കഴിഞ്ഞ ദിവസം മോളെ കാണാൻ അവളുടെ സഹപാഠികളിൽ ചിലർ വീട്ടിൽ വന്നു. അതിഥികൾക്ക് കുടിക്കാനായി എൻ്റെ ഭാര്യ ജ്യൂസ് തയ്യാറാക്കി. അതിൽ നിന്ന് ഒരു ഗ്ലാസ് എനിക്കും തന്നു.
"ങ്ങേ !!" ഞാനൊന്ന് ഞെട്ടിപ്പോയി. ജ്യൂസിന് മാങ്ങയുടെ രുചി!
ഈ സീസണിലെ പഴുത്ത മാങ്ങ വിപണിയിൽ ലഭ്യമായിത്തുടങ്ങിയിട്ടില്ല. മാങ്കോ പൾപ്പ് ഞാൻ ഇതുവരെ ഭാര്യക്ക് വാങ്ങിക്കൊടുത്തിട്ടുമില്ല. പിന്നെ എവിടെ നിന്ന് ഈ മാങ്കോ ജ്യൂസ് ഉണ്ടായി എന്നറിയാൻ എനിക്ക് ഔത്സുക്യം തോന്നി.
"ഇത് ഏതാ മാങ്ങയാണെന്നറിയോ?" എൻ്റെ മുഖഭാവം കണ്ട ഭാര്യ എന്നോട് ചോദിച്ചു. പെട്ടെന്ന് എനിക്ക് ഉത്തരം കിട്ടിയില്ല.
"ഇന്നലെ ഫ്രീസർ തുറന്നപ്പോ ഒരു പെട്ടിയിൽ അടച്ച നിലയിൽ പഴുത്ത മാങ്ങ... നിങ്ങൾ കഴിഞ്ഞ മെയ് മാസത്തിൽ വച്ചതാ...."
"യാ കുദാ... സൂപ്പർ .... ഒരു കേടും പറ്റിയില്ല എന്ന് മാത്രമല്ല .... അതേ രുചിയും..." ഞാൻ പറഞ്ഞു.
"മക്കൾ വന്നപ്പോ ജ്യൂസടിക്കാൻ ഒരു വെറൈറ്റി സാധനവുമായി ..."
"അത് നന്നായി" ഞാൻ ഭാര്യയെ അഭിനന്ദിച്ചു.
2026 ലെ മാങ്ങാ സീസണിൽ ആയിരത്തിലധികം മാങ്ങകളാണ് മുറ്റത്തെ മൂന്ന് നാടൻ മാവുകളിൽ നിന്നായി എനിക്ക് കിട്ടിയത്. നേരത്തെ അറിയുന്നതും അറിയാത്തതുമായ, മാങ്ങ കൊണ്ടുള്ള നിരവധി വിഭവങ്ങൾ ഞാൻ ഉണ്ടാക്കി. ആദ്യമായി പരീക്ഷിച്ചതായിട്ടും എല്ലാം നല്ല രുചി തോന്നി. ഓരോ ഐറ്റവും തീർന്ന് പോകുമ്പോൾ അന്ന് കൂടുതൽ ഉണ്ടാക്കാത്തതിൽ ദുഃഖവും തോന്നി.
സീസണിൻ്റെ അവസാനത്തോടടുത്ത് വളരെയധികം മാങ്ങകൾ ഒന്നിച്ച് പഴുത്തപ്പോഴാണ് ശരിക്കും സങ്കടം തോന്നിയത്. മൂന്ന് ദിവസം അത്താഴം മാങ്ങ മാത്രമായിരുന്നു. എന്നിട്ടും തീരാതെ വന്നപ്പോഴാണ് പഴുത്ത മാങ്ങ കേട് വരാതെ സൂക്ഷിച്ച് വയ്ക്കാനുള്ള വഴി തേടിയത്. വെറുതെ ഫ്രീസറിൽ എടുത്ത് വയ്ക്കാനും തൊലി ചെത്തി ഉപ്പ് പുരട്ടി വയ്ക്കാനും എല്ലാമായിരുന്നു പലരും തന്ന നിർദ്ദേശങ്ങൾ.
അപ്പോഴാണ് തികച്ചും വ്യത്യസ്തമായ ഒരു രീതി ആരോ പറഞ്ഞു തന്നത്. മാങ്ങ തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്ത് അല്പം തേൻ പുരട്ടി ഒരു പ്ലാസ്റ്റിക് കണ്ടയിനറിൽ ആക്കി ഐസ് കെട്ടാതിരിക്കാൻ മുകളിൽ ഒരു ഫോയിൽ പേപ്പറും വെച്ച് ഭദ്രമായി മൂടി വെച്ചാൽ ഒരു വർഷം വരെ സൂക്ഷിക്കാം എന്നായിരുന്നു പറഞ്ഞത്. അങ്ങനെ മാങ്ങ ഇല്ലാത്ത കാലത്ത് തിന്നാൻ വേണ്ടി ഞാൻ ആ പറഞ്ഞത് പോലെ ചെയ്തു. ഞാനതങ്ങ് മറന്ന് പോവുകയും ചെയ്തു! പ്രസ്തുത മാങ്ങയാണ് ഭാര്യ കൃത്യ സമയത്ത് കണ്ടെത്തിയത്!
"ഈ വർഷം ഇനി കുറച്ചധികം സൂക്ഷിച്ച് വയ്ക്കണം" ഭാര്യ ഇപ്പോഴേ തീരുമാനിച്ച് കഴിഞ്ഞു. മാങ്ങ ധാരാളം കിട്ടിയാൽ , കഴിഞ്ഞ വർഷം വിജയകരമായി പൂർത്തിയാക്കിയ എല്ലാ സാധനങ്ങളും വീണ്ടും ഉണ്ടാക്കാൻ ഞാനും ഉദ്ദേശിക്കുന്നു.


1 comments:
മാങ്ങാ സന്തോഷം വീണ്ടും
Post a Comment
നന്ദി....വീണ്ടും വരിക