മുന്‍ വര്‍ഷങ്ങളില്‍ നിന്ന്
വ്യത്യസ്തമായി , നെടുമങ്ങാടിനടുത്ത് ആനാടിലെ മോഹന്‌ദാസ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച്
നടന്ന എന്‍.എസ്.എസ്‌ന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സംഗമം ജൂലൈ 10 ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക്
അവസാനിച്ചു. പിറ്റെ ദിവസം മുതല്‍ ബാര്‍ട്ടണ്‍ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഒരു
ത്രിദിന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാനുളളതിനാല് എനിക്കന്ന് ഒരു രാത്രി സത്രവും
അതുവരെയുളള സമയം കളയലും നിര്‍ബന്ധമായി.സംഗമത്തില്‍ പങ്കെടുത്ത എന്റെ രണ്ട് പെണ്‍
വളണ്ടിയര്‍മാരും തിരുവനന്തപുരം നിവാസികള്‍ ആയിരുന്നു. അവര്‍ ക്ഷണിച്ച പ്രകാരം അവരുടെ
വീടുകളിലേക്ക് പോകാന്‍ പിന്നെ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.
അങ്ങനെ വയനാട്ടിലെ എന്റെ
വളണ്ടിയര്‍മാരില്‍ , എന്നെ സല്ക്കരിക്കാനുളള ആദ്യ അവസരം തിരുവനന്തപുരംകാരിയും ഒന്നാം
വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ അഫ്രക്ക് ലഭിച്ചു.എന്നെയും അഫ്ര അടക്കം സംഗമത്തില്‍ പങ്കെടുത്ത
നാല് വളണ്ടിയര്‍മാരെയും അഴീക്കോട്ടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അവളുടെ പിതാവ്
കാറുമായി എത്തി.വളരെ ഹൃദ്യമായി കുടുംബം ഒന്നടങ്കം ഞങ്ങളെ സ്വീകരിച്ചു.ശേഷം ഞങ്ങള്‍
എന്റെ വളണ്ടിയര്‍ സെക്രട്ടറി കൂടിയായ ചിത്രയുടെ വിഴിഞ്ഞത്തുളള വീട്ടിലേക്ക് തിരിച്ചു.അവിടെയും
ഒരു അമ്മയുടെ സ്നേഹസമ്പന്നമായ സ്വീകരണം ഞങ്ങള്‍ ഏറ്റുവാങ്ങി.
വിഴിഞ്ഞത്തേക്കുളള യാത്രക്കിടയില്‍, അന്ന് തന്റെ ചേട്ടന്റെ വീട്ടില്‍ താമസിക്കാം എന്ന് ചിത്ര എന്നോട് പറഞ്ഞു.തിരുവനന്തപുരത്ത്
താമസിക്കാനിട വന്നാല്‍ എന്റെ മുന്‍ റൂം മേറ്റും സഹപ്രവര്‍ത്തകനും കൂടിയായ ശറഫുദ്ദീന്‍
സാറിന്റെ ആറ്റിങ്ങലെ വീടിനായിരുന്നു ഞാന്‍ മുന്‍ഗണന കൊടുക്കാറ്.അതിനാല്‍ തന്നെ ചിത്രക്ക്
മുമ്പില്‍ ഞാന്‍ ഒരു കണ്ടീഷന്‍ വച്ചു – രാത്രി കഞ്ഞി തരുമെങ്കില്‍ ഞാന്‍ അവളുടെ ചേട്ടന്റെ
വീട്ടില്‍ താമസിക്കാം !അത് അംഗീകരിച്ചതോടെ ചിത്രയുടെ വീട്ടില്‍ നിന്നും കോവളം ജംഗ്ഷനിലുളള അവളുടെ ചേട്ടന്റെ വീട്ടില്‍ ഞങ്ങള്‍ എത്തി.
