Pages

Friday, July 03, 2015

മലപ്പുറം റ്റു മലമ്പുറം

       കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളെജിൽ നിന്നും ലഭിച്ച വിടുതൽ സർട്ടിഫ്ഫിക്കറ്റുമായി ഞാൻ  വയനാട് ഗവ.എഞ്ചിനീയറിംഗ് കോളെജിലേക്ക് പുറപ്പെട്ടു.ഗൃഹാതുരത്വമുണർത്തുന്ന നിരവധി കാഴ്ചകളും അല്പം ചില പുതിയ കാഴ്ചകളും മലപ്പുറത്ത് നിന്നും മലമ്പുറത്തേക്കുള്ള ഈ യാത്രയിൽ എന്റെ കണ്മുന്നിലൂടെ മിന്നി മറഞ്ഞു.

      വയനാട് യാത്രയിൽ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ് താമരശ്ശേരി ചുരം എന്ന വയനാടൻ ചുരം.സഞ്ചാരികളുടെ മനസ്സിനും കണ്ണിനും എന്നും കുളിർമ്മയേകുന്ന കാഴ്ചയാണ് ചുരത്തിൽ എന്നും കാത്തിരിക്കുന്നത്.മഴക്കാലം തുടങ്ങിയതിനാൽ, ഇത്തവണത്തെ എന്റെ യാത്ര 9 വർഷങ്ങൾക്ക് മുമ്പ് 2006 ജൂണിൽ ഞാൻ കുടുംബസമേതം വയനാട്ടിലേക്ക് ചേക്കേറിയ ഓർമ്മകൾ തിരിച്ചു കൊണ്ട് വന്നു.അന്നത്തെപ്പോലെ മിക്ക സ്ഥലങ്ങളിലും പാറകളിൽ നിന്നും കുത്തിയൊഴുകുന്ന ചെറിയ ചെറിയ നീർച്ചാലുകൾ രൂപപ്പെട്ടിരുന്നു.

         പതിവ് പോലെ വയനാടൻ ചുരത്തിലെ ഏറ്റവും സുന്ദരമായ നാലാം വളവിൽ ഒരു കെ.എസ്.ആർ.ടി.സി ബസ്സിന്റെ കണ്ടക്ടർ ഹതാശയനായി നിൽ‌പ്പുണ്ട്.കൂടെ അമർശം അടക്കിപ്പിടിച്ച കുറേ യാത്രക്കാരും.ബസ് ബ്രേക്ക്ഡൌൺ ആണെന്ന് ആ കൂട്ടത്തിന്റെ നേരെയുള്ള ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം.ചുരത്തിന്റെ മുകളിലെത്തിയാലുള്ള വ്യൂ പോയിന്റെ കൂടുതൽ സുരക്ഷിതമാക്കി ദൃഢമായ വേലി കെട്ടി തിരിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ 6 വർഷത്തിനിടയിൽ അവിടെ വല്ല അപകടവും സംഭവിച്ചോ എന്നറിയില്ല.അപകടങ്ങൾ സംഭവിക്കുമ്പോഴണല്ലോ പലപ്പോഴും നമ്മുടെ അധികൃതരുടെ കണ്ണ് തുറക്കുന്നത്.മഴക്കാലമായതിനാല്‍ വ്യൂ പോയിന്റ് മുഴുവന്‍ കോട വ്യാപിച്ചിട്ടുണ്ട്.            കൽ‌പറ്റ ബസ്‌സ്റ്റാന്റിന് കാര്യമായ മാറ്റം തന്നെ സംഭവിച്ചിട്ടുണ്ട്.വികസനം വന്നപ്പോൾ ചെറുതായിപ്പോയ ബസ്‌സ്റ്റാന്റുകളുടെ ഗണത്തിലാണ് ഇപ്പോൽ അതിനെ ഉൾ‌പ്പെടുത്താൻ കഴിയുന്നത്.6 വർഷം മുമ്പത്തെ വിശാലമായ കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാന്റ് ഇന്ന് കുണ്ടും കുഴിയും ഇല്ലാത്ത ഇടുങ്ങിയ സ്റ്റാന്റ് ആയി പരിണമിച്ചിരിക്കുന്നു.മാനന്തവാടിയിലേക്കുള്ള ബസ് മാറിക്കേറലിൽ പലപ്പോഴും യാത്ര ചെയ്യാറുണ്ടായിരുന്ന ‘മിന്നാരം’ എന്ന മിഡിബസ് അതേ പെയ്ന്റിൽ ഇന്നും കല്പറ്റയിൽ കണ്ടുമുട്ടി! സ്റ്റാന്റിൽ നിന്നും പുറത്തിറങ്ങുമ്പോൾ , യാത്രക്കാരെയും കാൽനടയാത്രക്കാരെയും ഹോട്ടലിലേക്ക് ക്ഷണിച്ചു കൊണ്ട് ‘ഹോട്ടൽ’ എന്ന കുഞ്ഞുബോർഡും കയ്യിലേന്തി റോഡിൽ നിൽക്കുന്ന ആ പഴയ മനുഷ്യൻ തന്നെ ഹോട്ടല്‍ അഫ്ഫാസിന് മുന്നില്‍  ഇന്നും വെയിലും മഴയുമേറ്റ് റോഡിൽ നിൽ‌പ്പുണ്ട്.യൂണിഫോം ഇല്ല എന്ന് മാത്രം.

