കഥ തുടരുന്നു... (മുൻ ഭാഗങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം )
മഹാത്മജി അന്ത്യ വിശ്രമം കൊള്ളുന്ന ഡെൽഹിയിലെ രാജ്ഘട്ടിൽ (Click & Read ) ഞാൻ നിരവധി തവണ പോയിട്ടുണ്ട്. ഏതോ ഒരു തവണ ബാപ്പുജി വെടിയേറ്റ് മരിച്ചു വീണ ഡൽഹി ബിർള ഹൗസും (ഇന്നിത് ഗാന്ധി സ്മൃതി മ്യൂസിയം എന്നറിയപ്പെടുന്നു) സന്ദർശിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജന്മനഗരമായ പോർബന്തറും ഗാന്ധിജിയുടെ നിരവധി സമരങ്ങളുടെ ആസൂത്രണ കേന്ദ്രമായ സബർമതിയും ഗുജറാത്തിൽ ആയതിനാൽ ഇതുവരെ ഒരു സന്ദർശനം തരമായിരുന്നില്ല. ഉത്തരേന്ത്യയിലേക്കുള്ള യാത്രകളിൽ കടന്നു പോകുന്ന ഒരിടം ആയിരുന്നില്ല ഇവ രണ്ടും എന്നതായിരുന്നു ഇതിനുള്ള പ്രധാന കാരണം.
1917 മുതൽ 1930 വരെയുള്ള കാലയളവിൽ മഹാത്മാഗാന്ധി കസ്തൂർബയോടൊപ്പം താമസിച്ച ആശ്രമമാണ് സബർമതി ആശ്രമം. 1930 മാർച്ച് 12 ന് എഴുപത്തിഎട്ട് പേരുമായി ഉപ്പ് സത്യാഗ്രഹത്തിനുള്ള ദണ്ഡി മാർച്ച് ആരംഭിച്ചത് ഇവിടെ നിന്നായിരുന്നു. നെഹ്റുവും പട്ടേലും മറ്റനേകം നേതാക്കളും സബർമതിയിലെ സ്ഥിരം സന്ദർശകർ ആയിരുന്നു.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ അഹിംസാ മാർഗ്ഗത്തിലൂടെ പോരാട്ടം നയിച്ച ഇതിഹാസ നായകൻ്റെ മണ്ണിലേക്ക് നടന്നടുക്കുമ്പോൾ എൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. കാരണം ചരിത്ര പുസ്തകങ്ങളിൽ വായിച്ച് മാത്രം അറിഞ്ഞ സബർമതി ആശ്രമവും ഗാന്ധിജിയുടെ സ്വന്തം മുറികളും ഗസ്റ്റ് റൂമുകളും എല്ലാം നേരിൽ കാണാൻ പോവുകയാണ്. നടന്ന് നടന്ന് സബർമതിയുടെ മണ്ണിൽ കാല് കുത്തുമ്പോൾ എൻ്റെ പാദങ്ങൾക്ക് ചെറിയ ഒരു വിറയൽ അനുഭവപ്പെട്ടുവോ എന്നൊരു സംശയം. ബ്രിട്ടീഷുകാരെ വിറപ്പിച്ച ആ മെലിഞ്ഞ മനുഷ്യൻ്റെ ഗനഗംഭീര പാദ സ്പർശങ്ങൾ ഇപ്പോഴും ആ മണ്ണിൽ നില നിൽക്കുന്നുണ്ടാവാം.
പാദരക്ഷകൾ അഴിച്ചു വച്ച ശേഷം "ഹൃദ്യകുഞ്ച്" എന്ന ഓട് മേഞ്ഞ ചെറിയൊരു വീട്ടിലേക്ക് ഞങ്ങൾ പ്രവേശിച്ചു. വിശാലമായ വരാന്തയിൽ മദ്ധ്യവയസ്കരായ രണ്ട് സ്ത്രീകൾ ഇരിക്കുന്നുണ്ട്. ഒരാൾ ഏതോ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു, മറ്റെയാൾ ചെറിയൊരു ചർക്കയിൽ എന്തോ ചെയ്തും കൊണ്ടിരിക്കുന്നു. കുറെയധികം പേർ എത്തിയപ്പോൾ അവരെണീറ്റ് ഗാന്ധിജിയുടെ ആശ്രമ ജീവിതത്തെപ്പറ്റി വിശദീകരിക്കാൻ തുടങ്ങി. സന്ദർശകരിലെ ആഫ്രിക്കക്കാരനായ ഒരാൾ വളരെ ഭവ്യതയോടെ ആരാധനാപൂർവ്വം നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
വരാന്തയുടെ ഇടത് ഭാഗത്തായാണ് ഗാന്ധിജിയുടെ മുറി. അത് പുറത്ത് നിന്ന് വീക്ഷിക്കാനേ പറ്റൂ. ഗാന്ധിജിയുടെ ചർക്ക അതേ രൂപത്തിൽ അവിടെ പ്രദർശിപ്പിച്ചത് കാണാം. കാണാമറയത്ത് ഗാന്ധി അവിടെ ഇരിക്കുന്നതായി എനിക്ക് തോന്നി.
