2025 ഡിസംബർ 18 നാണ് ഈ സീസണിലെ ആദ്യ മാങ്ങ മുറ്റത്ത് വീണത്. 2026 ജൂൺ 6 ന് അവസാന മാങ്ങ വീണതോടെ ആറ് മാസം നീണ്ട് നിന്ന ഈ വർഷത്തെ സംഭവ ബഹുലമായ മാംഗോ സീസൺ അവസാനിച്ചു.
നിരവധി സുഹൃത്തുക്കളെ നേടിത്തരുകയും അവർ പറഞ്ഞതനുസരിച്ച് മാങ്ങ കൊണ്ടുള്ള നിരവധി വിഭവങ്ങൾ ഞാൻ സ്വന്തമായി ഉണ്ടാക്കിയും പലരിൽ നിന്നും കിട്ടിയ അറിവുകളനുസരിച്ച് മാവിൽ ഗ്രാഫ്റ്റിംഗ് നടത്തിയും അവസാനം ഐ.എസ്.ആർ.ഒ യിൽ വരെ ഈ വർഷത്തെ മാങ്ങ എന്നെ എത്തിച്ചു (ആ സംഭവം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം).
മൂന്ന് മാവുകളിൽ നിന്നായി ഇത്തവണ ഞാൻ പറിച്ചെടുത്തത് എഴുന്നൂറിലധികം മാങ്ങകളാണ് (മൂവാണ്ടൻ 300, കോഴിക്കോടൻ 185 & ചേലൻ 222) . മാവിൽ നിന്ന് വീണു കിട്ടിയത് ഏകദേശം 350 എണ്ണവും (മൂവാണ്ടൻ 225, കോഴിക്കോടൻ 100 & ചേലൻ 25). വീണു കിട്ടിയ അത്ര തന്നെ മാങ്ങകൾ വവ്വാലും അണ്ണാനും കാക്കയും മറ്റും തിന്നിടുകയും ചെയ്തിട്ടുണ്ട്.
വീട്ടിലെ മാങ്ങകൾ ആദ്യമാദ്യം പഞ്ചായത്തും പിന്നെ ജില്ലയും ശേഷം സംസ്ഥാനവും അവസാനം രാജ്യവും കടന്നുപോയി എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാങ്ങക്ക് പകരം ചക്കയും റമ്പൂട്ടാനും മാങ്കോസ്റ്റിനും വിവിധതരം മാങ്ങകളും പലരും വീട്ടിലെത്തിച്ച് തന്നതും ഈ വർഷം തന്നെ.
പതിവിൽ കൂടുതൽ മാങ്ങ കിട്ടുമ്പോൾ അച്ചാർ ഇടുക എന്നതായിരുന്നു വീട്ടിലെ സ്ഥിരം പരിപാടി. ഇത്തവണ വിവിധ വലിപ്പത്തിലുള്ള കണ്ണിമാങ്ങ ആയിരിക്കെ തന്നെ ധാരാളം മാങ്ങകൾ വീണിരുന്നു. അവയിൽ നല്ലത് പെറുക്കി കഴുകിത്തുടച്ച് ഞാൻ ഭരണിയിലാക്കി ഉപ്പിട്ട് വെച്ചിരുന്നു. ആവശ്യമുള്ള സമയത്ത് അച്ചാറാക്കാൻ പാകത്തിൽ അവ ഇപ്പോൾ റെഡിയായി നിൽക്കുന്നു.
എൻ്റെ ഭാര്യ രണ്ടോ മൂന്നോ കുപ്പിയിൽ പരമ്പരാഗത ശൈലിയിൽ പച്ചമാങ്ങ അച്ചാറിട്ടത് പെട്ടെന്ന് തന്നെ കാലിയാവുകയും ചെയ്തു. മാങ്ങ നീളത്തിൽ അരിഞ്ഞ് പച്ചമുളകും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് ഉപ്പ് മാത്രം ഇട്ട് ഞാൻ നടത്തിയ പരീക്ഷണവും രുചിയിൽ വൻ വിജയം നേടി.
ഫേസ് ബുക്കിലെ കൃഷി ഗ്രൂപ്പുകളിൽ എൻ്റെ മാങ്ങാ പോസ്റ്റുകൾ കണ്ട് ഒരു അഭ്യൂദയകാംക്ഷി എന്നെ നാടൻ മാവുകൾ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തി. ആ ഗ്രൂപ്പിൽ നിന്നാണ് മാങ്കാച്ച് അല്ലെങ്കിൽ മാങ്ങാത്തിര എന്ന ഒരു മാങ്ങാ വിഭവത്തെപ്പറ്റി പാലക്കാട്ടുകാരനായ ഹരി നാരായണൻ പോസ്റ്റ് ചെയ്തത് കണ്ടത്. നല്ല നീരുള്ള രണ്ടോ മൂന്നോ പഴുത്ത മാങ്ങ പിഴിഞ്ഞ് ഒരു പായയിൽ തേച്ച് പിടിപ്പിച്ച് വെയിലത്ത് ഉണക്കും.പിറ്റേ ദിവസം ആദ്യത്തെ ലെയറിൻ്റെ മുകളിൽ വീണ്ടും മാങ്ങാനീര് തേച്ച് പിടിപ്പിച്ച് വെയിലത്ത് ഉണക്കും. ഇങ്ങനെ അഞ്ചോ ആറോ ദിവസം തുടരും. തുടർന്ന് ഒരാഴ്ച കൂടി വെയിലത്ത് ഉണക്കിയ ശേഷം പായയിൽ നിന്ന് അടർത്തി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് തിന്നാം.പായക്ക് പകരം സ്റ്റീൽ പ്ലേറ്റിലും ചെയ്യാം എന്നറിഞ്ഞപ്പോൾ ഞാനും മാങ്കാച്ച് ഉണ്ടാക്കി. അങ്ങനെ മാങ്ങാക്കാലം കഴിഞ്ഞാലും തിന്നാൻ പറ്റുന്ന ഒരു കിടിലൻ സാധനം കിട്ടി. പണ്ട് എൻ്റെ പിതാവിന് വേണ്ടി വീട്ടിൽ ഇതുണ്ടാക്കിയിരുന്നതായി സഹോദരി പറഞ്ഞു.
നാടൻ മാങ്ങ കൊണ്ട് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയാൽ നല്ല രുചിയാണെന്ന് ഇപ്രാവശ്യമാണ് ഞാനാദ്യമായി കേട്ടത്. അതും നാലഞ്ച് പേർ പല തവണയായി പറഞ്ഞപ്പോൾ രുചി അറിയാൻ താല്പര്യമായി. മാങ്ങ കൊടുത്താൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി കൊണ്ടുതരാം എന്ന് കോളേജിൽ എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ഉഷ ചേച്ചി പറഞ്ഞു. അങ്ങനെ അതിൻ്റെ രുചിയും അറിഞ്ഞു. എനിക്കതത്ര പിടിച്ചില്ല. പഴുത്ത മാങ്ങ കൊണ്ട് ഭാര്യ ചക്കര മാങ്ങ ഉണ്ടാക്കിയതും എനിക്ക് പറ്റിയില്ല. എൻ്റെ മക്കളും അനിയൻ്റെ മക്കളും കൂടി ചട്ടി പെട്ടെന്ന് കാലിയാക്കി.
ദിവസം കഴിയുന്തോറും മുറ്റത്ത് വീഴുന്ന മാങ്ങകളുടെ എണ്ണം കൂടിക്കൂടി വന്നു. ഇൻ്റർലോക്കിട്ട മുറ്റത്തേക്ക് വീഴുന്ന മാങ്ങകൾ പൊട്ടുന്നതിനാൽ വീണ മാങ്ങ മറ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കാതെ വന്നു. സ്വയം തിന്ന് തീർക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലാത്തതിനാൽ മൂന്ന് ദിവസം എൻ്റെ അത്താഴം മാങ്ങ മാത്രമായി ! മാങ്ങ കൊണ്ട് ഉണ്ടാക്കാവുന വിവിധ വിഭവങ്ങൾ എന്തെല്ലാമെന്ന് ഞാൻ ഗ്രൂപ്പിൽ അന്വേഷിച്ചു. അങ്ങനെ പച്ച മാങ്ങ കൊണ്ടും പഴുത്ത് തുടങ്ങുന്ന മാങ്ങ കൊണ്ടും പഴുത്ത മാങ്ങ കൊണ്ടും എല്ലാം ഉണ്ടാക്കാവുന്ന മറ്റു ചില വിഭവങ്ങളെപ്പറ്റി എനിക്ക് വിവരം ലഭിച്ചു.
(തുടരും...)






0 comments:
Post a Comment
നന്ദി....വീണ്ടും വരിക