Pages

Monday, July 18, 2016

ചീര പുരാണം

            വേനല്ക്കാലത്ത് ചെയ്യാന്‍ പറ്റിയ മറ്റൊരു നല്ല പ്രവര്‍ത്തനമാണ് ചീരകൃഷി.ചീര തോരനും ചീര താളിപ്പ്കറിയും എനിക്ക് മുമ്പ് തന്നെ വളരെ ഇഷ്ടമായിരുന്നു. ഉമ്മ ടീച്ചറായിരുന്ന കാലത്തേ കൂര്‍ത്ത ഇലയുള ഒരു തരം ചുവന്ന ചീര വീട്ടില്‍ ധാരാളമായി ഉണ്ടായിരുന്നു (പല സ്ഥലങ്ങളിലും റോഡ് വയ്ക്കത്ത് ആവശ്യക്കാരില്ലാതെയും ഈ ചീര കണ്ടിട്ടുണ്ട്). അതുകൊണ്ടുണ്ടാക്കുന്ന താളിപ്പും കൂട്ടിയുള ചോറുണ്ണല്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തും. ആ ചീര കൊണ്ടുണ്ടാക്കിയ തോരന്‍ കൂട്ടിക്കുഴച്ചാണ് സ്കൂളില്‍ പോകുന്ന കാലത്ത് കറി ഇല്ലാതെ ചോറ് ഉണ്ടിരുന്നത്. 
              ഉമ്മ പഠിപ്പിച്ചിരുന്നത് സര്‍ക്കാര്‍ ഹൈസ്കൂളില്‍ ആയിരുന്നു. അക്കാലത്ത് മലപ്പുറത്തെ മിക്ക സ്കൂളുകളിലും അധ്യാപികമാരായി ഉണ്ടായിരുന്നത് സ്റ്റേറ്റുകാര്‍ എന്ന് വിളിക്കുന്ന തെക്കന്‍ കേരളത്തില്‍ നിന്നുളവരായിരുന്നു.അവരില്‍ നിന്നും കേട്ടറിഞ്ഞതിലൂടെ പച്ചക്കറികളിലെ പല പരീക്ഷണങ്ങള്‍ക്കും ഞങ്ങളുടെ അടുക്കള വേദിയായി.അവ ഭക്ഷിച്ചു നോക്കാന്‍ ഞങ്ങള്‍ക്കും വിധിയുണ്ടായി.അത്തരത്തില്‍ ഒരു പച്ചക്കറിയായിരുന്നു ഒരാള്‍ പൊക്കത്തില്‍ കൊമ്പുകളായി വളരുന്ന മധുരച്ചീര (തേങ്ങ ഇട്ട് തോരന്‍ വച്ചാല്‍  മധുരം ഉണ്ടാകാറുണ്ട്).ഈ ചീര അത്ര രുചികരമല്ലെങ്കിലും അതിലുണ്ടാകുന്ന കായ കാണാന്‍ നല്ല രസമായിരുന്നു.അക്കാലത്ത് വീട്ടില്‍ ധാരാളമായുണ്ടായിരുന്ന മധുരച്ചീര ഇപ്പോള്‍ എവിടെയും കാണാനില്ല.

