Pages

Tuesday, July 14, 2015

“ഉപ്പച്ചീ , കുട്ടികളുടെ നോമ്പ് തുറ സൂപ്പറായിട്ടോ….”

             നാടെങ്ങും ഇഫ്താര്‍ സംഗമങ്ങള്‍ പൊടിപൊടിക്കുകയാണ്.പത്രത്തില്‍ കൂടുതല്‍ ഊളിയിടാത്തതുകൊണ്ടാണോ എന്നറിയില്ല രാഷ്ട്രീയ ഇഫ്താറുകളുടെ വിശേഷങ്ങള്‍ അധികം കണ്ടില്ല.പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഒരു ഇഫ്താര്‍ സംഗമം നടത്താന്‍ സാധ്യമല്ല എന്ന് നേതാക്കള്‍ ചിന്തിക്കുന്നില്ലേ ആവോ?

            ഞാനും ഒരു ചെറിയ നോമ്പുതുറ സല്‍ക്കാരം നടത്തി. മറ്റുള്ളവരോട് , പേരെടുത്ത് പറയാവുന്ന ആരും ആ സംഗമത്തില്‍ ഇല്ലായിരുന്നു.പക്ഷേ മനസ്സിന് സംതൃപ്തി നല്‍കാന്‍ ആ സംഗമം ഏറെ സഹായിച്ചു.

          എന്റെ ബാപ്പ ജീവിച്ചിരുന്ന കാലത്തേ വിവിധങ്ങളായ ജോലികള്‍ക്ക് വീട്ടില്‍ വന്നിരുന്ന ആളാണ് അബ്ദ്വാക്ക.അരീക്കോടടുത്ത് തെരട്ടമ്മല്‍ സ്വദേശി.മുമ്പ് ഒരു കുറിപ്പില്‍ ‘തേന്‍‌കാരന്‍ അബ്ദ്വാക്ക‘ എന്ന് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നു.കാരണം എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞങ്ങള്‍ക്ക് തേന്‍ ആവശ്യമാകുമ്പോള്‍ ആവശ്യം ഉന്നയിക്കുന്നത് അദ്ദേഹത്തോടാണ്.ഇന്നും സ്വന്തമായി തേനീച്ച വളര്‍ത്തുന്നുണ്ട്.പറമ്പ് കൊത്താനും, കയ്യാല കെട്ടാനും, മരം മുറിക്കാനും എന്ന് വേണ്ട പണി ഏതായാലും അബ്ദ്വാക്ക റെഡി എന്നതാണ് മൂപ്പരുടെ പ്രത്യേകത. തന്നെക്കൊണ്ട് പറ്റാത്ത പണിയാണെങ്കില്‍ അതിന് പറ്റിയ ആളെയും കൊണ്ടായിരിക്കും പറഞ്ഞ ദിവസം അബ്ദ്വാക്ക വരുന്നത്.ഇന്നത്തെ കാലത്ത് എല്ലാം മാളുകളില്‍ കിട്ടും എന്ന സൌകര്യം ഓരോ കുടുംബത്തിനും എത്രത്തോളം അനുഗ്രഹമാണോ അതേ പോലെ സേവനങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ക്ക് എന്നും അബ്ദ്വാക്ക ഒരു അത്താണിയാണ്.ആ അബ്ദ്വാക്ക അല്ലാതെ മറ്റാരെ ആദ്യം ഞാന്‍ എന്റെ ഇഫ്താറിലേക്ക് ക്ഷണിക്കും ? അങ്ങനെ എന്റെ ക്ഷണം സ്വീകരിച്ച് ഞങ്ങളുടെ അബ്ദ്വാക്ക ഈ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

            ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെ ഞാന്‍ പഠിച്ചത് അരീക്കോട് ജി.എം.യു.പി സ്കൂളില്‍ ആയിരുന്നു. ഖസാക്കിന്റെഇതിഹാസം മലയാളിക്ക് സമ്മാനിച്ച ശ്രീ.ഒ.വി.വിജയന്‍ മലയാളാക്ഷരങ്ങള്‍ ആദ്യമായി നുകര്‍ന്ന അതേ സ്കൂള്‍ ! അന്ന് ശ്രീ.ഒ.വി.വിജയന്റെ സഹപാഠിയായിരുന്ന ശ്രീ.എന്‍.വി.അഹമ്മെദ്കുട്ടി മാസ്റ്റര്‍ ആയിരുന്നു എന്റെ കണക്കദ്ധ്യാപകന്‍.

