Pages

Thursday, September 30, 2021

ക്വിസ്സിന്റെ ലോകത്തെ അരീക്കോടൻ - 3

തുടക്കം (Click here)

ഈയടുത്ത് ഉത്ഘാടനം ചെയ്ത "ഫോട്ടോൺ"' എന്ന സ്കൂളിന്റെ സ്വന്തം സ്റ്റുഡിയോയിൽ വച്ചായിരുന്നു ഫൈനൽ മത്സരം. ആറ് ചോദ്യങ്ങൾ വീതമടങ്ങിയ World around us, Visual round, Quick answer round എന്നിങ്ങനെ മൂന്ന് റൗണ്ടുകൾ. ഒരു ചോദ്യത്തിന് നേരിട്ട് ഉത്തരം പറഞ്ഞാൽ 10 മാർക്കും പാസ് ചെയ്ത് ഉത്തരം പറഞ്ഞാൽ 5 മാർക്കും കിട്ടും. ഒന്നാമത്തെ ടീം ആയതിനാൽ ആദ്യ ചോദ്യം തന്നെ ഞങ്ങളോടായിരുന്നു. കുർദുങ്ങ് ലാ, സോജി ലാ, നാഥു ലാ , ചാങ് ലാ  എന്നതിലെ "ലാ" എന്ത് എന്നായിരുന്നു ചോദ്യം. ഇപ്പറഞ്ഞതെല്ലാം ഓരോ ചുരത്തിന്റെ പേര് ആയതിനാൽ ഒരു ഗസ്സടിച്ചു - ചുരം ! ഉത്തരം ശരിയായിരുന്നു. പത്ത് മാർക്കോടെ ഫൈനൽ റൗണ്ടിൽ ഹരിശ്രീ കുറിച്ചു.

രണ്ടാം ചോദ്യം ടീം ബി യോട് ആയിരുന്നു. ചോലിസ്ഥാൻ എന്ന് പാകിസ്ഥാനിൽ അറിയപ്പെടുന്ന ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തെ ഒരു സാധനം എന്ത്? ആദ്യമായി കേൾക്കുന്നതാണെങ്കിലും ഇന്ത്യയുടെ പടിഞ്ഞാറ് എന്നത് ഒരു ഗസ്സ് നടത്താൻ പ്രചോദനമായി. എല്ലാവരും പാസ് ചെയ്ത് ചോദ്യം ഞങ്ങളിലെത്തി. താർ മരുഭൂമി എന്ന് കാച്ചി . ഉത്തരം കറക്ട് ! 5 മാർക്ക് കൂടി കിട്ടി. ഏഴ് സഹോദരികൾ എന്നറിയപ്പെടുന്ന സ്റ്റേറ്റുകളുടെ (ഒരു കോഡ് പഠിച്ചിരുന്നെങ്കിലും ഓർമ്മ കിട്ടിയില്ല) സഹോദരൻ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് എന്നായിരുന്നു അടുത്ത ചോദ്യം. ഓരോ ടീമും പറഞ്ഞ ഉത്തരങ്ങൾ ശ്രദ്ധിച്ച് കേട്ട് ഒരു സൂപ്പർ ഗസ്സ് നടത്തി - സിക്കിം . ഉത്തരം പെർഫക്ട് ഒ കെ !! സ്കോർ ബോർഡിൽ മാർക്ക് 20.

നാലാമത്തെ ചോദ്യം ഒരു സിനിമയുടെ ഇംഗ്ലീഷിലുള്ള ടാഗ്‌ലൈൻ ആയിരുന്നു. സിനിമയുമായി എനിക്ക് ഒരു ബന്ധവും ഇല്ലെങ്കിലും അതിൽ നൽകിയ 673602 എന്ന പിൻകോഡ് നല്ല പരിചയം തോന്നി. ഉത്തരം കിട്ടാതെ എല്ലാ ടീമുകളും പാസ് ചെയ്ത് ചോദ്യം ഞങ്ങളിലെത്തി. വീണ്ടും ഒരു ഒന്നാം തരം ഗസ്സ് വർക്ക് - എന്ന് നിന്റെ മൊയ്തീൻ. ഉത്തരം അത് തന്നെ !! സ്കോർ കാൽ സെഞ്ച്വറിയിൽ എത്തി. ചോദ്യം അഞ്ച് ഉത്തരം അറിയാവുന്നതായിരുന്നു. അത് ചോദ്യം കിട്ടിയ ടീം തന്നെ ഉത്തരം പറഞ്ഞു. ആറാം ചോദ്യം പണ്ട് കാലത്ത് നമ്മുടെ വഴി വക്കിലുണ്ടായിരുന്ന ഒരു നിർമ്മിതിയെക്കുറിച്ചായിരുന്നു. "ആശ്രയം " എന്നർത്ഥം വരുന്ന ഈ നിർമ്മിതിയുടെ പേര് ആയിരുന്നു ചോദിച്ചത്. ടീം പാസ് ചെയ്ത ചോദ്യത്തിന് ഞങ്ങൾ അത്താണി എന്ന് ഉത്തരം നൽകി. സ്കോർ ബോർഡിൽ 5 മാർക്ക് കൂടി. ആദ്യ റൗണ്ടിൽ തന്നെ 30 മാർക്കോടെ ബഹുദൂരം മുന്നിൽ !!

