Pages

Friday, July 17, 2015

ഈദിന്റെ സന്ദേശം

       ഇന്ന് ഈദുല്‍ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ സുദിനം ( ഈ ദിനത്തിന് ചെറിയ പെരുന്നാള്‍ എന്ന പേര് കിട്ടിയത് എങ്ങനെയാണാവോ?). ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം ഒരു മുസ്ലിമിന് മിതമായി ആഘോഷിക്കാന്‍ ഇസ്ലാം അനുവദിച്ച  ദിനം. ഈ ദിനത്തിന്റെ ചില പ്രത്യേകതകള്‍ സൂചിപ്പിക്കാതെ വയ്യ.

            പെരുന്നാള്‍ ദിനത്തില്‍ ഒരാളും തന്നെ പട്ടിണി കിടക്കരുത് എന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.അതിനാലാണ് ഫിത്വര്‍സകാത്ത് എന്ന സകാത്ത് ഈ പെരുന്നാളിന് നിര്‍ബന്ധമാക്കിയിരിക്കുന്നത്.അവസാന നോമ്പിന് മ‌അ്‌രിബ് വരെ ജനിച്ച കുട്ടിക്കടക്കം ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ പേരിലും നല്‍കേണ്ടതാണ് ഫിത്വര്‍സകാത്ത്. ഇന്നത്തെ മൂല്യമനുസരിച്ച് ഒരാള്‍ക്ക് 60-70 രൂപയാണ് ഫിത്വര്‍സകാത്ത്.ഈ സകാത്ത് നല്‍കുന്നവന് തന്നെ അത് സ്വീകരിക്കാനും അര്‍ഹതയുണ്ട്.പക്ഷേ സംഘടിതമായിട്ടായിരിക്കണം നല്‍കലും സ്വീകരിക്കലും.മുസ്ലിം അമുസ്ലിം വ്യത്യാസമില്ലാതെ ഒരാളും പട്ടിണി കിടക്കാത്ത ഒരു ദിനമെങ്കിലും ഉണ്ടാകണം എന്ന സുന്ദരമായ സങ്കല്പം പക്ഷെ പ്രാവര്‍ത്തികമാക്കുന്നവര്‍ വളരെ കുറവാണ്.

            ഈദ് ദിനം കുടുംബ ബന്ധങ്ങളും സുഹൃത്ബന്ധങ്ങളും പുതുക്കാനുള്ള ഒരു ദിനം കൂടിയാണ്. ഞാന്‍ മുമ്പ് ഒരു പോസ്റ്റില്‍ സൂചിപ്പിച്ചപോലെ ഇന്ന് നമ്മുടെ ബന്ധം പുതുക്കലുകള്‍ ഒരു എസ്.എം..എസ് ലോ ഒരു മെയിലിലോ അല്ലെങ്കില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലോ ഒതുങ്ങിപ്പോകുന്നു.നേരിട്ട് വിളിച്ച് ആശംസ അറിയിക്കാന്‍  പോലും സമയമില്ലാത്തവന്റെ അടുത്ത് പിന്നെ നേരിട്ട് സന്ദര്‍ശിക്കുന്നതിനെ പറ്റി പറയുന്നതിന്റെ ഔചിത്യമില്ലായ്മ മനസ്സിലാക്കുന്നു.എങ്കിലും പറയാതെ വയ്യ – എസ്.എം..എസ്/ ഫേസ്ബുക്ക് സന്ദേശങ്ങളിലൂടെ നാം അന്തരീക്ഷത്തില്‍ ഒരു വൃഥാചലനം ഉണ്ടാക്കുന്നു. ഒരാളെ നേരിട്ട് വിളിക്കുന്നതിലൂടെ നാം അവരുടെ മനസ്സിനെ തൊടുന്നു.ഒരാളെ സന്ദര്‍ശിക്കുന്നതിലൂടെ നാം അവരുടെ ഹൃദയത്തിലേക്ക് ഇറങ്ങുന്നു.മുന്‍‌കാലങ്ങളിലെപ്പോലെ ഹൃദയങ്ങള്‍ തമ്മില്‍ ബന്ധമില്ലാതായതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായില്ലേ.

              പ്രവാചകന്‍ മുഹമ്മദ് (സ.അ) ഈദ് ദിനത്തില്‍ രോഗികളേയും സന്ദര്‍ശിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.ഈദിന്റെ ആഘോഷങ്ങളില്‍ എല്ലാവരും മുഴുകുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന ആളുകള്‍ക്ക് സാന്ത്വനമേകുക എന്നതായിരുന്നു ഈ സന്ദര്‍ശനങ്ങളുടെ ഉദ്ദേശ്യം.എന്നാല്‍ ഈദ് ദിനത്തില്‍ എന്നല്ല മറ്റു ദിവസങ്ങളില്‍ പോലും രോഗിയെ സന്ദര്‍ശിക്കുന്നത് നമ്മുടെ ജീവിതത്തില്‍ നിന്നും തികച്ചും അന്യം നിന്ന് പോയിരിക്കുന്നു.ന്യൂ ജനറേഷന്‍ ഇത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ പോലും സമയം ഇല്ല എന്നതാണ് അവസ്ഥ.


             അതിനാല്‍ ഈ ഈദിലെങ്കിലും നാം എത്ര പേരെ നേരിട്ട് വിളിച്ച് അല്ലെങ്കില്‍ സന്ദര്‍ശിച്ച് ബന്ധം പുതുക്കി എന്ന് ഒരു കണക്കെടുപ്പ് നടത്തുക. നമുക്ക് നല്‍കാനുള്ള ഈദിന്റെ ശരിയായ സന്ദേശം അതാകട്ടെ.

6 comments:

Areekkodan | അരീക്കോടന്‍ said...

എസ്.എം..എസ്/ ഫേസ്ബുക്ക് സന്ദേശങ്ങളിലൂടെ നാം അന്തരീക്ഷത്തില്‍ ഒരു വൃഥാചലനം ഉണ്ടാക്കുന്നു. ഒരാളെ നേരിട്ട് വിളിക്കുന്നതിലൂടെ നാം അവരുടെ മനസ്സിനെ തൊടുന്നു.ഒരാളെ സന്ദര്‍ശിക്കുന്നതിലൂടെ നാം അവരുടെ ഹൃദയത്തിലേക്ക് ഇറങ്ങുന്നു.

ajith said...

ആശംസകള്‍, വൃഥാചലനമാണെങ്കിലും

Sudheer Das said...

പെരുന്നാള്‍ ആശംസകള്‍.

ഒരു കുഞ്ഞുമയിൽപീലി said...

സന്ദേശ ആശംസകൾ

Cv Thankappan said...

ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

Thanks to All

Post a Comment

നന്ദി....വീണ്ടും വരിക