കലാലയ ജീവിതത്തിൽ ഒരു എൻ.എസ്.എസ് വളണ്ടിയർ ആയിരുന്നതിന്റെ ആവേശമാണ് പിന്നീട് എന്നെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആക്കിയത്.സമൂഹത്തിന് വേണ്ടി എനിക്കും എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ചെയ്യാൻ കഴിയുന്ന സാമൂഹ്യ സേവനത്തിന്റെ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയപ്പോൾ അത് ദേശീയ അവാർഡിൻ്റെ രൂപത്തിൽ ഗവ.എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടിന്റെയും സംസ്ഥാന അവാർഡിൻ്റെ രൂപത്തിൽ ഗവ.എഞ്ചിനീയറിംഗ് കോളേജ് വയനാടിന്റെയും ചരിത്രത്തിലെ നാഴികക്കല്ലുകളായി.
സേവനം എന്ന നിലക്ക് ചെയ്യാവുന്ന മറ്റു നിരവധി പ്രവർത്തനങ്ങളുടെ ചുക്കാനും ഈ രണ്ട് കോളേജുകളിലും എന്നെ ഏൽപ്പിച്ചിരുന്നു.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന ഭൂമിത്രസേന ഫാക്കൽറ്റി ഇൻ ചാർജ്ജ് ,സന്നദ്ധ രക്തദാന പ്രോത്സാഹനത്തിനായുള്ള റെഡ് റിബ്ബൺ ക്ലബ്ബ് കോർഡിനേറ്റർ, സ്റ്റുഡന്റ്സ് ഇൻ പാലിയേറ്റീവ് ഇനീഷ്യറ്റീവിന്റെ കാമ്പസ് ഓർഗനൈസർ,വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃക വിനിമയത്തിനായുള്ള ഏക് ഭാരത് ശ്രേഷ്ട് ഭാരത് ക്ലബ്ബ് ഓഫീസർ, പക്ഷി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ബേഡ്‌സ് ക്ലബ്ബ് ഇന്റർനാഷനൽ കാമ്പസ് കൺവീനർ തുടങ്ങിയ പദവികളാണ് മേൽ പറഞ്ഞ രണ്ട് കോളേജുകളിലും അധികമായി എന്നെ ഏല്പിച്ചിരുന്നത്.ഇതിൽ ബേഡ്‌സ് ക്ലബ്ബിന്റെ ചാർജ്ജ് വയനാട് കോളേജിലെ അവസാന ദിവസങ്ങളിൽ ലഭിച്ചതായതിനാൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിച്ചില്ല.
സംഭവ ബഹുലമായ ആ കലാലയ ദിനങ്ങൾക്കെല്ലാം വിട നൽകിക്കൊണ്ട് 2021ൽ ഞാൻ പാലക്കാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലേക്ക് ട്രാൻസ്ഫറായി.പുതിയ കോളേജിലും മേല്പറഞ്ഞ മിക്ക പ്രവർത്തനങ്ങളും ഉണ്ടെങ്കിലും ഒട്ടും സജീവമല്ല.തലപ്പത്തിരിക്കാൻ അസിസ്റ്റന്റ് പ്രൊഫസർ ആകണം എന്ന തലതിരിഞ്ഞ നിർദ്ദേശം കൂടി ഉള്ളതിനാൽ സിസ്റ്റം അനലിസ്റ്റായ ഞാൻ അതിന് താല്പര്യപ്പെട്ടതുമില്ല.
പക്ഷെ,തികച്ചും അപ്രതീക്ഷിതമായി ഞാൻ അതുവരെ പയറ്റാത്ത ഒരു ക്ലബ്ബിന്റെ നേതൃത്വം പാലക്കാട് കോളേജിൽ എന്നെ തേടി വന്നു. ഒരു സാഹിത്യകുതുകി എന്ന നിലക്ക് കോളേജ് ലിറ്റററി ക്ലബ്ബിന്റെ കൺവീനർ ചാർജ്ജ് ആണ് ആരോ ഫോണിലൂടെ വിളിച്ച് എന്നെ ഏല്പിച്ചത്. സത്യം പറഞ്ഞാൽ ആരാണ് വിളിച്ചത് എന്ന് ചോദിക്കാൻ പോലും ഞാൻ മറന്നു പോയി. എഞ്ചിനീയറിംഗ് പ്രവേശന സംബന്ധമായി നിരവധി ഫോൺ കോളുകൾ വരുന്നതിനാൽ വിളിച്ച നമ്പർ പിന്നീട് തിരിച്ചറിയാനും പറ്റിയില്ല.