           ബസ് പനമരം ടൌണിനോട് അടുക്കുന്നു.ടൌണിൽ എത്തുന്നതിന് തൊട്ടു മുമ്പ് കണ്ടിരുന്ന നീണ്ട ക്യൂ ഇന്ന് കണ്ടില്ല.ബീവറെജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ് സ്ഥലം മാറ്റിയതോ അതല്ല ‘ ബാര്‍-മാണി-കോഴ കൊടുങ്കാറ്റില്‍ ‘ എടുത്തുപോയോ എന്നറിയില്ല.പനമരം ടൌണിനും ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.പുതിയ പുതിയ കെട്ടിടങ്ങൾ വയനാട്ടിലും ഉയർന്നുവരുന്നത് അവിടെ കാണാൻ സാധിച്ചു. പകൽ ഏത് സമയത്തും പനമരം , മാനന്തവാടി,ബത്തേരി ടൌണുകളിൽ ഏതിലെങ്കിലും വച്ച് നിശ്ചയമായും ആരും കണ്ടുമുട്ടുന്ന വാനമ്പാടി/മാര്‍ബേസില്‍ ബസ്സിനെയും കണ്ടു.

        നാലാം മൈല്‍ എത്തിയപ്പോള്‍ എന്റെ ഹൃദയത്തിലൂടെ പാഞ്ഞ വികാരം എന്തായിരുന്നു എന്ന് അറിയില്ല.രണ്ട് വര്‍ഷക്കാലം എന്റെ കോളെജിലെ സഹപ്രവര്‍ത്തകരായിരുന്ന ഗണേശ്‌കുമാര്‍ (ക്ലെര്‍ക്ക്, ഗവ.പോളിടെക്നിക്ക് കോളെജ്,കോഴിക്കോട്),അബ്ദുല്‍ ഹമീദ് (ക്ലെര്‍ക്ക്, ഗവ.പോളിടെക്നിക്ക് കോളെജ്,പെരിന്തല്‍മണ്ണ),ഷറഫുദ്ദീന്‍ (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍,കോളെജ് ഓഫ് എഞ്ചിനീയറിംഗ്,തിരുവനന്തപുരം) എന്നിവരുടെ കൂടെ ആ നാട്ടുകാരനായി വസിച്ച വസന്ത കാലം മനസ്സില്‍ പെട്ടെന്നൊരു കുളിര്‍മഴയായി പെയ്തു തോര്‍ന്നു.തൊട്ടടുത്ത ദ്വാരകയിലെ ഫര്‍ണ്ണീച്ചര്‍ കടകള്‍  വളര്‍ന്ന് പന്തലിച്ച് ഇപ്പോള്‍ നാലാം മൈലില്‍ എത്തിയിട്ടുണ്ട്!

        മാനന്തവാടി ടൌണിന് പ്രത്യേകിച്ച് ഒരു മാറ്റവും വന്നിട്ടില്ല.ട്രാഫിക്കും പഴയതുപോലെ തന്നെ.പക്ഷേ ഞാന്‍ 6 വർഷങ്ങൾക്ക് മുമ്പ് കുടുംബസമേതം താമസിച്ചിരുന്ന എരുമത്തെരുവിനെ ലോകം മുഴുവന്‍ പ്രശസ്തമാക്കിയിരുന്ന ‘മാനസസരോവര്‍’‘ എന്ന ബാറിന്റെ മുന്നില്‍ വലിയ ആള്‍ത്തിരക്ക് കാണുന്നില്ല.കാരണം ഇന്നവിടെ ബാറില്ല , പകരം ബീര്‍&വൈന്‍ പാര്‍ലര്‍ ആണ്.