              ഉമ്മ സ്കൂളില്‍ നിന്ന് തന്നെ കൊണ്ട് വന്ന ഒരു ചീര ഇനമാണ് സാമ്പാര്‍ ചീര.ഇതിന്റെയും പേരിന് പിന്നിലെ രഹസ്യം എനിക്കറിയില്ല,ഇത് സാമ്പാറില്‍ ഇടുന്നതായി ഞാന്‍ എവിടെയും കണ്ടിട്ടുമില്ല.വളരെ വേഗം പടര്‍ന്ന് പിടിക്കുന ഒരു ചെടിയാണിത്.വേണ്ട എന്ന് കരുതി പിഴുതെടുത്ത് ഒടിച്ച് മടക്കി വലിച്ചെറിഞാലും അവിടെക്കിടന്ന് വേര് പിടിക്കും !കോഴികളും താറാവുകളും ഇതിന്റെ ഇലകള്‍ കൊത്തുന്നതായി ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.തോരന്‍ വച്ചാല്‍ ഒരു വഴുവഴുപ്പ് സ്വഭാവമായതിനാല്‍ ഞങ്ങള്‍ക്ക് പലര്‍ക്കും ഇതിഷ്ടമല്ല. 
            കടകളില്‍ കിട്ടുന്ന, ഏകദേശം വട്ടത്തില്‍ ഇലയുള പച്ചച്ചീരയും ചുവന്ന ചീരയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്റെ വീട്ടില്‍ സ്ഥാനം പിടിച്ചത്. പച്ചച്ചീര എവിടെ നിന്നോ എത്തിയതാണ്.ഇത്തവണ രണ്ട് സ്ഥലത്ത് നിന്നായി വിത്ത് വാങ്ങിയപ്പോള്‍ പച്ചച്ചീരയും ചുവന്ന ചീരയും കിട്ടി. ചീര വിത്ത് വിതറുന്നതിന് മുമ്പ് അല്പം മണലും കൂടി ചേര്‍ക്കണം എന്നൊരു പാഠവും ഇത്തവണ തെരുവ്കച്ചവടക്കാരനില്‍ നിന്ന് കിട്ടി. മണല്‍ ചേര്‍ക്കുമ്പോള്‍ വിത്തുകള്‍ പരസ്പരം ഒട്ടിപ്പിടിക്കില്ല. അതുകൊണ്ട് തന്നെ വിതറിയ വിത്തുകള്‍ മണ്ണില്‍ വീഴുമ്പോള്‍ അവക്കിടയില്‍ അത്യാവശ്യം വിടവ് ഉണ്ടാകും.ഇത് അവയ്ക്ക് സുഗമമായി വളരാന്‍ സഹായകമാകും (ഗ്രോ ബാഗിലും ചാക്കിലും മറ്റു കവറുകളിലും വിതറുന്നവര്‍ വെറുതെ മണല്‍ കളയേണ്ട!). 
             ഉമ്മ തന്നെ കൊണ്ടുവന്ന ഒരു ഐറ്റം ചീര കൂടി ഇപ്പോള്‍ വീട്ടിലുണ്ട്.വലിയ ഇലകളുള വളിച്ചീര.സാമ്പാറ് ചീര പോലെത്തന്നെ തോരന്‍ വച്ചാല്‍ വഴുവഴുപ്പായതിനാല്‍ ഈ ചീരയും അത്ര രുചികരമായി എനിക്ക് തോന്നിയിട്ടില്ല. 
പക്ഷെ ഇത്തവണ എന്റെ ചീരകൃഷി ഞാന്‍ നന്നായി ആസ്വദിച്ചു , നന്നായി ഭക്ഷിക്കുകയും ചെയ്തു.



8 comments:

unais said...

മണ്ണിലേക്കിറങ്ങൽ നല്ലതാണ്

Areekkodan | അരീക്കോടന്‍ said...

Unais...Exactly

റോസാപ്പൂക്കള്‍ said...

ചീര പുരാണം അസ്സലായി. ഈ സാമ്പാര്‍ ചീരയെ ഞങ്ങള്‍ കൊഴുപ്പ ചീര എന്നാണു പറയുന്നത്.തോരന്‍ വെക്കുമ്പോള്‍ ഒരു മുട്ട കൂടി ചേര്‍ത്താല്‍ സൂപ്പര്‍ ആണ്.ചൂടോടെ കഴിച്ചാല്‍ മതി.എന്റെ വീട്ടില്‍ ഈ ചീരക്ക് വലിയ ഡിമാന്റാണ്.

Areekkodan | അരീക്കോടന്‍ said...

റോസാപ്പൂക്കൾ ....ഇതൊരു പുതിയ അറിവാണ്.ഇനി ഒന്ന് പരീക്ഷിച്ച് നോക്കട്ടെ

Cv Thankappan said...

ചീരവിശേഷം ഇഷ്ടമായി....
ചീരയും...
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ... നന്ദി

സുധി അറയ്ക്കൽ said...

സാാാർ!!!!കൊതിയായ്ട്ട്‌ മേല.നിങ്ങളെ സമ്മതിയ്ക്കണം.

Areekkodan | അരീക്കോടന്‍ said...

സുധീ...ചീരക്കൊതിയന്‍!

Post a Comment

നന്ദി....വീണ്ടും വരിക