Pages

Sunday, July 22, 2012

‘പാല്‍‌വായ്ക്ക’ എന്ന പാല്‍‌വാഴക്ക

                       പാല്‍‌വാഴക്ക എന്ന് പറഞ്ഞാല്‍ ഇതെന്ത് സാധനം എന്ന് എല്ലാവരും ചോദിച്ചു പോകും.എന്നാല്‍ ‘പാല്‍‌വായ്ക്ക’ എന്ന് എന്റെ നാട്ടില്‍ ആരോട് പറഞ്ഞാലും അവരുടെ നാവില്‍ വെള്ളമൂറും.കാരണം റമദാന്‍ നോമ്പ് തുറ സമയത്ത് ഉണ്ടാക്കുന്ന ഒരു പ്രാധാനപ്പെട്ട വിഭവമാണ് അത്.
                  എന്റെ ഓര്‍മ്മ വച്ച നാള്‍ മുതലേ നോമ്പ് തുറയില്‍ ഒരു വിഭവമായി നേന്ത്രപ്പഴവും പാലും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവമുണ്ട്.ഇതില്ലാതെ നോമ്പ് സല്‍ക്കാരം പൂര്‍ണ്ണമാകില്ല എന്ന് തന്നെ പറയാം. പത്തിരിയും മറ്റും കഴിച്ചതിന് ശേഷമോ അല്ലെങ്കില്‍ നോമ്പ് തുറന്ന ഉടനെയോ ആണ് ഇത് കഴിക്കുക. പലരും പല രൂപത്തില്‍ ഉണ്ടാക്കുന്നതിനാല്‍ ഇതിന്റെ രുചിക്കും വ്യത്യാസമുണ്ടായിരിക്കും. എന്റെ വീട്ടില്‍ ഇതിന്റെ ഏറ്റവും ലളിതമായ രൂപത്തിലാണ് ഉണ്ടാക്കാറ്‌.അതായത് പഴം പുഴുങ്ങി നല്ലവണ്ണം ഉടച്ച് അതിലേക്ക് പാലും പഞ്ചസാരയും ചേര്‍ക്കുന്നു.പഴം അധികം പഴുത്തതാവരുത്. എന്നാല്‍ കറകുത്തുന്നതും ആവരുത്. ചിലര്‍ ചൊവ്വരി എന്ന സാബൂനരി കൂടി ഇടാറുണ്ട്.അപ്പോള്‍ പാചകരീതി മാറും.കാരണം ചൊവ്വരി വേവാന്‍ തന്നെ  ധാരാളം സമയം വേണം.
                    ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ നോമ്പ് കാലത്ത് ബാപ്പയുടെ നാട്ടിലെ(പേരാമ്പ്ര) യതീംഖാനയുടെ പിരിവെടുക്കാന്‍ ബാപ്പയുടെ കുടുംബത്തില്‍ പെട്ട ഒരു റിസീവര്‍ വരാറുണ്ടായിരുന്നു.അരീക്കോട്ടേയും പരിസര പ്രദേശങ്ങളിലേയും പിരിവെടുക്കാന്‍ രണ്ട് ദിവസം അദ്ദേഹം വീട്ടില്‍ തങ്ങും.അന്ന് നോമ്പ് തുറയും ഞങ്ങളുടെ വീട്ടില്‍ വച്ചായിരിക്കും.അങ്ങനെയുള്ള ഒരു ദിവസം മേല്പറഞ്ഞ ‘പാല്‍‌വായ്ക്ക’യും ഒരു വിഭവമായി. ഇതിനെപറ്റി വലിയ ധാരണ ഇല്ലാത്തതിനാല്‍ അദ്ദേഹം ഇത് പത്തിരിയോടൊപ്പം പ്ലേറ്റിലേക്കിട്ടു.ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കുന്നതിനിടെ ഇറച്ചിക്കറിയും അതിലേക്ക് ഒഴിച്ചു!പിന്നെ കുട്ടികളായ ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.കാരണം എരിവും മധുരവും കൂടിച്ചേര്‍ന്ന ആ ‘പുതിയ വിഭവം’ ഇറക്കി വിടാന്‍ അദ്ദേഹം നന്നേ പാടുപെട്ടു. ഈ സംഭവത്തിന് ശേഷം വീട്ടില്‍ നോമ്പ് തുറക്ക് വരുന്ന ആരോടും ഇതിനെപറ്റി ഒന്ന് വിശദീകരിച്ചിട്ടേ അവരുടെ മുമ്പിലേക്ക് ‘പാല്‍‌വായ്ക്ക’ വച്ച് കൊടുക്കാറുള്ളൂ.
                        ഇന്ന് നേന്ത്രപ്പഴത്തിന്റെ വില കേട്ട് ‘പാല്‍‌വായ്ക്ക’ വേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേരാനാണ് തോന്നുന്നത്.മിക്കവാറും നോമ്പ് സല്‍ക്കാരങ്ങളില്‍ മറ്റു പല റെഡിമേഡ് ഐറ്റങ്ങളും കടന്ന് കൂടിയതിനാല്‍ ഈ വിഭവം ഒരു രണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ നാമാവശേഷമായിപ്പോകും എന്ന് തോന്നുന്നു.എങ്കിലും ‘പാല്‍‌വായ്ക്ക’ എന്ന് കേള്‍ക്കുമ്പോള്‍ അതിന്റെ രുചി അറിഞ്ഞവരുടെ നാവില്‍ വെള്ളമൂറിക്കൊണ്ടേ ഇരിക്കും.