         എന്റെ കോളെജിന് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു.തലയെടുപ്പുള്ള ഒരു കെട്ടിടം കൂടി അവിടെ വന്നു.ഒപ്പം കോളെജില്‍ നിന്നും അല്പം അകലെയായി പ്രൊഫസര്‍ കോര്‍ട്ടേഴ്സുകളും ലേഡീസ് ഹോസ്റ്റലും.കോളെജില്‍ പുതിയ രണ്ട് ബിരുദ കോഴ്സുകളും തുടങ്ങിയിട്ടുണ്ട്.സ്റ്റാഫ് അംഗങ്ങളില്‍ പലരും പഴയ മുഖങ്ങല്‍ തന്നെയായതിനാല്‍ ഊഷ്മളമായ ഒരു സ്വീകരണമാണ് എനിക്ക് ലഭിച്ചത്. ഡിപ്പാര്‍ട്ട്മെന്റില്‍ ഇരുന്ന് ജോയിനിംഗ് പേപ്പറുകള്‍ തയ്യാറാക്കുന്നതിനിടയിലാണ് പഴയ ഒരു സഹപ്രവര്‍ത്തകന് കടന്നു വന്ന് ആശംസിച്ചത്  
“ ആബിദ് തറവട്ടത്ത് ഫ്രം മലപ്പുറം”    “റ്റു മലമ്പുറം” ഞാന്‍ മുഴുവനാക്കിയപ്പോള്‍ അവിടെ ഒരു കൂട്ടച്ചിരി പടര്‍ന്നു.


8 comments:

Areekkodan | അരീക്കോടന്‍ said...

“ ആബിദ് തറവട്ടത്ത് ഫ്രം മലപ്പുറം” “റ്റു മലമ്പുറം” ഞാന്‍ മുഴുവനാക്കിയപ്പോള്‍ അവിടെ ഒരു കൂട്ടച്ചിരി പടര്‍ന്നു.

കുഞ്ഞുറുമ്പ് said...

മാഷേ പെട്ടെന്ന് തീർന്നു പോയി.. ഞാൻ അത്യാവശ്യം വലിയൊരു യാത്രാവിവരണം പ്രതീക്ഷിച്ചു :) എന്നാലും ഇത്ര പറഞ്ഞതിൽ നിന്ന് തന്നെ വയനാടൊന്നു യാത്ര ചെയ്യണമെന്നു തോന്നി.. ആശംസകൾ.. :) കൽക്കണ്ടം

ajith said...

മലപ്പുറം റ്റു മലമ്പുറം. അപ്പോ വല്യ വ്യത്യാസമില്ല

വിനോദ് കുട്ടത്ത് said...

നമ്മുടെ നാട് മലമ്പുറമാക്കിയല്ലേ...... അപ്പോള്‍ ഇനി നമ്മൾ കാണും..... മാഷ് സൂര്യവിസ്മയത്തിലേക്ക് വന്ന് ആ തലയൊന്നു ഒട്ടിച്ചിട്ടു പോകണം..... എന്തായാലും മിക്കവറും ദിവസം കാണുകമ്പോള്‍ വയനാട്ടിൽ വച്ച് തിരിച്ചറിയാമല്ലോ......

Areekkodan | അരീക്കോടന്‍ said...

വയനാട് കാണേണ്ടത് തന്നെയാണ.മഴ കഴിഞ്ഞാൽ പ്ലാൻ ചെയ്യുക

അജിത്ത്ജീ...ഞാൻ 'മലപ്പൊറത്തല്ല'

വിനോദ്ജീ...തീര്ച്ചയായും കാണാം

MOHAMMED SALIH KOZHINHIKKODAN said...

ആബിദ് മാഷേ കിടിലന്‍ . . . നമ്മടെ കോളേജും പരിസരവും മറ്റു വയനാടന്‍ വിശേഷങ്ങളും ഈ മനോരാജ്യത്ത് വിളംബരം ചെയ്യ്‌ . . . അനുഭവത്തിന്റെ പ്രസരിപ്പില്‍ വായിക്കുമ്പോ നല്ലൊരു അനുഭൂതി . . .

ആബിദ് മാഷേ . . . പിന്നെ

അയാം മുഹമ്മദ്‌ സാലിഹ് കൊഴിഞ്ഞിക്കോടന്‍ ഫ്രം മലപ്പുറം” “റ്റു മലമ്പുറം”

Areekkodan | അരീക്കോടന്‍ said...

സാലിഹേ....ഫ്രം മലപ്പുറം” “റ്റു മലമ്പുറം” കുറേ പേരുണ്ട് എന്ന് ‘അന്ന്‘ മനസ്സിലായി...

MOHAMMED SALIH KOZHINHIKKODAN said...

ഞ്ഞമ്മള് എവിടെയും വിട്ടുകൊടുക്കാൻ തയ്യാറല്ലല്ലൊ . . . മാഷെ . . .

Post a Comment

നന്ദി....വീണ്ടും വരിക