എൻ്റെ മൂത്ത മകൾക്ക് ഇരുപത്തിയാറ് വയസ്സ് കഴിഞ്ഞു. അവൾ ആറാം ക്ലാസിൽ എത്തിയപ്പോഴാണ് എൻ്റെ വീടിൻ്റെ കുടിയിരിക്കൽ അഥവാ പാലുകാച്ചൽ നടന്നത്. പുതിയ വീടായതോടെ, മോൾക്ക് വായിക്കാൻ വേണ്ടി വീട്ടിൽ ബാലഭൂമിയും മലർവാടിയും വരുത്താൻ തുടങ്ങി. അഞ്ച് വർഷത്തെ ഇടവേളകളിൽ ഞാൻ മൂന്ന് കുട്ടികളുടെ കൂടി പിതാവായി. മേൽ പ്രസിദ്ധീകരണങ്ങളിലൂടെ അവരും അവരുടെ വായന വളർത്തി.
വായനക്കൊപ്പം തന്നെ അതിലെ വിവിധ മത്സരങ്ങളിലും മക്കൾ പങ്കെടുക്കാറുണ്ടായിരുന്നു. അങ്ങനെ, കാനനപത്രം തയ്യാറാക്കൽ മത്സരത്തിൽ വിജയിച്ച മൂത്ത മോൾക്ക് സമ്മാനമായി ലഭിച്ചത് ഒരു ഡിജിറ്റൽ ക്യാമറ ആയിരുന്നു. വിഷുക്കണി തയ്യാറാക്കൽ മത്സരത്തിലൂടെ രണ്ടാമത്തവൾ നേടിയത് ഒരു ജംബോ കളറിംഗ് കിറ്റ് ആയിരുന്നു. ബോക്സ്, ടീഷർട്ട്, അമ്യൂസ്മെൻ്റ് പാർക്ക് ടിക്കറ്റ് തുടങ്ങീ ചെറിയ ചെറിയ സമ്മാനങ്ങളിലൂടെ മൂന്നാമത്തവൾ അവസാനം എത്തിയത് ഒരു ഏകദിന സമ്മർ ക്യാമ്പിൽ ആയിരുന്നു.
2024 ൽ ആണ് നാലാമത്തവൻ ബാലഭൂമിയിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. വിജയികളുടെ ലിസ്റ്റിൽ പേര് വരാൻ തുടങ്ങിയതോടെ അവനും താൽപ്പര്യം കൂടി. കളറിംഗ് സെറ്റും ഇൻസ്ട്രുമെൻ്റ്ബോക്സുകളും പലപ്പോഴായി സമ്മാനം കിട്ടി. കഴിഞ്ഞ വർഷം ഹരിതം ബുക്സിൻ്റെ വായനാ ചലഞ്ചിലൂടെ നൂറ് പുസ്തകങ്ങൾ വായിച്ചതോടെ അവൻ സ്വയം ചിലത് എഴുതാനും ആരംഭിച്ചു.
അങ്ങനെയിരിക്കയാണ് എൻ്റെ കുട്ടിക്കാലത്തെ പൂമ്പാറ്റ എന്ന ബാലപ്രസിദ്ധീകരണത്തിലൂടെ ഞങ്ങൾക്കെല്ലാം പ്രിയങ്കരനായിരുന്ന കപീഷ് എന്ന കുരങ്ങൻ്റെ കഥ ബാലഭൂമിയിലൂടെ വീണ്ടും പ്രസിദ്ധികരിക്കാൻ തുടങ്ങിയത്. താമസിയാതെ കപീഷ് കഥകൾ എഴുതാനുള്ള ഒരു മത്സരം കൂടി വന്നതോടെ മോൻ്റെ ഉള്ളിലെ എഴുത്ത്കാരൻ വീണ്ടും ഉണർന്നു. അവൻ കഥ എഴുതി, ഞാൻ ചില മാറ്റങ്ങൾ നിർദ്ദേശിച്ചു.
2026 ഏപ്രിൽ 24 ലക്കം ബാലഭൂമിയിൽ പ്രസ്തുത മത്സരത്തിൻ്റെ ഫലം വന്നപ്പോൾ ഇരുപത് പേരുള്ള ലിസ്റ്റിലെ രണ്ടാമത്തെ പേര് അബ്ദുള്ള കെൻസ് എന്നായിരുന്നു. ബാലഭൂമിയുടെ മെഗാ സമ്മാനങ്ങൾ നേടിയ അവൻ്റെ മൂന്ന് ഇത്താത്തമാരും ഒന്നും രണ്ടും സ്ഥാനങ്ങളിലായിരുന്നു ഫിനിഷ് ചെയ്തിരുന്നത്. അഞ്ചാം ക്ലാസിലേക്ക് കയറ്റം നേടി പുതിയ സ്കൂളിലേക്ക് മാറുന്ന അവന് സമ്മാനമായി ലഭിക്കാൻ പോകുന്നത് ഒരു ബാക്ക് പാക്ക് (ബാഗ്) ആണെന്നത് അവനെയും ഞങ്ങളേയും ഏറെ സന്തോഷിപ്പിക്കുന്നു. ദൈവത്തിന് നന്ദി.


1 comments:
എഴുത്തിൻ്റെ ലോകത്ത് നിന്ന് ലിദുമോന് ആദ്യ സമ്മാനം
Post a Comment
നന്ദി....വീണ്ടും വരിക