Pages

Monday, March 17, 2025

പൊക്രാനിലെ ചിരി ( ദ ഐവി - 6 )

യാത്ര ഇതുവരെ ...

സബർമതിയിൽ നിന്നും ജയ്സാൽമീറിലേക്കുള്ള യാത്ര ആ റൂട്ടിലുള്ള എൻ്റെ ആദ്യത്തെ യാത്രയായിരുന്നു. യാത്രയുടെ സിംഹഭാഗവും രാത്രിയായതിനാൽ  വഴിയോരക്കാഴ്ചകളെപ്പറ്റി ഞാൻ ആലോചിച്ചതേയില്ല. ഒന്നാം കാശ്മീർ യാത്രയുടെ മടക്കത്തിൽ പാനിപ്പത്തിൽ ഇറങ്ങേണ്ട ഒരു ഫാമിലിയെ പരിചയപ്പെട്ടതിനാൽ മാത്രം അപ്രതീക്ഷിതമായി ആ ചരിത്ര ഭൂമിയിൽ കാല് കുത്താൻ കഴിഞ്ഞത് ഇത്തരം യാത്രകളിലെ വഴിത്തിരിവുകളാണ്. അത്തരം ഒരു ചരിത്ര കാലൊപ്പ് ഈ യാത്രയിലും ദൈവം ഒളിപ്പിച്ച് വച്ചിരുന്നു.

പകൽ മുഴുവൻ ഗുജറാത്തിലെ പൊരി വെയിലിൽ അലഞ്ഞ് നടന്നതിനാൽ ശരീരം നന്നായി ക്ഷീണിച്ചിരുന്നു. അതിനാൽ തന്നെ ട്രെയിനിൽ ബർത്ത് കിട്ടിയ ഉടനെ നമസ്കാരം നിർവ്വഹിച്ച് ഞാൻ കിടന്നു. പെട്ടെന്ന് തന്നെ ഉറക്കം എന്നെ അതിൻ്റെ ലോകത്തേക്ക് കൊണ്ടു പോയി. അലാറം വച്ചിരുന്നതിനാൽ പുലർച്ചെ എണീറ്റ് സുബഹി നമസ്കാരം നിർവ്വഹിച്ച് വീണ്ടും ഉറങ്ങി. എട്ട് മണിയോടെ ഉണർന്നെണീറ്റ ഞാൻ പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ടു തുടങ്ങി. ഏതാനും ചിലർ ജയ്സാൽമീറിലെ ഹോട്ടലുകളുടെ കാർഡുകൾ തന്ന് പരിചയപ്പെടുത്തി.

പാഠ പുസ്തകങ്ങളിൽ പഠിച്ച രാജസ്ഥാൻ, മരുഭൂമികൾ നിറഞ്ഞ പ്രദേശമാണ്. ഇന്ത്യയിലെ ഏക മരുഭൂമിയായ താർ മരുഭൂമി മുഴുവനായും സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിൽ ആണെന്നായിരുന്നു എൻ്റെ ധാരണ പക്ഷെ, അതിൻ്റെ ബാക്കി ഭാഗം പാകിസ്ഥാനിലും ഉണ്ടെന്ന് മൂന്ന് വർഷം മുമ്പ് നടന്ന ഒരു ഓസോൺ ഡേ ക്വിസിലെ ചോദ്യത്തിൽ നിന്നാണ് മനസ്സിലാക്കിയത്. മരുഭൂമി ഇല്ലാത്ത രാജസ്ഥാൻ, നല്ലൊരു കൃഷിയിടം കൂടിയാണ് എന്ന് തിരിച്ചറിഞ്ഞത് എൻ്റെ വീടിൻ്റെ മാർബിൾ പണി ചെയ്ത രാജസ്ഥാൻ സ്വദേശി അബ്ദുറഹ്മാനിൽ നിന്നാണ്. ട്രെയിൻ ഇപ്പോൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് അത്തരം ഒരു കൃഷിയിടത്തിൻ്റെ മദ്ധ്യത്തിലൂടെയാണ്.

ഗോതമ്പും ചോളവും കടുകും വിവിധ വയലുകളിൽ മാറി മാറി പ്രതൃക്ഷപ്പെട്ടു ക്കൊണ്ടിരുന്നു. സൂര്യൻ്റെ സുവർണ്ണ രശ്മികളേറ്റ് ആ ഹരിതഭംഗി കൂടുതൽ ഹൃദ്യമായി തോന്നി.

സമയം ഒമ്പതര കഴിഞ്ഞതോടെ ട്രെയിൻ കിതച്ച് കിതച്ച് ഒരു സ്റ്റേഷനിൽ എത്തി നിന്നു. ആളും ആരവവും ഇല്ലാത്ത ആ സ്റ്റേഷനിൽ പതിവിലും കവിഞ്ഞ സമയം ട്രെയിൻ നിർത്തിയപ്പോൾ ഞാൻ മെല്ലെ വാതിലിനടുത്തേക്ക് നീങ്ങി. നാലഞ്ച് കോച്ചുകൾക്ക് മുന്നിലായിട്ടാണ് എഞ്ചിൻ. പുറകോട്ടും ഒട്ടനവധി കോച്ചുകൾ ഉണ്ട്. പ്ലാറ്റ്ഫോമിൽ ഒരൊറ്റ കച്ചവടക്കാരൻ പോലുമില്ല. സ്റ്റേഷൻ ഏതെന്നും എവിടെയും എഴുതി വച്ചതും കണ്ടില്ല. പെട്ടെന്നാണ് എഞ്ചിനിൻ്റെ അടുത്തായി ഒരു ബോർഡ് ഞാൻ കണ്ടത്.

