Pages

Monday, September 06, 2021

ശിവനും ഞാനും

രണ്ട് വർഷം മുമ്പത്തെ അദ്ധ്യാപക ദിനത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എന്റെ ഷൂ തുന്നിക്കാനായി ഞാൻ അങ്ങാടിയിലെത്തി. വർഷങ്ങളായി എന്റെയും കുടുംബത്തിന്റെയും പാദരക്ഷകളുടെ ഡോക്ടർ, ശിവൻ ആയിരുന്നു. കുന്ദംകുളത്ത് കാരനായ ശിവന്റെ അടുത്ത് ആദ്യമായി നൽകിയ ഷൂ റിപ്പയർ ചെയ്ത് തന്നതിലുള്ള വൈദഗ്ദ്യമാണ് എന്നെ ശിവനുമായി അടുപ്പിച്ചത്.

അന്ന് ഷൂ തുന്നുന്നതിനിടയിൽ തന്റെ മകന്റെ പഠനത്തെപ്പറ്റിയും ശിവൻ എന്നോട് പറഞ്ഞു. മകൻ ഫുട്ബാൾ സെലക്ഷന് പോകുന്നതിനെപ്പറ്റിയുള്ള അഭിപ്രായവും പത്താം ക്ലാസ് കഴിഞ്ഞ ശേഷം പോകേണ്ട കോഴ്സുകളെക്കുറിച്ചും ഷൂ തുന്നിക്കൊണ്ടിരിക്കെ തന്നെ അയാൾ ചോദിച്ചറിഞ്ഞു. മാഷോട് ചോദിച്ചാൽ വിവരങ്ങൾ അറിയാലോന്ന് കരുതിയാ ഇതൊക്കെ ചോദിച്ചത് എന്നും ശിവൻ പറഞ്ഞു.

അന്നത്തെ പണി കഴിഞ്ഞ ശേഷം ശിവൻ ഇരിപ്പിടത്തിൽ നിന്നും എണീറ്റു. ശേഷം എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ഒരു അദ്ധ്യാപകനെ  പേനയും പുസ്തകവും നൽകി ദൈവം നിയോഗിച്ചത് അറിവ് പകർന്ന് നൽകാനാണ്. അത് തന്റെ മുന്നിലുള്ള മക്കൾക്കാവാം തന്നോട് ചോദിച്ച് വരുന്ന മറ്റാർക്കെങ്കിലുമാകാം. അത് ഏറ്റവും നല്ല നിലയിൽ നിർവ്വഹിക്കുക എന്നതാണ് അദ്ധ്യാപകന്റെ കർത്തവ്യം. ദൈവം എന്റെ കയ്യിൽ ഏൽപിച്ചത് ഈ സൂചിയും നൂലുമാണ്. ഇത് ഉപയോഗിച്ച് ജോലി ചെയ്ത് ജനങ്ങളെ സേവിക്കുകയും കുടുംബത്തെ സംരക്ഷിക്കുകയുമാണ് എന്റെ കർത്തവ്യം. എന്നാൽ പലരും തങ്ങളുടെ കർത്തവ്യത്തെപ്പറ്റി ബോധവാൻമാരല്ല. അതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന പല ദുരിതങ്ങളും. ശരിയല്ലേ മാഷേ? 

ശിവന്റെ താത്വിക അവലോകനം അന്ന് എന്നെ അത്ഭുതപ്പെടുത്തി. ആ വർഷത്തെ പെരുന്നാളിന് എന്റെ കൂടെ ഭക്ഷണം കഴിക്കാൻ ഞാൻ ക്ഷണിച്ചു. പക്ഷെ ശിവൻ അത് സ്നേഹപൂർവ്വം നിരസിച്ചു.

ആഴ്ചകൾക്ക് മുമ്പ് ഞാൻ രാജസ്ഥാനിൽ ടൂറിലായിരിക്കെ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പിൽ കണ്ട സന്ദേശം എന്നെ ദുഃഖാകുലനാക്കി. ഹൃദയസ്തംഭനം മൂലം ശിവൻ ഈ ലോകത്ത് നിന്നും യാത്രയായി എന്നതായിരുന്നു ആ വാർത്ത. ഈ അദ്ധ്യാപക ദിനത്തിൽ എന്റെ എല്ലാ പ്രിയ അദ്ധ്യാപകരെയും സ്മരിക്കുന്നതിനൊപ്പം ചെരിപ്പ് കുത്തിയായിരുന്ന ശിവനെയും ഞാൻ നമ്ര ശിരസ്സോടെ സ്മരിക്കുന്നു. 

3 comments:

Areekkodan | അരീക്കോടന്‍ said...

ഈ അദ്ധ്യാപക ദിനത്തിൽ എന്റെ എല്ലാ പ്രിയ അദ്ധ്യാപകരെയും സ്മരിക്കുന്നതിനൊപ്പം ചെരിപ്പ് കുത്തിയായിരുന്ന ശിവനെയും ഞാൻ നമ്ര ശിരസ്സോടെ സ്മരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ശിവന്റെ താത്വിക അവലോകനം കൊള്ളാം .
പ്രണാമം ...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... നന്ദി

Post a Comment

നന്ദി....വീണ്ടും വരിക