7 comments:

Areekkodan | അരീക്കോടന്‍ said...

ഇന്ന് നേന്ത്രപ്പഴത്തിന്റെ വില കേട്ട് ‘പാല്‍‌വായ്ക്ക’ വേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേരാനാണ് തോന്നുന്നത്.മിക്കവാറും നോമ്പ് സല്‍ക്കാരങ്ങളില്‍ മറ്റു പല റെഡിമേഡ് ഐറ്റങ്ങളും കടന്ന് കൂടിയതിനാല്‍ ഈ വിഭവം ഒരു രണ്ട് മൂന്ന് വര്‍ഷത്തിനിടയില്‍ നാമാവശേഷമായിപ്പോകും എന്ന് തോന്നുന്നു.

ajith said...

പാല്‍വായ്ക്ക ആദ്യം കേള്‍ക്കുകയാണ്. എവിടെ കിട്ടും?

ദേവാസുരം said...

ithinte recipie onnu tharaan pattumo ???

Typist | എഴുത്തുകാരി said...

ആദ്യം കേള്‍ക്കുകയാണ്. എന്തായാലും നലല ടേസ്റ്റ് ഉണ്ടാവും, പഴം പുഴുങ്ങിയതും പഞ്ചസാരയും പാലുമല്ലേ. പഴം വാങ്ങിയിട്ടു വേണം ഒന്നു പരീക്ഷിക്കാന്‍.

ഇലഞ്ഞിപൂക്കള്‍ said...

ആദ്യം കേള്‍ക്കുകയാണ് ഈ വിഭവം. ഒരുപക്ഷേ പലയിടത്തും പലപേരിലായിരിക്കാം.

Areekkodan | അരീക്കോടന്‍ said...

അജിത്‌ജീ...നോമ്പ് കാലത്ത് ഏഴു മണിക്ക് ശേഷം മലബാറിലെ ഹോട്ടലുകളില്‍ കിട്ടും.അരീക്കോട് വരെ വന്നാല്‍ ഞാനും ഉണ്ടാക്കിത്തരാം.

ദേവാസുരം...അടുത്ത പോസ്റ്റില്‍ തരാം.

ഏഴുത്തുകാരി ചേച്ചീ...അതേ, എത്ര നന്നായില്ലെങ്കിലും നല്ല ടേസ്റ്റാ

ഇലഞ്ഞിപ്പൂക്കള്‍....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതെ , അതു തന്നെ.

അഷ്‌റഫ്‌ സല്‍വ said...

ഞങ്ങള്‍ പാല്‍ വാഴക്ക സബൂനരി ചേര്‍ത്താണ് ഉണ്ടാക്കാരുള്ളത്. പിന്നെ അലീസയും "ഗോതമ്പും തേങ്ങാ പാലും" ചേര്‍ത്തു ..ഇപ്പൊ ഒക്കെ വിദേശികള്‍ അല്ലേ ? ആര്‍ക്കു വേണം ഈ പലവായ്ക്കിം അലീസിം ...>:(

Post a Comment

നന്ദി....വീണ്ടും വരിക