പിന്നീട് ഞങ്ങൾ കസ്തൂർബയുടെ മുറിയിലേക്ക് നീങ്ങി. ഒരു കട്ടിലിട്ടാൽ പിന്നെ രണ്ടാൾക്ക് നിന്ന് തിരിയാൻ അവിടെ ഇടമില്ല. ചെറിയൊരു നടുമുറ്റത്തിനപ്പുറം ഒരു അടുക്കളയുണ്ട്. അതിൻ്റെ വലിപ്പവും തഥൈവ.
ഹൃദ്യ കുഞ്ചിനോട് ചേർന്ന് ചെറിയ ഒരു ഒറ്റമുറി കുടിൽ കൂടി കാണാം. ഗാന്ധിജി പൂർണ്ണ സത്യാഗ്രഹി എന്ന് വിശേഷിപ്പിച്ച ആചാര്യ വിനോബ ഭാവെ താമസിച്ച കുടിലാണത്. വിനോബ ഭാവെക്ക് ശേഷം, ഗാന്ധിജിയുടെ ശിഷ്യയായ മീര എന്ന മാഡ്ലിൻ സ്ലൈഡ് താമസിച്ചതും ഈ കുടിലിൽ ആയിരുന്നു. അതിനാൽ ഈ കുടിലിനെ വിനോബ കുടീർ എന്നും മീര കുടീർ എന്നും വിളിക്കപ്പെടുന്നു.
തൊട്ടടുത്ത് തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു കെട്ടിടം കൂടിയുണ്ട്. അതായിരുന്നു സബർമതിയിലെ അതിഥി മന്ദിരം എന്ന് പറയപ്പെടുന്നു. ഗാന്ധിജിയുടെ ജീവചരിത്രം വരച്ച് കാട്ടുന്ന ഒരു മ്യൂസിയവും ആശ്രമത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
പലർക്കും പ്രചോദനത്തിന്റെയും മാർഗനിർദ്ദേശത്തിന്റെയും ഉറവിടമായി ഇന്ന് സബർമതി ആശ്രമം വർത്തിക്കുന്നു, കൂടാതെ ഗാന്ധിജിയുടെ ജീവിത ദൗത്യത്തിന്റെ സ്മാരകമായും സമാനമായ പോരാട്ടം നടത്തിയ മറ്റുള്ളവർക്ക് സാക്ഷ്യമായും ആശ്രമം നിലകൊള്ളുന്നു.
വിട പറയുന്നതിന് മുമ്പ്, ആശ്രമത്തിൻ്റെ മുന്നിലൂടെ ശാന്തമായി ഒഴുകുന്ന സബർമതി നദിയുടെ തീരത്തേക്ക് ഞാൻ നീങ്ങി. നദിയിൽ നിന്നും ഉയർന്നു വന്ന ഒരു ഇളം കാറ്റ് എന്നെ തഴുകിത്തലോടി കടന്നു പോയി. കാറ്റിൻ്റെ മന്ത്രം കേൾക്കാനായി ഞാൻ ചെവി കൂർപ്പിച്ചു.
"രഘുപതി രാഘവ രാജാറാം
പതിത പാവന സീതാറാം
ഈശ്വര അള്ളാ തേരേ നാം
സബ്കോ സന്‍മതി ദേ ഭഗവാന്‍ "
അതെ, സബർമതിയിലെ മണ്ണും കല്ലും പുല്ലും കാറ്റും എല്ലാം ആ മഹാത്മാവിൻ്റെ കഥകൾ നമ്മോട് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.
(തുടരും...)
1 comments:
ഗാന്ധി സ്മൃതിയിൽ ധന്യനായി ...
Post a Comment
നന്ദി....വീണ്ടും വരിക