"പോക്കരാൻ" ആരോ അപ്പോഴേക്കും അതിലെ ഇംഗ്ലീഷ് എഴുത്ത് വായിച്ചു.

"ങ്ങേ!!" എന്റെ മനസ്സിൽ ഒരിടിത്തീ വെട്ടി. വിനോദൻ മാഷിനെയും വിളിച്ച് പുറത്തിറങ്ങി ഞാൻ പ്ലാറ്റ്ഫോമിലൂടെ മുന്നോട്ട് നടന്നു.

"സർ, ട്രെയിൻ എടുക്കും... എങ്ങോട്ടാ ?" വിനോദൻ മാഷ് ചോദിച്ചു.

"ട്രെയിനിൻ്റെ അടിയിലേക്ക് ഒരാൾ പോയിട്ടുണ്ട്. വാ ..... ആ ബോർഡിനടുത്ത് നിന്ന് ഒരു ഫോട്ടോ വേണം.." ഞാൻ എന്റെ ആവശ്യം പറഞ്ഞു.

"അത് ഇവിടന്ന് എടുക്കാം..." എന്റെ ഉദ്ദേശ്യം അറിയാതെ വിനോദൻ മാഷ് പറഞ്ഞു.

"അത് പോരാ ... ഇത് പണ്ട് 'ബുദ്ധൻ ചിരിച്ച' സ്ഥലമാണ്.... " ഞാൻ പറഞ്ഞപ്പോൾ വിനോദൻ മാഷ് ബോർഡിലേക്ക് സൂക്ഷിച്ചു നോക്കി.

"പൊക്രാൻ !!"

"അതെ... പൊക്രാൻ തന്നെ." സ്ഥലനാമം സൂചിപ്പിക്കുന്ന ആ ബോർഡിനടുത്ത് നിന്ന് കൊണ്ട് ഞങ്ങൾ നിരവധി ഫോട്ടോകൾ പകർത്തി. അപ്പോഴേക്കും കുട്ടികൾ ഒരു പോർട്ടബിൾ സ്പീക്കറിൽ ഉച്ചത്തിൽ പാട്ട് വച്ച് കൊണ്ട് പ്ലാറ്റ്ഫോമിലേക്കിറങ്ങി ഡാൻസ് തുടങ്ങി. 

കുട്ടികളുടെ ആഘോഷം കണ്ട തൊട്ടടുത്ത കമ്പാർട്ട്മെൻ്റിലെ ഒരാൾ അയാളുടെ മകനെയും കൊണ്ട് എന്റെ അടുത്ത് വന്നു.

"സാബ്, കഹാം സെ?" അയാൾ ചോദിച്ചു.

"കേരള സെ" ഞാൻ പറഞ്ഞു.

"ജയ്സാൽമീർ ഘൂം നെ ജാ രഹാ ഹെ?" 

"ഹാം...മേര കോളേജ് കെ ചാത്രോം കെ സാഥ് ...."

"ടീക്... മേര നാം ഗണേഷ്... മേം ജയ്സാൽമീർ ഫോർട്ട് മേം ഗൈഡ് ഹും.." അയാൾ സ്വയം പരിചയപ്പെടുത്തി.

"അഛാ... ആപ് ക കാർഡ് ഹേം ന? " ഞാൻ വെറുതെ അയാളുടെ കാർഡ് ചോദിച്ചു.

"അബ് മേം ചുട്ടീ മേം ഹും.." ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. ശേഷം മകനെയും ഞങ്ങളുടെ ആഘോഷത്തിൽ പങ്ക് ചേർക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ അവനും ഞങ്ങളുടെ കൂടെ കൂടി.

ഒരു മണിക്കൂറിന് ശേഷം വണ്ടി വീണ്ടും യാത്ര തുടങ്ങി. 1974 ൽ 'ബുദ്ധൻ ചിരിക്കുന്നു' എന്ന പേരിലും 1998 ൽ 'ശക്തി' എന്ന പേരിലും ഇന്ത്യ നടത്തിയ ആണവ വിസ്ഫോടന പരീക്ഷണങ്ങളുടെ വേദിയായ പൊക്രാനിൻ്റെ ഒരു ഭാഗത്ത് കൂടിയാണ് ഞങ്ങൾ കടന്നു പോകുന്നത് എന്നത് മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഞങ്ങൾ ജയ്സാൽമീറിലെത്തി.


(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

അത്തരം ഒരു ചരിത്ര കാലൊപ്പ് ഈ യാത്രയിലും ദൈവം ഒളിപ്പിച്ച് വച്ചിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക