Pages

Sunday, August 09, 2020

ചെലോൽത് റെഡ്യാവും...ചെലോൽത് റെഡ്യാവൂല

ചെലോൽത് റെഡ്യാവും
ചെലോൽത് റെഡ്യാവൂല
ഇൻറത് റെഡ്യായിട്ടില്ല
അയ്‌നൊരു കൊയപ്പുല്യ ....

സോഷ്യൽ മീഡിയയും മലയാളി സമൂഹവും ആഘോഷിക്കുകയും ആശീർവദിക്കുകയും തലയിലേറ്റുകയും ചെയ്ത ,10 വയസ്സുകാരനായ ഒരു സാധാരണ പയ്യന്റെ , പരസ്യവാചകം പോലെയുള്ള വാക്കുകളാണിത്.
ഫായിസ് എന്ന കുട്ടിയുടെ ഈ വാക്കുകളിലേക്ക് എല്ലാവരുടെയും ശ്രദ്ധ
എത്തിയത് എങ്ങനെ എന്ന് ഒന്ന് ചിന്തിച്ചു നോക്കേണ്ടതുണ്ട്.

ഫായിസിന്റെ നിഷ്കളങ്കമായ ഗ്രാമീണ ഭാഷയാണ് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ഒരു പ്രധാന കാരണം.നാട്യങ്ങളില്ലാതെ, അവനത് കൂളായി അവതരിപ്പിച്ചതാണ് ആ വീഡിയോയുടെ മുഖ്യ ആകർഷണം . അഭിനയമോ ജാടയോ ഇല്ലാതെ നാം നാമായി ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അതിനെ അംഗീകരിക്കാനും ഏറ്റെടുക്കാനും സമൂഹം തയ്യാറാകും.

മറ്റൊരു കാരണം അവൻ മൂന്നാമത് പറഞ്ഞ വാചകമാണ് . 'ഇൻറത് റെഡ്യായിട്ടില്ല'  എന്ന് ഫായിസ് പറയുമ്പോൾ ലോകത്തിന് അത് വലിയൊരു സന്ദേശം നൽകുന്നു.തന്റേത് ശരിയായില്ല എന്ന് മനസ് തുറന്ന് സമ്മതിക്കാൻ അവൻ കാണിച്ച ആർജ്ജവം അഭിനന്ദനം അർഹിക്കുന്നു.ഫായിസ് സ്വയം തോൽവി അംഗീകരിക്കുന്നു എന്നത് ഇന്നത്തെ സമൂഹത്തിന് വലിയൊരു പാഠമാണ് .

'അയ്‌നൊരു കൊയപ്പുല്യ' എന്ന അവസാന വാചകവും ഏറെ ഏറെ ചിന്തനാർഹമാണ്. നാം ചെയ്യുന്ന ഒരു കാര്യം അതിന്റെ ഫലപ്രാപ്തിയിൽ എത്തിയില്ലെങ്കിലും ഒരു കുഴപ്പവുമില്ല. മറ്റൊരാളെ ബാധിക്കാതെ , ചെയ്യുന്ന ആൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ ആർക്കാണ് കുഴപ്പം. എല്ലാവരും നോക്കി
നിൽക്കെ പരാജയപ്പെടുമ്പോഴും ഒരു കുഴപ്പവുമില്ല എന്ന പോസിറ്റീവ് ‌സമീപനം, അതാണ് ആ പയ്യൻ നൽകുന്ന മറ്റൊരു വലിയ പാഠം.

Child is the father of man എന്ന് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരൻ വില്യം വേഡ്സ് വർത്ത് പറഞ്ഞിട്ടുണ്ട് - കുട്ടിയാണ് മനുഷ്യന്റെ പിതാവ് എന്ന് വാക്കർത്ഥം പറയുമെങ്കിലും കുട്ടികൾ മുതിർന്നവരെ നിരവധി കാര്യങ്ങൾ പഠിപ്പിക്കുന്നു എന്നാണിതിന്റെ സാരാംശം. കേരള സമൂഹത്തിന്  നിരവധി പാഠങ്ങൾ നൽകുന്നതാണ് ഫായിസിന്റെ ആ വീഡിയോ.

പോസിറ്റീവ് സമീപനത്തോടെ, നാം നമ്മളായി ഒരു കാര്യം ചെയ്യുമ്പോൾ
സമൂഹം നമ്മളെ അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യും എന്ന് തീർച്ചയാണ് . അങ്ങനെ മുന്നേറാൻ എല്ലാവർക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു.

( വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) 118/316

9 comments:

Areekkodan | അരീക്കോടന്‍ said...

പോസിറ്റീവ് സമീപനത്തോടെ, നാം നമ്മളായി ഒരു കാര്യം ചെയ്യുമ്പോൾ
സമൂഹം നമ്മളെ അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യും

Punaluran(പുനലൂരാൻ) said...

ഞാൻ ഇപ്പോൾ എന്റെ മക്കളോട് അവരുടെ പഠിക്കാൻ ഉള്ള വിഷമം പറയുമ്പോൾ ഇടുന്ന ഡയലോഗ് ആണ് ഇത്..ആദ്യ വാചകം കേൾക്കുമ്പോൾ തന്നെ അവർ മതി മതി എന്ന് പറഞ്ഞു തുടങ്ങും

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ന്തായാലും ങ്ങടെ റെഡ്യായി..

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാ...പുനലൂരാൻ ജി. അതാണ് എല്ലാവരും ഏറ്റെടുത്ത വാചകം.

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ് ക്കാ ..റെഡ്യായി വരുന്നു.

മഹേഷ് മേനോൻ said...

എന്തായാലും ഇങ്ങടെ പോസ്റ്റ് റെഡി ആയേണ്ട്
അതോണ്ട് ഞങ്ങൾ വായനക്കാർക്ക് ഒരു കൊയപ്പോല്ല്യ.... ;-)

Areekkodan | അരീക്കോടന്‍ said...

മഹേഷ്...ഹ ഹ ഹാ ....നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം പൊസറ്റീവായി ചിന്തിച്ചാൽ കുറെയൊക്കെ ശര്യാവും ...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ...അതെന്നെ

Post a Comment

നന്ദി....വീണ്ടും വരിക