനാൽ ഗോൾഡൻ സിറ്റി എന്നും ജയ്സാൽമീർ അറിയപ്പെടുന്നുണ്ട്.

രണ്ട് മണിയോടെ കോട്ട പരിസരത്തെ കറക്കം അവസാനിപ്പിച്ച് ഞങ്ങൾ ഡെസർട്ട് ക്യാമ്പിലേക്കുള്ള യാത്ര ആരംഭിച്ചു. മരുഭൂമിയുടെ സാമീപ്യം അറിയിച്ചു കൊണ്ട് റോഡിനിരുവശവും മണലാരണ്യങ്ങൾ കണ്ട് തുടങ്ങി.

വിവിധ റിസോർട്ടുകളിലേക്കുള്ള ടാക്സികൾ സഞ്ചാരികളെയും വഹിച്ച്  ഇടതടവില്ലാതെ പോയിക്കൊണ്ടിരിക്കുന്നുണ്ട്. നാല്പതും അമ്പതും ടെൻ്റുകളുമായി (റിസോർട്ടുകൾ) സഞ്ചാരികളെ കാത്തിരിക്കുന്ന നിരവധി ഡെസർട്ട് ക്യാമ്പുകൾ വഴി നീളെ കാണാം. ഡെസർട്ട് ക്യാമ്പിൽ റൂം കിട്ടാത്തത് കാരണം ആരും തിരിച്ച് പോകും എന്ന് എനിക്ക് തോന്നുന്നില്ല. ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ബുക്ക് ചെയ്ത 'വെൽകം ഡെസർട്ട് ക്യാമ്പിൽ' എത്തിച്ചേർന്നു.

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

ജയ്പൂരിനെ പിങ്ക് സിറ്റി എന്ന് വിളിക്കുന്ന പോലെ ജയ്സാൽമീറിനെ യെല്ലോ സിറ്റി എന്നും വിളിക്കുന്നു എന്ന് ഗൂഗിൾ പറഞ്ഞ് തന്നു.

Post a Comment

നന്ദി....വീണ്ടും വരിക