രണ്ടാം റൗണ്ടിൽ ചിത്രങ്ങൾ തന്ന് അതിനെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരുന്നു. ഒന്നാം റൗണ്ടിന്റെ റിവേഴ്സ് ഓർഡറിൽ ആയിരുന്നു ചോദ്യം വന്നത്. ആദ്യത്തെ ചിത്രം അഹമ്മദാബാദിൽ ഖിൽജി രാജവംശത്തിലെ ഒരാൾ ഉണ്ടാക്കിയ ഒരു കുളം ആയിരുന്നു. ഞാനാദ്യമായിട്ടാണ് ആ ചിത്രം കാണുന്നത്. ഈ കുളത്തിന്റെ ആകൃതിയിൽ നിന്ന് ട്രേഡ് മാർക്ക് സ്വീകരിച്ച സ്ഥാപനം ഏത് എന്നായിരുന്നു ചോദ്യം. പാസ് ചെയ്ത് ചെയ്ത് അവസാനമായി ഞങ്ങളിലെത്തി. ഒരു താക്കോൽ ദ്വാരം പോലെ തോന്നിയതിനാൽ SBI എന്നങ്ങ് തട്ടി. ഉത്തരം ഡബിൾ ഓകെ !! വീണ്ടും 5 മാർക്ക്. 

രണ്ടാം ചോദ്യത്തിന് ഏതോ ടീം ഉത്തരം നൽകി. മൂന്നാം ചോദ്യത്തിൽ യുദ്ധമുഖത്ത് നിന്നുള്ള കുറെ ഭീകരമായ ഫോട്ടോകൾ ആയിരുന്നു. ഏകദേശം എല്ലാ ക്ലുകളും ചോദ്യത്തിൽ ഉണ്ടായിരുന്നിട്ടും അതും പാസ് പാസ് ആയി ഞങ്ങളിലെത്തി. ഡാനിഷ് സിദ്ദിഖി എന്ന ഉത്തരത്തോടെ വീണ്ടും 5 മാർക്ക്. അടുത്ത ചോദ്യം ഒരു പതാക കാണിച്ച് രാജ്യം പറയാനായിരുന്നു. ചുമ്മാ ഗസ്സടിച്ചെങ്കിലും ഇത്തവണ മുയൽ ചത്തില്ല. റൗണ്ടിലെ അവസാന ചോദ്യം ഞങ്ങളാടായിരുന്നു. ചോദ്യത്തിൽ കാണിച്ച മുഖം എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. പക്ഷെ, ചോദ്യം വളരെ ഈസി ആയിരുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന ചോദ്യത്തിന് ഏത് പോലീസ് കാരനും ഉത്തരം പറയാമായിരുന്നു. അങ്ങനെ സ്കോർ ബോർഡിൽ 10 മാർക്ക് കൂടി എത്തി. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് 50 മാർക്ക്. രണ്ടാം സ്ഥാനത്തുള്ള ടീമിന് 15  മാർക്കും.

മൂന്നാം റൗണ്ട് ആദ്യം കൈ പൊക്കുന്നവർക്ക് ഉത്തരം പറയാൻ അവസരം നൽകുന്നതായിരുന്നു. വളരെ സിമ്പിളായ, ഓസോൺ സംബന്ധിച്ച ചോദ്യങ്ങൾ. ഭാഗ്യത്തിന് ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ അവസരം കിട്ടി,10 മാർക്കും കിട്ടി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടീമിനും ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയതോടെ അവർക്ക് 25 മാർക്കായി. ബാക്കി 4 ചോദ്യങ്ങൾ മൂന്ന് ടീമിനും ഒന്ന് ക്വിസ് മാസ്റ്റർക്കും കിട്ടി. അങ്ങനെ മൊത്തം 60 മാർക്കോടെ ഞങ്ങൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.



1 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ മൊത്തം 60 മാർക്കോടെ ഞങ്ങൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Post a Comment

നന്ദി....വീണ്ടും വരിക