2010 ൽ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ ആയി നിയമനം ലഭിച്ച ഉടനെ ഞാൻ എൻ്റെ പല സുഹൃത്തുക്കൾക്കും മെയിൽ അയച്ച് (അന്ന് എനിക്ക് വാട്സാപ്പ് ഉണ്ടായിരുന്നില്ല) ഉപദേശ നിർദേശങ്ങൾ തേടിയിരുന്നു. അത്ര അധികം പേർ സാഹിത്യ രംഗത്ത് സുഹൃത്തുക്കളായി ഇല്ല എങ്കിലും പുതിയ ചുമതലയെപ്പറ്റി ഒന്നറിയിക്കാമെന്ന് ഞാൻ കരുതി.പുതിയ പദവിയെപ്പറ്റിയും അതിൽ എൻ്റെ സ്വപ്നങ്ങളെപ്പറ്റിയും എല്ലാവരുടെയും നിറഞ്ഞ പിന്തുണയുടെ ആവശ്യകതയെപ്പറ്റിയും ഹ്രസ്വമായ ഒരു കുറിപ്പ് ഞാൻ തയ്യാറാക്കി വെച്ചു.
പിറ്റേ ദിവസം ഏറെ പ്രതീക്ഷയോടെയാണ് ഞാൻ കോളേജിൽ എത്തിയത്. ബുധനാഴ്ചകളിൽ ഖാദി ധരിക്കണം എന്ന ഒരു നിർദ്ദേശം ഉള്ളതിനാൽ ഒരു ഖാദി ജുബ്ബയും ഞാൻ ധരിച്ചിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ഒരു സാഹിത്യകാരൻ ലുക്ക് ജുബ്ബയിലൂടെ പലർക്കും കിട്ടാറുണ്ട്. അങ്ങനെ എന്നെ ഫോൺ ചെയ്ത ആളെയും പ്രതീക്ഷിച്ച് ഞാൻ എൻ്റെ കാബിനിൽ ഇരുന്നു. അന്ന് മുഴുവൻ ആ അജ്ഞാത വിളിക്കാരനെ പ്രതീക്ഷിച്ചെങ്കിലും ഈ ആവശ്യം ഉന്നയിച്ച് ഒരാളും വന്നില്ല. പിറ്റേ ദിവസവും ചരിത്രം വഴി മാറിയില്ല. മൂന്നാം ദിവസം വെള്ളിയാഴ്ച ആയതിനാൽ ഉച്ചയോടെ ഞാൻ കോളേജിൽ നിന്ന് ഇറങ്ങുകയും ചെയ്തു.
ദിവസങ്ങൾ പിന്നെയും കടന്നു പോയി. ആരും "കൺവീനറെ" തേടി വന്നതേയില്ല. കൺവീനർ സ്ഥാനത്ത് മറ്റൊരാളുടെ ഫോട്ടോയോട് കൂടി ലിറ്റററി ക്ലബ് ഉത്ഘാടനം ചെയ്തതിൻ്റെ പോസ്റ്റർ കണ്ടപ്പോഴാണ് ഞാൻ 'ഏക് രാത് കാ കൺവീനർ' മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. രണ്ട് മാസം കഴിഞ്ഞ് ഞാൻ കോഴിക്കോട്ടേക്ക് സ്ഥലം മാറിയതിനാൽ എന്നെ "കൺവീനർ" ആക്കിയ അജ്ഞാതന് അധിക കാലം എൻ്റെ മുമ്പിലൂടെ തല കുനിച്ച് നടക്കേണ്ടിയും വന്നില്ല.
ജീവിതത്തിൽ ചിലത് അങ്ങിനെയാണ്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടപ്പെടും. നഷ്‌ടപ്പെട്ടതിനെപ്പറ്റി ദുഃഖിക്കാതെ പ്രയത്നം തുടരുക, അവസരങ്ങൾ ഇനിയും തേടി എത്തും.


1 comments:
ഇങ്ങനെയും ചില യോഗങ്ങൾ😆
Post a Comment
നന്ദി....വീണ്ടും വരിക