           അക്കാലത്ത് അരീക്കോട് ആഴ്ചചന്ത സജീവമായിരുന്നു.ഇന്നും ശനിയാഴ്ചകളില്‍ അത് നടക്കുന്നുണ്ടെങ്കിലും കാണാന്‍ ചന്തമില്ല.ചന്തയുടെ ഓരം പറ്റി പല കുടുംബങ്ങളും താമസിച്ചിരുന്നു.ചെറിയ ചെറിയ കച്ചവടങ്ങള്‍ നടത്താനും ചന്തയിലേക്ക് വരുന്ന സാധനങ്ങള്‍ തലച്ചുമടായി എത്തിക്കാനും വാഹനത്തില്‍ കൊണ്ടുവരുന്നവ ഇറക്കാനും അങ്ങനെ പലവിധ ജോലികളുമായി അവര്‍ ജീവിതം പുലര്‍ത്തി.അവരില്‍ ഒരാളായിരുന്നു വലിയൊരു കുടുംബത്തിന്റെ നാഥനായ ആടുകാരന്‍ അലവ്യാക്ക.അലവ്യാക്കയുടെ ഏറ്റവും മൂത്തമകന്‍ അന്തരിച്ച ഹനീഫാക്കയാണ് ഞാന്‍ അറിയുന്ന ആദ്യ ഇലക്ട്രീഷ്യന്‍.എന്റെ തറവാട്ടിലെ ഇലക്ട്രിക്ക് വര്‍ക്കുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു.അലവ്യാക്കയുടെ മക്കളില്‍ പിന്നില്‍ നിന്നും രണ്ടാമത്തേത് ആയിരുന്നു ജാബിര്‍.

            ജാബിറും ഞാനും ഒന്ന് മുതല്‍ ആറ് വരെ ഒരേ ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്.പഠിക്കാന്‍ അത്ര മിടുക്കന്‍ ഒന്നുമായിരുന്നില്ല ജാബിര്‍.അതിനാല്‍ തന്നെ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.ഇന്ന് അരീക്കോട് പട്ടണത്തില്‍ ഓടുന്ന എണ്ണൂറോളം ഓട്ടോറിക്ഷകളില്‍ ഒന്ന് ജാബിറിന്റേതാണ്.എന്റെ ഏറ്റവും ചെറിയ മോള്‍ യു.കെ.ജിക്കാരി ലൂന സ്കൂളിലേക്ക് പോകുന്നത് ജാബിറിന്റെ ഓട്ടോയിലാണ്.ഞാന്‍ ആയിട്ട് ഏല്‍പ്പിച്ചതല്ല.സ്കൂളില്‍ നിന്നും ഏര്‍പ്പെടുത്തിയതാണ്.എന്റെ മോളെ സുരക്ഷിതമായി സ്കൂളില്‍ കൊണ്ടുപോയി തിരിച്ചെത്തിക്കുന്ന എന്റെ സഹപാഠിയായ ജാബിര്‍ ആയിരുന്നു എന്റെ ഇഫ്താറിലെ രണ്ടാം അതിഥി.

