1992 ൽ ഞാൻ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷമാണ് എൻ്റെ പ്രിയപ്പെട്ട പിതാവ് എന്നെ പല സ്ഥലങ്ങളിലേക്കും ഒറ്റക്ക് അയക്കാൻ തുടങ്ങിയത്. അലീഗഡ് മുസ്ലിം സർവ്വകലാശാലയിൽ പി.ജി പ്രവേശനത്തിനുള്ള പരീക്ഷ എഴുതാനായിരുന്നു ആദ്യ യാത്ര. ഡിഗ്രി ക്ലാസ്മേറ്റായ കോഴിക്കോട്ടുകാരൻ ഹാരിസും അന്ന് കൂടെയുണ്ടായിരുന്നു. ആദ്യ ദീർഘദൂര യാത്രയായതിനാൽ എനിക്ക് അവനും അവന് ഞാനും അന്ന് തുണയായി.രണ്ടോ മൂന്നോ ദിവസം അലീഗഡിൽ താമസിച്ചിട്ടും സർവ്വകലാശാലയുടെ ഒരു മൂല മാത്രമേ അന്ന് കാണാൻ സാധിച്ചുള്ളൂ. ഡൽഹി കൂടി കണ്ട ശേഷമാണ് അന്ന് തിരിച്ചു പോന്നത്. എൻ്റെ ഉത്തരേന്ത്യൻ യാത്രകളുടെ തുടക്കം അതായിരുന്നു.
ആദ്യ ഡൽഹി യാത്ര കഴിഞ്ഞ് ഞാൻ തിരിച്ചെത്തിയതോടെ എനിക്കും എൻ്റെ പിതാവിനും ഒരാത്മവിശ്വാസം വന്നു. അതിൻ്റെ ബലത്തിലായിരുന്നു 1992 ൽ തന്നെ ബോംബെ മഹാനഗരത്തിലേക്ക് ബാപ്പ എന്നെ ഒറ്റക്ക് വിട്ടത്.ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിൽ സയൻ്റിഫിക് അസിസ്റ്റൻ്റ് തസ്തികയിൽ ജോലിക്കായുള്ള മത്സര പരീക്ഷക്കായിരുന്നു അന്ന് ബോംബെയിൽ പോയത്. കൊങ്കൺ പാത അന്ന് തുറന്നിരുന്നില്ല. അതിനാൽ മംഗലാപുരം വരെ ട്രെയിനിലും അവിടന്നങ്ങോട്ട് ബസ്സിലും പോകണമായിരുന്നു. എങ്കിലും ബാപ്പാക്ക് എന്നെ വിടാൻ യാതൊരു പേടിയും തോന്നിയില്ല. ആ യാത്രയുടെ ദൂരത്തെപ്പറ്റി ഒരറിവും എനിക്ക് ഇല്ലാത്തതിനാൽ ഞാനും ഒരു ക്യാഹെ മൂഡിലായിരുന്നു.
മംഗലാപുരത്തിനും ബോംബെക്കും മദ്ധ്യേയുള്ള ഒരു സ്ഥലമാണ് ഭട്കൽ.അരീക്കാട്ടുകാർ പലരും അന്ന് ഭട്കലിൽ എഞ്ചിനിയറിംഗിന് പഠിക്കുന്നുണ്ടായിരുന്നു. ഭട്കൽ കഴിഞ്ഞ് തൊട്ടടുത്ത സിറ്റിയായ കുംട്ടയിൽ എൻ്റെ കസിൻസ് അടക്കമുള്ള ധാരാളം നാട്ടുകാർ ഡിപ്ലോമക്കും പഠിച്ചിരുന്നു. അതിനാൽ, കുംട്ടയിൽ ഇറങ്ങി ഒരു ദിവസം വിശ്രമിച്ച ശേഷം യാത്ര തുടർന്നാൽ മതി എന്ന് ആരോ എന്നെ ഉപദേശിച്ചു. ഞാനത് സ്വീകരിക്കുകയും ചെയ്തു.
പിറ്റേന്ന് കുംട്ടയിൽ നിന്ന് ബോംബെയിലേക്ക് ഞാൻ ബസ് കയറി. ന്യൂ ബോംബെയിലെ വാഷി എന്ന സ്ഥലത്തായിരുന്നു എനിക്ക് ഇറങ്ങേണ്ടത്. ബസ് കണ്ടക്ടർ ഒരു മലയാളി ആയതിനാൽ എന്നെ കൃത്യമായ സ്ഥലത്ത് തന്നെ ഇറക്കിത്തന്നു. അവിടെ നിന്ന് ഓട്ടോ പിടിച്ച് എൻ്റെ ആതിഥേയനെ ഞാൻ കണ്ടെത്തുക തന്നെ ചെയ്തു. സന്ധ്യ കഴിഞ്ഞ നേരമായിട്ട് പോലും, ഞാനതു വരെ കാണാത്തതും അറിയാത്തതുമായ ഒരാളെ ബോംബെ നഗരത്തിൽ തെരഞ്ഞു കണ്ടുപിടിച്ചു എന്നുള്ളത് പിന്നീടുള്ള എൻ്റെ എല്ലാ യാത്രകളിലും എനിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.
ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിൽ പോയി ഞാൻ പരീക്ഷ എഴുതി. അന്ന് വൈകുന്നേരം തന്നെ റിസൾട്ട് അറിയും എന്നതിനാൽ സമയം കളയാനായി ഞാൻ തൊട്ടടുത്ത സബ് അർബൻ റെയിൽവെ സ്റ്റേഷനിൽ പോയി ട്രെയിനുകൾ വരുന്നതും പോകുന്നതും ആളുകൾ തിക്കിത്തിരക്കി കയറുന്നതും ഇറങ്ങുന്നതും ഒരു തെരുവ് കച്ചവടക്കാരൻ പലതരം മാഗസിനുകൾ വില്ക്കുന്നതും മറ്റും നോക്കി നിന്ന് സമയം കളഞ്ഞു. വൈകിട്ട് റിസൾട്ട് വന്നപ്പോൾ ഞാൻ പരീക്ഷ പാസായിരുന്നു ! പിറ്റേ ദിവസം നടന്ന ഇൻ്റർവ്യൂവിൽ ഞാൻ പരാജയപ്പെട്ടതിനാൽ ഇന്ന് എനിക്ക് എൻ്റെ പല സ്വാതന്ത്ര്യങ്ങളും അനുഭവിക്കാൻ സാധിക്കുന്നു.
അന്ന് ഞാൻ എത്തിപ്പെട്ട ബോംബെയും ഭാഭ അറ്റോമിക് റിസർച്ച് സെൻ്റർ സ്ഥിതി ചെയ്യുന്ന ട്രോംബെയും ഇന്നത്തെ മുംബൈയും ഒന്നല്ല എന്ന് വർഷങ്ങൾക്ക് ശേഷമാണ് എനിക്ക് മനസ്സിലായത്. മുംബൈ നഗരത്തിൽ നിന്നും മുപ്പത് കിലോമീറ്ററിലധികം മാറിയാണ് വാഷി സ്ഥിതി ചെയ്യുന്നത്. ഞാൻ മുംബൈ കാണുന്നതിന് മുമ്പ് തന്നെ എൻ്റെ മൂത്ത മക്കൾ രണ്ട് പേരും മുംബൈ കാണുകയും ചെയ്തു. മുംബൈയിൽ നിന്നും എൺപത് കിലോമീറ്റർ മാത്രം അകലെയുള്ള മഥേരൻ യാത്ര ഒരു ട്രെൻഡ് കൂടി ആയതോടെ എൻ്റെ പത്താം ക്ലാസ് കൂട്ടായ്മയുടെ ഈ വർഷത്തെ വിനോദ യാത്ര മഹാരാഷ്ട്രയിലേക്കാക്കാൻ തീരുമാനിച്ചു.
സഹ്യാദ്രി യാത്ര എന്ന് പേരിട്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയായിരുന്നു പ്ലാൻ ചെയ്തത്. മുംബൈ, പൂനെ, ലോണവാലെ, മഥേരൻ എന്നിവിടങ്ങളിൽ ഓരോ ദിവസം വീതം താമസിച്ച് കൊണ്ടുള്ള ഞങ്ങളുടെ സഹ്യാദ്രി യാത്ര, കഴിഞ്ഞ വർഷത്തെ ഇതേ ടീമിൻ്റെ കാശ്മീർ യാത്രാ തിയ്യതിയിലേക്ക് തന്നെ നിശ്ചയിച്ചു.
(തുടരും...)


1 comments:
ടീം 87 SSC യുടെ രണ്ടാമത് അഖിലേന്ത്യാ യാത്രാ വിവരണം ആരംഭിക്കുന്നു
Post a Comment
നന്ദി....വീണ്ടും വരിക