ആദ്യമായി കണ്ടുമുട്ടുന്ന
എന്നെ വളരെ ഹൃദ്യമായിത്തന്നെ ആ വീട്ടുകാരും സ്വീകരിച്ചു. വിദേശികള്‍ക്ക് ഹോം സ്റ്റേ
കൂടി നല്‍കുന്ന ഒരു വീടായിരുന്നു അത്.വീടിന്റെ മുകള്‍ നിലയിലായി മൂന്ന് റൂമുകളും ഒരു
അടുക്കളയും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.അവയില്‍ ഒരു റൂം എനിക്കായി തുറന്ന് തന്നു.കുളിച്ച്
ഫ്രഷായ എന്നെ താമസിയാതെ ഭക്ഷണത്തിന് ക്ഷണിച്ചു.
തീന്മേശയില്‍ വച്ച വിഭവം
കണ്ട് ഞാന്‍ ശരിക്കും ഞെട്ടി.കാരണം, എന്റെ വീട്ടില്‍ കഞ്ഞിയിലേക്ക് ചെറുപയര്‍ തോരന്‍ ഇട്ടാണ് ഞാന്‍ കുടിക്കാറ്.ഇതൊന്നും
അറിയാതെ എന്റെ ആതിഥേയ ഉണ്ടാക്കിയത് ചെറുപയര്‍ ഇട്ട് വേവിച്ച കഞ്ഞി!അതിഥി ഇച്ഛിച്ചതും
ആതിഥേയന്‍ വിളമ്പിയതും ചെറുപയര്‍ കഞ്ഞി എന്ന ചൊല്ല് അക്ഷരം പ്രതി ശരി!!ചേട്ടനും ചേച്ചിയും അവരുടെ രണ്ട്
മക്കളും അപ്പനും ചിത്രയും ഞാനും ഒരു വീട്ടിലെ അംഗങ്ങള്‍ എന്ന പോലെ കഞ്ഞിയും അച്ചാറും
ചമ്മന്തിയും പറങ്കി പൊരിച്ചതും ആസ്വദിച്ച് കഴിച്ചു.ഹോം സ്റ്റേക്കായി എത്തുന്ന വിദേശികളുടെ
ഭക്ഷണ-പെരുമാറ്റ രീതികളും ഇതിനിടയില്‍ ഞങ്ങളുടെ ചര്‍ച്ചാവിഷയമായി.
പിറ്റേന്ന് രാവിലെ പ്രാതലും
കഴിഞ്ഞ് ചിത്രയോടും ചേട്ടനോടും ചേച്ചിയോടും അപ്പനോടും യാത്ര പറഞ്ഞ് ഞാന്‍ ഇറങ്ങി.വഴി
നീളെ എന്റെ ചിന്ത, ചിത്രയെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്ന, അവളുടെ അദ്ധ്യാപകനായ എന്നെ
ബഹുമാനത്തോടെ വളരെ നന്നായി സ്വീകരിച്ച, ഞങ്ങളുടെ രണ്ടുപേരുടെയും ആരുമല്ലാത്ത ആ ക്രിസ്ത്യന്‍
കുടുംബത്തെക്കുറിച്ചായിരുന്നു.
3 comments:
വഴി നീളെ എന്റെ ചിന്ത, ചിത്രയെ സ്നേഹപൂര്‍വ്വം പരിപാലിക്കുന്ന, അവളുടെ അദ്ധ്യാപകനായ എന്നെ ബഹുമാനത്തോടെ വളരെ നന്നായി സ്വീകരിച്ച, ഞങ്ങളുടെ രണ്ടുപേരുടെയും ആരുമല്ലാത്ത ആ ക്രിസ്ത്യന്‍ കുടുംബത്തെക്കുറിച്ചായിരുന്നു.
അതിഥിദേവോ ഭവഃഃ
ആശംസകള്‍
തങ്കപ്പേട്ടാ...സത്യം
Post a Comment
നന്ദി....വീണ്ടും വരിക