Pages

Saturday, July 14, 2012

Reduce,Reuse and Recycle

                ചില അനുഭവങ്ങള്‍ മനസ്സില്‍ മായാതെ പായലായി കെട്ടിക്കിടക്കും.പ്രത്യേകിച്ചും നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവങ്ങളാകുമ്പോള്‍.ഞാനിത് പറയുമ്പോള്‍ പലര്‍ക്കുമുണ്ടായ നല്ല അനുഭവങ്ങളും ദുരനുഭവങ്ങളും മനസ്സില്‍ തികട്ടി വരുന്നുണ്ടാകും.അതെല്ലാം ഈ ബൂലോകത്തേക്കങ്ങ് ചര്‍ദ്ദിച്ചേക്കുക.നിങ്ങളുടെ ചര്‍ദ്ദില്‍ മറ്റുള്ളവരുടെ സദ്യ ആകുന്നത് ബൂലോകത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് കൂടി ഓര്‍മ്മിക്കുക.

               ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ സ്ഥിരം കോഴിമുട്ട വാങ്ങുന്ന കടയില്‍ മുട്ട വാങ്ങാനായി ഞാന്‍ കയറി.വര്‍ഷങ്ങളായി എനിക്ക് മുട്ട തന്നിരുന്നവന്‍ മാറി അല്പം വയസ്സായ ഒരാളാണ് അന്ന് അവിടെ ഉണ്ടായിരുന്നത്.കൃത്യം അതിന് മുന്‍പത്തെ തവണ മുട്ട വാങ്ങിയപ്പോള്‍ അദ്ദേഹം എന്നോട് എന്റെ കുടുംബത്തെപറ്റിയും ജോലിയെപറ്റിയും മറ്റും എല്ലാം ചോദിച്ചിരുന്നു.എന്നെ കണ്ടാല്‍ ഒരു നാല്പത് വയസ്സെങ്കിലും തോന്നിക്കും എന്നതിനാല്‍ (അതു തന്നെയാണ് എന്റെ വയസ്സ്) കല്യാണാലോചനക്കല്ല അദ്ദേഹം അത് ചോദിച്ചത് എന്ന് എനിക്ക് വ്യക്തമാ‍യിരുന്നു.പക്ഷേ അദ്ദേഹം ചോദിച്ച കൂട്ടത്തില്‍ ഞാന്‍ ഒരു കാര്യം കൂടി ചേര്‍ത്തു പറഞ്ഞു.ആ കടയുടെ മുതലാളിയുടെ ഏറ്റവും അടുത്ത അയല്‍‌വാസിയാണ് ഞാന്‍ എന്ന സത്യം.അത് പറഞ്ഞത് മറ്റൊന്നിനുമല്ല , മുട്ട തരുമ്പോള്‍ അതില്‍ പൊട്ടിയതും വിണ്ടതും ഒക്കെ ഉണ്ടെങ്കില്‍ മാറ്റി തരാനുള്ള ഒരു മനസ്സ് ഉണ്ടാകാന്‍ വേണ്ടി മാത്രമാണ്.

                ഇത്തവണ കടയില്‍ ഞാന്‍ ചെന്നപ്പോള്‍ മേല്‍ കക്ഷി മറ്റൊരാള്‍ക്ക് മുട്ട എടുത്തുകൊണ്ടിരിക്കുകയായിരുന്നു.കടയില്‍ പുതുതായി വന്ന പയ്യന്‍ എന്നോട് ചോദിച്ചു.
“എത്ര മുട്ട വേണം ?”

“പത്തെണ്ണം...” ഞാന്‍ സ്ഥിരം വാങ്ങുന്ന നമ്പര്‍ പറഞ്ഞു.

                  ഉടന്‍ ആ പയ്യന്‍ എല്ലാവര്‍ക്കും കൊടുക്കുന്ന പോലെ ഒരു പ്ലാസ്റ്റിക് കീസില്‍ പേപ്പര്‍ എടുത്ത് വയ്ക്കാന്‍ തുടങ്ങി.എന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടോ മറ്റോ ഒറിജിനല്‍  കടക്കാരന്‍ പയ്യന്റെ അടുത്തേക്ക് വന്ന് ചെവിയില്‍ മന്ത്രിച്ചു -
“അതവിടെ വച്ചേക്ക്...അയാള്‍ മുട്ട കടലാസില്‍ പൊതിഞ്ഞേ കൊണ്ടു പോകൂ....”

                    എനിക്കപ്പോള്‍ വല്ലാത്ത ഒരു സന്തോഷം തോന്നി.കഴിഞ്ഞ തവണ അയാള്‍ എന്നെ വിസ്തരിച്ച് പരിചയപ്പെടാനുള്ള കാരണവും അപ്പോള്‍ എനിക്ക് മനസ്സിലായി.എല്ലാവരും ഒന്നിലധികം കീസുകള്‍(പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍) ആവശ്യപ്പെടുമ്പോള്‍ അതു വേണ്ടേ വേണ്ട എന്ന് പറയുന്നവനെ ആരും നോട്ട് ചെയ്യുമല്ലോ.

                        ബൂലോകരോടും  എനിക്ക് പറയാനുള്ളത് ഇത് തന്നെ - പ്ലാസ്റ്റിക് സംബന്ധമായ         3 R-കള്‍..... Reduce,Reuse and Recycle.പ്ലാസ്റ്റിക്ക് ഉപയോഗം കഴിയുന്നത്ര കുറക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.


5 comments:

Areekkodan | അരീക്കോടന്‍ said...

ബൂലോകരോടും എനിക്ക് പറയാനുള്ളത് ഇത് തന്നെ - പ്ലാസ്റ്റിക് സംബന്ധമായ 3 R-കള്‍..... Reduce,Reuse and Recycle.പ്ലാസ്റ്റിക്ക് ഉപയോഗം കഴിയുന്നത്ര കുറക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.

പ്രിയ said...

ഞാനും ഈ 2012 ജനുവരി ഒന്ന് തൊട്ട്‌ പ്ലാസ്റ്റിക്‌ ഗ്രോസറി / ഷോപ്പിംഗ്‌ ബാഗിനോടു നോ പറഞ്ഞിരിക്കുകയാണ് മാഷേ. എന്റെ ഓഫിസ് ബാഗില്‍ ഒരു തുണി കൊണ്ടുള്ള ബാഗ് വച്ചിട്ടുണ്ട് സ്ഥിരം. എല്ലാ പര്ചെസും നേരെ അതിലേക്കു പോകും.

ajith said...

അരിക്കോടന്‍ മാഷിനും പ്രിയയ്ക്കും ആശംസകള്‍
നല്ല തീരുമാനം
മാതൃകാപരം

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നല്ലത്...

Areekkodan | അരീക്കോടന്‍ said...

പ്രിയാ...ആ തീരുമാനം വളരെ നല്ലത്.എന്റെ ബാഗിലും ഒരു ഷോപ്പര്‍ കരുതാറുണ്ട്.പോരാത്തതിന് പാന്റിന്റെ കീശ അല്പം കൂടി വലുതാക്കി അടുപ്പിക്കുകയും ചെയ്യും!!!

അജിത്‌ജീ...ആശംസകള്‍ക്ക് നന്ദി.

ഡോക്ടര്‍....പഞ്ചാര ഗുളിക വിതരണം ചെയ്യുന്നത് പ്ലാസ്റ്റിക് ബോട്ടിലുകളിലും കവറിലുമാണെന്നതിനാല്‍ അവിടെയും റീയൂസ് പ്രയോഗിച്ചുകൂടേ?

Post a Comment

നന്ദി....വീണ്ടും വരിക