               മരിച്ചുപോയ എന്റെ ബാപ്പക്ക് കുട്ടികളെ എന്നും വളരെ ഇഷ്ടമായിരുന്നു.ഒരു കോളനിയായി താമസിക്കുന്ന ഞങ്ങളുടെ കുടുംബത്തിലെ കുട്ടികള്‍ക്കായി ബാപ്പ എല്ലാ ശനിയാഴ്ചകളിലും ഞങ്ങളുടെ വീട്ടില്‍ സാഹിത്യസമാജം സംഘടിപ്പിച്ചിരുന്നു.ഞങ്ങള്‍ പലരും ഈ സാഹിത്യസമാജങ്ങളിലൂടെ സദസ്സിനെ അഭിമുഖീകരിക്കാന്‍ നേരത്തെ പരിശീലനം ലഭിച്ചവരായിരുന്നു.വീട്ടില്‍ വരുന്ന കുട്ടികള്‍ക്ക് നല്‍കാനായി ബാപ്പ ഒരു പാത്രത്തില്‍ കല്‍ക്കണ്ടവും മറ്റൊരു പാത്രത്തില്‍ ഈത്തപഴവും മൂന്നമതൊരു പാത്രത്തില്‍ കൊപ്രക്കഷ്ണങ്ങളും എന്നും കരുതുമായിരുന്നു.അതിനാല്‍  ബാപ്പയുടെ ആ നല്ല പ്രവര്‍ത്തനങ്ങള്‍ അയവിറക്കി ഈ ഇഫ്താര്‍ സംഗമത്തിലേക്ക് കുടുംബത്തിലും അയല്പക്കത്തും ഉള്ള മുഴുവന്‍ കുട്ടികളെയും ഞാന്‍ ക്ഷണിച്ചു. ഡിഗ്രി ഫൈനല്‍ ഇയര്‍ മുതല്‍ എല്‍.കെ.ജി വരെ പഠിക്കുന്ന എന്റേതടക്കം 28 കുട്ടികള്‍ ഈ സല്‍ക്കാരത്തില്‍ പങ്കു കൊണ്ടു.


              ഒപ്പം എന്റെ ഉമ്മയും അനിയനും കുടുംബവും കൂടിയായപ്പോള്‍ ഈ സംഗമം എനിക്കും ഭാര്യക്കും കുട്ടികള്‍ക്കും ഏറെ സന്തോഷമേകി.ഇപ്പോള്‍ എന്നും യു.കെ.ജിക്കാരി ലൂന മോള്‍ ഇടക്കിടെ പറയും – “ഉപ്പച്ചീ , കുട്ടികളുടെ നോമ്പ് തുറ സൂപ്പറായിട്ടോ.”

9 comments:

Areekkodan | അരീക്കോടന്‍ said...

അതിനാല്‍ ബാപ്പയുടെ ആ നല്ല പ്രവര്‍ത്തനങ്ങള്‍ അയവിറക്കി ഈ ഇഫ്താര്‍ സംഗമത്തിലേക്ക് കുടുംബത്തിലും അയല്പക്കത്തും ഉള്ള മുഴുവന്‍ കുട്ടികളെയും ഞാന്‍ ക്ഷണിച്ചു.

ജ്യുവൽ said...

നന്മ വിളമ്പി ഒരു ഇഫ്താർ വിരുന്ന്! സൂപ്പറായി മാഷേ!

ajith said...

സന്തോഷമുള്ള സല്‍ക്കാരങ്ങള്‍

Mubi said...

സന്തോഷം...

വിനോദ് കുട്ടത്ത് said...

മാഷിന്‍റെ സ്നേഹത്തിന് അതിരുകളില്ലല്ലോ.....
സകല നന്മയും വന്നു ചേരട്ടെ..... ആശംസകൾ

Habeeb Rahman said...

അതിരുകളില്ലാത്ത ഈ സ്നേഹം വളർന്നു പന്തലിക്കട്ടെ.ആശംസകൾ

Areekkodan | അരീക്കോടന്‍ said...

ജ്യുവല്‍....ആദ്യ വായനക്ക് നന്ദി

അജിത്തേട്ടാ....സന്തോഷം

മുബീ....നന്ദി

വിനോദ്‌ജീ....എന്റെ മാത്രമല്ല , ആരുടെ സ്നേഹത്തിനും അതിരുകളില്ല,ഉണ്ടാവരുത്

ഹബീബ് ഭായ്....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

Cv Thankappan said...

ഈദ് ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

Thankappanji....ഈദ് ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക