Pages

Tuesday, July 14, 2015

പൈതൃക വണ്ടിയില്‍ ഒരടിപൊളി ഊട്ടിയാത്ര - 1

        ഊട്ടിയുടെ സൌന്ദര്യം ആസ്വദിക്കാത്ത മലയാളികള്‍ നന്നേ ചുരുക്കമായിരിക്കും.ഊട്ടിയിലും പരിസര പ്രദേശങ്ങളിലും കോളേജ് കാലഘട്ടത്തിലും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമായി പലതവണ ഞാന്‍ കറങ്ങിയിട്ടുണ്ട്.പക്ഷേ മനസ്സില്‍ താ‍ലോലിച്ച് നടക്കുന്ന രണ്ട് വ്യത്യസ്തങ്ങളായ ഊട്ടി യാത്രകള്‍ ഉണ്ടായിരുന്നു . അതില്‍  ഒന്നാമത്തേത് മസിനഗുഡി വഴി ഒരു ഒറ്റയാന്‍ ഡ്രൈവിംഗ് ആണ്.അതല്പം സാഹസികമായതിനാല്‍ നീണ്ടു നീണ്ടു പോ്കുന്നു.രണ്ടാമത്തേത് മേട്ടുപാളയത്ത് നിന്നും നീലഗിരിക്കുന്നുകളുടെ ചരിവുകളിലൂടെ ഊട്ടിയിലേക്കുള്ള ടോയ് ട്രെയിനില്‍ ഒരു കുടുംബ യാത്രയായിരുന്നു.മാധ്യമം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ കണ്ട ഒരു ആര്‍ട്ടിക്കിള്‍ രണ്ട് കൊല്ലമായി ഈ യാത്രക്ക് മാത്രമായി ഞാന്‍ എന്റെ മെയില്‍ ഇന്‍ബോക്സില്‍ സൂക്ഷിച്ചു വച്ചിരുന്നു! ഈ വര്‍ഷമാദ്യം, ഡിഗ്രീ സുഹൃത്ത് ഹാരിസ് കുടുംബസമേതം നടത്തിയ യാത്രയുടെ ഫോട്ടോകള്‍ ഫേസ്‌ബുക്കില്‍ കണ്ടതോടെ , കഴിഞ്ഞ വേനല്‍ അവധി തുടങ്ങിയ ദിവസം കോഴിപ്പാറയില്‍ പോയി വന്നതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ഐ.ആര്‍.സി.ടി.സി സൈറ്റില്‍ കയറി നോക്കി.

           മേയ് അവസാനം മഴ ആരംഭിക്കും എന്നതിനാല്‍ അതിന്റെ മുമ്പേ ഏതെങ്കിലും ഡേറ്റില്‍ യാത്ര നടത്താനായിരുന്നു എന്റെ പദ്ധതി.സൈറ്റില്‍ കയറിയപ്പോഴല്ലേ സംഗതി വാര്‍ത്താഹെ സൂയാംഗ്ത്താ ഹെ അഥവാ മാര്‍ച്ചും ഏപ്രിലും ഫുള്‍ റിസര്‍വ്‌ഡ് ആയി എന്ന് മനസ്സിലായത്.പക്ഷേ ലോകപൈതൃകപ്പട്ടികയില്‍ ഇടം പിടിച്ച തീവണ്ടിയും നീലഗിരിക്കുന്നുകളും കൂടി എന്റെ മോഹത്തെ കത്തിജ്വലിപ്പിച്ചു.അങ്ങനെ മഴയാണെങ്കില്‍ അതാസ്വദിച്ച് കൊണ്ട് ജൂണില്‍ ഒരു യാത്രയാവാം എന്ന് തീരുമാനിച്ചു. ജൂണില്‍ ഏകദേശം എല്ലാ ദിവസവും ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ഏതോ ഒരു ഉള്‍വിളി കാരണം ഞാന്‍ തെരഞ്ഞെടുത്തത് ജൂണ്‍ 10 എന്ന ദിവസമായിരുന്നു.അതായത്  ജൂണ്‍ 9ന് വീട്ടില്‍ നിന്നും പുറപ്പെടണം. 

        കേരള ടെക്നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ കോളേജ് സന്ദര്‍ശിക്കുന്നത് കാരണം സ്റ്റാഫംഗങ്ങള്‍ എല്ലാവരും ജൂണ്‍ 8ന് കോളേജില്‍ ഉണ്ടായിരിക്കണം എന്ന തിട്ടൂരം കിട്ടിയത് ഏപ്രില്‍ മാസത്തില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്ത് പിന്നേയും മാസങ്ങള്‍ കഴിഞ്ഞാണ്.ജൂണ്‍ 11ന് എനിക്ക് പകരം ആള്‍ ജോയിന്‍ ചെയ്തതോടെ ഞാന്‍ ട്രാന്‍സ്ഫര്‍ ആവുകയും ചെയ്തു. രണ്ട് മാസം മുമ്പേ ടൂറിന് ഞാന്‍ തെരഞ്ഞെടുത്ത ദിവസം കൃത്യം ഈ രണ്ട് ദിനങ്ങള്‍ക്കും മദ്ധ്യേ!!

      ഞാനും കുടുംബവും ഉമ്മയും (4 വലിയവരും 2 കുട്ടികളും) അടങ്ങുന്ന സംഘത്തിന് ചാര്‍ജ്ജ് വെറും 170 രൂപ ആയിരുന്നു! പെങ്ങള്‍ക്കും കുട്ടികള്‍ക്കും കൂടി ഞാന്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നെങ്കിലും അവര്‍ വന്നില്ല.

       12 മണിക്ക് അങ്ങാടിപ്പുറത്ത് നിന്നും വണ്ടി കയറി ഷൊര്‍ണ്ണൂരിലെത്തി.ഉച്ചഭക്ഷണം കഴിച്ച്  അവിടെ നിന്നും 2.20ന് ഹൈദരാബാദ് വണ്ടിയില്‍ കയറി കോയംബത്തൂരിലെത്തുമ്പോള്‍ സമയം അഞ്ച് മണിയോടടുത്തിരുന്നു.സ്റ്റേഷന് മുമ്പില്‍ നിന്ന് മേട്ടുപാളയത്തിലേക്ക് നേരിട്ട് ബസ് കിട്ടില്ല.സായിബാബ കോവില്‍ റോഡില്‍ നിന്നാണ് ബസ് കിട്ടുക.ഓട്ടോക്ക് 100 രൂപ പറഞ്ഞു.ബസ്സില്‍ കയറിയപ്പോള്‍ വെറും 5 രൂപ പോയിന്റ്! അങ്ങനെ മേട്ടുപ്പാളയത്ത് എത്തുമ്പോള്‍ സന്ധ്യയായിരിക്കുന്നു. 

       കൊച്ചു പട്ടണമാണെങ്കിലും സഞ്ചാരികളെ പ്രതീക്ഷിച്ച് ധാരാളം ലോഡ്ജുകള്‍ ഉണ്ട്. മിക്കവയും ബാര്‍ അറ്റാച്‌ഡ്  ആയതിനാല്‍ കുടുംബസമേതം താമസിക്കാന്‍ പ്രയാസം തോന്നും. ടൌണില്‍ നിന്ന് അല്പം മാറിയാല്‍ നല്ല ലോഡ്ജ് കിട്ടുമായിരിക്കും.സന്ധ്യ കഴിഞ്ഞതിനാല്‍  അധികം കറങ്ങി നടക്കാന്‍ സമയമില്ലാത്തതിനാല്‍ ബസ് സ്റ്റാന്റിന് തൊട്ടടുത്ത് തന്നെയുള്ള വെല്‍കം ഇന്നില്‍ ഞങ്ങള്‍ മുറിയെടുത്തു അത്യാവശ്യം നല്ലൊരു റൂം.വാടക 700 രൂപ.അഡീഷണല്‍ ബെഡ്ഡിന് 100 രൂപ എക്സ്ട്ര (ഫോണ്‍:04254-224007, 9944347977).

        ബസ് സ്റ്റാന്‍റിന്റെ പിന്‍‌വശത്താണ്  റെയില്‍വേ സ്റ്റേഷന്‍. മേട്ടുപാളയത്ത് നേരത്തെ എത്തിയാല്‍ സ്റ്റേഷനും പരിസരവും ഒക്കെ ആദ്യമേ പരിചയപ്പെടാം. ബസ് സ്റ്റാന്‍റിനടുത്തുള്ള അന്നപൂര്‍ണയില്‍ അത്യാവശ്യം നല്ല ഭക്ഷണം കിട്ടും. രാവിലെ പാര്‍സല്‍ ആക്കണമെങ്കില്‍ ആറ് മണിക്ക് തുറക്കും.

        എല്ലാ ദിവസവും രാവിലെ 7.10ന് ആണ് ട്രെയിന്‍ പുറപ്പെടുന്നത്.6.45ന് യാത്രക്കാര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.അതിനാല്‍ തലേ ദിവസം തന്നെ മേട്ടുപാളയത്ത് എത്തല്‍ നിര്‍ബന്ധമാണ്.



8 comments:

Areekkodan | അരീക്കോടന്‍ said...

കുളിര്‍മഞ്ഞു പെയ്യുന്ന നീലഗിരിക്കുന്നുകള്‍ താണ്ടി ഒരടിപൊളി ഊട്ടിയാത്രക്കു വരുന്നോ? എങ്കില്‍ വായിച്ചോളൂ…..

ജ്യുവൽ said...

ഊട്ടിയാത്രക്കു തയ്യാർ!! അടുത്ത ലക്കം ഉടൻ വരട്ടെ!

ajith said...

എനിക്ക് പൈതൃകത്തീവണ്ടിയില്‍ കയറണമെന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ രണ്ടുതവണയും സാധിച്ചില്ല. ഇനിയെന്നെങ്കിലും.........!

വിനോദ് കുട്ടത്ത് said...

ഞാനും കൂടി ഈ യാത്രയിൽ..... മാഷേ.....

സുധി അറയ്ക്കൽ said...

ഞാനും കൂടി.

Areekkodan | അരീക്കോടന്‍ said...

ജ്യുവല്‍....അടുത്തത് സ്റ്റേഷനില്‍ റെഡിയായി നില്‍ക്കുന്നു.ഈ വണ്ടി നീങ്ങിത്തുടങ്ങിയാല്‍ അത് സ്റ്റാര്‍ട്ട് ആകും !!

അജിത്തേട്ടാ....രണ്ട് തവണയും സാധിച്ചില്ല എന്ന് പറയുമ്പോള്‍ എന്തോ കാര്യമുണ്ടല്ലോ?

വിനോദ്ജി.....ഓ.കെ

സുധീ....നീല്‍ഗിരി റേല്‍‌വേ ആപ്കോ സ്വാഗത് കര്‍ത്താ ഹെ....

Cv Thankappan said...

ഫോണ്‍നമ്പര്‍ അടക്കം നന്നായി മാഷെ
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

Thankappaji....It is my duty to facilitate those who wish to visit. That is why.

Post a Comment

നന്ദി....വീണ്ടും വരിക